Tuesday, January 11, 2011

മഹാലേലം വിളികളുടെ 'സുവര്‍ണകാലം'

ഒരു തരം, രണ്ടുതരം, മൂന്നുതരം - ലേലംവിളി തകൃതിയായി മുന്നേറുകയാണ്. ടെലിവിഷന്‍ ചാനലുകളില്‍ ലേലം വിളിയുടെ തത്സമയ സംപ്രേഷണവും ഇടവേളകളില്ലാതെ അരങ്ങേറുന്നു. വാര്‍ത്താ ചാനലുകാര്‍ക്ക് ലേലം വിളിയില്‍പരം പ്രധാനമായ മറ്റൊരു വാര്‍ത്തയുമില്ലെന്നത് നിസ്സംശയം അറിയാവുന്നതുകൊണ്ട് ഇടതടവില്ലാതെ വാര്‍ത്ത ലൈവായി പ്രേക്ഷകരില്‍ എത്തിക്കുകയും സമയാസമയം വിശകലനങ്ങള്‍ പൊടിപൊടിക്കുകയും ചെയ്തു.

തേങ്ങായുടെയോ കൊപ്രാപിണ്ണാക്കിന്റെയോ കന്നുകാലികളുടെയോ ലേലംവിളിയല്ല. താരങ്ങളുടെ ലേലം വിളിയാണ്. ക്രിക്കറ്റ് നക്ഷത്രങ്ങള്‍ സമശീതോഷ്ണ മുറിയിലെ ലേലംവിളി ലൈവായി കണ്ട് നെഞ്ചിടിപ്പ് ഇരട്ടിപ്പിച്ചു. മദ്യരാജാക്കന്മാരും എണ്ണ മുതാലളിമാരും താരസുന്ദരികളും സിമന്റ്് കുത്തകകളുമൊക്കെ മത്സരിച്ച് ലേലം വിളിയില്‍ മുഴുകി. വിജയ് മല്ല്യമാരും ശ്രീമതി മുകേഷ് അംബാനിയും പ്രീതി സിന്റയും ശില്‍പാഷെട്ടിയുമൊക്കെ ഓരോ ക്രിക്കറ്റ് താരത്തിനുമുള്ള മതിപ്പുവില തരാതരംപോലെ ഉയര്‍ത്തി.

ലേലം  വിളിയ്ക്ക് ചുക്കാന്‍ പിടിച്ച പ്രത്യേകം ക്ഷണിക്കപ്പെട്ട സായ്പ് ഗൗതം ഗംഭീര്‍ ഒരുതരം രണ്ടുതരം മൂന്നുതരം എന്നുദ്‌ഘോഷിച്ച് ലേലം ഉറപ്പിക്കുമ്പോള്‍ അടുത്ത ആളിന്റെ വില നിശ്ചയിക്കാന്‍ മുതലാളിമാരും അനുചരന്മാരും വട്ട മേശയ്ക്ക് ചുറ്റുമിരുന്ന് ചര്‍ച്ചകളില്‍ ഏര്‍പ്പെട്ടു.

നന്ദിയില്ലാത്ത മുതലാളിമാര്‍ എന്ന് ചില നക്ഷത്രങ്ങള്‍ പരിതപിക്കുകയും ശപിക്കുകയും ചെയ്യുന്നു. കടുവകളും സിംഹങ്ങളും പുലികളുമായിരുന്നവരാണ് അവര്‍. ബംഗാള്‍ കടുവ, വെസ്റ്റിന്ത്യന്‍ പുലി, കരീബിയന്‍ ചെന്നായ എന്നൊക്കെയായിരുന്നു ഓമനപ്പേരുകള്‍. പക്ഷേ മുതലാളിമാര്‍ക്കും താരസുന്ദരിമാര്‍ക്കും ഇപ്പോള്‍ അവരൊക്കെ പല്ലുകൊഴിഞ്ഞ കടുവകളും സടകൊഴിഞ്ഞ സിംഹങ്ങളുമാണ്.

കോടികള്‍ വരുന്നതും ഒഴുകുന്നതും പോകുന്നതും ഞൊടിയിട നേരം കൊണ്ടാണ്. ചിലരുടെ മതിപ്പുവില കുത്തനെ ഉയര്‍ന്നു. മറ്റു ചിലരുടേത് കുത്തനെ ഇടിഞ്ഞു. വാണിഭശാലയിലെ ലേലവിഭവങ്ങളായി നിന്നുകൊടുത്ത താരങ്ങളില്‍ വിലകൂടിയവര്‍ അഭിമാനപുളകിതരായി. വില ഇടിഞ്ഞവര്‍ തല താഴ്ത്തി. ഒരു വിലയുമില്ലെന്ന് മുതലാളിമാര്‍ നിശ്ചയിച്ചവര്‍ നാണക്കേടുകൊണ്ട് മുഖംപൊത്തി.

ഇതെല്ലാം കണ്ടുംകേട്ടും ഇന്ത്യന്‍ രക്ഷകര്‍തൃസമൂഹം ഒരു പൊതുതീരുമാനത്തിലേക്ക് ചടുലമായി നീങ്ങിക്കൊണ്ടിരിക്കുകയാണ്. പിള്ളാരെ എഴുത്തിനിരുത്തിയും പള്ളിക്കൂടത്തില്‍ ചേര്‍ത്തും നേരം പാഴാക്കാതെ രണ്ടുബാറ്റും നാലുപന്തും വാങ്ങി നല്‍കി പന്തടിച്ചു പായിക്കാന്‍ ശേഷിയുള്ളവരാക്കി പിച്ചവച്ചുനടക്കാന്‍ തുടങ്ങുമ്പോഴേ മാറ്റിയെടുക്കണമെന്നതാണ്.

ഉന്നതവിദ്യാഭ്യാസം നേടിയാലും നാലണയുടെ വിലയില്ലാത്ത നാട്ടിലാണ് കണ്ണും പൂട്ടി പന്ത് വീശിയടിക്കുന്നവര്‍ക്ക് പത്തും പതിനൊന്നും കോടി രൂപയുടെ വില.

ഇന്ത്യ ദരിദ്രമാണെന്നു പറയാന്‍ ഇനി ഏതെങ്കിലും ഒരാള്‍ക്ക് ചങ്കൂറ്റമുണ്ടാകുമോ? ഉണ്ടാകുന്നെങ്കില്‍ അത് വല്ലാത്തൊരു ചങ്കൂറ്റമായിപ്പോകും. രണ്ടുദിവസത്തെ ലേലംവിളികൊണ്ട് എത്ര കോടികളാണ് ഒഴുകി നിമിര്‍ത്തത്. പക്ഷേ ക്രിക്കറ്റ് രംഗത്തെ ലേലംവിളി മാടമ്പിമാര്‍ വിനയാന്വിതരാണ്. കാരണം തങ്ങള്‍ ഒഴുക്കുന്ന കോടികള്‍ എത്ര നിസ്സാരമാണ് എന്ന വിനീതഭാവം അവരുടെയെല്ലാം മുഖത്ത് തുടിച്ചു നില്‍ക്കുന്നു.

1,76,000 കോടി ഒറ്റയടിക്ക് അടിച്ചെടുത്ത എ രാജയെപ്പോലെ ഒരു രാജാവാകാന്‍ കഴിഞ്ഞില്ലല്ലോ എന്ന കുണ്ഠിതമാണ് വിനയത്തിലേക്ക് നയിക്കുന്നത്. കണക്കെടുത്ത് തീര്‍ന്നിട്ടില്ലാത്ത കോമണ്‍വെല്‍ത്ത് കുംഭകോണത്തെ കുറിച്ചാലോചിക്കുമ്പോള്‍ കുണ്ഠിതമിരട്ടിക്കുകയും വിനയം ഏറുകയും ചെയ്യുന്നു.

1,76,000 കോടി പോയതൊന്നും ഒരു വലിയ പാതകമൊന്നുമല്ലെന്ന് കപില്‍ സിബല്‍മാരും മന്‍മോഹന്‍ സിംഗുമാരും കരുണാനിധിമാരും മൊഴിയുമ്പോള്‍ അതുമൊരു ലേലം വിളിയിലെ, വിളിയില്ലാത്ത ലൈവ് ടെലികാസ്റ്റിംഗില്ലാത്ത കച്ചവടമായിരുന്നല്ലോ എന്നത് ക്രിക്കറ്റ് താരങ്ങളും അവരുടെ ഉടമകളും ആലോചിച്ചു വിഷമിക്കുന്നു.

ഒരു നേരത്തെ അന്നത്തിന് വകയില്ലാത്തവര്‍ ദശലക്ഷങ്ങള്‍, 80 കോടിയോളം വരുന്ന മനുഷ്യരുടെ പ്രതിദിന വരുമാനം 20 രൂപയില്‍ താഴെ. പക്ഷേ അവരൊന്നും യഥാര്‍ഥ ഇന്ത്യയുടെ അടയാളമല്ലെന്ന് നമ്മുടെ ഭരണാധികാരികള്‍ക്കും മുതലാളിമാര്‍ക്കും അറിയാം. പ്രതിശ്രുത വധുവിന് ഐ പി എല്‍ വാണിഭത്തില്‍ കോടാനുകോടി വിയര്‍പ്പോഹരി വാങ്ങിനല്‍കിയ മന്ത്രി ആലങ്കാരിക പ്രയോഗം നടത്തിയതുപോലെ 'കന്നുകാലികള്‍' പോലുമല്ലാത്തവരാണ്. യഥാര്‍ഥ ഇന്ത്യ ലേലംവിളികളില്‍ ഏര്‍പ്പെടുന്ന രാജമാരും കല്‍മാഡിമാരും മല്യമാരും ടാറ്റമാരും അംബാനിമാരുമാണെന്ന് പറയാനേ അവരുടെ നാവുയരു.  പാവം പാവം ഇന്ത്യക്കാര്‍ ഇതെല്ലാം കണ്ടും കേട്ടുമിരിക്കുന്നു.

ദിഗംബരന്‍ ജനയുഗം 110111

1 comment:

  1. ഒരു തരം, രണ്ടുതരം, മൂന്നുതരം - ലേലംവിളി തകൃതിയായി മുന്നേറുകയാണ്. ടെലിവിഷന്‍ ചാനലുകളില്‍ ലേലം വിളിയുടെ തത്സമയ സംപ്രേഷണവും ഇടവേളകളില്ലാതെ അരങ്ങേറുന്നു. വാര്‍ത്താ ചാനലുകാര്‍ക്ക് ലേലം വിളിയില്‍പരം പ്രധാനമായ മറ്റൊരു വാര്‍ത്തയുമില്ലെന്നത് നിസ്സംശയം അറിയാവുന്നതുകൊണ്ട് ഇടതടവില്ലാതെ വാര്‍ത്ത ലൈവായി പ്രേക്ഷകരില്‍ എത്തിക്കുകയും സമയാസമയം വിശകലനങ്ങള്‍ പൊടിപൊടിക്കുകയും ചെയ്തു.

    ReplyDelete