Tuesday, February 1, 2011

ജി ലൈസന്‍സ് വിതരണത്തില്‍ വീഴ്ചയെന്ന് ജസ്റ്റിസ് പാട്ടീല്‍

ന്യൂഡല്‍ഹി: 2ജി ലൈസന്‍സ് വിതരണത്തിലെ നടപടിക്രമം പാലിക്കുന്നതില്‍ മുന്‍ ടെലികോംമന്ത്രി എ രാജയ്ക്കും ചില ഉദ്യോഗസ്ഥര്‍ക്കും വീഴ്ചയുണ്ടായെന്നു ചൂണ്ടിക്കാട്ടി ജസ്റ്റിസ് ശിവരാജ് പാട്ടീല്‍ കമ്മിറ്റി സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കി. 2001 മുതലുള്ള ലൈസന്‍സ് വിതരണം പരിശോധിക്കാനാണ് ടെലികോംമന്ത്രി കപില്‍ സിബല്‍ ഏകാംഗകമ്മിറ്റിയെ നിയോഗിച്ചത്. രാജയെ കുറ്റപ്പെടുത്തുന്നുണ്ടെങ്കിലും സ്പെക്ട്രം ഇടപാടിന് അന്തിമാനുമതി നല്‍കിയ പ്രധാനമന്ത്രി മന്‍മോഹന്‍സിങ്ങിനെതിരെ റിപ്പോര്‍ട്ടില്‍ പരാമര്‍ശമില്ല. പാര്‍ലമെന്റിന്റെ ബജറ്റ് സമ്മേളനത്തില്‍ പ്രധാനമന്ത്രിയെ സംരക്ഷിക്കുന്നതിനുള്ള ആയുധമായി കേന്ദ്രം ഈ റിപ്പോര്‍ട്ട് ഉപയോഗിക്കുമെന്ന് ഉറപ്പായി. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ ആഭ്യന്തരമന്ത്രിയുമായ ശിവ്‌രാജ് പാട്ടീലിന്റെ അടുത്ത ബന്ധുവാണ് ജസ്റ്റിസ് പാട്ടീല്‍.

സ്പെക്ട്രം അഴിമതിയെപ്പറ്റി ജെപിസി അന്വേഷണം വേണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം പാര്‍ലമെന്റ് തുടര്‍ച്ചയായി തടസപ്പെടുത്തിപ്പോഴാണ് സര്‍ക്കാര്‍ എകാംഗകമീഷനെ നിയോഗിച്ചത്. രാജയ്ക്കു പുറമെ മുന്‍ ടെലികോം സെക്രട്ടറി സിദ്ധാര്‍ഥ് ബെഹുര, ടെലികോംവകുപ്പില്‍ രാജയുടെ വലംകൈയായിരുന്ന ആര്‍ കെ ചന്ദോളിയ എന്നിവരുടെ പേര് റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നുണ്ട്. ലൈസന്‍സ് വിതരണപ്രക്രിയയില്‍ ക്രമക്കേടുകള്‍ നടത്തുകയും വീഴ്ച സംഭവിക്കുകയുംചെയ്ത ഉദ്യോഗസ്ഥരെ താന്‍ കണ്ടെത്തിയിട്ടുണ്ടെന്ന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചശേഷം ജസ്റിസ് പാട്ടീല്‍ പറഞ്ഞു. മുന്‍ മന്ത്രി എ രാജയുടെ പങ്കിനെക്കുറിച്ചുള്ള ചോദ്യത്തോട് പ്രതികരിക്കാന്‍ പാട്ടീല്‍ തയ്യാറായില്ല. ഇതൊരു വ്യത്യസ്ത വിഷയമാണെന്നും ഇടപാടിലെ ക്രിമിനല്‍ വശങ്ങള്‍ സിബിഐ പരിശോധിച്ചുവരികയാണെന്നും പാട്ടീല്‍ പറഞ്ഞു.

2001 മുതല്‍ 2009 വരെ സ്പെക്ട്രവും ലൈസന്‍സും വിതരണം ചെയ്തതിലെ നടപടിക്രമങ്ങളിലെ വീഴ്ചയാണ് മുഖ്യമായും പരിശോധിച്ചത്. ഇടപാടുമായി ബന്ധപ്പെട്ട യഥാര്‍ഥ രേഖകള്‍ ലഭിക്കുന്നതില്‍ കമ്മിറ്റിക്ക് ബുദ്ധിമുട്ട് അനുഭവപ്പെട്ടു. പല രേഖകളും സിബിഐയുടെ പക്കലായിരുന്നു. ചില രേഖകളുടെ പകര്‍പ്പുകള്‍ സിബിഐ കൈമാറി. ഭാവിയില്‍ സ്പെക്ട്രം വിതരണവും മറ്റും എങ്ങനെ വേണമെന്നും നിര്‍ദേശിച്ചിട്ടുണ്ടെന്ന് പാട്ടീല്‍ അറിയിച്ചു.

റിപ്പോര്‍ട്ട് വിശദമായി പരിശോധിക്കുമെന്നും ആവശ്യമായ നടപടിസ്വീകരിക്കുമെന്നും ടെലികോംമന്ത്രി കപില്‍ സിബല്‍ പറഞ്ഞു. 150 പേജ് വരുന്ന റിപ്പോര്‍ട്ടിലെ വിശദാംശങ്ങള്‍ പങ്കുവയ്ക്കാന്‍ മന്ത്രി തയ്യാറായില്ല. റിപ്പോര്‍ട്ടിലെ അനുബന്ധം 1500 പേജ് വരും. ചുളുവിലയ്ക്ക് സ്പെക്ട്രം സ്വന്തമാക്കിയ ചില കമ്പനികളുടെ ധനസ്രോതസ്സ് മനസ്സിലാക്കാന്‍ അഞ്ച് വിദേശരാജ്യങ്ങള്‍ക്ക് സിബിഐ അയച്ച ചോദ്യാവലിക്ക് മറുപടി ലഭിച്ചു. മറുപടികളുടെ അടിസ്ഥാനത്തില്‍ കൂടുതല്‍ വിവരങ്ങള്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ പറഞ്ഞു. ഏതൊക്കെ രാജ്യങ്ങളോടാണ് വിശദീകരണം തേടിയതെന്ന് വെളിപ്പെടുത്താന്‍ സിബിഐ തയ്യാറായിട്ടില്ല. വിശദാംശങ്ങള്‍ സുപ്രീംകോടതിയെ നേരിട്ട് അറിയിക്കും. ഫെബ്രുവരി പത്തിനകം സ്പെക്ട്രം കേസില്‍ സ്ഥിതിവിവരം നല്‍കാനാണ് സുപ്രീംകോടതി ആവശ്യപ്പെട്ടിട്ടുള്ളത്.
(എം പ്രശാന്ത്)

രാജയെ വീണ്ടും സിബിഐ ചോദ്യംചെയ്തു

ന്യൂഡല്‍ഹി: 2ജി സ്പെക്ട്രം അഴിമതിക്കേസില്‍ മുന്‍ ടെലികോം മന്ത്രി എ രാജയെ സിബിഐ ചോദ്യംചെയ്തു. ഇത് മൂന്നാം തവണയാണ് രാജയെ ചോദ്യംചെയ്യുന്നത്. ഇതിനുമുമ്പ് ഡിസംബര്‍ 24, 25 തീയതികളിലാണ് ചോദ്യംചെയ്തത്. സ്പെക്ട്രം അഴിമതി സംബന്ധിച്ച് പരിശോധിച്ച ജസ്റിസ് ശിവരാജ് പാട്ടീല്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചതിന് തൊട്ടുപിന്നാലെയാണ് രാജയെ സിബിഐ ചോദ്യം ചെയ്തത്. കോര്‍പറേറ്റ് ഇടനിലക്കാരി നീര റാഡിയയുമായുള്ള സംഭാഷണത്തിന്റെ വിശദാംശങ്ങളും 2007ല്‍ സ്പെക്ട്രം അനുവദിക്കുന്നതിനുള്ള സമയപരിധി നേരത്തെയാക്കുന്നതിനുള്ള കാരണവും സിബിഐ സംഘം ആരാഞ്ഞു. രാജയെ അടുത്തദിവസം വീണ്ടും ചോദ്യംചെയ്യാന്‍ വിളിപ്പിച്ചേക്കുമെന്ന് സിബിഐ വൃത്തങ്ങള്‍ സൂചിപ്പിച്ചു.

ജെപിസി: പ്രതിപക്ഷം വിട്ടുവീഴ്ചയ്ക്കില്ല

ന്യൂഡല്‍ഹി: 2ജി സ്പെക്ട്രം വിതരണത്തിലെ അഴിമതിയെക്കുറിച്ച് ജെപിസി അന്വേഷണം വേണമെന്ന ആവശ്യത്തില്‍നിന്ന് പിന്നോട്ടില്ലെന്ന് പ്രതിപക്ഷ പാര്‍ടികള്‍ ആവര്‍ത്തിച്ച് വ്യക്തമാക്കിയതോടെ ബജറ്റ് സമ്മേളനം എങ്ങനെ നടത്തുമെന്നറിയാതെ കുഴങ്ങുകയാണ് യുപിഎ നേതൃത്വം. ഫെബ്രുവരി 21ന് ആരംഭിക്കുന്ന ബജറ്റ് സമ്മേളനം സുഗമമായി നടന്നില്ലെങ്കില്‍ സര്‍ക്കാരിന്റെ നിലനില്‍പ്പുതന്നെ അപകടത്തിലാകും. തെരഞ്ഞെടുപ്പിലേക്ക് നീങ്ങിയാലും തങ്ങള്‍ക്ക് ആശങ്കയില്ലെന്ന് ബിജെപി വ്യക്തമാക്കിയിട്ടുണ്ട്. ഇടതുപക്ഷവും മറ്റ് മതേതര കക്ഷികളും ഇതേ നിലപാടിലാണ്. ജെപിസി അന്വേഷണത്തിന് വഴങ്ങി പ്രശ്നത്തില്‍നിന്ന് തടിയൂരണമെന്ന് യുപിഎ ഘടകകക്ഷികള്‍ക്കൊപ്പം കോണ്‍ഗ്രസ് നേതൃത്വത്തിലെ ഒരു വിഭാഗവും ചിന്തിച്ചുതുടങ്ങിയിട്ടുണ്ട്. ആന്ധ്രപ്രദേശ് അടക്കമുള്ള സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസിന്റെ നില അത്യന്തം പരിതാപകരമായ അവസ്ഥയിലാണ്. ഈ സാഹചര്യത്തില്‍ തെരഞ്ഞെടുപ്പിനെ നേരിടുന്നത് വന്‍ തിരിച്ചടിക്ക് വഴിവയ്ക്കുമെന്ന് ഹൈക്കമാന്‍ഡ് വിലയിരുത്തുന്നു.

ശീതകാലസമ്മേളനത്തിലേതുപോലെ ജെപിസിക്കായി പ്രതിപക്ഷം ഒറ്റക്കെട്ടായി സഭയില്‍ പൊരുതിയാല്‍ ബജറ്റ് സമ്മേളനവും തടസ്സപ്പെടും. ബജറ്റ് സെഷനെക്കുറിച്ചുള്ള ചര്‍ച്ചയ്ക്ക് ധനമന്ത്രി പ്രണബ് മുഖര്‍ജി ഫെബ്രുവരി എട്ടിന് സര്‍വകക്ഷിയോഗം വിളിച്ചിട്ടുണ്ട്. ജെപിസി പ്രശ്നത്തിന് സമവായമുണ്ടാക്കാന്‍ സര്‍ക്കാരും ലോക്സഭാ സ്പീക്കര്‍ മീരാകുമാറും ഇതുവരെ വിളിച്ചുകൂട്ടിയ യോഗങ്ങളെല്ലാം പൂര്‍ണ പരാജയമായിരുന്നു. 2 ജി സ്പെക്ട്രം അഴിമതിയെക്കുറിച്ച് പാര്‍ലമെന്റില്‍ വിശദമായ ചര്‍ച്ചയ്ക്ക് സന്നദ്ധമാണെന്ന സര്‍ക്കാരിന്റെ വാഗ്ദാനവും പ്രതിപക്ഷത്തെ ജെപിസി ആവശ്യത്തില്‍നിന്ന് പിന്മാറ്റിയില്ല.

ദേശാഭിമാനി 010211

3 comments:

  1. 2ജി ലൈസന്‍സ് വിതരണത്തിലെ നടപടിക്രമം പാലിക്കുന്നതില്‍ മുന്‍ ടെലികോംമന്ത്രി എ രാജയ്ക്കും ചില ഉദ്യോഗസ്ഥര്‍ക്കും വീഴ്ചയുണ്ടായെന്നു ചൂണ്ടിക്കാട്ടി ജസ്റ്റിസ് ശിവരാജ് പാട്ടീല്‍ കമ്മിറ്റി സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കി. 2001 മുതലുള്ള ലൈസന്‍സ് വിതരണം പരിശോധിക്കാനാണ് ടെലികോംമന്ത്രി കപില്‍ സിബല്‍ ഏകാംഗകമ്മിറ്റിയെ നിയോഗിച്ചത്. രാജയെ കുറ്റപ്പെടുത്തുന്നുണ്ടെങ്കിലും സ്പെക്ട്രം ഇടപാടിന് അന്തിമാനുമതി നല്‍കിയ പ്രധാനമന്ത്രി മന്‍മോഹന്‍സിങ്ങിനെതിരെ റിപ്പോര്‍ട്ടില്‍ പരാമര്‍ശമില്ല. പാര്‍ലമെന്റിന്റെ ബജറ്റ് സമ്മേളനത്തില്‍ പ്രധാനമന്ത്രിയെ സംരക്ഷിക്കുന്നതിനുള്ള ആയുധമായി കേന്ദ്രം ഈ റിപ്പോര്‍ട്ട് ഉപയോഗിക്കുമെന്ന് ഉറപ്പായി. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ ആഭ്യന്തരമന്ത്രിയുമായ ശിവ്‌രാജ് പാട്ടീലിന്റെ അടുത്ത ബന്ധുവാണ് ജസ്റ്റിസ് പാട്ടീല്‍.

    ReplyDelete
  2. 2ജി സ്പെക്ട്രം ഇടപാട് സംബന്ധിച്ച് സര്‍ക്കാര്‍ എടുത്ത തീരുമാനങ്ങള്‍ കോടതിയിലുള്ള ഹര്‍ജികളുടെ തീര്‍പ്പിന് വിധേയമായിരിക്കുമെന്ന് സുപ്രീം കോടതി വ്യക്തമാക്കി. ലൈസന്‍സുകള്‍ റദ്ദാക്കാന്‍ സിഎജി റിപ്പോര്‍ട്ട് അടിസ്ഥാനമാക്കി മാത്രം ലൈസന്‍സുകള്‍ റദ്ദാക്കരുത്. ഹര്‍ജി ഫയലില്‍ സ്വീകരിച്ചശേഷം സര്‍ക്കാര്‍ എടുത്ത എല്ലാ തീരുമാനങ്ങളും കോടതിവിധിക്ക് വിധേയമായിരിക്കുമെന്ന് ജസ്റ്റിസുമാരായ ജെ എസ് സിങ്വി, എ കെ ഗാംഗുലി എന്നിവരടങ്ങിയ ബെഞ്ച് പറഞ്ഞു.

    ReplyDelete
  3. രണ്ടാം തലമുറ സ്പെക്ട്രം സ്വന്തമാക്കിയ കമ്പനികളുടെ ലൈസന്‍സ് സിഎജി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ മാത്രം റദ്ദാക്കാനാവില്ലെന്ന് സുപ്രീംകോടതി. ഇക്കാര്യത്തില്‍ സര്‍ക്കാര്‍ എടുക്കുന്ന ഏതൊരു തീരുമാനവും തങ്ങളുടെ പരിഗണനയിലുള്ള പരാതികളുടെ തീര്‍പ്പിന് വിധേയമായിരിക്കുമെന്നും കോടതി വ്യക്തമാക്കി. സ്പെക്ട്രം ഇടപാടില്‍ സര്‍ക്കാര്‍ എന്തൊക്കെയാണ് ചെയ്യുന്നതെന്ന് കോടതിക്ക് വ്യക്തമല്ല. എന്നാല്‍, കോടതിയില്‍ പരാതി എത്തിയ ശേഷം സര്‍ക്കാര്‍ സ്വീകരിച്ച ഏതൊരു നടപടിയും കോടതിയുടെ അന്തിമതീര്‍പ്പിന് വിധേയമായിരിക്കും- ജസ്റിസുമാരായ ജി എസ് സിങ്വിയും എ കെ ഗാംഗുലിയുമടങ്ങിയ ബെഞ്ച് വ്യക്തമാക്കി. മുന്‍ യുപിഎ സര്‍ക്കാരിന്റെ കാലത്ത് സ്പെക്ട്രം സ്വന്തമാക്കിയ കമ്പനികളുടെ ലൈസന്‍സ് സ്ഥിരപ്പെടുത്താനുള്ള ശ്രമങ്ങളില്‍നിന്ന് സര്‍ക്കാരിനെ പിന്തിരിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് സെന്റര്‍ ഫോര്‍ പബ്ളിക്ക് ഇന്ററസ്റ് ലിറ്റിഗേഷന്‍ (സിപിഐഎല്‍) സമര്‍പ്പിച്ച പരാതിയിലാണ് കോടതിയുടെ നിരീക്ഷണം. കേസ് കൂടുതല്‍ വാദത്തിനായി മാര്‍ച്ച് ഒന്നിലേക്കു മാറ്റി. സ്പെക്ട്രം സ്വന്തമാക്കിയ കമ്പനികളില്‍നിന്ന് പിഴയും മറ്റും ഈടാക്കി സര്‍ക്കാര്‍ അവരുടെ ലൈസന്‍സ് സ്ഥിരപ്പെടുത്തുകയാണെന്ന് സിപിഐഎല്ലിന് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ പ്രശാന്ത് ഭൂഷ പറഞ്ഞു. ഇതിനോടുള്ള പ്രതികരണമെന്ന നിലയിലാണ് സിഎജി റിപ്പോര്‍ട്ടിന്റെ മാത്രം അടിസ്ഥാനത്തില്‍ ലൈസന്‍സ് റദ്ദാക്കാനാവില്ലെന്ന് കോടതി അറിയിച്ചത്.

    ReplyDelete