Thursday, February 3, 2011

സഹസ്രവേദികള്‍ പിന്നിട്ട് ദിവ്യാത്ഭുത അനാവരണം

കണ്ണൂര്‍: ശൂന്യതയില്‍നിന്ന് ഭസ്മം എടുത്തും അഞ്ചപ്പം അയ്യായിരം പേര്‍ക്ക് വിളമ്പിയും ഗംഗന്‍ അഴീക്കോടിന്റെ ദിവ്യാത്ഭുത അനാവരണ പരിപാടി 1000 വേദി പിന്നിടുന്നു. അന്ധവിശ്വാസങ്ങളിലൂടെയും അനാചാരങ്ങളിലൂടെയും ജനമനസ്സിനെ മലീമസമാക്കുന്നവര്‍ക്കെതിരെ ഒറ്റയാന്‍ പോരാട്ടമാണ് 26വര്‍ഷമായി ഗംഗന്‍ അഴീക്കോടിന്റേത്. ശൂന്യതയില്‍നിന്ന് ഭസ്മമെടുത്ത് സദസ്സിലെ നുറുകണക്കിനാളുകള്‍ക്ക് നല്‍കല്‍, തലയില്‍ ചായ തിളപ്പിക്കല്‍, തൊടുന്നവര്‍ക്ക് മധുരം നല്‍കല്‍, ഗണപതിയുടെ പാല്‍കുടി, തീയില്‍ നടത്തം, വടിയെ പാമ്പാക്കല്‍ തുടങ്ങി ഇരുന്നൂറോളം അത്ഭുതങ്ങള്‍ ഗംഗന്‍ അനാവരണം ചെയ്യുന്നു. പരിപാടി അവതരിപ്പിച്ച് അവയുടെ രഹസ്യം ഒന്നൊന്നായി വിശദീകരിക്കുമ്പോള്‍ അഴിഞ്ഞുവീഴുന്നത് വ്യാജദിവ്യന്മാരുടെ വികൃതമുഖമാണ്. ആത്മീയ വ്യവസായികളുടെ തൊലിയുരിക്കുന്ന പരിപാടി പത്തുലക്ഷം പേരെങ്കിലും ഇതിനകം കണ്ടിട്ടുണ്ട്.
സ്വാമി, ദേവിബീവി, അമ്മതായ, മഹാമായ, ബ്രദര്‍, സുല്‍ത്താന്‍ തുടങ്ങിയ മുനഷ്യദൈവങ്ങള്‍ ആരാധകരെ കബളിപ്പിക്കുന്ന ചെപ്പടി വിദ്യയുടെ സൂത്രം മാജിക്കിന്റെയും മനശ്ശാസ്ത്രത്തിന്റെയും സഹായത്തോടെയാണ് ഇദ്ദേഹം പൊളിച്ചടുക്കുന്നത്. ജ്യോത്സ്യം, വാസ്തു, മന്ത്രവാദം, അത്ഭുതരോഗശാന്തി, വെറ്റിലജ്യോത്സ്യം. സ്വര്‍ണപ്രശ്നം, ശ്വസനതട്ടിപ്പ്, ഏലസ്, രുദ്രാക്ഷം, ജിന്ന് ചുംബിച്ച ഉറുമാല്‍, സമ്പത്ത് കൊണ്ടുവരുന്ന കുരിശുപേടകം, റെയ്ക്കി, കാന്തക്കിടക്ക, നാഗമാണിക്യം തുടങ്ങിയവയുടെ കാണാപ്പുറം കാണിച്ചുകൊടുക്കുന്നു.

അന്ധവിശ്വാസത്തിനും അനാചാരത്തിനും എതിരെ 1985ല്‍ ആരംഭിച്ച യജ്ഞം ലാഭേച്ഛയില്ലാതെ തുടരുകയാണ്. ദിവ്യാത്ഭുതങ്ങളുടെ ഉള്ളറ തുറക്കുമ്പോള്‍ അക്രമവും നേരിടേണ്ടിവന്നിട്ടുണ്ട്. പുരോഗമന പ്രസ്ഥാനങ്ങളുടെ പിന്തുണയാണ് അക്രമം നേരിടാന്‍ സഹായകമാകുന്നതെന്ന് അദ്ദേഹം പറഞ്ഞു. ഗണപതി പാല്‍കുടിക്കുന്നതിന്റെ സത്യാവസ്ഥ കാസര്‍കോട് അവതരിപ്പിച്ചപ്പോള്‍ ആക്രമിക്കപ്പെട്ടു. ശൂന്യതയില്‍നിന്ന് ഭസ്മം എടുക്കുന്ന സായിബാബയുടെ തട്ടിപ്പ് 1986ല്‍ ആന്ധ്രയില്‍ കാണിച്ചപ്പോള്‍ പൊലീസ് അറസ്റ്റ് ചെയ്തു. ചങ്ങനാശേരിയില്‍ അത്ഭുതശാന്തി ചികിത്സയുടെ രഹസ്യം തുറന്നു കാട്ടിയതിനും ആക്രമണം നേരിടേണ്ടിവന്നു.

വ്യക്തിയുടെയും സമൂഹത്തിന്റെയും വേദന പരിഹരിക്കാന്‍ ആള്‍ദൈവങ്ങള്‍ക്ക് കഴിയില്ലെന്ന തിരിച്ചറിവില്‍നിന്നാണ് ഗംഗന്‍ അഴീക്കോട് ദിവ്യാത്ഭുതങ്ങളുടെ ഉളളറ തേടിയിറങ്ങിയത്. പിതാവ് അലവിലെ കെ മാധവനില്‍നിന്ന് ലഭിച്ച കമ്യൂണിസ്റ്റ് മൂല്യബോധവും എ ടി കോവൂരിന്റെ യുക്തിചിന്തയും അതിന് ശക്തി പകര്‍ന്നു. ദുഃഖമനുഭവിക്കുന്നവരെ ചെപ്പടി വിദ്യയിലൂടെയും ശാസ്ത്രത്തെ തെറ്റായി ആവിഷ്കരിച്ചും നടത്തുന്ന തട്ടിപ്പ് പുറത്തുകൊണ്ടുവരാന്‍ ഇറങ്ങിയത് അങ്ങനെയാണ്. അധ്യാപന രംഗത്ത്നിന്ന് വിരമിച്ച ഗംഗന്‍ അഴീക്കോട് 'മാസ്മരം' എന്ന മാന്ത്രിക ഹിപ്നോട്ടിക് ഷോയും അവതരിപ്പിക്കുന്നു.

deshabhimani news

1 comment:

  1. ശൂന്യതയില്‍നിന്ന് ഭസ്മം എടുത്തും അഞ്ചപ്പം അയ്യായിരം പേര്‍ക്ക് വിളമ്പിയും ഗംഗന്‍ അഴീക്കോടിന്റെ ദിവ്യാത്ഭുത അനാവരണ പരിപാടി 1000 വേദി പിന്നിടുന്നു. അന്ധവിശ്വാസങ്ങളിലൂടെയും അനാചാരങ്ങളിലൂടെയും ജനമനസ്സിനെ മലീമസമാക്കുന്നവര്‍ക്കെതിരെ ഒറ്റയാന്‍ പോരാട്ടമാണ് 26വര്‍ഷമായി ഗംഗന്‍ അഴീക്കോടിന്റേത്. ശൂന്യതയില്‍നിന്ന് ഭസ്മമെടുത്ത് സദസ്സിലെ നുറുകണക്കിനാളുകള്‍ക്ക് നല്‍കല്‍, തലയില്‍ ചായ തിളപ്പിക്കല്‍, തൊടുന്നവര്‍ക്ക് മധുരം നല്‍കല്‍, ഗണപതിയുടെ പാല്‍കുടി, തീയില്‍ നടത്തം, വടിയെ പാമ്പാക്കല്‍ തുടങ്ങി ഇരുന്നൂറോളം അത്ഭുതങ്ങള്‍ ഗംഗന്‍ അനാവരണം ചെയ്യുന്നു. പരിപാടി അവതരിപ്പിച്ച് അവയുടെ രഹസ്യം ഒന്നൊന്നായി വിശദീകരിക്കുമ്പോള്‍ അഴിഞ്ഞുവീഴുന്നത് വ്യാജദിവ്യന്മാരുടെ വികൃതമുഖമാണ്. ആത്മീയ വ്യവസായികളുടെ തൊലിയുരിക്കുന്ന പരിപാടി പത്തുലക്ഷം പേരെങ്കിലും ഇതിനകം കണ്ടിട്ടുണ്ട്.

    ReplyDelete