Monday, February 7, 2011

ജയിലിലായ മുസ്ളിം നിരപരാധികളെപ്പറ്റി ലീഗ് മിണ്ടാത്തതെന്ത്

പെണ്‍വാണിഭ കേസില്‍ ആരോപണ വിധേയനായ പി കെ കുഞ്ഞാലിക്കുട്ടിയെ സംരക്ഷിക്കാന്‍ മുഴുവന്‍ ശക്തിയും ഉപയോഗിക്കുന്ന ലീഗ് നേതൃത്വം, സംഘപരിവാര്‍ ഗൂഢാലോചനയില്‍ ജയിലിലായ നിരപരാധികളായ മുസ്ളിം യുവാക്കളെക്കുറിച്ച് മിണ്ടാത്തതെന്തെന്ന് സിപിഐ എം പൊളിറ്റ്ബ്യൂറോ അംഗം വൃന്ദാകാരാട്ട് ചോദിച്ചു. ടാഗോര്‍ ഹാളില്‍ കെഎസ്ടിഎ സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അവര്‍.

മലേഗാവ്, ഹൈദരാബാദ്, സംജോത എക്സ്പ്രസ് സ്ഫോടനങ്ങളുടെ പേരില്‍ നൂറുകണക്കിന് നിരപരാധികളായ മുസ്ളിം യുവാക്കളാണ് ജയിലിലടയ്ക്കപ്പെട്ടത്. സ്വാമി അസിമാനന്ദിന്റെ വെളിപ്പെടുത്തലിനു ശേഷവും ലീഗ് ഒരു വാക്കുപോലും മിണ്ടിയിട്ടില്ല. ഇടതുപക്ഷം മാത്രമാണ് ഇക്കാര്യത്തില്‍ ശബ്ദമുയര്‍ത്തിയത്. കുഞ്ഞാലിക്കുട്ടിയെ സംരക്ഷിക്കാന്‍ ഉമ്മന്‍ചാണ്ടി നടത്തുന്ന ജാഥ കേരളത്തിന് നാണക്കേടാണ്. യുഡിഎഫ് ഭരണത്തില്‍ മന്ത്രിപദവി അലങ്കരിച്ചയാള്‍ക്കെതിരെയാണ് ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളുണ്ടായത്. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ പീഡിപ്പിച്ചതു മാത്രമല്ല, ഭരണസ്വാധീനം ഉപയോഗിച്ച് തെളിവ് നശിപ്പിച്ചതായാണ് വെളിപ്പെടുത്തല്‍. അതിന് ജുഡീഷ്യറിയെപ്പോലും ഉപയോഗിച്ചതായും ആരോപണമുയര്‍ന്നു. ഇത്തരം ഒരാളെയാണ് ഉമ്മന്‍ചാണ്ടിയും യുഡിഎഫും സംരക്ഷിക്കാന്‍ ശ്രമിക്കുന്നത്. ജാഥയിലൂടെ എന്തില്‍ നിന്നാണ് മോചനം ആഗ്രഹിക്കുന്നതെന്ന് ഉമ്മന്‍ചാണ്ടി വ്യക്തമാക്കണം.

വിലക്കയറ്റമാണ് രാജ്യം നേരിടുന്ന പ്രധാന പ്രശ്നം. പട്ടിണിയില്‍ നിന്നും ജനങ്ങളെ മോചിപ്പിക്കാന്‍ ഡല്‍ഹിയിലേക്കാണ് ഉമ്മന്‍ചാണ്ടി യാത്ര നടത്തേണ്ടത്. ഭക്ഷ്യക്ഷാമം പരിഹരിച്ചു എന്നാണ് മുഖ്യമന്ത്രിമാരുടെ യോഗത്തില്‍ പ്രധാനമന്ത്രി പറഞ്ഞത്. എന്നാല്‍, പ്രശ്നം കൂടുതല്‍ രൂക്ഷമാവുകയാണ്. കേരളത്തിന് കൂടുതല്‍ ഭക്ഷ്യധാന്യം ആവശ്യപ്പെട്ട് മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്‍ ഡല്‍ഹിയില്‍ ധര്‍ണ നടത്തിയിട്ടും അനുവദിക്കാന്‍ കേന്ദ്രം തയ്യാറായിട്ടില്ല. അഞ്ചു കോടി ടണ്ണിലേറെ ഭക്ഷ്യധാന്യം രാജ്യത്ത് കെട്ടിക്കിടക്കുകയാണ്. ഇവ വിതരണം ചെയ്യണമെന്ന് സുപ്രീംകോടതിയും ആവശ്യപ്പെട്ടു. എന്നിട്ടും കേന്ദ്രം കുത്തകകളെ സഹായിക്കുകയാണ്. ഇത്രയും അഴിമതി നിറഞ്ഞ കേന്ദ്ര ഭരണം ഇതിനുമുമ്പ് ഉണ്ടായിട്ടില്ല. സമൂഹത്തിന്റെ എല്ലാ മേഖലയിലും അഴിമതി ബാധിച്ചു എന്നു പറയുന്ന പ്രധാനമന്ത്രി അഴിമതിക്കാരായ കാബിനറ്റ് മന്ത്രിമാര്‍ക്കെതിരെ മിണ്ടുന്നില്ല. അഴിമതിയുടെ പ്രദര്‍ശനശാലയായി കാബിനറ്റ് മാറി. ലോകരാജ്യങ്ങള്‍ക്കു മുന്നില്‍ രാജ്യത്തിന്റെ അന്തസ്സാണ് ഇല്ലാതായത്. ഇതിനെക്കുറിച്ചും ഉമ്മന്‍ചാണ്ടിയുടെ മോചനയാത്രക്കാര്‍ മറുപടി പറയണം- വൃന്ദാകാരാട്ട് ആവശ്യപ്പെട്ടു.

ദേശാഭിമാനി 070211

4 comments:

  1. പെണ്‍വാണിഭ കേസില്‍ ആരോപണ വിധേയനായ പി കെ കുഞ്ഞാലിക്കുട്ടിയെ സംരക്ഷിക്കാന്‍ മുഴുവന്‍ ശക്തിയും ഉപയോഗിക്കുന്ന ലീഗ് നേതൃത്വം, സംഘപരിവാര്‍ ഗൂഢാലോചനയില്‍ ജയിലിലായ നിരപരാധികളായ മുസ്ളിം യുവാക്കളെക്കുറിച്ച് മിണ്ടാത്തതെന്തെന്ന് സിപിഐ എം പൊളിറ്റ്ബ്യൂറോ അംഗം വൃന്ദാകാരാട്ട് ചോദിച്ചു.

    ReplyDelete
  2. ശശിയുടെ വെളിപ്പെടുത്തല്‍: മുഖ്യമന്ത്രിക്കെതിരെ കേസെടുക്കണം -ഉമ്മന്‍ചാണ്ടി

    Posted on: 07 Feb 2011






    വടകര: കല്ലുവാതുക്കല്‍ മദ്യദുരന്തം അന്വേഷിച്ച കമ്മീഷനെ സ്വാധീനിക്കാന്‍ ശ്രമിച്ചെന്ന പി. ശശിയുടെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദനെതിരെ കേസെടുക്കണമെന്ന് പ്രതിപക്ഷനേതാവ് ഉമ്മന്‍ചാണ്ടി ആവശ്യപ്പെട്ടു.

    കേരള മോചനയാത്രയ്ക്ക് വടകരയില്‍ നല്‍കിയ ഉജ്ജ്വല സ്വീകരണത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കോഴിക്കോട് ജില്ലയില്‍ കൊയിലാണ്ടി, കക്കോടി, ബീച്ച് മറൈന്‍ ഗ്രൗണ്ട്, ഫറോക്ക് എന്നിവിടങ്ങളിലും കേരള മോചനയാത്രയ്ക്ക് ആവേശകരമായ സ്വീകരണം നല്കി.

    ''ശശി വെറുതെ പറഞ്ഞതല്ല- എഴുതി തയ്യാറാക്കിയ കത്തിലാണ് ഈ വെളിപ്പെടുത്തല്‍. റൗഫിനെപ്പോലൊരാള്‍ നടത്തിയ വെളിപ്പെടുത്തലുകളുടെ പേരിലാണ് കുഞ്ഞാലിക്കുട്ടിക്കെതിരെ കേസെടുത്തത്. എന്നാല്‍ റൗഫിനെപ്പോലെയുള്ള വ്യക്തിയല്ല ശശി- മുന്‍ മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറിയാണ്- സി.പി.എമ്മിന്റെ സമുന്നത നേതാവുമാണ്. അതിനാല്‍ ആരോപണങ്ങള്‍ക്ക് ഗൗരവമേറെയാണ് -അദ്ദേഹം പറഞ്ഞു.

    നിയമം എല്ലാവര്‍ക്കും ഒരുപോലെയാണെങ്കില്‍ മുഖ്യമന്ത്രിക്കെതിരെയും കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷിക്കണം -ഉമ്മന്‍ചാണ്ടി ആവശ്യപ്പെട്ടു.

    കല്ലുവാതുക്കല്‍ കേസ് അട്ടിമറിക്കാന്‍ ശ്രമിച്ചെന്ന് അന്നേ ആരോപണം ഉയര്‍ന്നതാണ്. ഇപ്പോള്‍ അത് മറനീക്കി പുറത്തുവന്നിരിക്കുന്നു. അഞ്ച് കൊല്ലം ഒന്നും ചെയ്യാതിരുന്ന ഇടതുസര്‍ക്കാര്‍ ഇപ്പോള്‍ 15 വര്‍ഷം മുമ്പ് നടന്ന ഒരു കാര്യംകൊണ്ടുവന്ന് ചര്‍ച്ചാവിഷയമാക്കാനാണ് ശ്രമിക്കുന്നതെന്നും ഉമ്മന്‍ചാണ്ടി കുറ്റപ്പെടുത്തി. കേരളത്തിലെ ജനങ്ങളെ സി.പി.എം. ഇനിയും മനസ്സിലാക്കിയിട്ടില്ല. പി.കെ. കുഞ്ഞാലിക്കുട്ടിക്കെതിരെയും. ലീഗിനെതിരെയുമുള്ള അക്രമങ്ങളെ യു.ഡി.എഫ്. ഒറ്റക്കെട്ടായി നേരിടുമെന്നും അദ്ദേഹം വ്യക്തമാക്കി.

    ReplyDelete
  3. പി.ശശി ധീരനായ നേതാവ്-മന്ത്രി ജി.സുധാകരന്‍

    Posted on: 07 Feb 2011






    കോട്ടയം: കണ്ണൂരില്‍ പാര്‍ട്ടിയെ നയിക്കുന്ന ഉശിരനും ധീരനുമായ സഖാവാണ് പി.ശശിയെന്ന് മന്ത്രി ജി. സുധാകരന്‍ പറഞ്ഞു. സാഹിത്യ പ്രവര്‍ത്തക സഹകരണ സംഘം തിരഞ്ഞെടുപ്പില്‍ വോട്ടുചെയ്യാനായി കോട്ടയത്തെത്തിയ മന്ത്രി മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവേയാണ് ഇങ്ങനെ പറഞ്ഞത്.

    പി.ശശിയെ സംബന്ധിക്കുന്ന വിഷയം കാണുന്നിടത്തെല്ലാംവച്ച് പറയുന്നത് ശരിയല്ല. എല്ലാസ്ഥലത്തുവച്ചും അദ്ദേഹത്തെപ്പറ്റി അഭിപ്രായം ചോദിക്കുന്നതും പറയുന്നതും ദ്രോഹമാണ്. വ്യക്തിഹത്യ നടത്തുന്നതിന് തുല്യമാണത് -അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

    പി.ശശിവിഷയത്തില്‍ വസ്തുതകളുടെ അടിസ്ഥാനത്തില്‍ തീരുമാനങ്ങള്‍ ഉണ്ടാകും. പിണറായി പറഞ്ഞതാണ് പാര്‍ട്ടി സമീപനമെന്നും മന്ത്രി വ്യക്തമാക്കി. മുഖ്യമന്ത്രിയുടെ ഓഫീസിന് ഈ വിഷയത്തില്‍ പങ്കുണ്ടെന്ന ആരോപണത്തെക്കുറിച്ച് ചോദിച്ചപ്പോള്‍ 'ഞാന്‍മുഖ്യമന്ത്രിയുടെ ഓഫീസിലെ സ്റ്റാഫല്ല' എന്നായിരുന്നു മറുപടി. ഒരു പാട് നല്ല കാര്യങ്ങള്‍ പി.ശശി ചെയ്തിട്ടുണ്ട്. ആരോപണങ്ങളുണ്ടാകുമ്പോള്‍ ആ നല്ലകാര്യങ്ങളൊന്നും വിസ്മരിക്കേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു.

    February 7, 2011 8:59 PM


    viju said...
    പി.ശശിയുടെ ആരോപണങ്ങള്‍ക്ക് വി.എസ്. മറുപടി പറയണം -മന്ത്രി കെ.സി.വേണുഗോപാല്‍





    കണ്ണൂര്‍: മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദനെതിരെ പി.ശശി ഉന്നയിച്ച ആരോപണങ്ങള്‍ ഗൗരവതരമാണെന്നും ഇതിന് മുഖ്യമന്ത്രി മറുപടി പറയണമെന്നും കേന്ദ്ര ഊര്‍ജ സഹമന്ത്രി കെ.സി.വേണുഗോപാല്‍ പറഞ്ഞു.

    കേരളരാഷ്ട്രീയം കൂടുതല്‍ മലീമസമായിരിക്കുകയാണ്. ഗുണപരമായ രാഷ്ട്രീയമല്ല കാണുന്നത്. 15 കൊല്ലം മുമ്പ് മുതല്‍ പല ഘട്ടങ്ങളില്‍ വിചാരണ നടന്നതാണ് ഐസ്‌ക്രീം കേസ്. സുപ്രീംകോടതി വരെയും ജനകീയ കോടതിയിലും മാധ്യമങ്ങളിലും വിചാരണചെയ്ത് അവസാനിപ്പിച്ച കേസ് തിരഞ്ഞെടുപ്പിന് മുമ്പ് തുറക്കുന്നത് രാഷ്ട്രീയ ഗൂഢാലോചനയാണെന്നും അദ്ദേഹം പറഞ്ഞു. കണ്ണൂരില്‍ 'മീറ്റ് ദ പ്രസ്' പരിപാടിയില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.

    February 7, 2011 9:01 PM

    ReplyDelete
  4. 2007ല്‍ സംജോത എക്സ്പ്രസില്‍ സ്ഫോടനമുണ്ടായ കേസില്‍ ആര്‍എസുഎസുകാരനായ മുഖ്യപ്രതി പിടിയില്‍ . ഇന്ദോറിലെ കമല്‍ ചൗഹാനെയാണ് ഞായറാഴ്ച അന്വേഷണസംഘം അറസ്റ്റുചെയ്തത്. 68 പേരാണ് സ്ഫോടനത്തില്‍ കൊല്ലപ്പെട്ടത്. അസിമാനന്ദ, പ്രഗ്യാസിങ്ങ്, സുനില്‍ ജോഷി, തുടങ്ങിയവരെ പ്രതിയാക്കി എന്‍ഐഎ കോടതിയില്‍ കുറ്റപത്രം നല്‍കിയിട്ടുണ്ട്. കേസില്‍ പ്രതിയായ സുനില്‍ ജോഷി ദുരൂഹസാഹചര്യത്തില്‍ കൊല്ലപ്പെട്ടതിനെക്കുറിച്ചും അന്വേഷണമുണ്ട്.

    ReplyDelete