Friday, February 18, 2011

കോൺഗ്രസിനുവേണ്ടി മനോരമയുടെ 'അൺപെയ്ഡ് ന്യൂസ് '

പ്രധാനമന്ത്രിയുടെ കേരള സന്ദര്‍ശനത്തോടനുബന്ധിച്ച് പത്രങ്ങള്‍ക്ക് നല്‍കാനിരുന്നതും പിന്നീട് പിന്‍വലിച്ചതുമായ പരസ്യം വാര്‍ത്തയാക്കി കോൺഗ്രസ്സിനു വേണ്ടി മലയാള മനോരമയുടെ സേവനം. ഫെബ്രുവരി എട്ടിന് മലയാള മനോരമയുടെ മുഖപ്രസംഗ പേജില്‍ പത്രത്തിന്റെ ഡല്‍ഹി ബ്യൂറോ തലവന്‍ ഡി വിജയമോഹന്റെ പേരില്‍ വന്ന 'ഏഴുവര്‍ഷം: കേരളത്തിന് 31 കേന്ദ്രപദ്ധതികള്‍' എന്ന നെടുങ്കന്‍ ലേഖനമാണ് യുഡിഎഫിനുവേണ്ടിയുള്ള മലയാള മനോരമയുടെ 'അൺപെയ്ഡ് ന്യൂസ്'.

കേന്ദ്രത്തിന്റെ ഉത്സാഹംകൊണ്ടുമാത്രം സംസ്ഥാനത്ത് കഴിഞ്ഞ ഏഴുവര്‍ഷത്തിനകം ആരംഭിക്കാന്‍ കഴിഞ്ഞെന്ന് അവകാശപ്പെടുന്ന 31 പദ്ധതി എല്‍ഡിഎഫ് സര്‍ക്കാരിന്റെ പരാജയത്തിന്റെ ഉദാഹരണംകൂടിയാണെന്ന് സമര്‍ഥിക്കാനാണ് ലേഖനം ശ്രമിക്കുന്നത്. അതോടൊപ്പം ചേര്‍ത്ത കേരള ഭൂപടവും യുഡിഎഫിനെ സഹായിക്കാനായി പ്രമുഖ മലയാള മാധ്യമങ്ങളില്‍ പണംകൊടുത്ത് പ്രസിദ്ധീകരിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറാക്കിയ പരസ്യത്തിന്റെ തനിപ്പകര്‍പ്പ്. പ്രധാനമന്ത്രി മന്‍മോഹന്‍സിങ് കേരളത്തിലെത്തുന്ന ഫെബ്രുവരി 10ന് തൊട്ടുമുമ്പ് കേരളത്തിലെ പത്രങ്ങളില്‍ പ്രസിദ്ധീകരിക്കാനായി കൊടുത്ത പരസ്യം മറ്റു സംസ്ഥാനങ്ങളില്‍ കോൺഗ്രസിന് ദോഷംചെയ്യുമെന്ന ഭയത്താല്‍ അവസാനനിമിഷം പിന്‍വലിക്കുകയായിരുന്നു.

സിപിഐ എമ്മിനെ ഏതുവിധേനയും തകര്‍ക്കുക എന്ന രാഷ്ട്രീയലക്ഷ്യംവച്ച് യുഡിഎഫിനുവേണ്ടി നിരന്തരം പണിയെടുക്കുന്ന മനോരമയ്ക്ക് തെരഞ്ഞെടുപ്പുകാലത്ത് പ്രത്യേകിച്ച് ബാധിക്കുന്ന തിമിരത്തില്‍ വാര്‍ത്തയും പരസ്യവും തമ്മില്‍ തിരിച്ചറിയാന്‍ കഴിയാതെ പോകുന്നതിന്റെ മികച്ച ഉദാഹരണമാണിത്. പരസ്യവിഭാഗത്തിലെ ചവറ്റുകുട്ടയില്‍നിന്നെടുത്ത് പ്രസിദ്ധീകരിച്ചതില്‍ അടിമുടി കേന്ദ്രസര്‍ക്കാര്‍ സ്തുതിയാണ്. മനോരമയുടെ ഈ വിശേഷാല്‍ ലേഖനം 'പെയ്ഡ് ന്യൂസ്' അഥവാ പണത്തിനു പകരം ലേഖനമെന്നാണോ വിളിക്കേണ്ടത്- അല്ല, പണം വാങ്ങാതെയുള്ള പരസ്യമെന്നാണോ വിളിക്കേണ്ടത് എന്ന കാര്യം മാധ്യമ വിമര്‍ശകര്‍ തീരുമാനിക്കട്ടെ. രണ്ടായാലും ഇത് മാധ്യമ വിദ്യാര്‍ഥികള്‍ക്കുള്ള മനോരമയുടെ 'സംഭാവനയായി' ചരിത്രത്തില്‍ ഇടംതേടും.

മറ്റു സംസ്ഥാനങ്ങളിലുണ്ടാക്കിയേക്കാവുന്ന മോശം പ്രതികരണം മാത്രമല്ല അവസാന നിമിഷം പരസ്യം പിന്‍വലിക്കാന്‍ കേന്ദ്ര കോൺഗ്രസ് നേതൃത്വത്തെ പ്രേരിപ്പിച്ചത്. പണം കൊടുക്കാതെതന്നെ സിപിഐ എം വിരുദ്ധ വാര്‍ത്തകളും ലേഖനങ്ങളും വരുന്ന ഒരു സംസ്ഥാനത്ത് എന്തിന് പണമിറക്കി പരസ്യം കൊടുക്കണമെന്നും കോൺഗ്രസ് നേതൃത്വം ആലോചിച്ചു. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ അരങ്ങുതകര്‍ത്ത പെയ്ഡ് ന്യൂസില്‍ കോൺഗ്രസിനും പങ്കുണ്ടായിരുന്നെന്ന് ആഭ്യന്തര സഹമന്ത്രി മുല്ലപ്പള്ളി രാമചന്ദ്രന്റെ അടുത്തിടയുള്ള ഏറ്റുപറച്ചിലുമായി മനോരമയിലെ ഫെബ്രുവരി എട്ടിലെ മുഖലേഖനം കൂട്ടി വായിക്കാവുന്നതാണ്.

***

ദേശാഭിമാനി 18022011

1 comment:

  1. eventhough your posts are very good in contents and very informative to every common man, lots of people not opening your blog. reson is bad template: while we open your pages our explorer, sometimes entair system geting hang. please switch to a simple templates just like satyameva jayathe,workers forum or kiran thomas, so that we can also read your articles without trouble,

    Thanks & Best Regards

    ReplyDelete