Tuesday, January 11, 2011

ഭക്ഷ്യധാന്യങ്ങള്‍ക്ക് വിലക്കയറ്റമില്ലെന്ന് കേന്ദ്രം

ഭക്ഷ്യധാന്യങ്ങള്‍ക്കും പയര്‍വര്‍ഗങ്ങള്‍ക്കും വിലക്കയറ്റമില്ലെന്ന് കേന്ദ്ര ധനമന്ത്രി പ്രണബ് മുഖര്‍ജി. അരിയുടെയും പയര്‍വര്‍ഗങ്ങളുടെയും വില കുതിച്ചുയരുമ്പോഴാണ് കേന്ദ്രധനമന്ത്രിയുടെ അവകാശവാദം. പഴം, പച്ചക്കറി, ഇറച്ചി, മുട്ട, പാല്‍ തുടങ്ങിയവയുടെ വില വര്‍ധിച്ചതാണ് ഭക്ഷ്യപണപ്പെരുപ്പം വര്‍ധിക്കാന്‍ ഇടയാക്കിയതെന്ന് മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന് അയച്ച കത്തില്‍ മുഖര്‍ജി പറയുന്നു. വിലക്കയറ്റം നിയന്ത്രിക്കുന്നതില്‍ സംസ്ഥാന സര്‍ക്കാരുകളുടെ സഹകരണം തേടിയാണ് മുഖ്യമന്ത്രിമാര്‍ക്ക് ധനമന്ത്രിയുടെ കത്ത്.

ഭക്ഷ്യ പണപ്പെരുപ്പത്തിന്റെ നാലില്‍ മൂന്നും പച്ചക്കറി വില വര്‍ധനമൂലമാണ്. നാലിലൊന്ന് ഭാഗത്തോളം പാലിന്റെ വില വര്‍ധന കാരണവും. നടപ്പു സാമ്പത്തികവര്‍ഷം ധാന്യങ്ങളുടെയും പയര്‍വര്‍ഗങ്ങളുടെയും വില കുത്തനെ കുറഞ്ഞെന്നും ഭക്ഷ്യ പണപ്പെരുപ്പം കൂടുമ്പോഴും ഈ കുറവ് തുടരുകയാണെന്നും കേന്ദ്രമന്ത്രി പറയുന്നു. ഭക്ഷ്യ പണപ്പെരുപ്പം നിയന്ത്രിക്കാന്‍ നടത്തിയ ശ്രമങ്ങള്‍ വിഫലമായെന്നും പ്രണബ് മുഖര്‍ജി സമ്മതിക്കുന്നു. 2010 ഏപ്രിലില്‍ 21 ശതമാനത്തോളം എത്തിയിരുന്ന ഭക്ഷ്യ പണപ്പെരുപ്പം നവംബര്‍ 20ന് 8.60 ശതമാനത്തോളം താഴ്ന്നിരുന്നു. എന്നാല്‍, ഇപ്പോള്‍ ഭക്ഷ്യ പണപ്പെരുപ്പം വീണ്ടും കൂടുകയാണ്. ജനങ്ങളുടെ വരുമാനം വര്‍ധിച്ചതാണ് വിലക്കയറ്റത്തിന് പ്രധാന കാരണമെന്നും കേന്ദ്രധനമന്ത്രി അവകാശപ്പെടുന്നു. ഭക്ഷ്യസാധനങ്ങളുടെ മൊത്തവിലയും ചില്ലറ വിലയും തമ്മിലുള്ള അന്തരം വര്‍ധിച്ചു വരികയാണെന്നും സമ്മതിക്കുന്നു. ജനങ്ങളുടെ വരുമാനം വര്‍ധിച്ചത് ഭക്ഷ്യസാധനങ്ങളുടെ ആവശ്യകത കൂട്ടി. ഇത് വില വര്‍ധിക്കാന്‍ കാരണമായി. മൊത്ത-ചില്ലറ വില്‍പ്പന വിലകള്‍ തമ്മിലുള്ള അന്തരം വര്‍ധിക്കുന്നതായി കേന്ദ്രസര്‍ക്കാര്‍ സമ്മതിക്കുന്നതും ഇതാദ്യമാണ്.

ഊഹക്കച്ചവടക്കാരും ഇടത്തട്ടുകാരും ചേര്‍ന്ന് വിലക്കയറ്റം സൃഷ്ടിക്കുകയാണെന്ന് പ്രതിപക്ഷം നിരന്തരം ചൂണ്ടിക്കാട്ടിയിട്ടും കേന്ദ്ര സര്‍ക്കാര്‍ നടപടി സ്വീകരിച്ചിരുന്നില്ല. മൊത്ത വിതരണക്കാരുടെ ഗോഡൌണുകളില്‍ റെയ്ഡ് നടത്തുന്നതിനും കരിഞ്ചന്ത തടയുന്നതിനും ഫലപ്രദമായ ഒരു നടപടിയും കേന്ദ്രസര്‍ക്കാര്‍ ഇതുവരെ സ്വീകരിച്ചിരുന്നില്ല. കോണ്‍ഗ്രസിന്റെ തെരഞ്ഞെടുപ്പ് ഫണ്ടിലേക്ക് കോടികള്‍ ഒഴുക്കിയതിന്റെ പ്രതിഫലമായാണ് ഊഹക്കച്ചവടക്കാരെയും ഇടത്തട്ടുകാരെയും കയറൂരിവിട്ടതെന്ന് നേരത്തെതന്നെ ആരോപണം ഉയര്‍ന്നിരുന്നു. മൊത്ത-ചില്ലറ വിലകള്‍ തമ്മിലുള്ള അന്തരം വര്‍ധിപ്പിക്കുന്നത് പ്രാദേശിക ഘടകങ്ങളാണെന്നും ഇവയെ നിയന്തിക്കാന്‍ സംസ്ഥാന സര്‍ക്കാരുകള്‍ കര്‍ശന നടപടി സ്വീകരിക്കണമെന്നും മുഖ്യമന്ത്രിക്ക് അയച്ച കത്തില്‍ പ്രണബ് മുഖര്‍ജി നിര്‍ദേശിക്കുന്നു.

ആര്‍ സാംബന്‍ ദേശാഭിമാനി 110111

1 comment:

  1. ഭക്ഷ്യധാന്യങ്ങള്‍ക്കും പയര്‍വര്‍ഗങ്ങള്‍ക്കും വിലക്കയറ്റമില്ലെന്ന് കേന്ദ്ര ധനമന്ത്രി പ്രണബ് മുഖര്‍ജി. അരിയുടെയും പയര്‍വര്‍ഗങ്ങളുടെയും വില കുതിച്ചുയരുമ്പോഴാണ് കേന്ദ്രധനമന്ത്രിയുടെ അവകാശവാദം. പഴം, പച്ചക്കറി, ഇറച്ചി, മുട്ട, പാല്‍ തുടങ്ങിയവയുടെ വില വര്‍ധിച്ചതാണ് ഭക്ഷ്യപണപ്പെരുപ്പം വര്‍ധിക്കാന്‍ ഇടയാക്കിയതെന്ന് മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന് അയച്ച കത്തില്‍ മുഖര്‍ജി പറയുന്നു. വിലക്കയറ്റം നിയന്ത്രിക്കുന്നതില്‍ സംസ്ഥാന സര്‍ക്കാരുകളുടെ സഹകരണം തേടിയാണ് മുഖ്യമന്ത്രിമാര്‍ക്ക് ധനമന്ത്രിയുടെ കത്ത്.

    ReplyDelete