Wednesday, February 2, 2011

എറണാകുളം ജനറല്‍ ആശുപത്രിക്ക് ദേശീയ അംഗീകാരം

എറണാകുളം ജനറല്‍ ആശുപത്രിക്ക് ദേശീയ അംഗീകാരം. ക്വാളിറ്റി കൌണ്‍സില്‍ ഓഫ് ഇന്ത്യയുടെ എന്‍എബിഎച്ച് (നാഷണല്‍ അക്രഡിറ്റേഷന്‍ ബോര്‍ഡ് ഫോര്‍ ഹോസ്പിറ്റല്‍സ് ആന്‍ഡ് ഹെല്‍ത്ത് കെയര്‍ പ്രൊവൈഡേഴ്സ്) അംഗീകാരമാണ് ആശുപത്രിയെ തേടിയെത്തിയത്. ഈ അംഗീകാരം ലഭിക്കുന്ന കേരളത്തിലെ ആദ്യത്തേതും രാജ്യത്തെ മൂന്നാമത്തേതുമായ സര്‍ക്കാര്‍ ആശുപത്രിയാണിത്. സ്വകാര്യമേഖലയില്‍ കേരളത്തില്‍ അമൃതയടക്കം ആറ് ആശുപത്രിക്കുമാത്രമെ അംഗീകാരം നേടാനായിട്ടുള്ളൂ. പൊതു ആരോഗ്യമേഖലയില്‍ സര്‍ക്കാര്‍ നടപ്പാക്കുന്ന ജനക്ഷേമപദ്ധതികള്‍ക്കുള്ള അംഗീകാരമാണ് ഈ പുരസ്കാരം. ചേര്‍ത്തല താലൂക്ക് ആശുപത്രി, തിരുവനന്തപുരത്തെയും കോഴിക്കോട്ടെയും കുട്ടികളുടെയും സത്രീകളുടെയും ആശുപത്രി എന്നിവയ്ക്കും ഉടന്‍ ഈ അംഗീകാരം കിട്ടിയേക്കും. ഇതിന്റെ പരിശോധന അവസാനഘട്ടത്തിലാണ്.

എല്‍ഡിഎഫ് സര്‍ക്കാര്‍ സംസ്ഥാനത്തെ ഒമ്പതോളം ആശുപത്രികളെ തെരഞ്ഞെടുത്ത് അവിടുത്തെ അടിസ്ഥാന സൌകര്യങ്ങളും ചികിത്സാസൌകര്യങ്ങളും സംവിധാനങ്ങളും മെച്ചപ്പെടുത്തിയിരുന്നു. ഈ ദേശീയ അംഗീകാരം ഗുണമേന്മയുള്ള ചികിത്സ ലഭിക്കാനിടയാക്കും. ഇത് സാധാരണക്കാര്‍ക്കാകും കൂടതല്‍ പ്രയോജനപ്പെടുക.

ആരോഗ്യസ്ഥാപനങ്ങളുടെ ഗുണമേന്മയ്ക്ക് അംഗീകാരം നല്‍കുന്ന പ്രത്യേക ബോര്‍ഡാണ് എന്‍എബിഎച്ച്. രണ്ടുവര്‍ഷമായി ജനറല്‍ ആശുപത്രിയില്‍ ദേശീയ അംഗീകാരം നേടാനുള്ള തയ്യാറെടുപ്പുകള്‍ നടക്കുകയായിരുന്നു. 100 മാനദണ്ഡങ്ങളും 500ല്‍ അധികം നിര്‍ദേശങ്ങളുമാണ് നടപ്പാക്കിയത്. അംഗീകാരം നല്‍കുന്നതിന് ഡല്‍ഹിയില്‍നിന്നുള്ള എന്‍എബിഎച്ച് സംഘം മേയില്‍ രണ്ടുതവണ പരിശോധനനടത്തി. സംഘാംഗം ഡോ. തുലിപ്പ് വെങ്കിടേശ് ഡിസംബറിലും അവസാനവട്ട പരിശോധനയ്ക്കെത്തി.

കഴിഞ്ഞ നാല് വര്‍ഷത്തിനുള്ളില്‍ കോടിക്കണക്കിന് രൂപയുടെ വികസനപ്രവര്‍ത്തനങ്ങളാണ് നടത്തിയത്. പുതിയ മൂന്ന് വാര്‍ഡുകള്‍ നിര്‍മിച്ച് കട്ടിലുകള്‍ തമ്മിലുള്ള അകലം ക്രമീകരിച്ചു. ഓപ്പറേഷന്‍ തിയറ്ററില്‍ കേന്ദ്രീകൃത അണുവിമുക്ത സംവിധാനം ഏര്‍പ്പെടുത്തി. ആശുപത്രിയില്‍ പകര്‍ച്ചവ്യാധികള്‍ക്കുള്ള സാധ്യത കുറച്ചു. ശാസ്ത്രീയമായ മാലിന്യസംസ്കരണ സംവിധാനം, നാല് പുതിയ വെന്റിലേറ്റര്‍, രണ്ട് അനസ്തേഷ്യ വര്‍ക്ക് സ്റ്റേഷന്‍, ഡോര്‍മിറ്ററി, ആധുനിക സൌകര്യമുള്ള ആംബുലന്‍സ്, ഒപിയില്‍ രോഗികള്‍ക്ക് ഇരിക്കാന്‍ കസേര, അനൌസ്മെന്റ് സൌകര്യം തുടങ്ങിയവ ഏര്‍പ്പെടുത്തി. അടിയന്തര ചികിത്സയ്ക്കുള്ള മുഴുവന്‍ സംവിധാനവും ഒരുക്കി. കൂട്ട അത്യാഹിതങ്ങള്‍ ഉണ്ടാകുമ്പോള്‍ പരിചരണം നല്‍കുന്നതിനുള്ള ട്രയല്‍ നടത്തി. മെഡിക്കല്‍ രേഖകള്‍ ശാസ്ത്രീയമായി ക്രമീകരിച്ചു. ഡോക്ടര്‍മാരെ കാണുന്നതിനുള്ള കാത്തിരിപ്പിന്റെ സമയം കുറയ്ക്കാനുള്ള സംവിധാനവും ഒരുക്കി. ഡോക്ടര്‍മാരുടെ തസ്തിക 62 ആക്കി ഉയര്‍ത്തി. എന്‍ആര്‍എച്ച്എം വഴി കൂടുതല്‍ നേഴ്സുമാരെയും മറ്റ് ജീവനക്കാരെയും നിയമിച്ചു.

സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ കിടക്കകളുള്ള ജില്ലാആശുപത്രിയാണിത്. 748 പേരെ കിടത്തി ചികിത്സിക്കാനുള്ള സൌകര്യമുണ്ട്. 14 സ്പെഷ്യാലിറ്റി ക്ളിനിക്കുമുണ്ട്. പ്രതിദിനം ആയിരത്തിലധികംപേര്‍ ഒപിയില്‍ എത്തുന്ന ജനറല്‍ ആശുപത്രിക്ക് ദേശീയ അംഗീകാരം ലഭിക്കുമ്പോള്‍ ഉറപ്പാകുന്നത് ഗുണമേന്മയുള്ള ചികിത്സ കൂടിയാണ്.

ദേശാഭിമാനി 020211

1 comment:

  1. എറണാകുളം ജനറല്‍ ആശുപത്രിക്ക് ദേശീയ അംഗീകാരം. ക്വാളിറ്റി കൌണ്‍സില്‍ ഓഫ് ഇന്ത്യയുടെ എന്‍എബിഎച്ച് (നാഷണല്‍ അക്രഡിറ്റേഷന്‍ ബോര്‍ഡ് ഫോര്‍ ഹോസ്പിറ്റല്‍സ് ആന്‍ഡ് ഹെല്‍ത്ത് കെയര്‍ പ്രൊവൈഡേഴ്സ്) അംഗീകാരമാണ് ആശുപത്രിയെ തേടിയെത്തിയത്. ഈ അംഗീകാരം ലഭിക്കുന്ന കേരളത്തിലെ ആദ്യത്തേതും രാജ്യത്തെ മൂന്നാമത്തേതുമായ സര്‍ക്കാര്‍ ആശുപത്രിയാണിത്.

    ReplyDelete