പാലക്കാട്: വിവാഹ സ്വപ്നങ്ങള്‍ നിറഞ്ഞ മനസ്സോടെയായിരിക്കാം കൊച്ചി-ഷൊര്‍ണൂര്‍ പാസഞ്ചറില്‍ സൌമ്യ വീട്ടിലേക്ക് യാത്ര ചെയ്തത്. എന്നാല്‍, വീടെത്തുന്നതിനു തൊട്ടുമുമ്പ് വള്ളത്തോള്‍ നഗര്‍ സ്റ്റേഷന് സമീപം സൌമ്യയുടെ എല്ലാ സ്വപ്നങ്ങളും പാളം തെറ്റി. വിവാഹ സ്വപ്നങ്ങളിലേക്ക് നടന്നടുത്ത സൌമ്യയെ ഗോവിന്ദച്ചാമിയെന്ന മനുഷ്യമൃഗത്തിന്റെ പൈശാചികത മരണത്തിലേക്ക് തള്ളിയിടുകയായിരുന്നു. നിര്‍ധന കുടുംബത്തിലെ അംഗമായ സൌമ്യയെ പെണ്ണുകാണാന്‍ കഴിഞ്ഞ ബുധനാഴ്ച പാലക്കാട്ട്നിന്നും ആളുകള്‍ വരുമെന്ന് അറിയിച്ചിരുന്നു. ഇതേത്തുടര്‍ന്നായിരുന്നു ചൊവ്വാഴ്ച വൈകിട്ട് വീട്ടിലേക്ക് പോന്നത്. ട്രെയിനില്‍ ഗോവിന്ദച്ചാമി സൌമ്യയെ ജീവിതത്തില്‍നിന്നുതന്നെ പിഴുതെറിയുകയായിരുന്നു. പാലക്കാട്ടെ ഗള്‍ഫുകാരനായിരുന്നു സൌമ്യയെ പെണ്ണുകാണാനായി നിശ്ചയിച്ചിരുന്നത്. സൌമ്യ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ കിടക്കുമ്പോഴും ഈ കുടുംബം കാണാന്‍ പോയി.
റെയില്‍വേയുടെ സുരക്ഷാപാളിച്ചയാണ് ഒരര്‍ഥത്തില്‍ സൌമ്യയുടെ ജീവിതം തല്ലിക്കെടുത്തിയത്. കേരള മനഃസാക്ഷിയെ ഞെട്ടിച്ച സംഭവത്തില്‍ മണിക്കൂറുകള്‍ക്കുള്ളില്‍ത്തന്നെ പ്രതിയെ പൊലീസിന് പിടിക്കാന്‍ കഴിഞ്ഞു. ചുഡുവാലത്തൂരിലെ വാടകവീട്ടില്‍ താമസിക്കുന്ന കുടുംബം കടുത്ത സാമ്പത്തിക പ്രതിസന്ധിയെത്തുടര്‍ന്നാണ് മഞ്ഞക്കാടുള്ള സ്വന്തം വീടും സ്ഥലവും വിറ്റത്. പ്ളസ്ടു കഴിഞ്ഞതിനുശേഷം സൌമ്യ ഹോട്ടല്‍ മനേജ്മെന്റ് കോഴ്സിന് ചേര്‍ന്നെങ്കിലും പൂര്‍ത്തിയാക്കാനായില്ല.
"എങ്ങനെ ഞാന്‍ സഹിക്കും''
തൃശൂര്‍: 'ന്റെ മോളേ...' പൊന്നുമോളുടെ ചേതനയറ്റ ശരീരത്തിനു മുന്നില്‍ വാക്കുകള്‍ മുഴുമിപ്പിക്കാനാകാതെ സുമതി തളര്‍ന്ന് വീണു. ആശുപത്രി മുറിയില്‍ നെഞ്ചകംവിങ്ങി കരയുന്ന ആ അമ്മയെ ആശ്വസിപ്പിക്കാന്‍ ബന്ധുക്കള്‍ പാടുപെട്ടു. മുളങ്കുന്നത്തുകാവ് മെഡിക്കല്‍ കോളേജ് ആശുപത്രിയുടെ അനസ്തേഷ്യ വിഭാഗം ഐസിയുവിന് മുന്നില്‍ വിതുമ്പലടക്കി ഊണും ഉറക്കവും കളഞ്ഞ് സഹോദരിയുടെ പ്രാണന് കാവല്‍ നിന്ന സന്തോഷിനും ആ നിമിഷം പിടിച്ചുനില്‍ക്കാനായില്ല. പൊട്ടിക്കരഞ്ഞ സന്തോഷിനെ സുഹൃത്തുക്കളാണ് സാന്ത്വനിപ്പിച്ചത്. എന്നും തനിക്ക് പ്രിയങ്കരിയായ മകള്‍ സൌമ്യയുടെ വേര്‍പാട് താങ്ങാനാതെ അച്ഛന്‍ ഗണേശനും വിതുമ്പി.
സൌമ്യയുടെ മരണം ഞായറാഴ്ച പകല്‍ മൂന്നിന് സ്ഥിരീകരിച്ചതോടെ ഹൃദയഭേദകമായ രംഗങ്ങള്‍ക്കാണ് മെഡിക്കല്‍ കോളേജ് ആശുപത്രിയും പരിസരവും സാക്ഷിയായത്. തലച്ചോറിലെ രക്തം കട്ടപിടിച്ചത് വെള്ളിയാഴ്ച നടത്തിയ ശസ്ത്രക്രിയയില്‍ നീക്കം ചെയ്തതോടെ സൌമ്യയുടെ ജീവന്‍ വീണ്ടെടുക്കാനാകുമെന്ന നേരിയ പ്രതീക്ഷ ഉയര്‍ന്നിരുന്നു. എന്നാല്‍ ഞായറാഴ്ച പുലര്‍ച്ചെയോടെ സ്ഥിതി വഷളായി. തലച്ചോറിനേറ്റ ക്ഷതവും ആന്തരികാവയവങ്ങള്‍ പ്രവര്‍ത്തനരഹിതമായതുമാണ് മരണത്തിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക നിഗമനം.
ക്രൂരം; റെയില്‍വേയുടെ നിസ്സംഗത
തൃശൂര്‍: ട്രെയിന്‍ യാത്രക്കിടയില്‍ ക്രൂരമായി പീഡിപ്പിക്കപ്പെട്ട് മരണത്തിനും ജീവിതത്തിനുമിടയില്‍ സൌമ്യ കഴിഞ്ഞത് അഞ്ചുദിവസം. എല്ലാവരുടേയും പ്രതീക്ഷകളെ അസ്തമിപ്പിച്ച് ആറാംനാള്‍ ആ ജീവന്‍ പൊലിഞ്ഞു. ഈ ദിവസങ്ങള്‍ക്കിടയില്‍ ഒന്നു തിരിഞ്ഞുനോക്കാന്‍പോലും റെയില്‍വേയുടെ ഉന്നത ഉദ്യോഗസ്ഥര്‍ തയ്യാറായില്ല. കേരളത്തില്‍നിന്നും വന്‍ വരുമാനം റെയില്‍വേ നേടുമ്പോഴും യുവതിയുടെ ചികിത്സക്ക് ഒരുപൈസപോലും നല്‍കാതെ ക്രൂരമായ ഒഴിഞ്ഞുമാറലാണ് റെയില്‍വേ അധികൃതരില്‍നിന്നുണ്ടായത്. ഒടുവില്‍ ഞായറാഴ്ച രാത്രിയോടെ കുടുംബത്തിന് മൂന്ന് ലക്ഷം പ്രഖ്യാപിച്ച് റെയില്‍വേ കൈയൊഴിഞ്ഞു.
കേരളത്തില്‍നിന്നുള്ള മുന്‍റെയില്‍വേ മന്ത്രിയടക്കമുള്ള കേന്ദ്രമന്ത്രിമാരും തികഞ്ഞ അനാസ്ഥയാണ് കാണിച്ചത്. ട്രെയിനില്‍ യാത്രയ്ക്കിടെയുള്ള അപകടങ്ങള്‍ക്കിരയാകുന്നവര്‍ക്കുള്ള ചികിത്സാ ചെലവ് പൂര്‍ണമായി വഹിക്കാനും മതിയായ നഷ്ടപരിഹാരം നല്‍കാനും റെയില്‍വേ ബാധ്യസ്ഥമാണെന്നാണ് ഇന്ത്യന്‍ റെയില്‍വേ മെഡിക്കല്‍ മാന്വലില്‍ പറയുന്നത്. ആശുപത്രിയില്‍ കഴിയുന്നവരുടെയും കൂട്ടുനില്‍ക്കുന്നവരുടെയും അടക്കം ചെലവുകള്‍ റെയില്‍വേ വഹിക്കണം. അടിയന്തിരമായി പതിനായിരം രൂപയും മൊത്തം രണ്ടുലക്ഷം രൂപയും അനുവദിക്കാന്‍ ഡിവിഷണല്‍ മാനേജര്‍ക്ക് അധികാരമുണ്ട്. എന്നാല്‍, തിരുവനന്തപുരത്തെ റെയില്‍വേ ഡിവിഷണല്‍ മാനേജര്‍, അസി. ഡിവിഷണല്‍ മാനേജര്‍, സീനിയര്‍ ഡിവിഷണല്‍ പേഴ്സണല്‍ ഓഫീസര്‍ തുടങ്ങി ഉന്നത ഉദ്യോഗസ്ഥര്‍ ആരും തിരിഞ്ഞുനോക്കിയില്ല. സ്ഥലം സന്ദര്‍ശിച്ച് തെളിവെടുപ്പിനും തയ്യാറായിട്ടില്ല. സഹായത്തിന് അപേക്ഷിച്ചാല്‍ ട്രിബ്യൂണല്‍ തീരുമാനമെടുക്കുമെന്ന ധിക്കാരപരമായ നിലപാടാണ് അധികൃതര്‍ എന്നും സ്വീകരിക്കുന്നത്.
റെയില്‍വേ ഏരിയ മാനേജര്‍ ജോര്‍ജ് ജോണ്‍, സെക്യൂരിറ്റി കമാന്‍ഡന്റ് കെ ജെ ജോയി, മെഡിക്കല്‍ ഓഫീസര്‍ ബാബുരാജ്, തൃശൂര്‍ സ്റ്റേഷന്‍ മാനേജര്‍ കെ ആര്‍ ജയകുമാര്‍ എന്നിവര്‍ ശനിയാഴ്ച മെഡിക്കല്‍ കോളേജിലെത്തി. ഞായറാഴ്ച റെയില്‍വേ ചീഫ് മെഡിക്കല്‍ ഓഫീസര്‍ മേരി മാത്യുവും ആശുപത്രിയിലെത്തി. മെഡിക്കല്‍ റിപ്പോര്‍ട്ട് റെയില്‍വേ ജനറല്‍ മാനേജര്‍ക്ക് സമര്‍പ്പിക്കുമെന്ന് അറിയിച്ചു. എന്നാല്‍, സഹായത്തിന്റെ കാര്യത്തില്‍ പ്രഖ്യാപനമൊന്നും ഉണ്ടായില്ല.
സാന്ത്വനമായ് സംസ്ഥാന സര്‍ക്കാര്‍
സൌമ്യയുടെ ദുരന്തം റെയില്‍വേ അവഗണിച്ചപ്പോള്‍ സാന്ത്വനമേകിയത് സംസ്ഥാന സര്‍ക്കാര്‍. മന്ത്രിമാരായ പി കെ ശ്രീമതിയും കെ പി രാജേന്ദ്രനും നേരിട്ട് ആശുപത്രിയിലെത്തി. സംരക്ഷണം സംസ്ഥാന സര്‍ക്കാര്‍ ഏറ്റെടുത്തു. ചികിത്സാചെലവ് പൂര്‍ണമായി ആരോഗ്യവകുപ്പ് വഹിച്ചു. മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍ ഡോ. പ്രവീലാല്‍, സൂപ്രണ്ട് കെ മോഹനന്‍, യുവതിയുടെ ശസ്ത്രക്രിയക്ക് നേതൃത്വം നല്‍കിയ ന്യൂറോ സര്‍ജന്‍ ഡോ. ബിജു കൃഷ്ണന്‍ എന്നിവരുമായി ആലോചിച്ച് ആരോഗ്യവകുപ്പ് മികച്ച ചികിത്സയും ഉറപ്പാക്കി. കാര്‍ഡിയോളജിസ്റ് ഡോ. സിബു മാത്യു, മെഡിക്കല്‍ വിഭാഗത്തിലെ പ്രൊഫ. ആന്‍ഡ്രൂസ്, സര്‍ജറി വിഭാഗത്തിലെ പ്രൊഫ. ബാബു, അനസ്തേഷ്യാ വിഭാഗത്തിലെ പ്രൊഫ. ജയിംസ് എന്നിവരടങ്ങിയ പ്രത്യേക മെഡിക്കല്‍ സംഘത്തെ യുവതിയുടെ ആരോഗ്യനില നിരീക്ഷിക്കാന്‍ നിയോഗിച്ചു. വിദഗ്ധ ചികിത്സയ്ക്ക് മറ്റിടങ്ങളിലേക്ക് കൊണ്ടുപോകാന്‍ കഴിയുമെങ്കില്‍ അങ്ങനെ ചെയ്യാനും നിര്‍ദേശിച്ചു. ആശുപത്രിയില്‍ പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ക്കായി പ്രത്യേക മുറിയും ഏര്‍പ്പെടുത്തി.
തലയ്ക്കുള്ളില്‍ കട്ടപിടിച്ച രക്തം നീക്കാന്‍ വെള്ളിയാഴ്ച ഡോ. ബിജു കൃഷ്ണന്റെ നേതൃത്വത്തില്‍ മൂന്നുമണിക്കൂര്‍ നടത്തിയ ശസ്ത്രക്രിയയാണ് യുവതിയുടെ ആയുസ്സ് ഒരുദിവസത്തേക്കെങ്കിലും നീട്ടിയത്. മന്ത്രി കെ പി രാജേന്ദ്രന്‍ ആശുപത്രിയിലെത്തി അടിയന്തരസഹായമായി 25,000 രൂപ ബന്ധുക്കള്‍ക്ക് കൈമാറി. അപകട ദിവസം മന്ത്രി രാജേന്ദ്രന് എസ്കോര്‍ട്ട് പോയ പൊലീസ് വാഹനത്തിലാണ് യുവതിയെ ആശുപത്രിയിലെത്തിച്ചത്. സംസ്കാരച്ചടങ്ങിന് തൃശൂര്‍, പാലക്കാട് കലക്ടര്‍മാര്‍ക്ക് സര്‍ക്കാര്‍ ചുമതല നല്‍കി. ഈ ചെലവുകളും സര്‍ക്കാര്‍ വഹിക്കും. സൌമ്യയുടെ മൃതദേഹം പൊതുദര്‍ശനത്തിന് വയ്ക്കുന്നതിനും സംസ്കാരം ഉള്‍പ്പെടെയുള്ള നടപടികള്‍ ബന്ധുക്കളുമായി ആലോചിച്ച് ചെയ്യാനും മന്ത്രി നിര്‍ദേശം നല്‍കി. ജില്ലാ പൊലീസ് സൂപ്രണ്ട് എം പി ദിനേശിന്റെ സാന്നിധ്യത്തിലാണ് ഇന്‍ക്വസ്റ്റ് നടത്തിയത്. തിങ്കളാഴ്ച രാവിലെ ഏഴരക്ക് പോസ്റ്റ്മോര്‍ട്ടം നടപടി ആരംഭിക്കാനും നിര്‍ദേശിച്ചു.
ദേശാഭിമാനി 070211
ട്രെയിന്‍ യാത്രക്കിടയില്‍ ക്രൂരമായി പീഡിപ്പിക്കപ്പെട്ട് മരണത്തിനും ജീവിതത്തിനുമിടയില്‍ സൌമ്യ കഴിഞ്ഞത് അഞ്ചുദിവസം. എല്ലാവരുടേയും പ്രതീക്ഷകളെ അസ്തമിപ്പിച്ച് ആറാംനാള്‍ ആ ജീവന്‍ പൊലിഞ്ഞു. ഈ ദിവസങ്ങള്‍ക്കിടയില്‍ ഒന്നു തിരിഞ്ഞുനോക്കാന്‍പോലും റെയില്‍വേയുടെ ഉന്നത ഉദ്യോഗസ്ഥര്‍ തയ്യാറായില്ല. കേരളത്തില്‍നിന്നും വന്‍ വരുമാനം റെയില്‍വേ നേടുമ്പോഴും യുവതിയുടെ ചികിത്സക്ക് ഒരുപൈസപോലും നല്‍കാതെ ക്രൂരമായ ഒഴിഞ്ഞുമാറലാണ് റെയില്‍വേ അധികൃതരില്‍നിന്നുണ്ടായത്. ഒടുവില്‍ ഞായറാഴ്ച രാത്രിയോടെ കുടുംബത്തിന് മൂന്ന് ലക്ഷം പ്രഖ്യാപിച്ച് റെയില്‍വേ കൈയൊഴിഞ്ഞു.
ReplyDeleteമാപ്പു ചോദിക്കുന്നു ...!
ReplyDeleteനിന്‍റെ നിലവിളി കേള്‍ക്കാതെ ...!
നിന്‍റെ മിഴിനീര്‍ കാണാതെ ...!
ഒന്നും പ്രതികരിക്കാതെ ...! ഒന്നും പറയാതെ ...!
മാന്യതയുടെ മുഖംമൂടി സ്വയമണിഞ്ഞ് ഞങ്ങള്‍ .,
മരണത്തിലേക്ക് നിന്നെ തനിച്ചയച്ചതിന്.....!
നിന്‍റെ സ്വപ്‌നങ്ങള്‍ തന്‍ ചിറകുകള്‍ കരിച്ചതിന്...!
അര്‍ഹതയില്ലെങ്കിലും മാപ്പപേക്ഷിക്കുന്നു...