Wednesday, February 2, 2011

മുബാറകിന് അന്ത്യശാസനം

കെയ്റോ: ഹൊസ്നി മുബാറക് ഭരണകൂടത്തിന് അന്ത്യശാസനവുമായി 20 ലക്ഷത്തില്‍പ്പരം പേര്‍ ഈജിപ്ത് തെരുവുകളില്‍ അണിനിരന്നു. തലസ്ഥാനമായ കെയ്റോയിലും രാജ്യത്തെ മറ്റു നഗരങ്ങളായ സീനായ്, അലക്സാന്‍ഡ്രിയ, സൂയസ്, മിന്‍സൌര, അരിഷ്, ദാംഹര്‍, ടാന്റ, എല്‍ എമല്ല, എല്‍ കുബ്ര എന്നിവിടങ്ങളിലും ചൊവ്വാഴ്ച പ്രക്ഷോഭകര്‍ പ്രതിഷേധത്തിന്റെ മഹാപ്രവാഹം സൃഷ്ടിച്ചു. രാത്രി വൈകി മുബാറക്കിന്റെ കൊട്ടാരത്തിലേക്കും പ്രക്ഷോഭകര്‍ മാര്‍ച്ച് ചെയ്യുകയാണ്. ജനങ്ങള്‍ക്കുനേരെ വെടിവയ്ക്കില്ലെന്ന് സൈന്യം പ്രഖ്യാപിച്ചത് പ്രക്ഷോഭകരുടെ ആവേശത്തിന് വര്‍ധിതവീര്യം പകര്‍ന്നു. മുബാറക്കിന് ഇത് കനത്ത ആഘാതവുമായി. പ്രക്ഷോഭകരുമായി ചര്‍ച്ചയ്ക്ക് മുബാറക് സന്നദ്ധത പ്രകടിപ്പിച്ചതായി അറിയുന്നു.

തുര്‍ക്കി പ്രധാനമന്ത്രി എര്‍ദ്വോഗന്‍ പ്രക്ഷോഭത്തിന് പിന്തുണപ്രഖ്യാപിച്ചു. അതേസമയം, ഈജിപ്ത് പ്രക്ഷോഭത്തിനെതിരെ ഭീഷണിയുടെ സ്വരത്തില്‍ ഇസ്രയേല്‍ പ്രതികരിച്ചു. മുബാറക് ഭരണകൂടത്തിനെതിരായ കലാപം ഇസ്രയേലിന്റെ ഊര്‍ജസുരക്ഷയെ ബാധിക്കുമെന്നും ഇത് ഒഴിവാക്കാന്‍ വേണ്ടത് ചെയ്യേണ്ടിവരുമെന്നും ഇസ്രയേല്‍ വക്താവ് അസി ലന്‍ഡ്വ പറഞ്ഞു. ഇസ്രയേലിന് ആവശ്യമായ പ്രകൃതിവാതകത്തിന്റെ 40 ശതമാനത്തോളം ഈജിപ്താണ് നല്‍കുന്നത്. മുസ്ളിം ബ്രദര്‍ഹുഡിന് പങ്കാളിത്തമുള്ള ഭരണം വന്നാല്‍ ഇത് തടസ്സപ്പെടുമെന്നാണ് ഇസ്രയേലിന്റെ ആശങ്ക. ഈജിപ്തില്‍ ഇറാന്‍മാതൃകയിലുള്ള ഭരണം വന്നേക്കാമെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹൂ കഴിഞ്ഞദിവസം പ്രസ്താവിച്ചിരുന്നു.

ഈജിപ്ത് തലസ്ഥാനം ഇന്നേവരെ ദര്‍ശിച്ചിട്ടുള്ളതില്‍ വച്ചേറ്റവും വലിയ ജനസഞ്ചയമാണ് ചൊവ്വാഴ്ച ഒത്തുചേര്‍ന്നത്. രാവിലെ പത്തോടെതന്നെ തഹ്രിര്‍ ചത്വരത്തിലേക്ക് ജനപ്രവാഹം തുടങ്ങി. എല്ലാ ഭാഗങ്ങളില്‍നിന്നും ആളുകള്‍ ഒഴുകിയെത്തി. സ്ത്രീകളും കുട്ടികളും പ്രൊഫഷണലുകളും തൊഴിലാളികളും യുവജനങ്ങളും ഒരേ വികാരത്തോടെ സമ്മേളിച്ചു. ഹൊസ്നി മുബാറക്കിന്റെ ദുര്‍ഭരണം തകര്‍ത്തെറിയുകയെന്ന ലക്ഷ്യത്തോടെ പത്തുലക്ഷത്തില്‍പ്പരം ആളുകള്‍. കെയ്റോയില്‍ ഈ മഹാറാലി നടക്കുന്ന സമയത്തുതന്നെ അലക്സാന്‍ഡ്രിയയിലും പടുകൂറ്റന്‍ പ്രകടനം നടന്നു. 'മുബാറക് പുറത്തുപോകൂ' എന്ന മുദ്രാവാക്യം ജനലക്ഷങ്ങള്‍ ഒരേസമയം മുഴക്കി. പത്തുലക്ഷത്തോളം പേര്‍ പ്രതിഷേധത്തില്‍ പങ്കെടുക്കുമെന്നാണ് സംഘാടകര്‍ പ്രഖ്യാപിച്ചിരുന്നത്. എന്നാല്‍, കണക്കുകൂട്ടലുകള്‍ മറികടന്ന് ഇതിന്റെ ഇരട്ടിയിലേറെ ആളുകള്‍ തെരുവുകളിലിറങ്ങി. ജനങ്ങള്‍ ഉത്സവലഹരിയില്‍ എന്നതുപോലെയാണെന്ന് അല്‍ ജസീറ ചാനല്‍ റിപ്പോര്‍ട്ട് ചെയ്തു. പ്രതിഷേധപ്രകടനങ്ങള്‍ സമാധാനപരവുമാണ്. ജനങ്ങളെ തടയാന്‍ പൊലീസും സൈന്യവും ഒന്നുംചെയ്തതുമില്ല. തഹ്രിര്‍ ചത്വരത്തില്‍ തയ്യാറാക്കിയ കൂറ്റന്‍ കഴുമരത്തില്‍ മുബാറക്കിന്റെ കോലം ജനങ്ങള്‍ കെട്ടിത്തൂക്കി.

രാജ്യമെങ്ങും ഭരണമാറ്റത്തിനായി കാത്തിരിക്കയാണ്. സര്‍ക്കാര്‍ ഓഫീസുകളും വ്യാപാരസ്ഥാപനങ്ങളും തുറക്കുന്നില്ല. പൊതുപണിമുടക്ക് തുടരുകയാണ്. ഒരാഴ്ചയിലേറെയായി നടക്കുന്ന പ്രക്ഷോഭത്തില്‍ ജീവന്‍ നഷ്ടപ്പെട്ടവരുടെ എണ്ണം 300 കവിഞ്ഞതായി യുഎന്‍ മനുഷ്യാവകാശവിഭാഗം മേധാവി നവി പിള്ള പറഞ്ഞു. ഇന്റര്‍നെറ്റ്സേവന ദാതാക്കളായ കമ്പനികള്‍ ഈജിപ്തിലെ പ്രവര്‍ത്തനം പൂര്‍ണമായും അവസാനിപ്പിച്ചു. പ്രക്ഷോഭം സംഘടിപ്പിക്കാന്‍ ഇന്റര്‍നെറ്റ് കൂട്ടായ്മകള്‍ വിപുലമായി പ്രയോജനപ്പെടുത്തിയിരുന്നു. ഈജിപ്ത് സര്‍ക്കാരിന്റെയോ ബാഹ്യശക്തികളുടെയോ ഇടപെടല്‍ കമ്പനികളുടെ തീരുമാനത്തിനു പിന്നിലുണ്ടെന്നു കരുതുന്നു. ലിങ്ക് ഈജിപ്ത്, വൊഡാഫോ റിയ, ടെലികോം ഈജിപ്ത്, എറ്റിസലാത്ത് മിസര്‍ എന്നീ കമ്പനികള്‍ കഴിഞ്ഞ വ്യാഴാഴ്ച ഈജിപ്തില്‍നിന്ന് പിന്‍വാങ്ങിയിരുന്നു. ശേഷിച്ചിരുന്ന നൂര്‍ ഗ്രൂപ്പും തിങ്കളാഴ്ച ബന്ധം വിച്ഛേദിച്ചു. വിദേശ എണ്ണക്കമ്പനികളും ഈജിപ്തിലെ പ്രവര്‍ത്തനം നിര്‍ത്തിവച്ചു. ബ്രിട്ടീഷ് പെട്രോളിയം, ഷെല്‍, ബി ജി ഗ്രൂപ്പ്, റഷ്യയുടെ നൊവാടെക്ക്, ലുക്കോയ്, ഇറ്റലിയുടെ സ്പാ തുടങ്ങിയ കമ്പനികളും സുരക്ഷാകാരണങ്ങളാല്‍ ജീവനക്കാരെ ഈജിപ്തില്‍നിന്ന് പിന്‍വലിച്ചു.

സെപ്തംബറില്‍ ഒഴിയാമെന്ന് മുബാറക്; ഉടന്‍ വേണമെന്ന് പ്രക്ഷോഭകര്‍

കെയ്റോ: ഉടന്‍ രാജി വെച്ചൊഴിയണമെന്ന ലക്ഷക്കണക്കിനു പ്രക്ഷോഭകരുടെ ആവശ്യം ഈജിപ്ത് പ്രസിഡന്റ് ഹൊസ്നി മുബാറക് തള്ളി. തന്റെ കാലാവധി പൂര്‍ത്തിയാക്കിയ ശേഷമേ അധികാരമൊഴിയുകയുള്ളുവെന്ന് പ്രഖ്യാപിച്ച മുബാറക് ഉടന്‍ തെരഞ്ഞെടുപ്പ് നടത്തില്ലെന്നും അറിയിച്ചു. അടുത്ത സെപ്തംബറില്‍ കാലാവധി പൂര്‍ത്തിയാക്കി സമാധാനപരമായി അധികാരം കൈമാറാനാണ് താന്‍ ആഗ്രഹിക്കുന്നതെന്ന് മുബാറക് പറഞ്ഞു.

തടിച്ചുകൂടിയ ജനക്കൂട്ടം അതൊന്നും ചെവിക്കൊള്ളാന്‍ തയ്യാറായില്ല. പ്രസിഡന്റ് പുറത്തു പോകാതെ തങ്ങള്‍ മടങ്ങിപ്പോകില്ലെന്ന് പ്രക്ഷോഭകര്‍ ആവര്‍ത്തിച്ചു. തന്റെ മാതൃരാജ്യത്തിന്റെ മണ്ണിനായി പേരാടിയ തനിക്ക് ഈ മണ്ണില്‍ തന്നെ മരിക്കണമെന്ന മുന്‍ എയര്‍ഫോഴ്സ് കമാന്‍ഡറായ മുബാറകിന്റെ പ്രഖ്യാപനത്തോടും ജനങ്ങള്‍ പ്രകോപനപരമായാണ് പ്രതികരിച്ചത്. അന്ത്യശാസനവുമായി 20 ലക്ഷത്തില്‍പ്പരം പേര്‍ ഈജിപ്ത് തെരുവുകളില്‍ കഴിഞ്ഞ ദിവസം അണിനിരന്നു. തലസ്ഥാനമായ കെയ്റോയിലും രാജ്യത്തെ മറ്റു നഗരങ്ങളായ സീനായ്, അലക്സാന്‍ഡ്രിയ, സൂയസ്, മിന്‍സൌര, അരിഷ്, ദാംഹര്‍, ടാന്റ, എല്‍ എമല്ല, എല്‍ കുബ്ര എന്നിവിടങ്ങളിലും ചൊവ്വാഴ്ച പ്രക്ഷോഭകര്‍ പ്രതിഷേധത്തിന്റെ മഹാപ്രവാഹം സൃഷ്ടിച്ചു. ജനങ്ങള്‍ക്കുനേരെ വെടിവയ്ക്കില്ലെന്ന് സൈന്യം പ്രഖ്യാപിച്ചത് പ്രക്ഷോഭകരുടെ ആവേശത്തിന് വര്‍ധിതവീര്യം പകര്‍ന്നു. തുര്‍ക്കി പ്രധാനമന്ത്രി എര്‍ദ്വോഗന്‍ പ്രക്ഷോഭത്തിന് പിന്തുണപ്രഖ്യാപിച്ചു.

തഹ്രിര്‍ ചത്വരത്തില്‍ തയ്യാറാക്കിയ കൂറ്റന്‍ കഴുമരത്തില്‍ മുബാറക്കിന്റെ കോലം ജനങ്ങള്‍ കെട്ടിത്തൂക്കി. രാജ്യമെങ്ങും ഭരണമാറ്റത്തിനായി കാത്തിരിക്കയാണ്. സര്‍ക്കാര്‍ ഓഫീസുകളും വ്യാപാരസ്ഥാപനങ്ങളും തുറക്കുന്നില്ല. പൊതുപണിമുടക്ക് തുടരുകയാണ്. ഒരാഴ്ചയിലേറെയായി നടക്കുന്ന പ്രക്ഷോഭത്തില്‍ ജീവന്‍ നഷ്ടപ്പെട്ടവരുടെ എണ്ണം 300 കവിഞ്ഞതായി യുഎന്‍ മനുഷ്യാവകാശവിഭാഗം മേധാവി നവി പിള്ള പറഞ്ഞു.

ദേശാഭിമാനി 020211

1 comment:

  1. ഹൊസ്നി മുബാറക് ഭരണകൂടത്തിന് അന്ത്യശാസനവുമായി 20 ലക്ഷത്തില്‍പ്പരം പേര്‍ ഈജിപ്ത് തെരുവുകളില്‍ അണിനിരന്നു. തലസ്ഥാനമായ കെയ്റോയിലും രാജ്യത്തെ മറ്റു നഗരങ്ങളായ സീനായ്, അലക്സാന്‍ഡ്രിയ, സൂയസ്, മിന്‍സൌര, അരിഷ്, ദാംഹര്‍, ടാന്റ, എല്‍ എമല്ല, എല്‍ കുബ്ര എന്നിവിടങ്ങളിലും ചൊവ്വാഴ്ച പ്രക്ഷോഭകര്‍ പ്രതിഷേധത്തിന്റെ മഹാപ്രവാഹം സൃഷ്ടിച്ചു. രാത്രി വൈകി മുബാറക്കിന്റെ കൊട്ടാരത്തിലേക്കും പ്രക്ഷോഭകര്‍ മാര്‍ച്ച് ചെയ്യുകയാണ്. ജനങ്ങള്‍ക്കുനേരെ വെടിവയ്ക്കില്ലെന്ന് സൈന്യം പ്രഖ്യാപിച്ചത് പ്രക്ഷോഭകരുടെ ആവേശത്തിന് വര്‍ധിതവീര്യം പകര്‍ന്നു. മുബാറക്കിന് ഇത് കനത്ത ആഘാതവുമായി. പ്രക്ഷോഭകരുമായി ചര്‍ച്ചയ്ക്ക് മുബാറക് സന്നദ്ധത പ്രകടിപ്പിച്ചതായി അറിയുന്നു.

    ReplyDelete