Friday, February 18, 2011

പ്രധാനമന്ത്രിയുടെ കഴിവുകേട്

സ്‌പെക്ട്രം അഴിമതി ഇടപാട് പുറത്തുവന്നതിനുശേഷം ദീര്‍ഘനാള്‍ മൗനത്തില്‍ അഭയം തേടിയ പ്രധാനമന്ത്രി വളരെ വൈകി പ്രതികരിക്കാന്‍ സന്നദ്ധനായപ്പോള്‍ താന്‍ എത്ര ദുര്‍ബലനായ ഭരണാധികാരിയാണെന്ന് സ്വന്തം വാക്കുകളിലൂടെ തന്നെ അദ്ദേഹം തെളിയിച്ചു. സ്‌പെക്ട്രം ഇടപാടിനെ സംബന്ധിച്ച് താനോ മന്ത്രിസഭയോ കാര്യമായി ഒന്നും തന്നെ അറിഞ്ഞിരുന്നില്ലെന്നും എല്ലാം ചെയ്തത് രാജയാണെന്നുമാണ് പ്രധാനമന്ത്രി പറയുന്നത്. രാജ്യത്തിന്റെ മുഖ്യ ഭരണാധികാരി ഇത്തരത്തില്‍ പ്രധാനപ്പെട്ട ഒരു കാര്യം അറിഞ്ഞിരുന്നില്ലെന്ന് പറയുന്നത് ഒന്നുകില്‍ കള്ളം, അല്ലെങ്കില്‍ ആര്‍ക്കും കബളിപ്പിക്കുവാന്‍ കഴിയുന്ന പ്രധാനമന്ത്രിയാണ് മന്‍മോഹന്‍സിംഗ് എന്നാണ് വ്യക്തമാകുന്നത്.

ഒന്നും അറിഞ്ഞില്ലെന്നു പറയുന്ന പ്രധാനമന്ത്രി തന്നെ പറയുന്നത് 2007 ല്‍ സ്‌പെക്ട്രം ഇടപാട് സംബന്ധിച്ച് എ രാജയ്ക്ക് താന്‍ കത്തെഴുതിയിരുന്നുവെന്നാണ്. കത്തിന് രാജ നല്‍കിയ മറുപടിയില്‍ ലേലം ആവശ്യമില്ലെന്നും ആദ്യം അപേക്ഷിക്കുന്നവര്‍ക്ക് ആദ്യം ലൈസന്‍സ് എന്ന സമ്പ്രദായമാണ് നടപ്പാക്കുകയെന്നും ചൂണ്ടിക്കാണിച്ചിരുന്നുവെന്നും വ്യക്തമാക്കുന്നു. പരസ്പരവിരുദ്ധമാണ് അദ്ദേഹത്തിന്റെ പ്രസ്താവനകള്‍. പ്രധാനമന്ത്രി എന്തൊക്കയോ മറച്ചുവെയ്ക്കുന്നുണ്ടെന്ന ആക്ഷേപം കൂടുതല്‍ വ്യക്തമാക്കുന്നതാണ് ടെലിവിഷന്‍ ചാനല്‍ പ്രതിനിധികളുമായി അദ്ദേഹം നടത്തിയ സംവാദം.

ടെലികോം വകുപ്പും ധനമന്ത്രാലയവും ശുപാര്‍ശ നടത്തിയതുകൊണ്ട് തനിക്ക് മറ്റൊന്നും ആലോചിക്കാനില്ലായിരുന്നുവെന്നും പ്രധാനമന്ത്രി പറയുന്നു. രാജയും ടെലികോം ഉന്നതാധികാരികളും മാത്രമല്ല, ധനമന്ത്രാലയവും ഈ ഇടപാടിന് സാധൂകരണം നല്‍കിയിരുന്നുവെന്ന് പ്രധാനമന്ത്രി തന്നെ വ്യക്തമാക്കിയിരിക്കുന്നു.

ആക്ഷേപത്തിന് നേരത്തെ തന്നെ വിധേയനായിരുന്ന രാജയെ രണ്ടാം യു പി എ മന്ത്രിസഭയില്‍ അംഗമാക്കിയതിനെക്കുറിച്ചുള്ള ചോദ്യത്തിന് വിചിത്രമായ മറുപടിയാണ് മന്‍മോഹന്‍സിംഗ് നല്‍കിയത്. ഡി എം കെ നല്‍കിയ മന്ത്രിമാരുടെ പേരുകളില്‍ ഒന്ന് രാജയുടേതായിരുന്നുവെന്നും മുന്നണി സര്‍ക്കാരിനെ നയിക്കുമ്പോള്‍ തനിക്ക് പരിമിതികളുണ്ടെന്നുമാണ് മന്‍മോഹന്‍സിംഗ് പറഞ്ഞത്. മുന്നണി സര്‍ക്കാര്‍ എന്നതുകൊണ്ട്, സഖ്യകക്ഷി നിര്‍ദേശിക്കുന്ന ഏത് അഴിമതിക്കാരെയും മന്ത്രിയാക്കേണ്ടിവരുമെന്ന മന്‍മോഹന്‍സിംഗിന്റെ നിലപാട് ജനാധിപത്യത്തിന് ഭൂഷണമല്ല; മാത്രമല്ല, സ്‌പെക്ട്രം ഇടപാടില്‍ അവസരം ലഭിക്കാതിരുന്ന ചില കമ്പനികള്‍ രാജയെക്കുറിച്ച് തനിക്ക് പരാതി നല്‍കിയിരുന്നുവെന്ന് ഇപ്പോള്‍ വെളിപ്പെടുത്തിയ പ്രധാനമന്ത്രിയാണ് രാജയെ മന്ത്രിസഭയിലെടുത്തതിനെ ന്യായീകരിക്കുന്നതും എന്നത് ശ്രദ്ധേയമായ വസ്തുതയാണ്. ഡി എം കെ പേരു നല്‍കിയതുകൊണ്ടാണ് രാജയെ മന്ത്രിസഭയിലുള്‍പ്പെടുത്തിയതെന്ന ന്യായത്തില്‍ തെല്ലും കഴമ്പില്ല. ടി ആര്‍ ബാലുവിന്റെ പേരും ഡി എം കെ നിര്‍ദേശിച്ചിരുന്നു. എന്നാല്‍ മന്‍മോഹന്‍ ബാലുവിനെ മന്ത്രിസഭയിലുള്‍പ്പെടുത്താന്‍ തയ്യാറായില്ല. രാജ മന്ത്രിയായത് കോര്‍പ്പറേറ്റുകളുടെയും ചില മാധ്യമ പ്രവര്‍ത്തകരുടെയും സമ്മര്‍ദത്തിന്റെ ഫലമായിട്ടാണെന്ന നീരാ റാഡിയാ ടേപ്പുകളിലൂടെ പുറത്തുവന്ന വസ്തുതകളെയാണ് ഇത് ശരിവയ്ക്കുന്നത്.

മാസങ്ങള്‍ക്കുശേഷം മൗനം ഭഞ്ജിച്ച പ്രധാനമന്ത്രി സ്‌പെക്ട്രം അഴിമതിയെ ന്യായീകരിക്കുകയും ചെയ്തു. രണ്ടാംതലമുറ സ്‌പെക്ട്രം ഇടപാടിലൂടെ രാഷ്ട്രത്തിന് നഷ്ടമൊന്നുമുണ്ടായിട്ടില്ലെന്നാണ് അദ്ദേഹം വാദിക്കുന്നത്. അങ്ങനെയെങ്കില്‍ രാജ രാജിവെച്ചതെന്തിന്? സി ബി ഐ കസ്റ്റഡിയില്‍ രാജ കഴിയുന്നതെന്തുകൊണ്ട്? മന്ത്രി കബില്‍ സിബല്‍ മുമ്പുന്നയിച്ച അതേ വാദമാണ് മന്‍മോഹന്‍ ഇപ്പോള്‍ ആവര്‍ത്തിച്ചിരിക്കുന്നത്. കപില്‍ സിബലിന്റെ അഭിപ്രായപ്രകടനം സുപ്രിംകോടതിയുടെ നിശിത വിമര്‍ശനത്തിന് ഇടയായതുപോലും പ്രധാനമന്ത്രിയെ സി ഏ ജി റിപ്പോര്‍ട്ട് തള്ളിപ്പറയുന്നതില്‍ നിന്നും പിന്തിരിപ്പിച്ചില്ല. 1,76,000 കോടി രൂപയുടെ ഞെട്ടിപ്പിക്കുന്ന അഴിമതിയെ ന്യായീകരിക്കുവാന്‍ തീര്‍ത്തും വിചിത്രമായ വാദങ്ങള്‍ നിരത്തി പ്രധാനമന്ത്രി അപഹാസ്യനാവുകയും ചെയ്തു.

സ്‌പെക്ട്രം ഇടപാട് രാഷ്ട്രത്തിന് നഷ്ടമുണ്ടാക്കിയെങ്കില്‍ ഭക്ഷ്യ സബ്‌സിഡിക്കായി 80,000 കോടി ചെലവഴിക്കുന്നതും വളം സബ്‌സിഡിക്കായി 60,000 കോടി ചെലവഴിക്കുന്നതും മണ്ണെണ്ണ സബ്‌സിഡിക്കായി ആയിരക്കണക്കിന് കോടി ചെലവഴിക്കുന്നതും രാഷ്ട്രത്തിന് നഷ്ടമല്ലേ എന്നാണ് മന്‍മോഹന്‍സിംഗിന്റെ വാദം.

ഇത്തരം പ്രസ്താവനകളിലൂടെ ജനങ്ങളെ അവഹേളിക്കുകയും സ്വയം അപഹാസ്യനാവുകയുമാണ്  മന്‍മോഹന്‍സിംഗ്. ഖജനാവിന് ഒന്നേമുക്കാല്‍ ലക്ഷം കോടിയിലേറെ രൂപയുടെ നഷ്ടമുണ്ടാക്കിയെന്ന് സി ഏ ജി കണ്ടെത്തിയ അഴിമതിയെ വെള്ളപൂശാന്‍ ഭക്ഷ്യസബ്‌സിഡിയെയും വളം സബ്‌സിഡിയെയും കൂട്ടുപിടിച്ച് അര്‍ഥരഹിതമായ വാദം നടത്താനാണ് അദ്ദേഹം പാടുപെട്ടത്.

രണ്ടാം യു പി ഏ സര്‍ക്കാര്‍ അഴിമതിയാല്‍ കളങ്കിതമാണെന്ന് പ്രധാനമന്ത്രി സമ്മതിക്കുകയും ചെയ്തിരിക്കുന്നു. സര്‍ക്കാരിനെ ഗ്രസിച്ച അഴിമതിയാണ് രണ്ടാം യു പി ഏ സര്‍ക്കാരിന്റെ കാലത്ത് തനിക്ക് ഏറ്റവും വേദനയുണ്ടാക്കുന്നതെന്നാണ് മന്‍മോഹന്‍സിംഗിന്റെ കുറ്റസമ്മതം.

മന്‍മോഹന്‍സിംഗിന്റെ പരസ്പര ബന്ധമില്ലാത്തതും യുക്തിരാഹിത്യം നിറഞ്ഞതുമായ പ്രസ്താവനകളും അഴിമതിയെ ന്യായീകരിച്ചുകൊണ്ടുള്ള പ്രസ്താവനകളും ജനങ്ങളെ അങ്ങേയറ്റം നിരാശപ്പെടുത്തുന്നതാണ്.

janayugom 180211

2 comments:

  1. സ്‌പെക്ട്രം അഴിമതി ഇടപാട് പുറത്തുവന്നതിനുശേഷം ദീര്‍ഘനാള്‍ മൗനത്തില്‍ അഭയം തേടിയ പ്രധാനമന്ത്രി വളരെ വൈകി പ്രതികരിക്കാന്‍ സന്നദ്ധനായപ്പോള്‍ താന്‍ എത്ര ദുര്‍ബലനായ ഭരണാധികാരിയാണെന്ന് സ്വന്തം വാക്കുകളിലൂടെ തന്നെ അദ്ദേഹം തെളിയിച്ചു. സ്‌പെക്ട്രം ഇടപാടിനെ സംബന്ധിച്ച് താനോ മന്ത്രിസഭയോ കാര്യമായി ഒന്നും തന്നെ അറിഞ്ഞിരുന്നില്ലെന്നും എല്ലാം ചെയ്തത് രാജയാണെന്നുമാണ് പ്രധാനമന്ത്രി പറയുന്നത്. രാജ്യത്തിന്റെ മുഖ്യ ഭരണാധികാരി ഇത്തരത്തില്‍ പ്രധാനപ്പെട്ട ഒരു കാര്യം അറിഞ്ഞിരുന്നില്ലെന്ന് പറയുന്നത് ഒന്നുകില്‍ കള്ളം, അല്ലെങ്കില്‍ ആര്‍ക്കും കബളിപ്പിക്കുവാന്‍ കഴിയുന്ന പ്രധാനമന്ത്രിയാണ് മന്‍മോഹന്‍സിംഗ് എന്നാണ് വ്യക്തമാകുന്നത്.

    ReplyDelete
  2. I am pretty sure he would have known this earlier. why did he did not take any action? thats a million $$ question. he might have got enough take or he was pressured by party for getting a support from karunanidhi.. either way not good for him...

    but.... if you are in that position, you will be doing the same.. if not, what happend to Mr VSA's moonnaar?

    cheers

    ReplyDelete