Wednesday, February 16, 2011

2ജി അഴിമതി മുന്നണി ഭരണത്തിലെ വിട്ടുവീഴ്ചയെന്ന് പ്രധാനമന്ത്രി

കോടികളുടെ അഴിമതി നടന്ന 2 ജി സ്പെക്ട്രം ഇടപാടിന്റെ മുഴുവന്‍ ഉത്തരവാദിത്തവും മുന്‍ കേന്ദ്ര മന്ത്രി എ രാജയുടെ തലയിലിട്ട് പ്രധാനമന്ത്രി കൈകഴുകി. സ്പെക്ട്രം ഇടപാടിലുണ്ടായിരുന്ന സന്ദേഹങ്ങള്‍ മന്ത്രി രാജയെ യഥാസമയം അറിയിച്ചിരുന്നുവെന്ന് പ്രമുഖ ടിവി എഡിറ്റര്‍മാരുമായുള്ള അഭിമുഖത്തില്‍ അദ്ദേഹം തുടര്‍ന്നു. ഇടപാട് സുതാര്യമാണെന്നും അഴിമതിയില്ലെന്നുമുള്ള ഉറപ്പാണ് മന്ത്രി തന്നത്. മുന്നണി ഭരണമാകുമ്പോള്‍ വിട്ടുവീഴ്ചകള്‍ വേണ്ടിവരുമെന്നും രാജയെ മന്ത്രിയായി നിര്‍ദേശിച്ചത് ഡിഎംകെയാണെന്നും പ്രധാനമന്ത്രി പറഞ്ഞു.

ഫലത്തില്‍ ഇടപാട് ശരിയല്ലെന്നറിഞ്ഞുകൊണ്ട് മുന്നണി സര്‍ക്കാര്‍ നിലനില്‍ക്കാന്‍ മന്ത്രിയെ തുടരാന്‍ അനുവദിച്ചുവെന്നാണ് പരോക്ഷമായി പ്രധാനമന്ത്രി സമ്മതിച്ചിരിക്കുന്നത്.

സ്പെക്ട്രം, കോമണ്‍വെല്‍ത്ത്, ആദര്‍ശ് ഫ്ളാറ്റ് അരോപണങ്ങള്‍ രാജ്യം പൊതുവേ അഴിമതിയുടെ നിഴലിലാണെന്ന ധാരണ പരത്തിയതായി മന്‍മോഹന്‍സിങ്ങ് പറഞ്ഞു. അന്തര്‍ദേശീയതലത്തില്‍ രാജ്യത്തിന്റെ പ്രസക്തി വര്‍ധിച്ചുവെങ്കിലും അഴിമതി ജനങ്ങളുടെ ആത്മവിശ്വാസം കുറച്ചു. അഴിമതി നടത്തിയവര്‍ക്ക് കര്‍ശനമായ ശിക്ഷ ഉറപ്പുവരുത്തും.

അഴിമതി രാജ്യത്തെ ആകമാനം ബാധിച്ചുവെന്ന രീതിയില്ല. യുപിഎ സര്‍ക്കാര്‍ വളരെ ഗൌരവത്തോടെയാണ് ഇത് കാണുന്നത്. സ്പെക്ട്രം ഇടപാടില്‍ ജെപിസി അന്വേഷണത്തെ താന്‍ എതിര്‍ക്കുന്നുവെന്ന പ്രചാരണം ശരിയല്ല. അതിന്റെ പേരില്‍ പാര്‍ലമെന്റ് തടസപ്പെടരുത്. അഴിമതി നടന്നത് രാജ്യത്തെ വികസനത്തെ ബാധിച്ചിട്ടില്ല. എട്ടരശതമാനം വികസനമാണ് കഴിഞ്ഞ സാമ്പത്തികവര്‍ഷത്തിലുണ്ടായത്. അടുത്ത ബജറ്റിനു ശേഷം ജനങ്ങള്‍ക്ക് ഉപകാരപ്രദമായ കൂടുതല്‍ കാര്യങ്ങളുണ്ടാവും. മന്ത്രിസഭവികസനവും ഉണ്ടാകും. നീതിന്യായരംഗത്തടക്കം എല്ലാ തലത്തിലുമുള്ള അഴിമതി ആശങ്കയുണര്‍ത്തുന്നു. അഴിമതിയോട് സര്‍ക്കാര്‍ സന്ധിചെയ്യുകയാണോയെന്നചോദ്യത്തിന് അഴിമതിക്കാരെ ശിക്ഷിക്കുമെന്ന ഉറപ്പ് താന്‍ രാജ്യത്തെ ജനങ്ങള്‍ക്ക് നല്‍കുന്നുവെന്നായിരുന്നു പ്രധാനമന്ത്രിയുടെ മറുപടി.

ദേശാഭിമാനി

1 comment:

  1. കോടികളുടെ അഴിമതി നടന്ന 2 ജി സ്പെക്ട്രം ഇടപാടിന്റെ മുഴുവന്‍ ഉത്തരവാദിത്തവും മുന്‍ കേന്ദ്ര മന്ത്രി എ രാജയുടെ തലയിലിട്ട് പ്രധാനമന്ത്രി കൈകഴുകി. സ്പെക്ട്രം ഇടപാടിലുണ്ടായിരുന്ന സന്ദേഹങ്ങള്‍ മന്ത്രി രാജയെ യഥാസമയം അറിയിച്ചിരുന്നുവെന്ന് പ്രമുഖ ടിവി എഡിറ്റര്‍മാരുമായുള്ള അഭിമുഖത്തില്‍ അദ്ദേഹം തുടര്‍ന്നു. ഇടപാട് സുതാര്യമാണെന്നും അഴിമതിയില്ലെന്നുമുള്ള ഉറപ്പാണ് മന്ത്രി തന്നത്. മുന്നണി ഭരണമാകുമ്പോള്‍ വിട്ടുവീഴ്ചകള്‍ വേണ്ടിവരുമെന്നും രാജയെ മന്ത്രിയായി നിര്‍ദേശിച്ചത് ഡിഎംകെയാണെന്നും പ്രധാനമന്ത്രി പറഞ്ഞു.

    ഫലത്തില്‍ ഇടപാട് ശരിയല്ലെന്നറിഞ്ഞുകൊണ്ട് മുന്നണി സര്‍ക്കാര്‍ നിലനില്‍ക്കാന്‍ മന്ത്രിയെ തുടരാന്‍ അനുവദിച്ചുവെന്നാണ് പരോക്ഷമായി പ്രധാനമന്ത്രി സമ്മതിച്ചിരിക്കുന്നത്.

    ReplyDelete