രാഷ്ട്രീയതിമിരത്താല്‍ അന്ധരായ കോണ്‍ഗ്രസ് നേതൃത്വം വല്ലാര്‍പ്പാടം പദ്ധതിയുടെയും വിമാനത്താവള ടെര്‍മിനലിന്റെയും ഉദ്ഘാടന ചടങ്ങുകള്‍ രാഷ്ട്രീയ പകപോക്കലിനുള്ള വേദിയാക്കി മാറ്റിയതിലുള്ള പ്രതിഷേധം സഭയില്‍ ജ്വലിച്ചു. സംസ്ഥാനത്തെ അവഗണിച്ച കേന്ദ്രസര്‍ക്കാര്‍ നയത്തിനെതിരെയുള്ള പ്രതിഷേധം പ്രമേയരൂപത്തില്‍ സഭ പാസാക്കുകയും ചെയ്തു.
ആനത്തലവട്ടം ആനന്ദന്‍ സബ്മിഷന്‍ രൂപത്തിലാണ് വിഷയം സഭയില്‍ അവതരിപ്പിച്ചത്. സബ്മിഷന് മറുപടി പറഞ്ഞ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്‍ കേന്ദ്രസര്‍ക്കാര്‍ നിലപാടിനെ അതിനിശിതമായി വിമര്‍ശിച്ചു. മുഖ്യമന്ത്രിയുടെയോ ഗവര്‍ണറുടെയോ പ്രശ്‌നമല്ല ഇതെന്നും സംസ്ഥാനത്തിന്റെ മുഴുവന്‍ പ്രശ്‌നമാണെന്നും പറഞ്ഞ മുഖ്യമന്ത്രി അതുകൊണ്ടാണ് സംസ്ഥാനത്തിന്റെ അഭിപ്രായം താന്‍ പറഞ്ഞതെന്നും വ്യക്തമാക്കി. അത് ചെവിയില്‍ പറഞ്ഞാല്‍ പോരെ എന്നാണ് കോണ്‍ഗ്രസുകാര്‍ ചോദിക്കുന്നത്. വാപൊത്തി കുനിഞ്ഞ് നിന്ന് രഹസ്യം പറയാന്‍ ഉമ്മന്‍ചാണ്ടിമാരെ മാത്രമേ കിട്ടൂ. തങ്ങളെ അതിന് കിട്ടില്ല. മുഖ്യമന്ത്രി ആഞ്ഞടിച്ചതോടെ പ്രതിപക്ഷത്തിന് നിലതെറ്റി. പ്രതിഷേധവുമായി അവര്‍ നടുത്തളത്തിലിറങ്ങി ബഹളത്തിനിടിയിലും മുഖ്യമന്ത്രി പ്രസംഗം തുടര്‍ന്നു. സംസ്ഥാനങ്ങളും കേന്ദ്രവും തമ്മില്‍ അടിമ-ഉടമ ബന്ധമല്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. കൊളോണിയല്‍ മനസാണ് കോണ്‍ഗ്രസിന്. ഹൈക്കമാണ്ടും പ്രദേശ് കമ്മിറ്റിയും തമ്മില്‍ തമ്പുരാന്‍ അടിയന്‍ ബന്ധമാണ്. അതിന് കേരള ജനതയെ കരുവാക്കേണ്ടതില്ല. അടിമബോധമുള്ളവരും ഉടമബോധമുള്ളവരും തനിയേ അത് മുറുകെ പിടിച്ചാല്‍ മതിയെന്നും മുഖ്യമന്ത്രി പറഞ്ഞു ഇതിനിടയില്‍ സ്പീക്കര്‍ ഇടപെട്ട് പ്രതിപക്ഷ ബഹളം അവസാനിപ്പിച്ചു. തുടര്‍ന്ന് സംസാരിച്ച പ്രതിപക്ഷ നേതാവ് ഉമ്മന്‍ചാണ്ടി കേന്ദ്രസര്‍ക്കാരിനെ വെള്ളപൂശാനാണ് ശ്രമിച്ചത്. നിര്‍ഭാഗ്യകരമായ ചര്‍ച്ചയാണ് സഭയില്‍ നടക്കുന്നതെന്ന് പറഞ്ഞ ഉമ്മന്‍ചാണ്ടി കേന്ദ്രത്തിനെ ന്യായീകരിച്ചു.
പ്രധാനമന്ത്രി താമസിച്ച ഹോട്ടലില്‍ മുഖ്യമന്ത്രിക്കും ഗവര്‍ണര്‍ക്കും താമസസൗകര്യം ലഭിക്കാത്തതും ഗൗരവമുള്ള വിഷയമാണെന്ന് ആഭ്യന്തരമന്ത്രി കോടിയേരി ബാലകൃഷ്ണന്‍ ഉമ്മന്‍ചാണ്ടിയെ ഓര്‍മിപ്പിച്ചു. പ്രധാനമന്ത്രി താമസിച്ച ഹോട്ടലിലേയ്ക്ക് മുഖ്യമന്ത്രി പോയിട്ടില്ലെന്ന് ഉമ്മന്‍ചാണ്ടി പറഞ്ഞു. മുറിയില്ലെന്നറിഞ്ഞിട്ട് പോയി അപമാനിതനാകാന്‍ ആരെങ്കിലും തയ്യാറാകുമോ എന്നായി കോടിയേരി. മുറി നിഷേധിച്ചുവെന്ന് മുഖ്യമന്ത്രി തന്നെ പറയണമെന്നായി ഉമ്മന്‍ചാണ്ടി. തനിക്ക് മുറി നിഷേധിച്ചുവെന്ന് മുഖ്യമന്ത്രി തന്നെ പറഞ്ഞതോടെ ഉമ്മന്‍ചാണ്ടി വെട്ടിലായി.
ബ്രഹ്‌മോസ് ആസ്ഥാനത്ത് പ്രധാനമന്ത്രി പങ്കെടുത്ത ചടങ്ങില്‍ എളമരം കരീം, സി ദിവാകരന്‍, സുരേന്ദ്രന്‍പിള്ള എന്നീ മന്ത്രിമാരെയും കേന്ദ്രം അപമാനിച്ചുവെന്ന് കോടിയേരി പറഞ്ഞു. തങ്ങള്‍ക്ക് അവിടെ നേരിട്ട അപമാനം മന്ത്രിമാരും വിശദീകരിച്ചു. മന്ത്രിമാരും ഭരണകക്ഷി അംഗങ്ങളും ആക്രമണം ശക്തമാക്കിയതോടെ പിടിച്ച് നില്‍ക്കാന്‍ പ്രതിപക്ഷം ഇറങ്ങിപ്പോക്ക് പ്രഖ്യാപിച്ചു.
കേന്ദ്ര സമീപനത്തില്‍ പ്രധിഷേധിക്കുന്ന പ്രമേയം മന്ത്രി എം വിജയകുമാര്‍ അവതരിപ്പിച്ചു. എതിര്‍ക്കാനാരുമില്ലാതെ പ്രമേയം സഭ പാസാക്കി.
ബജറ്റിന്‍മേലുള്ള ചര്‍ച്ച സഭയില്‍ ആരംഭിച്ചു. ഡപ്യൂട്ടി സ്പീക്കര്‍ ജോസ് ബേബിയാണ് ചര്‍ച്ച തുടങ്ങിവച്ചത്. രാവിലത്തെ അന്തരീക്ഷം കണ്ടിട്ട് തന്റെ പ്രസംഗം നടക്കുമോ എന്ന ആശങ്കയുണ്ടായിരുന്നുവെന്ന് പറഞ്ഞാണ് ഡപ്യൂട്ടി സ്പീക്കര്‍ ചര്‍ച്ച ആരംഭിച്ചത്. വല്ലാര്‍പ്പാടവും വിമാനത്താവള ടെര്‍മിനലും ചര്‍ച്ചയിലും സജീവമായിരുന്നു. ഐസ്‌ക്രീമിന് പുറമെ പാമോലിനും ഇടമലയാറും കിട്ടിയ സന്തോഷത്തിലായിരുന്നു ഭരണപക്ഷം. പാമോയില്‍ പക്ഷേ പ്രതിപക്ഷത്തിന് കേള്‍ക്കാന്‍ ഇഷ്ടമല്ല. എം പ്രകാശന്‍, സഖറിയ മാത്യുവിന്റെയും മുസ്തഫയുടെയും വെളിപ്പെടുത്തലുകളെക്കുറിച്ച് പ്രസംഗിച്ചപ്പോള്‍ രേഖയുടെ പിന്‍ബലമില്ലാതെ പ്രസംഗിക്കരുതെന്ന വാദവുമായി പ്രതിപക്ഷം ബഹളം വച്ചു.
അധികാരത്തില്‍ വരുന്നത് സ്വപ്നം കാണുന്ന പ്രതിപക്ഷത്തിന് മന്ത്രിസഭ ജയിലിലേ ഉണ്ടാക്കാനാകൂ എന്നതില്‍ ബാബുപോളിന് തെല്ലും സംശയമില്ല. ബജറ്റിനെ എതിര്‍ക്കാനും അനുകൂലിക്കാനും കവിതാശകലങ്ങളും നിര്‍ബാധം ഉപയോഗിക്കപ്പെട്ടു. വി എന്‍ വാസവനും എന്‍ ജയരാജുമെല്ലാം ചേര്‍ന്ന് കവിയരങ്ങിന്റെ അന്തരീക്ഷം തന്നെ സൃഷ്ടിച്ചു.
നിലവിലില്ലാത്ത മായംചേര്‍ക്കല്‍ നിരോധന നിയമം ഉപയോഗിച്ച് വ്യാപാരികള്‍ക്കെതിരെ നടപടി സ്വീകരിക്കുന്നുവെന്ന് ആരോപിച്ച് പ്രതിപക്ഷം അടിയന്തര പ്രമേയത്തിന് അനുമതി തേടി. വിഷയം പരിശോധിക്കുമെന്ന് മന്ത്രി മറുപടി പി കെ ശ്രീമതി പറഞ്ഞു.
കെ എസ് അരുണ്‍ ‘ഗ്യാലറിയില്‍ നിന്ന്‘ ജനയുഗം 150211
രാഷ്ട്രീയതിമിരത്താല്‍ അന്ധരായ കോണ്‍ഗ്രസ് നേതൃത്വം വല്ലാര്‍പ്പാടം പദ്ധതിയുടെയും വിമാനത്താവള ടെര്‍മിനലിന്റെയും ഉദ്ഘാടന ചടങ്ങുകള്‍ രാഷ്ട്രീയ പകപോക്കലിനുള്ള വേദിയാക്കി മാറ്റിയതിലുള്ള പ്രതിഷേധം സഭയില്‍ ജ്വലിച്ചു. സംസ്ഥാനത്തെ അവഗണിച്ച കേന്ദ്രസര്‍ക്കാര്‍ നയത്തിനെതിരെയുള്ള പ്രതിഷേധം പ്രമേയരൂപത്തില്‍ സഭ പാസാക്കുകയും ചെയ്തു.
ReplyDelete