Tuesday, February 15, 2011

സുധാകരന്‍ പോയത് ബാറുകാരുടെ ഏജന്റായി

സുപ്രീംകോടതി ജഡ്ജി കൈക്കൂലി വാങ്ങിയതിന് സാക്ഷിയാണെന്നു പറഞ്ഞ കെ സുധാകരന്‍ എംപി ഇനി വെളിപ്പെടുത്തേണ്ടത് താന്‍ സാക്ഷി മാത്രമായിരുന്നുവോ അതോ ബാറുടമകളുടെ ഏജന്റായിരുന്നുവോ എന്നാണ്. രഹസ്യമായി നടക്കുന്ന കൈക്കൂലി കൊടുക്കലിനും വാങ്ങലിനും സാക്ഷിയായെങ്കില്‍ അതില്‍ സുധാകരനും പങ്കുണ്ടാകാതിരിക്കാന്‍ വഴിയില്ല. കേസില്‍ സുപ്രീംകോടതിയെ സമീപിച്ച ബാറുടമകളില്‍ ചിലരും കെ സുധാകരനും തമ്മില്‍ നിലനില്‍ക്കുന്ന അടുത്ത ബന്ധം ഇതിലേക്ക് വിരല്‍ ചൂണ്ടുന്നുണ്ട്. കണ്ണൂരിലെ ഒരുബാറുടമയാണ് ഇവരില്‍ പ്രധാനി. അടുത്തയാളും സഹായിയുമായ ഈ ബാറുടമയുടെ ദല്ലാളായിട്ടാണ് സുധാകരന്‍ ജഡ്ജിയെ സ്വാധീനിക്കാന്‍ ഡല്‍ഹിയില്‍ പോയതെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. അതുകൊണ്ടുതന്നെയാണ് അദ്ദേഹം ജഡ്ജിക്ക് കൊടുത്ത തുക സംബന്ധിച്ച് ഇത്ര കൃത്യമായ കണക്ക് വെളിപ്പെടുത്തുന്നത്.

സുപ്രീംകോടതി ജഡ്ജി ബാര്‍ ലൈസന്‍സിനുള്ള അനുകൂലവിധി പുറപ്പെടുവിക്കുന്നതിന് 36 ലക്ഷം രൂപ കൈക്കൂലി വാങ്ങിയതിന് താന്‍ സാക്ഷിയാണെന്ന് ശനിയാഴ്ച കൊട്ടാരക്കരയില്‍ യുഡിഎഫ് പൊതുസമ്മേളനത്തിലാണ് സുധാകരന്‍ പ്രസംഗിച്ചത്. ഗുരുതരമായ ഈ ആരോപണത്തില്‍ താന്‍ ഉറച്ചുനില്‍ക്കുന്നതായി സുധാകരന്‍ പിന്നീട് ആവര്‍ത്തിക്കുകയുംചെയ്തു.

1992 ഒക്ടോബറില്‍ കെ കരുണാകരന്‍ മന്ത്രിസഭയില്‍ കെ രഘുചന്ദ്രബാല്‍ എക്സൈസ് മന്ത്രിയായിരുന്നപ്പോള്‍ നല്‍കിയ 21 ബാര്‍ ലൈസന്‍സാണ് വിവാദമായത്. ലൈസന്‍സ് നല്‍കിയതില്‍ അഴിമതി ആരോപിച്ച് പ്രതിപക്ഷം നിയമസഭയിലും പുറത്തും പ്രതിഷേധം ഉയര്‍ത്തിയിരുന്നു. അടുത്തമാസംതന്നെ ഈ ബാര്‍ ലൈസന്‍സുകള്‍ ഗവമെന്റിന് റദ്ദാക്കേണ്ടിവന്നു. ഇതിനെതിരെ ബാറുടമകള്‍ ഹൈക്കോടതിയില്‍ റിട്ട് ഹര്‍ജി നല്‍കിയെങ്കിലും അനുകൂലവിധി ലഭിച്ചില്ല. തുടര്‍ന്ന് അവര്‍ സുപ്രീംകോടതിയില്‍ പ്രത്യേക അനുമതി ഹര്‍ജി നല്‍കി. ഈ ഹര്‍ജിയിലാണ് സുപ്രീംകോടതി ബാറുടമകള്‍ക്ക് അനുകൂലമായ വിധി പുറപ്പെടുവിച്ചത്. ജസ്റിസുമാരായ എസ് രത്നവേല്‍ പാണ്ഡ്യന്‍, ആര്‍ എം സഹായ് എന്നിവരടങ്ങിയ ഡിവിഷന്‍ ബഞ്ച് 1993 നവംബര്‍ അഞ്ചിനാണ് വിധി പ്രസ്താവിച്ചത്. ഈ രണ്ട് ജഡ്ജിമാരും വിരമിച്ചിട്ട് ഇപ്പോള്‍ വര്‍ഷങ്ങള്‍ ഏറെയായി. സുപ്രീംകോടതിയെ സമീപിച്ച ബാറുടമകളില്‍ പ്രധാനിയായ ആര്‍ വിജയകുമാര്‍ ജഡ്ജിക്ക് കൈക്കൂലി നല്‍കിയെന്നത് നിഷേധിച്ചിരിക്കുകയാണ്. ഇനി വിധി പുറപ്പെടുവിച്ച ജഡ്ജിമാരും നിഷേധപ്രസ്താവനയുമായി രംഗത്തുവന്നാല്‍ പിന്നെ ജഡ്ജിമാരില്‍ ആര്‍ക്കാണ് കൈക്കൂലി നല്‍കിയതെന്ന് തെളിയിക്കേണ്ട ബാധ്യത സുധാകരന് മാത്രമാകും.

സുധാകരന്‍ നിയമവ്യവസ്ഥയെ വെല്ലുവിളിക്കുന്നു: ഇ പി

കണ്ണൂര്‍: ഒരു ജഡ്ജി 36 ലക്ഷം രൂപ കൈക്കൂലിവാങ്ങി അബ്കാരികള്‍ക്കു വേണ്ടി പ്രവര്‍ത്തിച്ചുവെന്ന ലോക്സഭാംഗം കെ സുധാകരന്റെ വെളിപ്പെടുത്തല്‍ ഗൌരവമുള്ളതാണെന്ന് സിപിഐ എം കേന്ദ്ര കമ്മിറ്റി അംഗം ഇ പി ജയരാജന്‍ പ്രസ്താവനയില്‍ പറഞ്ഞു. യുഡിഎഫ് സര്‍ക്കാര്‍ അനധികൃതമായി ബാര്‍ ലൈസന്‍സുകള്‍ അനുവദിച്ചതും അവ നിലനിര്‍ത്താന്‍ ജുഡീഷ്യറിയെ ദുരുപയോഗം ചെയ്തതുമടക്കമുള്ള കൂറ്റന്‍ അഴിമതിയുടെ ഒരു തുമ്പുമാത്രമാണ് സുധാകരന്‍ പുറത്തുപറഞ്ഞത്. കൈക്കൂലി കൊടുത്തവരും വാങ്ങിയവരും ഇടനിലക്കാരും വിചാരണചെയ്യപ്പെട്ടേ തീരൂ. ജഡ്ജിമാര്‍ രാഷ്ട്രീയക്കാരുടെ തിണ്ണ നിരങ്ങുന്നവരാണെന്നും നികൃഷ്ടജീവികളാണെന്നും മറ്റുമുള്ള ആക്ഷേപങ്ങള്‍ യുഡിഎഫ് നേതാക്കളാണ് ഉയര്‍ത്തിയത് എന്നതിനാല്‍ അവണഗിക്കപ്പെട്ടുകൂടാ. അഴിമതി നിരോധന നിയമപ്രകാരം സുധാകരനെതിരെ കേസെടുക്കണം. ബാറുടമകള്‍ക്കുവേണ്ടി ജഡ്ജിമാരെ സ്വാധീനിക്കാന്‍ സുധാകരനും പോയോ, കൂടെ ആരെല്ലാമുണ്ടായിരുന്നു, ഏതു ജഡ്ജിയാണ് സ്വാധീനിക്കപ്പെട്ടത്, ഇടനിലക്കാരനെന്ന നിലയില്‍ സുധാകരന് എത്ര പണം കിട്ടി, മറ്റ് ഇടനിലക്കാര്‍ ആരൊക്കെ, ഇതിനു പുറമെ ഏതെല്ലാം കേസുകളില്‍ സുധാകരന്‍ ഇങ്ങനെ ഇടപെട്ടിട്ടുണ്ട് തുടങ്ങിയ വിവരങ്ങള്‍ പുറത്തുവരണം.

അബ്കാരികള്‍ക്കു വേണ്ടി—പണം പിരിച്ച് ജുഡീഷ്യറിയെ സ്വാധീനിക്കാന്‍ പോയി എന്നാണ് സുധാകരന്‍ വെളിപ്പെടുത്തിയത്. അതിനാല്‍ ഇടനിലക്കാരനായി പ്രവര്‍ത്തിച്ച സുധാകരന്റെ പേരില്‍ കേസെടുക്കണം. അവിഹിതമായി നേടിയെന്ന് സുധാകരന്‍ പറയുന്ന ബാറുകളുടെ ലൈസന്‍സ് റദ്ദ് ചെയ്യണം. അതിനാവശ്യമായ നിയമ-‘ഭരണ നടപടികള്‍ക്ക് അധികൃതര്‍ തയ്യാറാകണം. എടക്കാട് തെരഞ്ഞെടുപ്പ് കേസില്‍ ഹൈക്കോടതിയില്‍ ജയിച്ചതും ഇങ്ങനെയാണോ എന്ന് സുധാകരന്‍ വ്യക്തമാക്കണം. കേന്ദ്ര ‘ഭരണകക്ഷിയുടെ നേതാവും പാര്‍ലമെന്റംഗവുമായ സുധാകരന്‍ നിയമ വ്യവസ്ഥയെ തന്നെ വെല്ലുവിളിച്ചിരിക്കയാണ്.

ഇതേ സുധാകരന്‍ കണ്ണൂരില്‍ നാല്‍പാടി വാസു എന്ന ചെറുപ്പക്കാരനെ വെടിവച്ചുകൊന്ന കേസില്‍നിന്ന് രക്ഷപ്പെട്ടത് എഫ്ഐആര്‍ തിരുത്തിച്ചാണ്. കോടതിയെ വിലയ്ക്കുവാങ്ങിയും മാഫിയാ പ്രവര്‍ത്തനം നടത്തും എന്ന വെല്ലുവിളിയാണ് സുധാകരന്‍ മുഴക്കിയത്. ആര്‍ ബാലകൃഷ്ണപിള്ളയ്ക്ക് ശിക്ഷകിട്ടിയത് കോടതിയുടെ തെറ്റായ ഇടപെടലിലൂടെയാണെങ്കില്‍ അത് തെളിയിക്കാന്‍ സുധാകരന്‍ തയ്യാറാകണം. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് സുധാകരന്‍ തൃശൂരില്‍നിന്ന് ക്വട്ടേഷന്‍ സംഘത്തെ ഇറക്കിയത് മറക്കാറായിട്ടില്ല. ഈ ക്വട്ടേഷന്‍ സംഘത്തില്‍പെട്ട മധുര ജോഷി പിന്നീട് ദുരൂഹ സാഹചര്യത്തില്‍ ആത്മഹത്യ ചെയ്തു. ഈ മരണത്തില്‍ സുധാകരന് എന്തെങ്കിലും പങ്കുണ്ടോയെന്നും അന്വേഷിക്കണം. രാഷ്ട്രീയ പ്രശ്നങ്ങളില്‍ ജുഡിഷ്യറിക്കെതിരെ ഉയരുന്ന വിമര്‍ശങ്ങളെ അസഹിഷ്ണുതയോടെ സമീപിക്കുന്നവര്‍, ഇത്തരം ഹീനമായ ആക്രമണത്തെ എങ്ങനെ കൈകാര്യം ചെയ്യുന്നു എന്നറിയാന്‍ ജനങ്ങള്‍ക്ക് താല്‍പര്യമുണ്ട്. ജുഡീഷ്യറിയെ ദുരുപയോഗംചെയ്യുന്നത് കോണ്‍ഗ്രസിന്റെ രീതിയാണെങ്കില്‍ അത് അവര്‍ തുറന്നു പറയണം- ജയരാജന്‍ പ്രസ്താവനയില്‍ പറഞ്ഞു.

സുധാകരന്റെ ആക്ഷേപം കോടതിയെക്കുറിച്ചല്ല: ചെന്നിത്തല

കെ സുധാകരന്‍ എംപി കോടതിയെക്കുറിച്ചല്ല, ചില ജഡ്ജിമാരെക്കുറിച്ചാണ് പറഞ്ഞതെന്ന് കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തല. കോടതിയോട് കോണ്‍ഗ്രസിന് എന്നും ബഹുമാനമാണെന്നും കോടതികളെ ദുര്‍ബലപ്പെടുത്തുന്ന സമീപനം സ്വീകരിക്കില്ലെന്നും ചെന്നിത്തല മാധ്യമപ്രവര്‍ത്തകരോടു പറഞ്ഞു. സുധാകരന്‍ കെപിസിസി ജനറല്‍ സെക്രട്ടറിയാണ്. എന്താണ് ഉദ്ദേശിച്ചതെന്ന് സുധാകരനുമായി ചര്‍ച്ച ചെയ്യണം. പൊതുയോഗങ്ങളില്‍ പ്രസംഗിക്കുന്നതിനെതിരെ പരാതി പറയാന്‍ തുടങ്ങിയാല്‍ ഒട്ടുമിക്ക പ്രസംഗവും കോടതി അലക്ഷ്യമായിരിക്കും. പ്രധാനമന്ത്രി പങ്കെടുത്ത ഔദ്യോഗിക ചടങ്ങുകളില്‍ സംസ്ഥാനത്തെ അവഗണിച്ചെന്ന പരാതി നിസ്സാരമാണ്. കെ മുരളീധരനെ തിരിച്ചെടുക്കാന്‍ ഹൈക്കമാന്‍ഡിനോട് അഭ്യര്‍ഥിക്കും. സംസ്ഥാനത്ത് തൊഴിലവസരം വര്‍ധിപ്പിക്കാന്‍ നേരിട്ടുള്ള വിദേശനിക്ഷേപവും സ്വകാര്യനിക്ഷേപവും ബിഒടി സംവിധാനവും വേണമെന്ന് കെപിസിസി സംഘടിപ്പിച്ച കേരള വികസന കോണ്‍ഗ്രസ് നിര്‍ദേശിച്ചതായി ചെന്നിത്തല പറഞ്ഞു.

സുധാകരന്റെ വെളിപ്പെടുത്തലിനോട് യോജിപ്പില്ല: ഉമ്മന്‍ചാണ്ടി

സുപ്രീംകോടതി ജഡ്ജി കൈക്കൂലി വാങ്ങിയതിന് സാക്ഷിയാണെന്ന കോണ്‍ഗ്രസ് നേതാവ് കെ സുധാകരന്‍ എംപിയുടെ വെളിപ്പെടുത്തലിനോട് യോജിപ്പില്ലെന്ന് പ്രതിപക്ഷനേതാവ് ഉമ്മന്‍ചാണ്ടി. ഏത് സാഹചര്യത്തിലാണ് ഇത്തരമൊരു പരാമര്‍ശം നടത്തിയതെന്ന് അറിയില്ല. കോണ്‍ഗ്രസിന്റേതില്‍നിന്ന് വിരുദ്ധമായ നിലപാടാണ് സുധാകരന്റേത്. വിഷയത്തില്‍ വിശദീകരണം ചോദിക്കേണ്ടത് പാര്‍ടിയാണ്. ജുഡീഷ്യറിയുടെ വിശ്വാസ്യത തകര്‍ക്കുന്ന നടപടി ആരുടെ ഭാഗത്തുനിന്നും ഉണ്ടാകരുതെന്ന് ഉമ്മന്‍ചാണ്ടി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

ദേശാഭിമാനി 150211

5 comments:

  1. സുപ്രീംകോടതി ജഡ്ജി കൈക്കൂലി വാങ്ങിയതിന് സാക്ഷിയാണെന്നു പറഞ്ഞ കെ സുധാകരന്‍ എംപി ഇനി വെളിപ്പെടുത്തേണ്ടത് താന്‍ സാക്ഷി മാത്രമായിരുന്നുവോ അതോ ബാറുടമകളുടെ ഏജന്റായിരുന്നുവോ എന്നാണ്. രഹസ്യമായി നടക്കുന്ന കൈക്കൂലി കൊടുക്കലിനും വാങ്ങലിനും സാക്ഷിയായെങ്കില്‍ അതില്‍ സുധാകരനും പങ്കുണ്ടാകാതിരിക്കാന്‍ വഴിയില്ല. കേസില്‍ സുപ്രീംകോടതിയെ സമീപിച്ച ബാറുടമകളില്‍ ചിലരും കെ സുധാകരനും തമ്മില്‍ നിലനില്‍ക്കുന്ന അടുത്ത ബന്ധം ഇതിലേക്ക് വിരല്‍ ചൂണ്ടുന്നുണ്ട്. കണ്ണൂരിലെ ഒരുബാറുടമയാണ് ഇവരില്‍ പ്രധാനി. അടുത്തയാളും സഹായിയുമായ ഈ ബാറുടമയുടെ ദല്ലാളായിട്ടാണ് സുധാകരന്‍ ജഡ്ജിയെ സ്വാധീനിക്കാന്‍ ഡല്‍ഹിയില്‍ പോയതെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. അതുകൊണ്ടുതന്നെയാണ് അദ്ദേഹം ജഡ്ജിക്ക് കൊടുത്ത തുക സംബന്ധിച്ച് ഇത്ര കൃത്യമായ കണക്ക് വെളിപ്പെടുത്തുന്നത്.

    ReplyDelete
  2. കൊട്ടാരക്കരയിലെ വിവാദ പ്രസംഗത്തിന് കെ സുധാകരന്‍ എംപിയുടെ കേസെടുത്തു. ജഡ്ജി കൈക്കൂലി വാങ്ങിയെന്ന സുധാകരന്റെ ആക്ഷേപം സുപ്രിം കോടതി ചീഫ് ജസ്റ്റിസിന്റെ മുന്നിലുമെത്തിയിട്ടുണ്ട്. കുറ്റകൃത്യം മറച്ചുവച്ചതിന് ഇന്ത്യന്‍ ശിക്ഷാനിയമം 120, 220 വകുപ്പുകള്‍ പ്രകാരം മ്യൂസിയം പൊലീസാണ് ചൊവ്വാഴ്ച കേസ് രജിസ്റ്റര്‍ ചെയ്തത്. കേസെടുത്ത സാഹചര്യത്തില്‍ സുധാകരനെ ചോദ്യം ചെയ്തശേഷം പൊലീസ് തുടര്‍നടപടി സ്വീകരിക്കും. ബാര്‍ ലൈസന്‍സ് കേസില്‍ ഹൈക്കോടതി വിധി മറികടക്കാന്‍ സുപ്രിം കോടതി ജഡ്ജി 36 ലക്ഷം രൂപ കൈക്കൂലി വാങ്ങിയെന്നും അതിന് താന്‍ ദൃക്സാക്ഷിയാണെന്നുമാണ് തടവുശിക്ഷ ലഭിച്ച ആര്‍ ബാലകൃഷ്ണ പിള്ളക്കു കൊട്ടാരക്കരയില്‍ യുഡിഎഫ് നല്‍കിയ സ്വീകരണത്തില്‍ സുധാകരന്‍ പറഞ്ഞത്. സുധാകരന്‍ കൊട്ടാരക്കരയില്‍ നടത്തിയ പ്രസംഗത്തിന്റെ വിശദാംശങ്ങള്‍ സുപ്രീം കോടതിയില്‍ പ്രാക്ടീസ് ചെയ്യുന്ന രണ്ട് മലയാളി അഭിഭാഷകരാണ് ചീഫ് ജസ്റ്റിസ് എസ് എച്ച് കപാഡിയയുടെ ശ്രദ്ധയില്‍ കൊണ്ടുവന്നത്. പ്രസംഗത്തിന്റെ വീഡിയോ സി ഡി, പ്രസംഗത്തിന്റെ ഇംഗ്ളീഷിലുള്ള പരിഭാഷ, ഇതിന്റെ പശ്ചാത്തലം തുടങ്ങിയവയാണ് കൈമാറിയത്. കത്തില്‍ അഭിഭാഷകര്‍ പേരുവെച്ചിട്ടുണ്ടെങ്കിലും അത് പരസ്യമാക്കാന്‍ തയ്യാറായിട്ടില്ല. എന്തെങ്കിലും നടപടിയെടുക്കണമെന്ന ആവശ്യം കത്തിലില്ല. യുക്തമായ തീരുമാനം ചീഫ് ജസ്റ്റിസ് സ്വീകരിക്കട്ടെയെന്നാണ് ഇവരുടെ നിലപാട്.

    ReplyDelete
  3. ജഡ്ജിമാര്‍ക്ക് കൈക്കൂലി കൊടുത്ത് അനുകൂലവിധി സമ്പാദിച്ചെന്ന കോണ്‍ഗ്രസ് നേതാവ് കെ സുധാകരന്‍ എംപിയുടെ ആരോപണത്തോട് പ്രതികരിക്കാതെ എഐസിസി ഒഴിഞ്ഞുമാറി. സുധാകരന്റേത് വ്യക്തിപരമായ അഭിപ്രായമാണെന്നും കോണ്‍ഗ്രസിന് ഈ അഭിപ്രായമില്ലെന്നും എഐസിസി വക്താവ് മനീഷ് തിവാരി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. കോണ്‍ഗ്രസിന് കോടതികളോട് എക്കാലത്തും ബഹുമാനമാണ്. സുധാകരന്റെ ആരോപണത്തിന് കോണ്‍ഗ്രസിന് മറുപടി പറയേണ്ട ആവശ്യമില്ലെന്നും തിവാരി പറഞ്ഞു. നീതിന്യായവ്യവസ്ഥയ്ക്കെതിരായ കോണ്‍ഗ്രസ് എംപി കെ സുധാകരന്റെ പരാമര്‍ശം ഗൌരവമേറിയതാണെന്ന് ബിജെപി അഭിപ്രായപ്പെട്ടു. സുപ്രീംകോടതി ജഡ്ജിക്കെതിരെ ആരോപണം ഉയര്‍ന്ന സാഹചര്യത്തില്‍ കേന്ദ്ര നിയമമന്ത്രി വീരപ്പ മൊയ്ലി പ്രശ്നത്തില്‍ ഇടപെടണമെന്ന് ബിജെപി വക്താവ് പ്രകാശ് ജാവേദ്കര്‍ ആവശ്യപ്പെട്ടു. ഇക്കാര്യത്തില്‍ കേന്ദ്രസര്‍ക്കാര്‍ സ്വീകരിക്കുന്ന നടപടി വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു

    ReplyDelete
  4. സുപ്രീംകോടതി ജഡ്ജി കൈക്കൂലി വാങ്ങുന്നതിനു താന്‍ സാക്ഷിയാണെന്ന വിവാദ പ്രസ്താവനയുടെ പേരില്‍ കോണ്‍ഗ്രസ് ദേശീയ, സംസ്ഥാന നേതൃത്വങ്ങള്‍ തള്ളിപ്പറഞ്ഞതിനു പിന്നാലെ കണ്ണൂര്‍ ഡിസിസി പ്രസിഡന്റ് പി രാമകൃഷ്ണനും കെ സുധാകരനെതിരെ ആഞ്ഞടിച്ചു. സുപ്രീംകോടതിയിലെ ഏതു ജഡ്ജിക്കാണ് കൈക്കൂലി നല്‍കിയതെന്നു പറയാനുള്ള ആര്‍ജവം സുധാകരന്‍ കാണിക്കണമെന്ന് സ്വകാര്യ ചാനലിന്റെ ന്യൂസ് നൈറ്റ് പരിപാടിയില്‍ പി രാമകൃഷ്ണന്‍ ആവശ്യപ്പെട്ടു. ജഡ്ജി പണം വാങ്ങിയെന്ന ആക്ഷേപം തെളിയിക്കാനുള്ള ബാധ്യത സുധാകരനാണ്. എഐസിസിയും കെപിസിസിയും നിലപാട് വ്യക്തമാക്കിക്കഴിഞ്ഞു. പറഞ്ഞത് സത്യമാണോ അല്ലയോ എന്നു തെളിയിക്കാനുള്ള അവസരമാണ് സുധാകരന് ലഭിച്ചിട്ടുള്ളത്. സത്യം ജനങ്ങള്‍ അറിയട്ടെയെന്നും പി രാമകൃഷ്ണന്‍ പറഞ്ഞു.

    ReplyDelete
  5. സുപ്രീംകോടതി ജഡ്ജി കൈക്കൂലി വാങ്ങിയതിന് സാക്ഷിയാണെന്ന കെ സുധാകരന്‍ എംപിയുടെ പ്രസ്താവന അനുചിതമായെന്ന് കേന്ദ്ര നിയമമന്ത്രി മൊയ്ലി പറഞ്ഞു. മന്ത്രിയായാലും എംപിയായാലും സ്ഥാനംനോക്കി പ്രസ്താവന നടത്തണം. ജുഡീഷ്യറിയില്‍ ജനങ്ങള്‍ക്കുള്ള വിശ്വാസ്യത നഷ്ടപ്പെടുത്താനേ ഈ പ്രസ്താവന ഉപകരിക്കൂ. സുധാകരന്റെ നടപടി അനാവശ്യമാണ്-അദ്ദേഹം പറഞ്ഞു.

    ReplyDelete