Saturday, February 12, 2011

ഉന്നതവിദ്യാഭ്യാസവും തൊഴിലും ഉറപ്പാകും

പിറന്നുവീഴുന്ന ഓരോ കുഞ്ഞിനും സംസ്ഥാന സര്‍ക്കാരിന്റെ അതിവിശിഷ്ട സമ്മാനമൊരുങ്ങി. 18 വയസ്സ് പൂര്‍ത്തിയാകുമ്പോള്‍ സ്വന്തം ഇഷ്ടമനുസരിച്ച് ഉന്നതപഠനത്തിനോ തൊഴില്‍ അവസരമുറപ്പാക്കുന്നതിനോ വിനിയോഗിക്കാവുന്ന തുക ഓരോ കുട്ടിയുടെയും കൈയിലെത്തും. ഓരോ കുഞ്ഞിന്റെയും പേരില്‍ പതിനായിരം രൂപ സ്ഥിരനിക്ഷേപം ഏര്‍പ്പെടുത്താനുള്ള ധനമന്ത്രി ടി എം തോമസ് ഐസക്കിന്റെ പ്രഖ്യാപനം കേരളത്തിലെ ദരിദ്ര- ഇടത്തരം കുടുംബങ്ങളുടെ മനസ്സില്‍ ആഹ്ളാദം ഉയര്‍ത്തുന്നു. ദരിദ്ര- ഇടത്തരം കുടുംബങ്ങളുടെ സുപ്രധാന പ്രശ്നങ്ങളിലൊന്നാണ് കുട്ടികളുടെ ഉന്നത വിദ്യാഭ്യാസവും തൊഴിലും. 18 വര്‍ഷത്തേക്കുള്ള സ്ഥിരനിക്ഷേപം ഭാവിയില്‍ ഈ കുടുംബങ്ങള്‍ക്ക് ആശ്വാസമാകും. എല്ലാ കുടുംബങ്ങള്‍ക്കും സര്‍ക്കാര്‍ പങ്കാളിത്തത്തോടെ കുട്ടികള്‍ക്കായി കരുതല്‍ ഉറപ്പാക്കാനാകുന്നു. ദരിദ്ര- സമ്പന്ന വ്യത്യാസമില്ലാതെ എല്ലാ കുട്ടികള്‍ക്കും വിദ്യാഭ്യാസവും തൊഴിലവസരവും സൃഷ്ടിക്കുകയാണ് ലക്ഷ്യം. വരും തലമുറയാണ് നാടിന്റെ സ്വത്ത് എന്ന തിരിച്ചറിവോടെയുള്ള ഭാവനാപൂര്‍ണമായ നിക്ഷേപവും ആശ്വാസപദ്ധതിയുമാണിതെന്ന് വിലയിരുത്തപ്പെടുന്നു. പ്ളസ് ടു പൂര്‍ത്തിയാകുമ്പോള്‍ ബാങ്കുകളില്‍നിന്നുള്ള വായ്പാ പദ്ധതികളുമായി ബന്ധപ്പെടുത്തി ഉന്നതവിദ്യാഭ്യാസത്തിനോ വിദഗ്ദപരിശീലനത്തിനോ സ്വയംതൊഴിലിനോ പലിശയടക്കം തുക ലഭ്യമാക്കും. ബിപിഎല്‍ കുടുംബങ്ങള്‍ അല്ലാത്തവര്‍ നിക്ഷേപത്തിന്റെ പകുതി വഹിക്കണം. ബജറ്റില്‍ 100 കോടി രൂപ പദ്ധതിക്ക് വകയിരുത്തിയിട്ടുണ്ട്.

സംസ്ഥാനത്ത് വര്‍ഷം ശരാശരി അഞ്ചുലക്ഷം കുഞ്ഞുങ്ങള്‍ ജനിക്കുന്നതായാണ് കണക്ക്. ഭാവിയിലെ കുഞ്ഞുങ്ങള്‍ക്ക് വലിയ അനുഗ്രഹമായിരിക്കും പദ്ധതിയെന്ന് സംസ്ഥാന വനിതാകമീഷന്‍ അധ്യക്ഷ ജസ്റിസ് ഡി ശ്രീദേവി ചൂണ്ടിക്കാട്ടി. "ഏറ്റവും മനോഹരമായ തീരുമാനം. മാതാപിതാക്കളെയും കുട്ടികളെയും വിദ്യാഭ്യാസ കടക്കെണിയില്‍നിന്നു രക്ഷിക്കും''-ശ്രീദേവി പറഞ്ഞു. ഭാവനാപൂര്‍ണമായ ഈ തീരുമാനം ദരിദ്ര കുടുംബങ്ങളിലെ കുട്ടികള്‍ക്ക് വലിയ സഹായമാകുമെന്ന്് കവയിത്രി സുഗതകുമാരി അഭിപ്രായപ്പെട്ടു. പാവപ്പെട്ട കുട്ടികള്‍ക്ക് ഉയര്‍ച്ചയും മുന്‍തൂക്കവും ലഭിക്കാന്‍ പദ്ധതി സഹായകമാകുമെന്ന് മഹിളാ കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷ അഡ്വ. ബിന്ദുകൃഷ്ണ പറഞ്ഞു. എന്നാല്‍, പദ്ധതി നടപ്പിലാകുന്ന കാര്യത്തില്‍ ആശങ്കയുണ്ടെന്നും ബിന്ദുകൃഷ്ണ പറയുന്നു.

സാമൂഹ്യ സംരക്ഷണ നടപടിക്രമങ്ങളില്‍ ഏറ്റവും ജനകീയമായ പദ്ധതിയാണിതെന്ന് അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷന്‍ സംസ്ഥാന സെക്രട്ടറി കെ കെ ശൈലജ എംഎല്‍എ പറഞ്ഞു. സ്വാതന്ത്യ്രത്തിന്റെ 64-ാം വര്‍ഷത്തിലും രാജ്യത്തെ പകുതിയോളം കുഞ്ഞുങ്ങള്‍ അനാഥാവസ്ഥയിലാണ്. ഈ സാഹചര്യത്തിലാണ് കേരളം ഓരോ കുഞ്ഞിന്റെയും സുരക്ഷിതത്വം ഉറപ്പുവരുത്തുന്നതെന്ന് ശൈലജ ഓര്‍മിപ്പിച്ചു. വേതനത്തോടുകൂടിയുള്ള പ്രസവാവധി, മികച്ച പൊതുജനാരോഗ്യസംവിധാനം, അങ്കണവാടികള്‍ അടക്കമുള്ള മെച്ചപ്പെട്ട പ്രീപ്രൈമറി സംരക്ഷണം, 12-ാംക്ളാസുവരെ സൌജന്യ വിദ്യാഭ്യാസം, പോഷകാഹാരം, പാഠപുസ്തകം, പഠനോപകരണങ്ങള്‍, യൂണിഫോം, 30,000 രൂപവരെയെങ്കിലും സൌജന്യ ആരോഗ്യ ഇന്‍ഷുറന്‍സ്, 60 കഴിഞ്ഞവര്‍ക്കെല്ലാം ഏതെങ്കിലും തരം പെന്‍ഷന്‍, രണ്ടുരൂപയ്ക്ക് അരി, സൌജന്യ നിരക്കില്‍ പലവ്യഞ്ജനം, എല്ലാവര്‍ക്കും വീട്, എല്ലാ വീട്ടിലും വെള്ളം, വെളിച്ചം, ശുചിത്വം തുടങ്ങി സാമൂഹ്യ സുരക്ഷാവലയത്തിലേക്കുള്ള സംസ്ഥാനത്തിന്റെ പ്രയാണത്തില്‍ സുപ്രധാനഘടകമാണ് എന്‍ഡോവ്മെന്റിലൂടെ സാധ്യമാകുന്നത്.

അഴിമതിയില്ലാത്ത സമഗ്രവികസനം: ജ. കെ ടി തോമസ്


കോട്ടയം: അഴിമതിരഹിതമായ സമഗ്രവികസന സംസ്കാരമാണ് എല്‍ഡിഎഫ് സര്‍ക്കാരിന്റെ മുഖമുദ്രയെന്ന് ജസ്റ്റിസ് കെ ടി തോമസ് പ്രസ്താവനയില്‍ പറഞ്ഞു. ഒരു മന്ത്രിക്കെതിരെയും അഴിമതി ആരോപണം ഉണ്ടായില്ലെന്നത് വലിയനേട്ടമാണ്. സമാനതകളില്ലാത്ത വളര്‍ച്ചയിലേയ്ക്കാണ് സംസ്ഥാനത്തെ നയിച്ചത്. കഴിഞ്ഞ അഞ്ചുവര്‍ഷത്തെ വികസനപ്രവര്‍ത്തനം പരിശോധിച്ചാല്‍ ഇന്ത്യയില്‍ തന്നെ ഏറ്റവും വേഗം വളരുന്ന സംസ്ഥാനമായി നമ്മുടെ നാട് മാറുന്നതായി മനസിലാക്കാം. കൃഷി, ജനക്ഷേമം, സമഗ്ര റോഡുവികസനപദ്ധതി തുടങ്ങി എല്ലാമേഖലകളിലും വികസനം കൊണ്ടുവരാന്‍ എല്‍ഡിഎഫ് ഭരണത്തിന് കഴിഞ്ഞു. ധനമന്ത്രി തോമസ് ഐസക്ക് അവതരിപ്പിച്ച ബജറ്റില്‍ സാമൂഹ്യസുരക്ഷയ്ക്കും അടിസ്ഥാനസൌകര്യ വികസനത്തിനും പ്രധാന്യം നല്‍കുന്ന സര്‍ക്കാരാണ് കേരളത്തിലേതെന്ന് ഒരിക്കല്‍ കൂടിതെളിയിച്ചു.

കിലോക്ക് രണ്ടുരൂപയ്ക്ക് നല്‍കുന്ന അരി 40 ലക്ഷം കുടുംബത്തിലേക്ക് വ്യാപിപ്പിക്കാനുള്ള തീരുമാനം സാമുഹ്യ പ്രതിബദ്ധതയ്ക്ക് ഉത്തമ ഉദാഹരണമാണ്. ചികിത്സ, ഭക്ഷണം, വിദ്യാഭ്യാസം തുടങ്ങിയ മേഖലയിലും ഭാവനാപൂര്‍ണമായ ഒട്ടേറെ പദ്ധതികളാണ് മുന്നോട്ടുവെയ്ക്കുന്നത്. കര്‍ഷക ആത്മഹത്യകള്‍ ഇല്ലാതായി. യുഡിഎഫ് ഭരണകാലത്ത് കര്‍ഷകര്‍ കൃഷി ഉപേക്ഷിച്ച സാഹചര്യത്തില്‍നിന്ന് നെല്‍പ്പാടങ്ങള്‍ വീണ്ടും കതിരണിഞ്ഞതും സന്തേഷമുള്ള കാര്യമാണ്. നെല്ലിന് സംഭരണവില ഉയര്‍ത്തിയതും ശ്രദ്ധേയമായ പ്രവര്‍ത്തനമായി. മൂന്നു വര്‍ഷത്തിനിടെ ഒരുദിവസം പോലും ട്രഷറി ഓവര്‍ഡ്രാഫ്റ്റ് വേണ്ടി വന്നിട്ടില്ലെന്നുള്ളത് കേരളത്തിന്റെ ധനസ്ഥിതി സര്‍ക്കാര്‍ മെച്ചപ്പെടുത്തിയതിന്റെ ഫലമാണ്. പൊലീസ് പരിഷ്ക്കരണത്തിനായി ഈ സര്‍ക്കാര്‍ എടുത്ത നടപടികള്‍ പ്രശംസനീയമാണ്. ക്രമസമാധാനനിലയില്‍ ഏറെ മുന്നോട്ടുപോകാന്‍ ആഭ്യന്തരവകുപ്പിന് കഴിഞ്ഞു. കഴിഞ്ഞ യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് താന്‍ ചെയര്‍മാനായ സമിതി നല്‍കിയ നിര്‍ദേശങ്ങളാണ് ഈ സര്‍ക്കാരിന്റെ കാലത്ത് പൊലീസ് പരിഷ്ക്കരണത്തിനായി പരിഗണിച്ചതെന്നും ജസ്റ്റിസ് കെ ടി തോമസ് പ്രസ്താവനയില്‍ പറഞ്ഞു.

സമ്പാദ്യപദ്ധതി ഏജന്റ് പെന്‍ഷന്‍: സര്‍ക്കാരിന് അഭിനന്ദനം

തിരു: ദേശീയ സമ്പാദ്യപദ്ധതി ഏജന്റുമാര്‍ക്ക് ബജറ്റില്‍ പെന്‍ഷന്‍ പദ്ധതി അനുവദിച്ച സംസ്ഥാന സര്‍ക്കാറിനെ ദേശീയ സമ്പാദ്യപദ്ധതി ഏജന്റസ് അസോസിയേഷന്‍ സംസ്ഥാന കമ്മിറ്റി അഭിനന്ദിച്ചു. ചരിത്രത്തിലാദ്യമായാണ് കേരളത്തിലെ പതിനേഴായിരത്തോളം വരുന്ന ദേശീയ സമ്പാദ്യപദ്ധതി ഏജന്റുമാര്‍ക്ക് പെന്‍ഷന്‍ പദ്ധതി അനുവദിച്ചതെന്ന് അസോസിയേഷന്‍ നേതാക്കള്‍ പ്രസ്താവനയില്‍ പറഞ്ഞു. മെഡിക്കല്‍ അലവന്‍സ് 25,000 രൂപയാക്കി വര്‍ധിപ്പിക്കാനും കംപ്യൂട്ടര്‍ വായ്പ അനുവദിക്കാനും അലവന്‍സില്ലാതെ നിയമിതരായ 42 ഏജന്റുമാര്‍ക്ക് അലവന്‍സ് പ്രഖ്യാപിക്കാനും സര്‍ക്കാര്‍ തയ്യാറായി. സര്‍ക്കാറിന്റെ അനുഭാവപൂര്‍വമായ നിലപാടില്‍ ആഹ്ളാദം പ്രകടിപ്പിച്ച് പ്രകടനം നടത്താന്‍ അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ് അഡ്വ. പി സതീദേവിയും സെക്രട്ടറി കെ ബി പത്മകുമാരിയും അഭ്യര്‍ഥിച്ചു.

ദേശീയ സമ്പാദ്യപദ്ധതി ഏജന്റുമാര്‍ക്ക് നടപ്പാക്കിയിരുന്ന പെന്‍ഷന്‍പദ്ധതിയില്‍നിന്ന് എല്‍ഐസി പിന്മാറിയ സാഹചര്യത്തില്‍ പദ്ധതി ധനവകുപ്പ് ഏറ്റെടുക്കുമെന്ന് ബജറ്റില്‍ പ്രഖ്യാപിച്ചിരുന്നു. 2011 ഫെബ്രുവരി ഒന്നുമുതല്‍ പ്രതിമാസം 600 രൂപയാണ് മിനിമം പെന്‍ഷന്‍ നല്‍കുക. ഏജന്റുമാര്‍ക്കുളള പ്രതിവര്‍ഷ മെഡിക്കല്‍ റീ ഇംബേഴ്സ്മെന്റ് 10,000 രൂപയില്‍നിന്ന് 25,000 രൂപയായാണ് ഉയര്‍ത്തിയത്. 'ചിസ്' ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിയില്‍ ചേരുന്നതിനുള്ള ചെലവിന്റെ 50 ശതമാനം ക്ഷേമനിധിയില്‍ നിന്നും ബാക്കി സര്‍ക്കാറും ഗുണഭോക്താവും തുല്യമായി വീതിക്കും.

ദേശാഭിമാനി 120211

1 comment:

  1. അഴിമതിരഹിതമായ സമഗ്രവികസന സംസ്കാരമാണ് എല്‍ഡിഎഫ് സര്‍ക്കാരിന്റെ മുഖമുദ്രയെന്ന് ജസ്റ്റിസ് കെ ടി തോമസ് പ്രസ്താവനയില്‍ പറഞ്ഞു. ഒരു മന്ത്രിക്കെതിരെയും അഴിമതി ആരോപണം ഉണ്ടായില്ലെന്നത് വലിയനേട്ടമാണ്. സമാനതകളില്ലാത്ത വളര്‍ച്ചയിലേയ്ക്കാണ് സംസ്ഥാനത്തെ നയിച്ചത്. കഴിഞ്ഞ അഞ്ചുവര്‍ഷത്തെ വികസനപ്രവര്‍ത്തനം പരിശോധിച്ചാല്‍ ഇന്ത്യയില്‍ തന്നെ ഏറ്റവും വേഗം വളരുന്ന സംസ്ഥാനമായി നമ്മുടെ നാട് മാറുന്നതായി മനസിലാക്കാം. കൃഷി, ജനക്ഷേമം, സമഗ്ര റോഡുവികസനപദ്ധതി തുടങ്ങി എല്ലാമേഖലകളിലും വികസനം കൊണ്ടുവരാന്‍ എല്‍ഡിഎഫ് ഭരണത്തിന് കഴിഞ്ഞു. ധനമന്ത്രി തോമസ് ഐസക്ക് അവതരിപ്പിച്ച ബജറ്റില്‍ സാമൂഹ്യസുരക്ഷയ്ക്കും അടിസ്ഥാനസൌകര്യ വികസനത്തിനും പ്രധാന്യം നല്‍കുന്ന സര്‍ക്കാരാണ് കേരളത്തിലേതെന്ന് ഒരിക്കല്‍ കൂടിതെളിയിച്ചു.

    ReplyDelete