8 മാസത്തിനകം കേരളം സമ്പൂര്‍ണ വൈദ്യുതി സംസ്ഥാനം: മന്ത്രി
തൊടുപുഴ: എട്ടുമാസംകൊണ്ട് കേരളം സമ്പൂര്‍ണമായി വൈദ്യുതീകരിച്ച സംസ്ഥാനമാകുമെന്ന് മന്ത്രി എ കെ ബാലന്‍ പറഞ്ഞു. 52 നിയമസഭാ മണ്ഡലങ്ങള്‍ ഉള്‍ക്കൊള്ളുന്ന പ്രദേശം പൂര്‍ണമായി വൈദ്യുതീകരിച്ചു. 42 മണ്ഡലങ്ങളില്‍ ഉടന്‍ പദ്ധതി നടപ്പാക്കും. ശേഷിക്കുന്നവ എട്ടുമാസത്തിനുള്ളില്‍ വൈദ്യുതീകരിക്കും. എല്‍ഡിഎഫ് പ്രകടനപത്രികയില്‍പോലും പറയാതിരുന്ന നേട്ടമാണിത്. തൊടുപുഴയില്‍ ജില്ലാ വൈദ്യുത അദാലത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. അഞ്ച് ജില്ലയില്‍ ഗുണഭോക്താക്കളുടെ പരാതികള്‍ക്ക് പരിഹാരമുണ്ടാക്കാന്‍ അദാലത്ത് സംഘടിപ്പിച്ചു. 4010 പരാതികളില്‍ 2887 എണ്ണം പരിഹരിച്ചു. ശേഷിക്കുന്നവ എഡിഎമ്മിന്റെ സാന്നിധ്യത്തില്‍ പരിശോധിച്ച് തീര്‍പ്പാക്കും.
എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലെത്തുമ്പോള്‍ വൈദ്യുതിമേഖല സ്തംഭനത്തിലായിരുന്നു. പ്രസരണ നഷ്ടം 24.6 ശതമാനമായിരുന്നു. ഇത് 17.2 ലേക്ക് കുറച്ചുകെണ്ടുവന്നു. 15 ശതമാനമെന്ന അന്താരാഷ്ര്ട നിലവാരത്തിലേക്ക് വൈകാതെ സംസ്ഥാനത്തിന് എത്താനാവും. പുതിയ പദ്ധതികളിലൂടെ 2020 ആകുമ്പോഴേക്കും 4000 മെഗാവാട്ട് വൈദ്യുതികൂടി ഉല്‍പ്പാദിപ്പിക്കും. രാജ്യത്ത് വോള്‍ട്ടേജ് അദാലത്ത് ആദ്യമായി സംഘടിപ്പിച്ചത് കെഎസ്ഇബിയാണ്. അതില്‍ 5000 പരാതി പരിഹരിച്ചു. 2009ല്‍ ഉദ്യോഗസ്ഥതലത്തില്‍ എല്ലാ പരാതികള്‍ക്കുമായി നടത്തിയ അദാലത്തില്‍ 8000 പരാതിയും പരിഹരിച്ചു. പൊതുവികസനത്തിനുള്ള അടിസ്ഥാനമേഖല എന്ന നിലയില്‍ നടത്തിയ പ്രവര്‍ത്തനങ്ങളാണ് കെഎസ്ഇബിയെ മെച്ചപ്പെട്ട നിലയിലെത്തിക്കാന്‍ സഹായിച്ചതെന്നും മന്ത്രി പറഞ്ഞു.
വല്ലാര്‍പാടം ടെര്‍മിനല്‍ 11ന് പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും
കൊച്ചി: രാജ്യത്തെ ആദ്യ രാജ്യാന്തര കണ്ടെയ്നര്‍ ട്രാന്‍ഷിപ്പ്മെന്റ് ടെര്‍മിനലായ വല്ലാര്‍പാടം കണ്ടെയ്നര്‍ ടെര്‍മിനല്‍ 11നു രാവിലെ 10ന് പ്രധാനമന്ത്രി മന്‍മോഹന്‍സിങ് നാടിനു സമര്‍പ്പിക്കും. പ്രത്യേക സാമ്പത്തികമേഖലയിലെ രാജ്യത്തെ ആദ്യ കണ്ടെയ്നര്‍ ടെര്‍മിനല്‍ എന്ന സവിശേഷതയുമുള്ള ടെര്‍മിനല്‍ ഉദ്ഘാടനസജ്ജമായതായി പോര്‍ട്ട് ട്രസ്റ്റ് ചെയര്‍മാന്‍ എന്‍ രാമചന്ദ്രന്‍ പദ്ധതിയില്‍ പങ്കാളിയായ ദുബായ് പോര്‍ട്ട് വേള്‍ഡ് വൈസ് പ്രസിഡന്റ് ക്യാപ്റ്റന്‍ അനില്‍സിങ്, സിഇഒ സി ജി കൃഷ്ണദാസ് എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
ഗോശ്രീദ്വീപ് സമൂഹങ്ങളിലൊന്നായ വല്ലാര്‍പാടത്തെ ടെര്‍മിനല്‍ കൊച്ചി തുറമുഖ ട്രസ്റ്റിന്റെയും ദുബായ് പോര്‍ട്ട് വേള്‍ഡിന്റെയും പങ്കാളിത്വത്തില്‍ പൊതു-സ്വകാര്യ പങ്കാളിത്ത സംരംഭമായാണ് പൂര്‍ത്തിയായത്. ടെര്‍മിനലിനകത്തെ സജ്ജീകരണങ്ങള്‍ ഒരുക്കാന്‍ ദുബായ് പോര്‍ട്ട് 1600 കോടി ചെലവിട്ടു. റോഡ്, റെയില്‍പ്പാത ഉള്‍പ്പെടെയുള്ള അനുബന്ധസൌകര്യം ഒരുക്കാന്‍ തുറമുഖ ട്രസ്റ്റിനുവേണ്ടി കേന്ദ്രസര്‍ക്കാര്‍ 1617 കോടിയും മുടക്കി. ടെര്‍മിനലിന്റെ ഉടമസ്ഥാവകാശം കൊച്ചിന്‍ പോര്‍ട്ടിനാണെങ്കിലും 30 വര്‍ഷത്തേക്ക് ടെര്‍മിനല്‍ നടത്തിപ്പുചുമതല ദുബായ് പോര്‍ട്ട് വേള്‍ഡിനാകും. കപ്പലുകളുടെ ഓപ്പറേഷന്‍ ചുമതല കൊച്ചിന്‍ പോര്‍ട്ട് ട്രസ്റ്റിനും ചരക്ക് കൈകാര്യചുമതല ദുബായ് പോര്‍ട്ട് വേള്‍ഡിനുമാണ്. ചരക്ക് കൈകാര്യ വരുമാനത്തിന്റെ മൂന്നിലൊരുഭാഗം ദുബായ് പോര്‍ട്ട് വേള്‍ഡ് കൊച്ചിന്‍ പോര്‍ട്ടിനു നല്‍കുകയും വേണം. 600 മീറ്റര്‍ ബര്‍ത്തില്‍ മതിയായ ആഴം പൂര്‍ത്തിയായാല്‍ ഒന്നാം ഘട്ടത്തില്‍ പ്രതിവര്‍ഷം 10 ലക്ഷം ടിഇയു (20 അടി കണ്ടെയ്നര്‍ യൂണിറ്റ്) ചരക്ക് ഇവിടെ കൈകാര്യംചെയ്യാനാകുമെന്നാണ് കണക്കു കൂട്ടുന്നത്. നിലവില്‍ കൊച്ചി തുറമുഖത്ത് കൈകാര്യംചെയ്യുന്ന ചരക്ക് മൂന്നുലക്ഷത്തോളം ടിഇയു മാത്രമാണ്. രണ്ടാം ഘട്ടത്തില്‍ ബര്‍ത്ത് 1800 മീറ്ററായി വികസിപ്പിക്കുകവഴി ഒട്ടാകെ 30 ലക്ഷത്തോളം ടിഇയു ചരക്ക് കൈകാര്യംചെയ്യാനാകുമെന്നുമാണ് പ്രതീക്ഷ.
ലോകത്ത് ലഭ്യമായ ഏറ്റവും മികച്ച സംവിധാനങ്ങളാണ് ടെര്‍മിനലില്‍ ഒരുക്കിയിട്ടുള്ളത്. നാല് കീ ക്രെയിന്‍, രണ്ട് മൊബൈല്‍ ക്രെയിന്‍, 12 റബര്‍ ടയേര്‍ഡ് ഗ്യാന്‍ട്രി ക്രെയിന്‍ തുടങ്ങിയവ ഇക്കൂട്ടത്തില്‍പ്പെടുന്നു. വരുമാനത്തേക്കാള്‍ കൂടുതല്‍ തുക തുടക്കത്തില്‍ കപ്പല്‍ചാലിലെ ചെളിനീക്കി ആഴം കൂട്ടുന്നതിനു ചെലവിടേണ്ടതുമൂലം 2013-'14-ല്‍ മാത്രമേ ടെര്‍മിനല്‍ ലാഭത്തിലാകൂവെന്ന് പോര്‍ട്ട് ട്രസ്റ്റ് ചെയര്‍മാന്‍ വ്യക്തമാക്കി. 2005 ഫെബ്രുവരി അഞ്ചിന് പ്രധാനമന്ത്രി മന്‍മോഹന്‍സിങ്ങാണ് പദ്ധതിയുടെ ശില പാകിയത്.
സാങ്കേതിക വിദ്യാഭ്യാസം നേടിയവര്‍ കേരളം വിടാന്‍ മടിക്കുന്നു: മന്ത്രി കരീം
കോഴിക്കോട്: സാങ്കേതിക വിദ്യാഭ്യാസം നേടിയവര്‍ നിലവില്‍ കേരളം വിട്ട് പുറത്തുപോവാന്‍ മടിക്കുകയാണെന്ന് വ്യവസായമന്ത്രി എളമരം കരീം പറഞ്ഞു. കേരളത്തിലെ പൊതുമേഖലാ സ്ഥാപനങ്ങള്‍ നല്ലനിലയില്‍ പ്രവര്‍ത്തിക്കുകയും കേന്ദ്രസ്ഥാപനങ്ങള്‍ ആരംഭിക്കാന്‍ കഴിഞ്ഞതും സ്വകാര്യസംരംഭങ്ങള്‍ വര്‍ധിച്ചതുമാണ് ഇവരെ കേരളത്തില്‍ നില്‍ക്കാന്‍ പ്രേരിപ്പിക്കുന്നത്. മാളിക്കടവ് ഗവ. ഐടിഐയില്‍ നവീകരിച്ച അഡ്മിസിസ്ട്രേറ്റീവ് ബ്ളോക്കിന്റെയും വര്‍ക്ക്ഷോപ്പിന്റെയും കെട്ടിടം ഉദ്ഘാടനം ചെയ്തു സംസാരിക്കുയായിരുന്നു അദ്ദേഹം.
കേരളത്തില്‍ സാങ്കേതിക വിദ്യാഭ്യാസം നേടിയവര്‍ക്ക് തൊഴില്‍ സാധ്യത വര്‍ധിച്ചിരിക്കുകയാണ്. കൂടാതെ ഇവര്‍ക്ക് തൊഴില്‍ സംരംഭങ്ങള്‍ ആരംഭിക്കാനും നിരവധി പദ്ധതികളുമുണ്ട്. സാങ്കേതിക വിദ്യാഭ്യാസ മേഖലയില്‍ സ്വകാര്യസ്ഥാപനങ്ങള്‍ കൊണ്ടുവരുന്നതിനെ കുറിച്ച് ആലേചിച്ചുവരികയാണ്. അദ്ദേഹം പറഞ്ഞു. കേന്ദ്ര സഹായത്തോടെ മൊത്തം 2.5 കോടി രൂപയുടെ ഫണ്ട് ഉപയോഗിച്ചാണ് ഐടിഐയില്‍ അഡ്മിനിസ്ട്രേറ്റീവ് ബ്ളോക്കും വര്‍ക്ഷോപ്പ് കെട്ടിട സമുച്ചയങ്ങളും നിര്‍മിച്ചത്.
പ്രധാനമന്ത്രിയും ലോക്പാലിന്റെ പരിധിയില്‍ വരണം: അഗ്നിവേശ് , കൃഷ്ണയ്യര്‍
കൊച്ചി: പ്രധാനമന്ത്രിയടക്കമുള്ള ഉന്നതരെ ലോക്പാല്‍ ബില്ലിന്റെ പരിധിയില്‍ കൊണ്ടുവരണമെന്ന് സ്വാമി അഗ്നിവേശും ജസ്റ്റിസ് വി ആര്‍ കൃഷ്ണയ്യരും സംയുക്തമായി ആവശ്യപ്പെട്ടു. പീപ്പിള്‍സ് വാര്‍ എഗൈന്‍സ്റ്റ് കറപ്ഷന്‍ എന്ന പ്രസ്ഥാനത്തിന്റെ പീപ്പിള്‍സ് ലോക്പാല്‍ ബില്ലിന് പിന്തുണതേടി കൃഷ്ണയ്യരുടെ സമീപം എത്തിയതായിരുന്നു സ്വാമി അഗ്നിവേശ്. അഴിമതിക്കെതിരായ ധര്‍മസമരത്തില്‍ എല്ലാ പിന്തുണയും കൃഷ്ണയ്യര്‍ പ്രഖ്യാപിച്ചു.
നിലവില്‍ പാര്‍ലമെന്റില്‍ അവതരിപ്പിക്കാന്‍ പോകുന്ന ലോക്പാല്‍ ബില്‍ ഒരു ഉപദേശകസമിതിയുടെ രീതിയിലുള്ളതാണ്. പ്രധാനമന്ത്രിയടക്കമുള്ള ഉന്നതര്‍ക്കെതിരെ പരാതി നല്‍കണമെങ്കില്‍ ആദ്യം ലോക്സഭാ സ്പീക്കര്‍ക്കോ രാജ്യസഭാ ചെയര്‍മാനോ പരാതി നല്‍കണം. സ്പീക്കര്‍ നിര്‍ദേശിച്ചാല്‍ ലോക്പാല്‍ സംഭവം അന്വേഷിക്കുകയും സ്പീക്കര്‍ക്ക് റിപ്പോര്‍ട്ട് നല്‍കുകയും ചെയ്യണമെന്ന നിര്‍ദേശം തികച്ചും അപഹാസ്യമാണെന്നും—അഗ്നിവേശ് പറഞ്ഞു.
ഗവണ്‍മെന്റ് അവതരിപ്പിക്കാനുദ്ദേശിക്കുന്ന ലോക്പാല്‍ ബില്ലിനുപകരം ജസ്റ്റിസ് സന്തോഷ് ഹെഗ്ഡെ, ശാന്തിഭൂഷണ്‍, പ്രശാന്ത്ഭൂഷണ്‍ തുടങ്ങിയവര്‍ ചേര്‍ന്ന് പീപ്പിള്‍സ് ലോക്പാല്‍ ബില്‍ തയ്യാറാക്കിയിട്ടുണ്ട്. ഇതില്‍ ലോക്പാലിന് ഏത് ഉന്നതനെതിരെയും സ്വമേധയാ കേസെടുക്കാനുള്ള അനുവാദം നല്‍കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. അഴിമതികള്‍ വെളിച്ചത്തു കൊണ്ടുവരുന്ന മാധ്യമപ്രവര്‍ത്തകര്‍, വിവരാവകാശപ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ക്ക് മതിയായ സംരക്ഷണം നല്‍കണമെന്ന് പീപ്പിള്‍സ് ലോക്പാല്‍ നിര്‍ദേശിക്കുന്നു. കേരളത്തില്‍ അഴിമതിക്കെതിരായ പോരാട്ടത്തിന് നേതൃത്വംനല്‍കാന്‍ സുകുമാര്‍ അഴീക്കോട് അടക്കമുള്ളവരോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും സ്വാമി അഗ്നിവേശ് പറഞ്ഞു.
ദേശാഭിമാനി 060211
എട്ടുമാസംകൊണ്ട് കേരളം സമ്പൂര്‍ണമായി വൈദ്യുതീകരിച്ച സംസ്ഥാനമാകുമെന്ന് മന്ത്രി എ കെ ബാലന്‍ പറഞ്ഞു. 52 നിയമസഭാ മണ്ഡലങ്ങള്‍ ഉള്‍ക്കൊള്ളുന്ന പ്രദേശം പൂര്‍ണമായി വൈദ്യുതീകരിച്ചു. 42 മണ്ഡലങ്ങളില്‍ ഉടന്‍ പദ്ധതി നടപ്പാക്കും. ശേഷിക്കുന്നവ എട്ടുമാസത്തിനുള്ളില്‍ വൈദ്യുതീകരിക്കും. എല്‍ഡിഎഫ് പ്രകടനപത്രികയില്‍പോലും പറയാതിരുന്ന നേട്ടമാണിത്. തൊടുപുഴയില്‍ ജില്ലാ വൈദ്യുത അദാലത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ReplyDelete