Wednesday, February 2, 2011

ഇ പി ജയരാജന്‍ ജീവിക്കുന്നത് വെടിച്ചീളുകളുമായി

ഇ പി ജയരാജന്‍ വധശ്രമം: രണ്ടാംപ്രതിക്ക് 19 വര്‍ഷം കഠിനതടവ്

ഹൈദരാബാദ്: സിപിഐ എം കേന്ദ്ര കമ്മിറ്റി അംഗവും ദേശാഭിമാനി ജനറല്‍ മാനേജരുമായ ഇ പി ജയരാജനെ ട്രെയിന്‍ യാത്രയ്ക്കിടെ ആന്ധ്രയില്‍വച്ച് വെടിവച്ചുകൊല്ലാന്‍ ശ്രമിച്ച കേസിലെ രണ്ടാം പ്രതി കൂത്തുപറമ്പ് സ്വദേശി പേട്ട ദിനേശന്‍ എന്ന പി കെ ദിനേശ(38)നെ 19 വര്‍ഷം കഠിനതടവിന് ശിക്ഷിച്ചു. ഒന്നാംപ്രതി വിക്രംചാലില്‍ ശശി വിചാരണയ്ക്കിടെ കൊല്ലപ്പെട്ടു. കെപിസിസി ജനറല്‍ സെക്രട്ടറി കെ സുധാകരന്‍ എംപി ഉള്‍പ്പെടെ മറ്റ് മൂന്നു പ്രതികള്‍ക്കെതിരെ വിചാരണ ആരംഭിച്ചിട്ടില്ല. കെ സുധാകരനും സിഎംപി നേതാവും അന്ന് സഹകരണമന്ത്രിയുമായിരുന്ന എം വി രാഘവനും നിയോഗിച്ച വാടകക്കൊലയാളികളാണ് ശശിയും ദിനേശനും.

ഇന്ത്യന്‍ ശിക്ഷാനിയമം 307 പ്രകാരം കൊലപാതകശ്രമത്തിന് ഏഴു വര്‍ഷവും ക്രിമിനല്‍ ഗൂഢാലോചന നടത്തിയതിന് ഇന്ത്യന്‍ ശിക്ഷാനിയമം 120-ബി പ്രകാരം ഏഴു വര്‍ഷവും മാരകായുധങ്ങള്‍ ഉപയോഗിച്ചതിന് ആയുധ നിരോധന നിയമപ്രകാരം അഞ്ചു വര്‍ഷവും വീതം കഠിനതടവിനാണ് ദിനേശനെ ശിക്ഷിച്ചത്. ശിക്ഷ ഒന്നിച്ചനുഭവിച്ചാല്‍മതി. വധശ്രമക്കേസില്‍ 5000 രൂപയും ഗൂഢാലോചനക്കുറ്റത്തിന് 2000 രൂപയും പിഴയടയ്ക്കണം. പിഴ അടച്ചില്ലെങ്കില്‍ ഒരു വര്‍ഷവും ആറുമാസവും വെറും തടവുകൂടി അനുഭവിക്കണം. ആന്ധ്രപ്രദേശിലെ പ്രകാശം ജില്ലയില്‍പ്പെട്ട ഓങ്കോള്‍ പ്രിന്‍സിപ്പല്‍ അസി. സെഷന്‍സ് ജഡ്ജി ശ്രവകുമാറാണ് ശിക്ഷ പ്രഖ്യാപിച്ചത്.

എസ്എഫ്ഐ നേതാവ് കെ വി സുധീഷിനെ കൊലപ്പെടുത്തിയ കേസില്‍ ദിനേശന്‍ ജയില്‍ശിക്ഷ അനുഭവിച്ചുവരികയാണ്. കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ സിപിഐ എം പ്രവര്‍ത്തകന്‍ രവീന്ദ്രനെ അടിച്ചുകൊന്ന കേസിലും പ്രതിയാണിയാള്‍. ചണ്ഡീഗഢില്‍ പാര്‍ടി കോണ്‍ഗ്രസ് കഴിഞ്ഞ് തിരിച്ചുവരവെ 1995 ഏപ്രില്‍ 12ന് രാവിലെ 10.20നാണ് രാജധാനി എക്സ്പ്രസില്‍ ബപറ്റ്ല-ചിരാല റെയില്‍വേ സ്റേഷനുകള്‍ക്കിടയില്‍വച്ച്് ഇ പിയെ വെടിവച്ചത്. അന്ന് സിപിഐ എം കണ്ണൂര്‍ ജില്ലാ സെക്രട്ടറിയും എംഎല്‍എയുമായിരുന്നു ഇ പി.

ഇ പി ജയരാജന്‍ വധശ്രമം: പേട്ട ദിനേശന്‍ ഒന്നാം പ്രതിക്ക് സംരക്ഷണം നല്‍കി

ഹൈദരാബാദ്: സിപിഐ എം കേന്ദ്ര കമ്മിറ്റി അംഗവും ദേശാഭിമാനി ജനറല്‍ മാനേജരുമായ ഇ പി ജയരാജന്‍ ട്രെയിന്‍ യാത്രയ്ക്കിടെ വാഷ്ബേസിനില്‍നിന്നു മുഖം കഴുകവെയാണ് ഒന്നാംപ്രതി ശശി വെടിവച്ചത്. രണ്ടാംപ്രതി ദിനേശന്‍ ശശിക്ക് ആയുധങ്ങളുമായി സംരക്ഷണം നല്‍കി. കഴുത്തില്‍ വെടിയേറ്റ ജയരാജന്റെ ജീവന്‍ തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. വെടിവച്ചശേഷം ട്രെയിനില്‍നിന്നു ചാടി രക്ഷപ്പെടാന്‍ ശ്രമിച്ച ദിനേശനെ നാട്ടുകാര്‍ പിടികൂടി പൊലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു. അന്നുതന്നെ ചെന്നൈയില്‍വച്ച് നവജീവന്‍ എക്സ്പ്രസ് വളഞ്ഞ് ശശിയെയും പൊലീസ് അറസ്റ് ചെയ്തു. ടി പി രാജീവന്‍, ബിജു, കെ സുധാകരന്‍ എന്നിവരാണ് യഥാക്രമം മൂന്നും നാലും അഞ്ചും പ്രതികള്‍.

തിരുവനന്തപുരത്തുവച്ചാണ് ഗൂഢാലോചന നടന്നത്. ഒന്നും രണ്ടും പ്രതികള്‍ തിരുവനന്തപുരത്തെ ഒരു ലോഡ്ജില്‍ മുറിയെടുത്തു. അന്ന് തൈക്കാട് ഗവ. ഗസ്റ് ഹൌസില്‍ കെ സുധാകരനും മുറിയെടുത്തു. ദിനേശനും ശശിയും സുധാകരന്റെ അടുത്ത സുഹൃത്തായ ടി പി രാജീവനും ബിജുവും സുധാകരനുമായി ചേര്‍ന്ന് ഗസ്റ്ഹൌസില്‍വച്ച് പദ്ധതികള്‍ ആസൂത്രണംചെയ്തു. ഒന്നും രണ്ടും പ്രതികള്‍ക്ക് ദില്ലിയില്‍ തങ്ങാനും കൃത്യം നടത്താനുമുള്ള പണം നല്‍കി.

സുധാകരനെതിരെ മൂന്നു പ്രതികളുടെ വിചാരണ ആരംഭിക്കണമെന്ന ഹര്‍ജിയില്‍ ആന്ധ്ര ഹൈക്കോടതി ഫെബ്രുവരി ഒന്നിന് വാദം കേട്ടു. പൊലീസിന്റെ വിശദീകരണത്തിനായി കേസ് നാലാഴ്ചത്തേയ്ക്ക് മാറ്റിവച്ചു. ഇ പി ജയരാജന്റെ ഭാര്യ പി കെ ഇന്ദിര, മന്ത്രി എം വിജയകുമാര്‍, സിപിഐ എം നേതാക്കളായ പിരപ്പന്‍കോട് മുരളി, കടകംപള്ളി സുരേന്ദ്രന്‍ എന്നിവര്‍ കോടതിയില്‍ മൊഴി നല്‍കി. പ്രോസിക്യൂഷനുവേണ്ടിപബ്ളിക് പ്രോസിക്യൂട്ടര്‍ എ സുധാകര റാവു ഹാജരായി.

ശിക്ഷ വാടക കൊലയാളിക്ക്; ഗൂഢാലോചനക്കാര്‍ രാഘവനും സുധാകരനും

കണ്ണൂര്‍: ഇ പി ജയരാജന്‍ വധശ്രമകേസില്‍ പേട്ട ദിനേശന്‍ ശിക്ഷിക്കപ്പെട്ടെങ്കിലും ജയിലില്‍ കിടക്കേണ്ട രണ്ടുപേര്‍ ഇപ്പോഴും സ്വതന്ത്രരായി വിലസുന്നു. ജയരാജനെ കൊല്ലാന്‍ ആയുധവും പണവും നല്‍കിയ കെപിസിസി ജനറല്‍ സെക്രട്ടറി കെ സുധാകരന്‍ എം പിയും മുന്‍ മന്ത്രി എം വി രാഘവനുമാണ് ഇപ്പോഴും നിയമത്തെ വെല്ലുവിളിക്കുന്നത്.

കെ സുധാകരനും എം വി രാഘവനും തെണ്ണൂറുകളില്‍ തുടക്കം കുറിച്ച ക്രിമിനല്‍ രാഷ്ട്രീയത്തിന്റെ തുടര്‍ച്ചയായിരുന്നു ജയരാജന്‍ വധശ്രമം. 1995 ഏപ്രില്‍ 12നാണ് സിപിഐ എം കണ്ണൂര്‍ ജില്ലാ സെക്രട്ടറിയും എംഎല്‍എയുമായിരുന്ന ഇ പി ജയരാജനെ വധിക്കാന്‍ ശ്രമിച്ചത്. ചന്ദീഗഢില്‍ നടന്ന സിപിഐ എം പതിനഞ്ചാം കോണ്‍ഗ്രസില്‍ പങ്കെടുത്ത് തിരിച്ചുവരുമ്പോള്‍ ആന്ധ്ര ഓംഗോള്‍ റെയില്‍വേസ്റ്റേഷനിലായിരുന്നു സംഭവം. ജയരാജനെ തീവണ്ടിയില്‍ വെടിവെച്ചുകൊന്ന് പുറത്തേക്കുതട്ടിയിട്ട ശേഷം രക്ഷപ്പെടുക എന്നതായിരുന്നു കൊലയാളികളുടെ പദ്ധതി. പേട്ട ദിനേശന്‍, വിക്രംചാലില്‍ ശശി എന്നീ ആര്‍എസ്എസുകാരെയാണ് എം വി രാഘവനും കെ സുധാകരനും നിയോഗിച്ചത്. പേട്ട ദിനേശന്‍ ഇപ്പോള്‍ കെ വി സുധീഷ് വധക്കേസില്‍ ജയില്‍ശിക്ഷ അനുഭവിക്കുകയാണ്. ആര്‍എസ്എസ് വിട്ട് ശിവസേനയില്‍ ചേക്കേറിയ വിക്രംചാലില്‍ ശശി പിന്നീട് കൊല്ലപ്പെട്ടു.

പിണറായി വിജയന്‍, കോടിയേരി ബാലകൃഷ്ണന്‍, ഇ പി ജയരാജന്‍ എന്നീ നേതാക്കളെയാണ് പ്രതികള്‍ ഉന്നം വെച്ചത്. അതില്‍ ജയരാജനെയാണ് തീവണ്ടിയില്‍ ഒത്തുകിട്ടിയത്. ഇ പി ജയരാജനെ വെടിവെച്ച ശേഷം ട്രെയിനില്‍ നിന്ന് ചാടി രക്ഷപ്പെടാന്‍ ശ്രമിച്ച അക്രമികളില്‍ പേട്ട ദിനേശനെ നാട്ടുകാര്‍ പിടികൂടി പൊലസില്‍ ഏല്‍പിപ്പിച്ചു. വിക്രം ചാലില്‍ ശശിയെ അന്നുതന്നെ നവജീവന്‍ എക്സ്പ്രസ് വളഞ്ഞ് പൊലീസ് അറസ്റ്റുചെയ്തു. ഒരു വിദേശനിര്‍മിത പിസ്റ്റള്‍ ഉള്‍പ്പെടെ രണ്ട് കൈത്തോക്കം തിരകളും പണവുമായി പിടിയിലായ ശശി റെയില്‍വെ പൊലീസിന് നല്‍കിയ കുറ്റസമ്മതമൊഴിയിലാണ് എം വി രാഘവന്റെയും കെ സുധാകരന്റെയും പങ്കാളിത്തം ആദ്യം വെളിപ്പെട്ടത്. പിന്നീട് നടന്ന അന്വേഷണത്തില്‍ ഇക്കാര്യം സ്ഥിരീകരികരിച്ചു. ജയരാജനെ വധിക്കാന്‍ നിര്‍ദേശിച്ച് തോക്കും പണവും മറ്റു സഹായങ്ങളും ചെയ്തുതന്നത് മന്ത്രി എം വി രാഘവനും കെ സുധാകരനുമാണെന്ന് ശശി കുറ്റസമ്മതമൊഴിയില്‍ വ്യക്തമാക്കി. ചെന്നൈ റെയില്‍വെ പൊലീസ് ഡിവൈഎസ്പി ജോണ്‍ കുര്യനാണ് ശശിയില്‍നിന്ന് മൊഴിയെടുത്ത് സ്റ്റേറ്റ്മെന്റ് ചെന്നൈ മെട്രോപൊളിറ്റന്‍ മജിസ്ട്രേറ്റിന് സമര്‍പ്പിച്ചത്.

'എം വി രാഘവനും കെ സുധാകരനും ചേര്‍ന്ന് പതിനായിരം രൂപ തന്നു. രണ്ട് റിവോള്‍വറും തിരകളും ഏല്‍പിച്ചത് സുധാകരനാണ്. ചന്ദീഗഢില്‍നിന്ന് സമ്മേളനം കഴിഞ്ഞുവരുന്ന ജയരാജനെ കൊല്ലണമെന്ന് അവര്‍ നിര്‍ദേശിച്ചു'- മൊഴിയില്‍ പറഞ്ഞു.

രണ്ട് സാക്ഷികള്‍ മുമ്പാകെയാണ് റെയില്‍വെ പൊലീസ് മൊഴി രേഖപ്പെടുത്തിയത്. തിരുപ്പതി റെയില്‍വെ പൊലീസ് ഇന്‍സ്പെക്ടര്‍ ഭാസ്കര നായിഡുവാണ് ആന്ധ്രയില്‍ സംഭവത്തെക്കുറിച്ച് അന്വേഷിച്ച് കേസ് ചാര്‍ജ് ചെയ്തത്. ഐപിസി 307-ാം വകുപ്പുപ്രകാരം രജിസ്റ്റര്‍ ചെയ്ത കേസിലും പേട്ട ദിനേശനും വിക്രംചാലില്‍ ശശിക്കും പുറമെ മന്ത്രി എം വി രാഘവന്റെയും കെ സുധാകരന്റെയും പങ്കാളിത്തം വ്യക്തമായി എടുത്തുപറഞ്ഞിരുന്നു. ദിനേശനെയും ശശിയെയും വിശദമായി ചോദ്യം ചെയ്ത നായിഡു ഇ പി ജയരാജന്റെ മൊഴിയും എടുത്തിരുന്നു. റിപ്പോര്‍ട്ട് മുകളിലേക്ക് അയച്ചെങ്കിലും ഇക്കാര്യത്തില്‍ എന്തെങ്കിലും തീരുമാനമുണ്ടാകുന്നതിനുമുമ്പ് കേസ് സിബി സിഐഡിക്ക് വിട്ടു.

പിന്നീട് സിബി സിഐഡി സിഐ ജി രാജന്‍ ചെന്നൈയിലും കേരളത്തിലും നടത്തിയ വിശദമായ അന്വേഷണത്തിലും എം വി രാഘവനും കെ സുധാകരനുമെതിരെ വ്യക്തമായ തെളിവുകള്‍ ലഭിച്ചു. ഇതനുസരിച്ച് ഇരുവരെയും പ്രതിസ്ഥാനത്ത് ഉള്‍പ്പെടുത്തിയാണ് സിബി സിഐഡി നെല്ലൂര്‍ മജിസ്ട്രേറ്റ് കോടതിയില്‍ പ്രാഥമിക റിപ്പോര്‍ട്ട് നല്‍കിയത്. പക്ഷേ അന്തിമ ചാര്‍ജ് ഷീറ്റ് നല്‍കുമ്പോഴേക്കും രാഘവനും സുധാകരനും കേസില്‍നിന്നൊഴിവായി. ആന്ധ്രയിലെ കോണ്‍ഗ്രസ് സര്‍ക്കാരും കേന്ദ്രസര്‍ക്കാരും ഇക്കാര്യത്തില്‍ ഗൂഡാലോചന നടത്തിയത്. കേസ് പിന്നീട് ഓംഗോള്‍ സെഷന്‍സ് കോടതിയിലേക്ക് മാറ്റി.
(പി സുരേശന്‍)

ഇ പി ജയരാജന്‍ ജീവിക്കുന്നത് വെടിച്ചീളുകളുമായി

കണ്ണൂര്‍: വധശ്രമത്തില്‍നിന്ന് കഷ്ടിച്ച് രക്ഷപ്പെട്ടെങ്കിലും ഇ പി ജയരാജന്‍ ജീവിക്കുന്നത് വെടിച്ചില്ലുകളുടെ വേദനയും പേറി. വൈദ്യശാസ്ത്രം കിണഞ്ഞ് ശ്രമിച്ചിട്ടും വെടിച്ചില്ലുകള്‍ നീക്കം ചെയ്യാനോ, തലക്കേറ്റ മാരകമായ ക്ഷതം മാറ്റാനോ ഇതുവരെ കഴിഞ്ഞിട്ടില്ല. തലകറക്കവും വിട്ടുമാറാത്ത വേദനയുമായാണ് സിപിഐ എം കേന്ദ്ര കമ്മിറ്റി അംഗമായ ജയരാജന്‍ പൊതുജീവിതം നയിക്കുന്നത്. മനക്കരുത്തിന്റെ ബലം ഒന്നുകൊണ്ടുമാത്രമാണ് ജീവിതത്തിലേക്ക് തിരിച്ചുവന്നത്.

രാഷ്ട്രീയ എതിരാളികളുടെ കൊടുംക്രൂരതയുടെ ജിവിക്കുന്ന രക്തസാക്ഷിയാണ് ജയരാജന്‍. എന്നിട്ടും പ്രതികളായ രാഘവനും സുധാകരനും നല്ലപിള്ള ചമയുകയാണ്. ഇവരെ വധശ്രമക്കേസില്‍നിന്ന് ഒഴിവാക്കാന്‍ ഉന്നത തലത്തില്‍തന്നെ ഗൂഢാലോചന നടന്നു. ട്രെയിനില്‍ വെടിയേറ്റ് ഗുരുതരാവസ്ഥയിലായ ജയരാജന്‍ തലനാരിഴക്കാണ് രക്ഷപ്പെട്ടത്്. ഗുരുതരമായി പരിക്കേറ്റ ഇ പിയെ ഓങ്കോള്‍ സ്റ്റേഷനില്‍ പ്രഥമ ശുശ്രൂഷ നല്‍കിയ ശേഷം ചെന്നെയിലെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. അക്രമികളെ അടുത്ത സ്റ്റേഷനില്‍ പൊലീസ് പിടികൂടി.

രാഘവനും സുധാകരനും ശിക്ഷിക്കപ്പെടണം: ഇ പി ജയരാജന്‍

കണ്ണൂര്‍: തനിക്കെതിരായ വധശ്രമക്കേസില്‍ ഗൂഢാലോചന നടന്നുവെന്ന് ഓംഗോള്‍ കോടതി പറഞ്ഞ സാഹചര്യത്തില്‍ രാഘവനും സുധാകരനും ശിക്ഷിക്കപ്പെടണമെന്ന് സിപിഐ എം കേന്ദ്രകമ്മിറ്റി അംഗം ഇ പി ജയരാജന്‍ കണ്ണൂരില്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. പേട്ട ദിനേശന്‍ ശിക്ഷിക്കപ്പെട്ടതില്‍ സന്തോഷമുണ്ട്. എന്നാല്‍ ഗൂഢാലോചന നടത്തിയ രാഘവനും സുധാകരനും ഇപ്പോഴും നിയമത്തെ വെല്ലുവിളിക്കുകയാണ്. റെയില്‍വേ പൊലീസും ചെന്നൈ പൊലീസും തയ്യാറാക്കിയ എഫ്ഐആറിലും കുറ്റപത്രത്തിലും ഇരുവരും പ്രതികളാണ്. എന്നാല്‍ കേസ് ഓംഗോള്‍ കോടതിയിലെത്തിയതോടെ ഇവരെ ഒഴിവാക്കി. ഇതിനു പിന്നില്‍ ആന്ധ്രയിലെ കോണ്‍ഗ്രസ് സര്‍ക്കാരിന്റെയും കേന്ദ്ര ഗവമെന്റിന്റെയും ഇടപെടലുണ്ട്. വിധിപ്പകര്‍പ്പ് കിട്ടിയാല്‍ ഭാവികാര്യം തീരുമാനിക്കും.

സുധാകരനെയും രാഘവനെയും പ്രതിപ്പട്ടികയില്‍നിന്ന് ഒഴിവാക്കിയ ആന്ധ്ര ഹൈക്കോടതി വിധിക്കെതിരെ സുപ്രീംകോടതിയില്‍ നടക്കുന്ന കേസ് തുടരും. മുഴുവന്‍ പ്രതികളെയും നിയമത്തിന്റെ മുന്നില്‍ കൊണ്ടുവരും. വധശ്രമത്തില്‍നിന്ന് രക്ഷപ്പെട്ടെങ്കിലും ഇപ്പോഴും വേദന തിന്നാണ് ജീവിക്കുന്നത്. ഇടയ്ക്കിടെ തലകറക്കവും വേദനയും ഉണ്ടാവും. വിദഗ്ധ ചികിത്സ തേടിയെങ്കിലും ഇതുവരെ വേദനയില്‍നിന്ന് മോചനം നേടാനായിട്ടില്ലെന്നും ജയരാജന്‍ പറഞ്ഞു.

ദേശാഭിമാനി 020211

2 comments:

  1. ഇ പി ജയരാജന്‍ വധശ്രമകേസില്‍ പേട്ട ദിനേശന്‍ ശിക്ഷിക്കപ്പെട്ടെങ്കിലും ജയിലില്‍ കിടക്കേണ്ട രണ്ടുപേര്‍ ഇപ്പോഴും സ്വതന്ത്രരായി വിലസുന്നു. ജയരാജനെ കൊല്ലാന്‍ ആയുധവും പണവും നല്‍കിയ കെപിസിസി ജനറല്‍ സെക്രട്ടറി കെ സുധാകരന്‍ എം പിയും മുന്‍ മന്ത്രി എം വി രാഘവനുമാണ് ഇപ്പോഴും നിയമത്തെ വെല്ലുവിളിക്കുന്നത്.

    കെ സുധാകരനും എം വി രാഘവനും തെണ്ണൂറുകളില്‍ തുടക്കം കുറിച്ച ക്രിമിനല്‍ രാഷ്ട്രീയത്തിന്റെ തുടര്‍ച്ചയായിരുന്നു ജയരാജന്‍ വധശ്രമം. 1995 ഏപ്രില്‍ 12നാണ് സിപിഐ എം കണ്ണൂര്‍ ജില്ലാ സെക്രട്ടറിയും എംഎല്‍എയുമായിരുന്ന ഇ പി ജയരാജനെ വധിക്കാന്‍ ശ്രമിച്ചത്. ചന്ദീഗഢില്‍ നടന്ന സിപിഐ എം പതിനഞ്ചാം കോണ്‍ഗ്രസില്‍ പങ്കെടുത്ത് തിരിച്ചുവരുമ്പോള്‍ ആന്ധ്ര ഓംഗോള്‍ റെയില്‍വേസ്റ്റേഷനിലായിരുന്നു സംഭവം. ജയരാജനെ തീവണ്ടിയില്‍ വെടിവെച്ചുകൊന്ന് പുറത്തേക്കുതട്ടിയിട്ട ശേഷം രക്ഷപ്പെടുക എന്നതായിരുന്നു കൊലയാളികളുടെ പദ്ധതി. പേട്ട ദിനേശന്‍, വിക്രംചാലില്‍ ശശി എന്നീ ആര്‍എസ്എസുകാരെയാണ് എം വി രാഘവനും കെ സുധാകരനും നിയോഗിച്ചത്. പേട്ട ദിനേശന്‍ ഇപ്പോള്‍ കെ വി സുധീഷ് വധക്കേസില്‍ ജയില്‍ശിക്ഷ അനുഭവിക്കുകയാണ്. ആര്‍എസ്എസ് വിട്ട് ശിവസേനയില്‍ ചേക്കേറിയ വിക്രംചാലില്‍ ശശി പിന്നീട് കൊല്ലപ്പെട്ടു.

    ReplyDelete
  2. ജയരാജന്‍ വധശ്രമക്കേസില്‍ പുനരന്വേഷണം വേണമെന്ന്
    കണ്ണൂര്‍: ഇ പി ജയരാജന്‍ വധശ്രമക്കേസില്‍ പുനരന്വേഷണം വേണമെന്ന് സി പി എം ആക്ടിംഗ് ജില്ലാ സെക്രട്ടറി പി ജയരാജന്‍ എം എല്‍ എ വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. എഫ് ഐ ആറില്‍ കെ സുധാകരനും എം വി രാഘവനും പ്രതികളായിരുന്നെങ്കിലും ആന്ധ്രയിലെ സി ബി സി ഐ ഡി കുറ്റപത്രം സമര്‍പ്പിച്ചപ്പോള്‍ ഇവരുടെ പേരുകള്‍ ഒഴിവാക്കപ്പെടുകയായിരുന്നു. കുറ്റപത്രത്തില്‍ നിന്ന് ഇവരുടെ പേരുകള്‍ ഒഴിവായത് എന്തു കൊണ്ടെന്ന് അന്വേഷിക്കണം. ആന്ധ്രാ ഹൈക്കോടതിയില്‍ ഇക്കാര്യത്തില്‍ ജയരാജന്‍ നല്‍കിയ അപ്പീല്‍ കേസ് ഇപ്പോഴും നിലനില്‍ക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. കേസില്‍ പ്രതിയായ ദിനേശനെ 15 വര്‍ഷത്തിനു ശേഷമാണ് ശിക്ഷിച്ചിരിക്കുന്നതെന്നും ജയരാജന്‍ പറഞ്ഞു.

    ReplyDelete