Tuesday, January 11, 2011

കോണ്‍ഗ്രസിന്റെ 'മോചന' സ്വപ്നം

രാജ്യം നേരിടുന്ന ആഭ്യന്തരഭീഷണികളില്‍ ഏറ്റവും പ്രധാനപ്പെട്ടത് മാവോയിസ്റുകളുടെ ആക്രമണമാണെന്ന് ഒരു ഘട്ടത്തില്‍ പ്രധാനമന്ത്രിയും കേന്ദ്ര ആഭ്യന്തരമന്ത്രി ചിദംബരവും പറഞ്ഞിരുന്നു. എന്നാല്‍ ഇപ്പോള്‍ ചിദംബരം നിലപാട് മാറ്റി. പശ്ചിമ ബംഗാളില്‍ ഇടതുമുന്നണി സര്‍ക്കാരിനെ താഴെയിറക്കാന്‍ മാവോയിസ്റ്റുകളുടെ സഹായം നേടാനുള്ള തത്രപ്പാടില്‍ രാജ്യത്തിന്റെ സുരക്ഷപോലും കേന്ദ്രം മറന്നുപോവുകയാണ്.


പശ്ചിമബംഗാളിലേക്ക് മാവോയിസ്റ്റുകളെ കൊണ്ടുവന്നതും ഇടതുപക്ഷകേന്ദ്രങ്ങളില്‍ നിഷ്ഠൂര ആക്രമണം അഴിച്ചുവിട്ടതും തൃണമൂലിന്റെ ഒത്താശയിലാണെന്ന് ഇതിനകം വെളിച്ചത്തുവന്നിട്ടുണ്ട്. കോണ്‍ഗ്രസും ഈ അവിശുദ്ധസഖ്യത്തിന് അവരുടേതായ രീതിയില്‍ കുടപിടിക്കുന്നു. ബംഗാളില്‍ സിപിഐ എം സായുധസംഘമാണ് ആക്രമണം നടത്തുന്നതെന്ന് ആരോപിച്ച് ചിദംബരം സംസ്ഥാനസര്‍ക്കാരിന് എഴുതിയ കത്ത് ആരെ സഹായിക്കാനാണെന്ന് വ്യക്തം. പശ്ചിമബംഗാളില്‍ ആകെ അരക്ഷിതാവസ്ഥയാണെന്ന് നിയമസഭാ തെരഞ്ഞെടുപ്പിനു മുമ്പ് വരുത്തിത്തീര്‍ക്കാനുള്ള അക്ഷീണ പ്രയത്നത്തിലാണ് തൃണമൂല്‍ കോണ്‍ഗ്രസ്. അതിനായുള്ള അവരുടെ പ്രചാരണതന്ത്രത്തിന് ഒത്താശയുമായി കേന്ദ്ര യുപിഎ സര്‍ക്കാര്‍ പരസ്യമായാണ് രംഗത്തുവരുന്നത്. തൃണമൂല്‍ കോണ്‍ഗ്രസിന്റെ രാഷ്ട്രീയതാല്‍പ്പര്യം സംരക്ഷിക്കുന്നതിനുവേണ്ടി കേന്ദ്ര ആഭ്യന്തരവകുപ്പ് പശ്ചിമബംഗാള്‍ മുഖ്യമന്ത്രിക്ക് ഒരു കത്തയച്ചിരുന്നു. സിപിഐ എം പ്രവര്‍ത്തകര്‍ നിയമം കൈയിലെടുക്കുന്നുവെന്നും സിപിഐ എമ്മിന്റെ സായുധസംഘങ്ങളെ പിരിച്ചുവിടണമെന്നും മറ്റുമുള്ള വെളിവില്ലാത്ത പ്രസ്താവനകളാണ് ആ കത്തില്‍ ചിദംബരം നടത്തിയത്. ആ കത്ത് പശ്ചിമബംഗാള്‍ സര്‍ക്കാരിന് ലഭിക്കുംമുമ്പുതന്നെ മാധ്യമങ്ങള്‍ക്ക് ചോര്‍ത്തിക്കൊടുക്കാനും വിവാദമുണ്ടാക്കാനും ചിദംബരം തയാറായി. സംസ്ഥാന സര്‍ക്കാരിന്റെ നടപടികളില്‍ അഭിപ്രായവ്യത്യാസമുണ്ടെങ്കില്‍ അത് ഉന്നയിക്കാന്‍ കേന്ദ്ര സര്‍ക്കാരിന് ഉചിതമായ വേദികളുണ്ട്. അതല്ലാതെ, മുഖ്യമന്ത്രിക്ക് കത്തയച്ച് മിടുക്കു കാട്ടുകയും രാഷ്ട്രത്തിന്റെ ഫെഡറല്‍ സംവിധാനം തകര്‍ക്കുംവിധം പെരുമാറുകയും ചെയ്യുന്നത് ഭരണഘടനയെയും ജനാധിപത്യത്തെയും പിച്ചിച്ചീന്തുന്നതിന് തുല്യമാണ്.

1959ല്‍ കേരളത്തിലെ ഇ എം എസ് ഗവണ്‍മെന്റിനോടെടുത്ത അതേ സമീപനമാണ് ഇന്ന് യുപിഎ സര്‍ക്കാരില്‍നിന്ന് പശ്ചിമ ബംഗാളിലെ ഇടതുമുന്നണി ഗവര്‍മെന്റ് നേരിടുന്നത്. അന്ന് വിമോചന സമരത്തിന് സര്‍ക്കാര്‍ വിരുദ്ധരായ എല്ലാ സങ്കുചിത ശക്തികളെയുമാണ് കേരളത്തില്‍ ഉപയോഗിച്ചതെങ്കില്‍, അതേപോലെ ഇന്ന് ബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസിനെയും മാവോയിസ്റ്റുകളെയും ഉപയോഗിക്കുന്നു.

2010ല്‍ പശ്ചിമബംഗാളില്‍ 185 സിപിഐ എം പ്രവര്‍ത്തകരെയാണ് മാവോയിസ്റുകള്‍ കൊലപ്പെടുത്തിയത്. 2009ലെ ലോക്സഭാ തെരഞ്ഞെടുപ്പിനുശേഷം അവിടെ 252 സിപിഐ എം പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടു. സിപിഐ എമ്മിന്റെ ശക്തികേന്ദ്രങ്ങളായ മേദിനിപ്പുര്‍, ബാങ്കുറ, പുരുളിയ എന്നീ മൂന്ന് ജില്ലയിലാണ് ഈ കൊലപാതകങ്ങളില്‍ മഹാഭൂരിഭാഗവും നടന്നത്. തൃണമൂല്‍ കോണ്‍ഗ്രസും മാവോയിസ്റുകളും സംഘടിതമായി നടത്തുന്ന ഇത്തരം ആക്രമണങ്ങളില്‍നിന്ന് ജീവന്‍ രക്ഷിക്കുന്നതിനായി പലായനംചെയ്ത സിപിഐ എം പ്രവര്‍ത്തകര്‍ അഭയാര്‍ഥികളായി ക്യാമ്പുകളില്‍ അഭയംതേടുന്നു. നിസ്സഹായരായ മനുഷ്യര്‍ ജീവന്‍ നിലനിര്‍ത്തുന്ന ഇത്തരംക്യാമ്പുകളെയാണ് സിപിഐ എമ്മിന്റെ സായുധസംഘങ്ങളെന്നും താവളങ്ങളെന്നും സങ്കോചമില്ലാതെ ചിദംബരം വിശേഷിപ്പിക്കുന്നത്. കേന്ദ്രസേനയുടെയും സംസ്ഥാന പൊലീസിന്റെയും സംഘടിതമായ നീക്കത്തിലൂടെ മേദിനിപ്പുര്‍, ബാങ്കുറ, പുരുളിയ ജില്ലകളില്‍ മാവോയിസ്റ് ആക്രമണം ഒട്ടൊക്കെ നിയന്ത്രിക്കുന്നതിനും സമാധാനനില പുനഃസ്ഥാപിക്കുന്നതിനും ബുദ്ധദേവ് സര്‍ക്കാരിന് കഴിഞ്ഞിട്ടുണ്ട്. തൃണമൂല്‍-മാവോയിസ്റ് അക്രമം ഭയന്ന് പലായനംചെയ്തവര്‍ തിരിച്ചെത്തുകയാണ്. അത് സിപിഐ എമ്മിന്റെ ശത്രുക്കളെ അസ്വസ്ഥരാക്കുന്നുണ്ട്. ജംഗല്‍ മഹലില്‍നിന്ന് കേന്ദ്രസേനയെ പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ടും കേന്ദ്രസേനയെ സിപിഐ എം രാഷ്ട്രീയമായി ഉപയോഗപ്പെടുത്തുന്നുവെന്ന് ആരോപിച്ചും മമത ബാനര്‍ജി രാഷ്ട്രപതിക്ക് നിവേദനം സമര്‍പ്പിച്ചത്
അത്തരം അസ്വസ്ഥതമൂലവും 1972ലേതിന് തുല്യമായ തെരഞ്ഞെടുപ്പ് അട്ടിമറി സ്വപ്നംകണ്ടുമാണ്. വിവിധ സംസ്ഥാനങ്ങളില്‍ അധികാരക്കസേര മാത്രം ലക്ഷ്യമിട്ട് തീവ്രവാദത്തെ പ്രോത്സാഹിപ്പിച്ചതിന്റെ ആപത്ത് ശരിക്കും നേരിട്ട പാര്‍ടിയാണ് കോണ്‍ഗ്രസ്. എന്നിട്ടും അനുഭവങ്ങളില്‍നിന്ന് അവര്‍ പാഠം ഉള്‍ക്കൊള്ളുന്നില്ല. കുറുക്കുവഴികളും വക്രബുദ്ധിയുമാണ് ആ പാര്‍ടിയെ ഇന്നും നയിക്കുന്നത്.

കേരളത്തില്‍ പഴയ വിമോചനസമര സ്വപ്നവുമായി അവര്‍ ഇന്നും നടക്കുന്നു എന്നതിന് തെളിവാണ് ഉമ്മന്‍ചാണ്ടി നയിക്കുന്ന 'മോചന'യാത്ര. അവര്‍ക്ക് മോചനമെന്നാല്‍, അധികാരം കയ്യടക്കലാണ്. അഞ്ചുവര്‍ഷത്തെ യുഡിഎഫ് ഭരണത്തില്‍നിന്ന് ജനങ്ങളാണ് കേരളത്തെ മോചിപ്പിച്ചതെന്നും ആ മോചനത്തിന്റെ ഫലമായാണ് കേരളത്തിന്റെ സര്‍വതോന്‍മുഖമായ വികസനം സാധ്യമാകുന്നതെന്നുമുള്ള യാഥാര്‍ഥ്യം മറയ്ക്കാന്‍ ഉമ്മന്‍ചാണ്ടി ഇവിടെ യാത്ര നടത്തുകയാണെങ്കില്‍ ചിദംബരം ബംഗാളിന് അനാവശ്യ കത്തെഴുതുന്നു എന്ന വ്യത്യാസം മാത്രം.

രാജ്യം നേരിടുന്ന ഏറ്റവും വലിയ ആഭ്യന്തരസുരക്ഷ മാവോയിസ്റ്റുകളില്‍നിന്നാണെന്ന് സമ്മതിച്ച മന്‍മോഹന്‍സിങ് നയിക്കുന്ന മന്ത്രിസഭയില്‍ മാവോയിസ്റ്റുകളുമായി പരസ്യസഖ്യത്തില്‍ കഴിയുന്ന തൃണമൂല്‍ കോണ്‍ഗ്രസിന്റെ പ്രതിനിധികള്‍ തടസ്സം കൂടാതെ തുടരുന്നു. രാജ്യസുരക്ഷയെക്കാള്‍ കോണ്‍ഗ്രസിന് പ്രധാനം അധികാരമാണെന്ന വസ്തുതയ്ക്ക് അടിവരയിടുന്ന സംഗതിയാണിത്.

രാജ്യത്തിന്റെ ഐക്യവും അഖണ്ഡതയും അപകടത്തിലാക്കുന്ന ഈ രാഷ്ട്രീയഅവസരവാദം അനുവദിക്കാന്‍ കഴിയുമോ? തെരഞ്ഞെടുപ്പുനേട്ടം മാത്രം ലക്ഷ്യമിട്ടുള്ള ഹീനവും നിന്ദ്യവുമായ രാഷ്ട്രീയമാണ് ഇവര്‍ കളിക്കുന്നത്. ഇത് ജനാധിപത്യവും വികസനവും സമാധാനവും തകര്‍ക്കും. ജനങ്ങളുടെ ജീവിതനിലവാരം ഉയര്‍ത്തണമെന്ന് ആഗ്രഹിക്കുന്ന ആര്‍ക്കും ഇക്കൂട്ടരുടെ രാഷ്ട്രീയം അംഗീകരിക്കാന്‍ കഴിയില്ല. ഈ രാഷ്ട്രീയത്തെ ചെറുത്തുതോല്‍പ്പിക്കേണ്ടത് ബംഗാള്‍ജനതയുടെ മാത്രം ആവശ്യമല്ല, മൊത്തം രാജ്യത്തിന്റെ ആവശ്യമാണ്. കൂടുതല്‍ മെച്ചപ്പെട്ട ഇന്ത്യ കെട്ടിപ്പടുക്കാനുള്ള പോരാട്ടം മുന്നോട്ടുകൊണ്ടുപോകുന്നതിന് ഈ അവിഹിതകൂട്ടുകെട്ടിനെ തകര്‍ത്തെറിഞ്ഞേ മതിയാകൂ.

ദേശാഭിമാനി മുഖപ്രസംഗം 110111

1 comment:

  1. രാജ്യം നേരിടുന്ന ആഭ്യന്തരഭീഷണികളില്‍ ഏറ്റവും പ്രധാനപ്പെട്ടത് മാവോയിസ്റുകളുടെ ആക്രമണമാണെന്ന് ഒരു ഘട്ടത്തില്‍ പ്രധാനമന്ത്രിയും കേന്ദ്ര ആഭ്യന്തരമന്ത്രി ചിദംബരവും പറഞ്ഞിരുന്നു. എന്നാല്‍ ഇപ്പോള്‍ ചിദംബരം നിലപാട് മാറ്റി. പശ്ചിമ ബംഗാളില്‍ ഇടതുമുന്നണി സര്‍ക്കാരിനെ താഴെയിറക്കാന്‍ മാവോയിസ്റ്റുകളുടെ സഹായം നേടാനുള്ള തത്രപ്പാടില്‍ രാജ്യത്തിന്റെ സുരക്ഷപോലും കേന്ദ്രം മറന്നുപോവുകയാണ്.

    ReplyDelete