റെയില്‍വേ സ്റ്റേഷനില്‍ പ്രതിഷേധക്കൊടുങ്കാറ്റ് ട്രെയിനിലെ അതിക്രമം: ജനരോഷം ആര്‍ത്തിരമ്പി
തൃശൂര്‍: ജോലിസ്ഥലത്തുനിന്ന് വീട്ടിലേക്ക് വരവെ യുവതി ഷൊര്‍ണൂര്‍ പാസഞ്ചര്‍ ട്രെയിനിലും പുറത്തും ബലാത്സംഗത്തിനിരയായ സംഭവത്തില്‍ നാടെങ്ങും പ്രതിഷേധം. സ്ത്രീകള്‍ക്ക് സുരക്ഷിതമായി യാത്ര ചെയ്യുന്നതിന് സൌകര്യമൊരുക്കാത്ത റെയില്‍വേ അനാസ്ഥയില്‍ പൊതു സമൂഹത്തിന്റെ രോഷം അണപൊട്ടി ഒഴുകി. വനിതാ കമ്പാര്‍ട്ട്മെന്റില്‍പ്പോലും സ്ത്രീകള്‍ ആക്രമിക്കപ്പെടുന്നത് റെയില്‍വേ അധികൃതരുടെ ഗുരുതര വീഴ്ചയാണെന്ന് ചൂണ്ടിക്കാട്ടി സ്ത്രീകളും യുവാക്കളും വ്യാഴാഴ്ച തൃശൂര്‍ റെയില്‍വേ സ്റ്റേഷനിലേക്ക് മാര്‍ച്ച് നടത്തി. സ്റ്റേഷന്‍ പരിസരവും ട്രെയിനുകളും അക്രമികളുടെ തേര്‍വാഴ്ചക്ക് താവളമാകുന്നത് അനുവദിക്കില്ലെന്ന് പോരാളികള്‍ പ്രഖ്യാപിച്ചിച്ചു.
അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷന്‍ ജില്ലാ കമ്മിറ്റി നേതൃത്വത്തില്‍ തൃശൂര്‍ റെയില്‍വേസ്റ്റേഷനിലേക്ക് നടത്തിയ മഹിളാ മാര്‍ച്ച് റെയില്‍വേ അനാസ്ഥക്ക് താക്കീത് നല്‍കി. ജില്ലാ പ്രസിഡന്റ് അഡ്വ. കെ ആര്‍ വിജയ, ട്രഷറര്‍ പ്രൊഫ. ആര്‍ ബിന്ദു എന്നിവര്‍ സംസാരിച്ചു. ജില്ലാ കമ്മിറ്റി ഓഫീസില്‍ നിന്ന് ആരംഭിച്ച പ്രകടനത്തിന് ടി സി ഭാനുമതി, മേരി തോമസ്, കമലം ഗോപി എന്നിവര്‍ നേതൃത്വം നല്‍കി. ട്രെയിനുകളില്‍ യാത്ര ചെയ്യുന്ന സ്ത്രീകള്‍ക്ക് സുരക്ഷ ഉറപ്പു വരുത്തണമെന്നാവശ്യപ്പെട്ടും റെയില്‍വേ അനാസ്ഥയില്‍ പ്രതിഷേധിച്ചും ഡിവൈഎഫ്ഐ നേതൃത്വത്തില്‍ നൂറുകണക്കിന്ന് യുവാക്കള്‍ തൃശൂര്‍ റെയില്‍വേ സ്റ്റേഷനിലേക്ക് മാര്‍ച്ച് നടത്തി. ഇരമ്പിയാര്‍ത്ത യുവ പ്രതിഷേധത്തെ തടയാന്‍ പൊലീസ് ബലം പ്രയോഗിച്ചെങ്കിലും യുവാക്കള്‍ പ്രതിഷേധത്തില്‍ നിന്ന് പിന്മാറിയില്ല. പൊലീസ് വലയംഭേദിച്ച് യുവാക്കള്‍ അകത്തേക്ക് തള്ളിക്കയറി. റെയില്‍വേ മാനേജരുടെ ഓഫീസിനിമുന്നില്‍ കുത്തിയിരുന്ന യുവാക്കള്‍ പ്രതിഷേധ മുദ്രാവാക്യങ്ങള്‍ മുഴക്കി. കുത്തിയിരുപ്പ് സമരം ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറി ടി കെ വാസു ഉദ്ഘാടനം ചെയ്തു. ട്രഷറര്‍ സി സുമേഷ്, വൈസ് പ്രസിഡന്റ് ഇ സി ബിജു എന്നിവര്‍ സംസാരിച്ചു. യൂത്ത് സെന്ററില്‍ നിന്നാരംഭിച്ച പ്രകടനത്തിന് ഐ ബി സന്തോഷ്, പി ആര്‍ കണ്ണന്‍, കെ എം വാസുദേവന്‍, ടി എം റോയ് എന്നിവര്‍ നേതൃതം നല്‍കി.
റെയില്‍ കൈയടക്കി ജനം; മുള്‍മുനയില്‍ പൊലീസ്
ചെറുതുരുത്തി: തീവണ്ടി യാത്രയ്ക്കിടെ യുവതിയെ പീഡിപ്പിച്ച അക്രമിയെ തെളിവെടുപ്പിന് കൊണ്ടുവരുമെന്ന് കരുതി അക്രമം നടന്ന വള്ളത്തോള്‍ നഗര്‍ റെയില്‍വേ സ്റ്റേഷന്‍ പരിസരത്തും ചേലക്കര, ചെറുതുരുത്തി പൊലീസ്സ്റ്റേഷന്‍ പരിസരത്തും നുറുകണക്കിനാളുകള്‍ തടിച്ചുകൂടി. മനുഷ്യ മനഃസാക്ഷിയെ ഞെട്ടിച്ച നികൃഷ്ടമായ കുറ്റകൃത്യം ചെയ്ത പ്രതിക്കെതിരെ കടുത്ത രോഷവുമായി ജനക്കൂട്ടം കേന്ദ്രീകരിച്ചത് ഒരു പകല്‍ മുഴുവനും. രാവിലെ മുതല്‍ എത്തിയ സ്ത്രീകളും കുട്ടികളുമടങ്ങുന്ന ജനക്കൂട്ടം രാത്രിയായിട്ടും തിരിച്ചുപോയില്ല. കലാമണ്ഡലത്തിന് സമീപം റോഡിലും റെയില്‍വേ ട്രാക്കിലുമായി നൂറുക്കണക്കിനാളുകള്‍ ഇറങ്ങിനിന്നു. ഇതേത്തുടര്‍ന്ന് ഗതാഗതം തടസ്സപ്പെടുന്ന സ്ഥിതിയായി. ട്രെയിന്‍ അപകട ഭീഷണിയുമുണ്ടായി. തുടര്‍ന്ന് പൊലീസ് മൈക്കിലൂടെ അനൌസ് ചെയ്താണ് ജനങ്ങളെ പിരിച്ചുവിട്ടത്. 'നിങ്ങള്‍ ഉദ്ദേശിക്കുന്ന പ്രതിയെ ഇവിടേക്ക് തെളിവെടുപ്പിന് കൊണ്ടു വരില്ല' എന്നായിരുന്നു പൊലീസ് അറിയിപ്പ്. പീഡനത്തിനിരയായ യുവതിയുടെ സഹോദരനും സ്ഥലത്തെത്തിയിരുന്നു.
യുവതിയുടെ അയല്‍വാസികളും നാട്ടുകാരുമായ മഞ്ഞക്കാട് ഗ്രാമവാസികള്‍ വൈകാരികവും പ്രക്ഷുബ്ദവുമായ അവസ്ഥയിലാണ് കാണപ്പെട്ടത്. ചേലക്കര, ചെറുതുരുത്തി പൊലീസ് സ്റ്റേഷന്‍ പരിസരത്തും രാവിലെ മുതല്‍ ജനത്തിരക്കായിരുന്നു. പൊരിവെയില്‍ അവഗണിച്ച് പ്രായമായവര്‍ വരെ മണിക്കൂറോളം റോഡില്‍ നിന്നു. രാവിലെ എട്ടോടെ പ്രതിയെ കോണ്ടുവരാനിടയുണ്ട് എന്നറിഞ്ഞ് ചാനലുകളും മാധ്യമ പ്രവര്‍ത്തകരും സ്ഥലത്തെത്തിയതോടെയാണ് ജനം റെയില്‍വേസ്റ്റേഷന്‍ പരിസരത്തേക്ക് തടിച്ചുകൂടിയത്. പാളത്തിന് ഇരുവശത്തായാണ് സ്ത്രീകളും പരുഷന്മാരും വെവ്വേറെ നിന്നത്. സമീപ സ്ഥലങ്ങളിലെ ടാക്സി ഡ്രൈവര്‍മാരടക്കം നിരവധി പേര്‍ ജോലി ഉപേക്ഷിച്ചാണ് കാത്തുനിന്നത്. റോഡിനിരുവശവും നൂറുകണക്കിന് ബൈക്കുകളും ചെറുവാഹനങ്ങളും നിറഞ്ഞിരുന്നു.
സാന്ത്വനവുമായ് നേതാക്കള്‍
തൃശുര്‍: പീഡനത്തിനിരയായി അത്യാസന്നനിലയില്‍ ചികിത്സയിലുള്ള യുവതിയെ മഹിളാ നേതാക്കള്‍ സന്ദര്‍ശിച്ചു. മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തിയ നേതാക്കള്‍ കുടുംബാംഗങ്ങളോടും ഡോക്ടര്‍മാരോടും സംസാരിച്ചു. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ നടപടി എടുക്കണമെന്നും കുറ്റവാളിക്ക് അര്‍ഹിക്കുന്ന ശിക്ഷ നല്‍കണമെന്നും അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷന്‍ ആവശ്യപ്പെട്ടു. വനിതാ കമ്പാര്‍ട്ട്മെന്റില്‍ യാത്ര ചെയ്ത യുവതി അക്രമത്തിനിരയായ സംഭവത്തില്‍ അസോസിയേഷന്‍ പ്രതിഷേധിച്ചു. ജില്ലാ പ്രസിഡന്റ് അഡ്വ. കെ ആര്‍ വിജയ, ട്രഷറര്‍ ആര്‍ ബിന്ദു, വൈസ് പ്രസിഡന്റ് മേരി തോമസ്, എ രാജലക്ഷ്മി എന്നിവരാണ് ആശുപത്രിയിലെത്തിയത്.
മഹിളാ സംഘടനകള്‍ അപലപിച്ചു
തൃശൂര്‍: തീവണ്ടി യാത്രക്കിടെ യുവതി ആക്രമിക്കപ്പെട്ട സംഭവത്തില്‍ വിവിധ മഹിളാ സംഘടനകള്‍ പ്രതിഷേധിച്ചു. റെയില്‍വേയുടെ കുറ്റകരമായ അനാസ്ഥമൂലം സംഭവിച്ചതാണെന്ന് മഹിളാ മോര്‍ച്ച നേതാവ് രമ രഘുനന്ദന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. മഹിളാ സംഘം ജില്ലാ പ്രസിഡന്റ് ഷീല വിജയകുമാറും അക്രമത്തെ അപലപിച്ചു. വനിതാ കമ്പാര്‍ട്ട്മെന്റില്‍ സുരക്ഷാ സംവിധാനം ഏര്‍പ്പെടുത്തണമെന്ന് അഖിലേന്ത്യാ മഹിളാ സംസ്കാരിക സംഘടന ആവശ്യപ്പെട്ടു.
വനിതാ കംപാര്‍ട്ട്മെന്റില്‍ വനിതാ പൊലീസ് വേണം
ട്രെയിനുകളിലെ വനിതാ കംപാര്‍ട്ട്മെന്റുകളില്‍ വനിതാപൊലീസുകാരെ നിയോഗിക്കണമെന്ന് അഖിലേന്ത്യ ജനാധിപത്യ മഹിളാഅസോസിയേഷന്‍ സംസ്ഥാന സെക്രട്ടറി കെ കെ ശൈലജ എംഎല്‍എ ആവശ്യപ്പെട്ടു. വനിതാ കംപാര്‍ട്ട്മെന്റ് ട്രെയിനുകളുടെ മധ്യഭാഗത്താക്കണം. ഒരു കോച്ചിന്റെ പകുതി സംവരണം ചെയ്യുന്നതിനുപകരം കോച്ച് മുഴുവനായി സ്ത്രീകള്‍ക്ക് മാറ്റിവയ്ക്കണമെന്നും ശൈലജ ആവശ്യപ്പെട്ടു.
ട്രെയിനില്‍ യാത്രചെയ്യുകയായിരുന്ന യുവതിയെ പുറത്തേക്ക് തള്ളിയിട്ട് മാനഭംഗപ്പെടുത്തിയ സംഭവം ഞെട്ടിക്കുന്നതാണ്. പൊലീസ് സംരക്ഷണമോ മറ്റുതരത്തിലുള്ള സുരക്ഷാസംവിധാനങ്ങളോ ഇല്ലാതെയാണ് അസമയത്ത് സത്രീകള്‍ക്ക് ട്രെയിനില്‍ യാത്ര ചെയ്യേണ്ടിവരുന്നത്. മുമ്പും വനിതാ കംപാര്‍ട്ട്മെന്റില്‍ സ്ത്രീകള്‍ ആക്രമിക്കപ്പെട്ടിരുന്നു. എന്നിട്ടും ആവശ്യമായ പൊലീസ് കാവലോ മറ്റു സുരക്ഷാസംവിധാനങ്ങളോ ഉണ്ടാകാറില്ല. ട്രെയിനിന്റെ ഏറ്റവും പിറകില്‍ വനിതാ കംപാര്‍ട്ട്മെന്റ് പിടിപ്പിക്കരുതെന്നു നിരവധിതവണ ആവശ്യപ്പെട്ടിട്ടും ഫലമുണ്ടായില്ല. മദ്യപിച്ച് ട്രെയിനില്‍ കയറുന്നതും ട്രെയിനില്‍വച്ച് മദ്യപിക്കുന്നതും കര്‍ശനമായ കുറ്റകൃത്യമായി കണക്കാക്കണം. ജനറല്‍ കംപാര്‍ട്ട്മെന്റില്‍ യാത്രക്കാര്‍ക്ക് ശല്യമുണ്ടാക്കുന്നവര്‍ക്കെതിരെ നടപടിയെടുക്കണം. ആക്രമണത്തിന് ഇരയായ പെണ്‍കുട്ടിക്ക് കേന്ദ്രസര്‍ക്കാരും സംസ്ഥാന സര്‍ക്കാരും അടിയന്തര ധനസഹായം നല്‍കണം. ഈ ആവശ്യമുന്നയിച്ച് കേന്ദ്ര റെയില്‍വേമന്ത്രാലയം, കേന്ദ്ര റെയില്‍വേമന്ത്രി, മുഖ്യമന്ത്രി, റെയില്‍വേ ചുമതലയുള്ള സംസ്ഥാന മന്ത്രി എന്നിവര്‍ക്ക് നിവേദനം നല്‍കുമെന്ന് ശൈലജ അറിയിച്ചു.
ദേശാഭിമാനി 040211
ജോലിസ്ഥലത്തുനിന്ന് വീട്ടിലേക്ക് വരവെ യുവതി ഷൊര്‍ണൂര്‍ പാസഞ്ചര്‍ ട്രെയിനിലും പുറത്തും ബലാത്സംഗത്തിനിരയായ സംഭവത്തില്‍ നാടെങ്ങും പ്രതിഷേധം. സ്ത്രീകള്‍ക്ക് സുരക്ഷിതമായി യാത്ര ചെയ്യുന്നതിന് സൌകര്യമൊരുക്കാത്ത റെയില്‍വേ അനാസ്ഥയില്‍ പൊതു സമൂഹത്തിന്റെ രോഷം അണപൊട്ടി ഒഴുകി. വനിതാ കമ്പാര്‍ട്ട്മെന്റില്‍പ്പോലും സ്ത്രീകള്‍ ആക്രമിക്കപ്പെടുന്നത് റെയില്‍വേ അധികൃതരുടെ ഗുരുതര വീഴ്ചയാണെന്ന് ചൂണ്ടിക്കാട്ടി സ്ത്രീകളും യുവാക്കളും വ്യാഴാഴ്ച തൃശൂര്‍ റെയില്‍വേ സ്റ്റേഷനിലേക്ക് മാര്‍ച്ച് നടത്തി. സ്റ്റേഷന്‍ പരിസരവും ട്രെയിനുകളും അക്രമികളുടെ തേര്‍വാഴ്ചക്ക് താവളമാകുന്നത് അനുവദിക്കില്ലെന്ന് പോരാളികള്‍ പ്രഖ്യാപിച്ചിച്ചു.
ReplyDeleteട്രെയിനുകളില്‍ സ്ത്രീയാത്രക്കാരുടെ സുരക്ഷ ഉറപ്പുവരുത്തണമെന്ന് ടി എന്‍ സീമ എംപി ആവശ്യപ്പെട്ടു. എറണാകുളം- ഷൊര്‍ണൂര്‍ പാസഞ്ചര്‍ ട്രെയിനില്‍ യാത്രചെയ്തിരുന്ന യുവതിയെ മാനഭംഗപ്പെടുത്തിയ സംഭവം ഞെട്ടലുളവാക്കുന്നതാണ്. ജോലിക്കായി ദിവസവും യാത്രചെയ്യേണ്ടിവരുന്ന സ്ത്രീകളുടെ സുരക്ഷയില്‍ റെയില്‍വേ കാണിക്കുന്ന കടുത്ത അവഗണനയുടെയും ജാഗ്രതക്കുറവിന്റെയും ഇരയാണ് ഈ യുവതി. റെയില്‍വേ ഈ യുവതിക്ക് നഷ്ടപരിഹാരം നല്‍കണം. ട്രെയിനുകളില്‍ സ്ത്രീകളുടെ സുരക്ഷസംബന്ധിച്ച് നിരവധി നിവേദനം നല്‍കിയിട്ടും മുഖംതിരിച്ച് നില്‍ക്കുകയാണ് റെയില്‍വേ. നിലവില്‍ പല ട്രെയിനിലും ലേഡീസ് കമ്പാര്‍ട്മെന്റ് ട്രെയിനിന്റെ അറ്റത്താകുന്നതും പൊലീസ് സുരക്ഷ കാര്യക്ഷമമല്ലാതാകുന്നതും ആക്രമണങ്ങള്‍ക്ക് വഴിയൊരുക്കുന്നു. ലേഡീസ് കമ്പാര്‍ട്മെന്റ് ട്രെയിനിന്റെ മധ്യഭാഗത്തുതന്നെ ഘടിപ്പിക്കുകയും സ്ഥിരമായ പൊലീസ് സംരക്ഷണം ഉറപ്പാക്കുകയും വേണം. ഇപ്പോള്‍ നടന്ന സംഭവത്തിന്റെ അടിസ്ഥാനത്തില്‍ യാത്രക്കാരായ സ്ത്രീകളുടെ സുരക്ഷയും യാത്രാസൌകര്യങ്ങളും ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര റെയില്‍മന്ത്രിക്കും റെയില്‍വേ അധികൃതര്‍ക്കും ടി എന്‍ സീമ കത്തയച്ചു.
ReplyDelete