Wednesday, February 2, 2011

വികസനക്കുതിപ്പിന് ചിറകേകി ദേശാഭിമാനി സെമിനാര്‍

കണ്ണൂര്‍: കുതിക്കുന്ന ഉത്തരമലബാറിന് ദീര്‍ഘവീക്ഷണത്തിന്റെ ചിറകും അതിരില്ലാത്ത ആകാശവും നല്‍കി ദേശാഭിമാനി വികസന സെമിനാര്‍. ഉത്തരമലബാറിലെ വികസന പ്രശ്നങ്ങളെ മുന്‍നിര്‍ത്തി ജില്ലാബാങ്ക് ഓഡിറ്റോറിയത്തിലായിരുന്നു സെമിനാര്‍. ഉത്തരമലബാറിന്റെ വികസനത്തില്‍ പ്രധാനം സര്‍ക്കാറും നയങ്ങളുമാണെന്ന് ഉദ്ഘാടനം ചെയ്ത സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ പറഞ്ഞു. കേരളത്തിന് ആനുപാതികമായി ഉത്തരമലബാര്‍ വളരാത്തതിന് പിന്നില്‍ രാഷ്ട്രീയ തീരുമാനത്തിന്റെ അഭാവവും അനാവശ്യ എതിര്‍പ്പുകളും കാരണങ്ങളായി. ഐടി കേന്ദ്രമായും വിനോദസഞ്ചാരകേന്ദ്രമായും കുതിക്കാന്‍ എതിര്‍പ്പ് മറന്നുള്ള കൂട്ടായ്മ വളരണം- പിണറായി പറഞ്ഞു.

വികസനത്തെ സദുദ്ദേശ്യത്തോടെ സമീപിക്കാന്‍ സമൂഹം തയ്യാറാവണമെന്ന ആമുഖത്തോടെയാണ് ദേശാഭിമാനി ജനറല്‍ മാനേജര്‍ ഇ പി ജയരാജന്റെ അധ്യക്ഷപ്രസംഗം. വികസനത്തില്‍ അമ്പത് വര്‍ഷത്തിനപ്പുറത്തുള്ള നയം രൂപീകരിക്കണം. കാര്‍ഷിക സംസ്കാരവുമായി ബന്ധപ്പെടുത്തി ഭാവി വികസനനയം തീരുമാനിക്കണമെന്നും ഇ പി പറഞ്ഞു. കേരളമെന്നാല്‍ തിരുവനന്തപുരത്തുനിന്നും തുടങ്ങി കോഴിക്കോട് അവസാനിക്കുന്ന ദുരവസ്ഥ അവസാനിപ്പിക്കാന്‍ നിശ്ചയദാര്‍ഢ്യത്തോടെ പ്രവര്‍ത്തിച്ച സര്‍ക്കാര്‍ മുമ്പുണ്ടായിട്ടില്ലെന്ന് പൊതുമരാമത്ത് മന്ത്രി എം വിജയകുമാര്‍ പറഞ്ഞു. എല്ലാവര്‍ക്കും വൈദ്യുതിയെന്ന സ്വപ്നനേട്ടത്തിന് തൊട്ടരികിലാണ് കേരളമെന്ന സന്തോഷം പങ്കുവച്ചാണ് മന്ത്രി പി കെ ശ്രീമതി സംസാരിച്ചത്. എല്‍ഡിഎഫ് സര്‍ക്കാറില്‍നിന്നും കേരളത്തെ മോചിപ്പിക്കാനുള്ള ചിലരുടെ നീക്കം ലക്ഷ്യം കണ്ടാല്‍ ഉത്തരമലബാറില്‍ വികസന മുരടിപ്പ് ആവര്‍ത്തിക്കുമെന്ന് ജലവിഭവ മന്ത്രി എന്‍ കെ പ്രേമചന്ദ്രന്‍ ഓര്‍മ്മിപ്പിച്ചു. മലബാര്‍ പാക്കേജിലൂടെ വികസനത്തിന്റെ വെള്ളിവെളിച്ചത്തിലേക്ക് നാം എത്തുകയാണെന്ന് ദേവസ്വം മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി പറഞ്ഞു.

ഉത്തരകേരളത്തിലെ റോഡുകള്‍, ജലവിതരണം, വൈദ്യുതി സംവിധാനം എന്നിവയെക്കുറിച്ച് യഥാക്രമം പിഡബ്ളുഡി റോഡ്സ് വിഭാഗം ചീഫ് എന്‍ജിനീയര്‍ ടി ബാബുരാജ്, വാട്ടര്‍ അതോറിറ്റി ഉത്തരമേഖലാ ചീഫ് എന്‍ജിനീയര്‍ ആര്‍ സുകുമാരന്‍, കെഎസ്ഇബി ഉത്തരമേഖല ചീഫ് എന്‍ജിനീയര്‍(ട്രാന്‍സ്മിഷന്‍) ഒ അശോകന്‍ എന്നിവര്‍ പ്രബന്ധം അവതരിപ്പിച്ചു. കണ്ണൂര്‍ വിമാനത്താവളം ശിലാസ്ഥാപനത്തോടനുബന്ധിച്ച് ദേശാഭിമാനി പ്രസിദ്ധീകരിച്ച 'നോര്‍ത്ത് മലബാര്‍ ഓN ദ വിങ്സ് ഓഫ് ഡവലപ്മെന്റ്' പ്രത്യേക പതിപ്പ് മന്ത്രി എം വിജയകുമാര്‍ വിമാനത്താവളം സ്പെഷല്‍ ഓഫീസര്‍ വി തുളസീദാസിന് നല്‍കി പ്രകാശനം ചെയ്തു. ദേശാഭിമാനിയും ലുലുഗോള്‍ഡും ചേര്‍ന്ന് ഏര്‍പ്പെടുത്തിയ 'ഹരിതം' പുരസ്കാരം കതിരൂര്‍ ഗവ. ഹയര്‍സെക്കന്‍ഡറി സ്കൂളിന് മന്ത്രി പി കെ ശ്രീമതിയും 'ഗ്രാമശ്രീ' പുരസ്കാരം മന്ത്രി എന്‍ കെ പ്രേമചന്ദ്രനും സമ്മാനിച്ചു. പി കരുണാകരന്‍ എംപി മുഖ്യാതിഥിയായി. എംഎല്‍എമാരായ പി ജയരാജന്‍, കെ കെ ശൈലജ, എം പ്രകാശന്‍, കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പ്രൊഫ. കെ എ സരള, ദേശാഭിമാനി എന്നിവര്‍ ഡപ്യൂട്ടി ജനറല്‍ മാനേജര്‍ എസ് പി ശ്രീധരന്‍, അസോസിയേറ്റ് എഡിറ്റര്‍ പിഎം മനോജ്, എന്നിവരും സംബന്ധിച്ചു. കണ്ണൂര്‍ യുണിറ്റ് മാനേജര്‍ എം സുരേന്ദ്രന്‍ സ്വാഗതവും ന്യൂസ് എഡിറ്റര്‍ കെടി ശശി നന്ദിയും പറഞ്ഞു.

'ജനപക്ഷ വികസനത്തിന് ഇടതുപക്ഷം' എല്‍ഡിവൈഎഫ് കണ്‍വന്‍ഷന്‍ ഇന്ന്

തിരു: 'ജനപക്ഷ വികസനത്തിന് ഇടതുപക്ഷം' എന്ന മുദ്രാവാക്യമുയര്‍ത്തി ഇടതുപക്ഷ യുവജനസംഘടനകളുടെ സംസ്ഥാന കണ്‍വന്‍ഷന്‍ ബുധനാഴ്ച എറണാകുളത്ത് നടക്കും. പകല്‍ മൂന്നിന് രാജേന്ദ്രമൈതാനിയില്‍ സംയുക്ത യുവജനകണ്‍വന്‍ഷന്‍, രാജ്യത്തെ ഗ്രസിച്ചുകൊണ്ടിരിക്കുന്ന അഴിമതിക്കും വിലക്കയറ്റത്തിനും കോര്‍പറേറ്റ് വല്‍ക്കരണത്തിനുമെതിരെ വിപുലമായ പ്രചാരണ-പ്രക്ഷോഭ പ്രവര്‍ത്തനങ്ങള്‍ക്ക് കവന്‍ഷന്‍ രൂപംനല്‍കും. മാഫിയ സംസ്കാരം സംസ്ഥാന രാഷ്ട്രീയത്തില്‍ കൊണ്ടുവരാനുള്ള കുഞ്ഞാലിക്കുട്ടിയുടെയും യുഡിഎഫ് നേതൃത്വത്തിന്റെയും ശ്രമങ്ങള്‍ക്കെതിരായ പ്രചാരണപ്രവര്‍ത്തനങ്ങള്‍ക്കും കണ്‍വന്‍ഷന്‍ രൂപംനല്‍കും. കണ്‍വന്‍ഷന്‍ ഡിവൈഎഫ്ഐ അഖിലേന്ത്യാ പ്രസിഡന്റ് പി ശ്രീരാമകൃഷ്ണന്‍ ഉദ്ഘാടനംചെയ്യും. എഐവൈഎഫ് അഖിലേന്ത്യാ സെക്രട്ടറി പി സന്തോഷ്കുമാര്‍, ആര്‍വൈഎഫ് അഖിലേന്ത്യാ സെക്രട്ടറി സണ്ണിക്കുട്ടി, ഇടതുപക്ഷ യുവജനസംഘടനകളുടെ സംസ്ഥാന നേതാക്കളായ ടി വി രാജേഷ്, എം ബി രാജേഷ് എംപി (ഡിവൈഎഫ്ഐ), കെ രാജന്‍, ജി കൃഷ്ണപ്രസാദ് (എഐവൈഎഫ്), സലിം പി ചാക്കോ (ആര്‍വൈഎഫ്), സുഭാഷ് പുഞ്ചക്കോട്ടില്‍ (എന്‍വൈസി), കെ ലോഹ്യ (യുവജനതാദള്‍), ജെയ്സണ്‍ ജോര്‍ജ് (യൂത്ത്ഫ്രണ്ട്) എന്നിവര്‍ പങ്കെടുക്കും.

ദേശാഭിമാനി 020211

1 comment:

  1. കുതിക്കുന്ന ഉത്തരമലബാറിന് ദീര്‍ഘവീക്ഷണത്തിന്റെ ചിറകും അതിരില്ലാത്ത ആകാശവും നല്‍കി ദേശാഭിമാനി വികസന സെമിനാര്‍. ഉത്തരമലബാറിലെ വികസന പ്രശ്നങ്ങളെ മുന്‍നിര്‍ത്തി ജില്ലാബാങ്ക് ഓഡിറ്റോറിയത്തിലായിരുന്നു സെമിനാര്‍. ഉത്തരമലബാറിന്റെ വികസനത്തില്‍ പ്രധാനം സര്‍ക്കാറും നയങ്ങളുമാണെന്ന് ഉദ്ഘാടനം ചെയ്ത സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ പറഞ്ഞു. കേരളത്തിന് ആനുപാതികമായി ഉത്തരമലബാര്‍ വളരാത്തതിന് പിന്നില്‍ രാഷ്ട്രീയ തീരുമാനത്തിന്റെ അഭാവവും അനാവശ്യ എതിര്‍പ്പുകളും കാരണങ്ങളായി. ഐടി കേന്ദ്രമായും വിനോദസഞ്ചാരകേന്ദ്രമായും കുതിക്കാന്‍ എതിര്‍പ്പ് മറന്നുള്ള കൂട്ടായ്മ വളരണം- പിണറായി പറഞ്ഞു.

    ReplyDelete