രാജ അറസ്റ്റില്‍
ന്യൂഡല്‍ഹി: സര്‍ക്കാരിന് 1.76 ലക്ഷം കോടിരൂപയുടെ നഷ്ടമുണ്ടാക്കിയ 2 ജി സ്പെക്ട്രം അഴിമതി കേസില്‍ മുന്‍ ടെലികോം മന്ത്രിയും ഡിഎംകെ നേതാവുമായ എ രാജയെ സിബിഐ അറസ്റ്റ് ചെയ്തു. അഴിമതി പുറത്തുവന്ന് രണ്ടുവര്‍ഷത്തിനുശേഷമാണ് അറസ്റ്റ്. കേസ് അന്വേഷണത്തില്‍ സുപ്രീംകോടതിയുടെ തുടര്‍ച്ചയായ ഇടപെടലാണ് രാജയുടെ അറസ്റ്റിലേക്ക് നയിച്ചത്. കോടതിയുടെ മേല്‍നോട്ടത്തിലാണ് സിബിഐ അന്വേഷണം. ബുധനാഴ്ച ചോദ്യംചെയ്യാനായി സിബിഐ ആസ്ഥാനത്തേക്ക് വിളിച്ചുവരുത്തിയാണ് അറസ്റ്റ്ചെയ്തത്. രാജയുടെ പേഴ്സണല്‍ സെക്രട്ടറി ആര്‍ കെ ചന്ദോലിയ, മുന്‍ ടെലികോം സെക്രട്ടറി സിദ്ധാര്‍ഥ ബഹൂര എന്നിവരെയും അറസ്റ്റ് ചെയ്തതായി സിബിഐ ആസ്ഥാനത്ത് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ വക്താവ് അനുരാഗ് അറിയിച്ചു. 2 ജി സ്പെക്ട്രം ലൈസന്‍സ് അനുവദിച്ചതില്‍ ക്രമക്കേട് കണ്ടെത്തിയതിനെ തുടര്‍ന്നാണ് അറസ്റ്റെന്നും അനുരാഗ് പറഞ്ഞു.
രാജയുടെ സഹോദരന്‍ എ കെ പെരുമാളിനെയും സിബിഐ ബുധനാഴ്ച ചോദ്യംചെയ്തിരുന്നു. ഫെബ്രുവരി പത്തിനകം അന്വേഷണപുരോഗതി അറിയിക്കാന്‍ സുപ്രീംകോടതി സിബിഐയോടും എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനോടും ആവശ്യപ്പെട്ട സാഹചര്യത്തിലാണ് ഗത്യന്തരമില്ലാതെ രാജയെ അറസ്റ്റ് ചെയ്തത്. 21ന് ആരംഭിക്കുന്ന പാര്‍ലമെന്റിന്റെ ബജറ്റ് സമ്മേളനത്തില്‍ ജെപിസി അന്വേഷണം എന്ന പ്രതിപക്ഷ ആവശ്യം തണുപ്പിക്കുക എന്നതും അറസ്റ്റിന് പ്രേരിപ്പിച്ചു.
ഡിഎംകെ നേതാവും തമിഴ്നാട് മുഖ്യമന്ത്രിയുമായ കരുണാനിധി ചൊവ്വാഴ്ച പ്രധാനമന്ത്രി മന്‍മോഹന്‍സിങ്ങിനെയും കോണ്‍ഗ്രസ് അധ്യക്ഷ സോണിയഗാന്ധിയെയും കണ്ടിരുന്നു. രാജക്കെതിരായ കേസ് തന്നെയായിരുന്നു സംഭാഷണ വിഷയം.
രാജയ്ക്കെതിരെ ശക്തമായ തെളിവുണ്ടെന്ന് സിബിഐ വൃത്തങ്ങള്‍ അറിയിച്ചു. അനധികൃതമായി ചില ടെലികോം കമ്പനികള്‍ക്ക് ലൈസന്‍സ് നല്‍കാന്‍ മന്ത്രി ഇടപെട്ടതിനും അതിന് പ്രതിഫലമായി പണം വാങ്ങിയതിനും തെളിവുണ്ട്. അന്വേഷണവുമായി രാജ സഹകരിക്കുന്നില്ലെന്നും ചോദ്യങ്ങള്‍ക്ക് വ്യക്തമായ മറുപടി നല്‍കുന്നില്ലെന്നും സിബിഐ പറഞ്ഞു. രാജയെയും അറസ്റ്റിലായ മറ്റുള്ളവരെയും വ്യാഴാഴ്ച ഡല്‍ഹിയിലെ പട്യാലഹൌസിലുള്ള സിബിഐയുടെ പ്രത്യേക കോടതിയില്‍ ഹാജരാക്കും.
സ്പെക്ട്രം വില്‍പ്പന സംബന്ധിച്ച സിഎജി റിപ്പോര്‍ട്ട് പുറത്തുവന്ന സാഹചര്യത്തിലാണ് നവംബര്‍ 14ന് രാജ മന്ത്രിസ്ഥാനം രാജിവച്ചത്. തുടര്‍ന്ന്, സിബിഐ രാജയെ മൂന്നുതവണ ചോദ്യം ചെയ്തു. വീടും ഓഫീസും റെയ്ഡും ചെയ്തു. പ്രധാനവിവരങ്ങള്‍ അടങ്ങുന്ന കംപ്യൂട്ടറും ഡയറിയും മറ്റും കണ്ടെടുത്തു. ഡിസംബര്‍ 24, 25, ജനുവരി 31 തീയതികളിലായിരുന്നു ചോദ്യം ചെയ്യല്‍. 2007 മെയ് 18 നാണ് എ രാജ മന്ത്രിയായത്. ഇതേവര്‍ഷം ഒക്ടോബറിനും 2008 ജനുവരിയിലുമായാണ് രണ്ടാംതലമുറ സ്പെക്ട്രം ലൈസന്‍സ് നല്‍കിയത്. ആദ്യം അപേക്ഷ നല്‍കാനുള്ള അവസാന തീയതി 2007 ഒക്ടോബര്‍ ഒന്നാണെന്നാണ് അറിയിച്ചിരുന്നതെങ്കിലും ആരെയും അറിയിക്കാതെ അപേക്ഷ സ്വീകരിക്കാനുള്ള തീയതി സെപ്തംബര്‍ 25 ആക്കി മാറ്റി. ഇതുവഴിയാണ് താല്‍പ്പര്യമുള്ള കമ്പനികള്‍ക്ക് മാത്രം രാജ ലൈസന്‍സ് ഉറപ്പാക്കിയത്. ഈ വിഷയം ആദ്യം ഉയര്‍ത്തിയത് സിപിഐ എം ആണ്.
(വി ബി പരമേശ്വരന്‍)
ജെപിസിയില്‍ ഉറച്ച് പ്രതിപക്ഷം
ന്യൂഡല്‍ഹി: രാജയെ അറസ്റ് ചെയ്തെങ്കിലും സംയുക്തപാര്‍ലമെന്ററി സമിതി (ജെപിസി) അന്വേഷണമെന്ന ആവശ്യത്തില്‍നിന്ന് പിന്മാറില്ലെന്ന് പ്രതിപക്ഷ കക്ഷികള്‍ വ്യക്തമാക്കി. അതോടെ അറസ്റുവഴി പ്രതിപക്ഷ പ്രതിഷേധത്തിന്റെ മുനയൊടിക്കാമെന്ന സര്‍ക്കാരിന്റെ കണക്കുകൂട്ടല്‍ പിഴയ്ക്കുന്നു. രാജയുടെ അറസ്റ് സ്പെക്ട്രം കുംഭകോണത്തെക്കുറിച്ച് ജെപിസിതന്നെ അന്വേഷിക്കണമെന്ന ആവശ്യത്തെ സാധൂകരിക്കുന്നതും ശക്തിപ്പെടുത്തുന്നതുമാണെന്ന് പ്രതിപക്ഷ പാര്‍ടികള്‍ പ്രതികരിച്ചു.
സ്പെക്ട്രം ഇടപാടുമായി ബന്ധപ്പെട്ട വസ്തുതകള്‍ മുഴുവന്‍ പുറത്തുവരേണ്ടതുണ്ടെന്നും ഇതിന് ജെപിസി അന്വേഷണം അനിവാര്യമാണെന്നും സിപിഐ എം രാജ്യസഭാനേതാവ് സീതാറാം യെച്ചൂരി പറഞ്ഞു. സര്‍ക്കാര്‍ നിരത്തിയ വാദങ്ങളെല്ലാം പൊളിഞ്ഞു. ജെപിസി അന്വേഷണമെന്ന ആവശ്യത്തില്‍ ഉറച്ചുനില്‍ക്കുകയാണ്. ഈ ആവശ്യത്തിന് ബലംപകരുന്നതാണ് രാജയുടെ അറസ്റെന്നും യെച്ചൂരി വ്യക്തമാക്കി. ജെപിസി ആവശ്യത്തില്‍നിന്ന് പിന്നോട്ടില്ലെന്ന് ബിജെപി ആവര്‍ത്തിച്ചു. പ്രതിപക്ഷ ആരോപണങ്ങള്‍ ശരിയാണെന്നു തെളിഞ്ഞിരിക്കുകയാണെന്നും സമഗ്രമായ അന്വേഷണത്തിന് ജെപിസി ആവശ്യമാണെന്നും ബിജെപി നേതാവ് അരുണ്‍ ജെയ്റ്റ്ലി പറഞ്ഞു. രാജ തെറ്റുചെയ്തെന്ന് വ്യക്തമായിട്ടും പ്രധാനമന്ത്രി വേണ്ട സമയത്ത് ഇടപെട്ടില്ലെന്നാണ് വ്യക്തമായത്. രാജ സര്‍ക്കാരിന് നഷ്ടമുണ്ടാക്കിയിട്ടില്ലെന്നു വാദിച്ച പുതിയ ടെലികോം മന്ത്രി കപില്‍ സിബല്‍ അടക്കമുള്ളവരുടെ വാദവും പൊളിഞ്ഞെന്നും ജെയ്റ്റ്ലി പറഞ്ഞു.
രാജയുടെ അറസ്റ് വൈകിപ്പോയെന്നും ഇതുകൊണ്ടുമാത്രം പ്രശ്നം തീരില്ലെന്നും ബിജെപി വക്താവ് രാജീവ്പ്രതാപ് റൂഡി പറഞ്ഞു. രാജ ഒറ്റയ്ക്ക് 1.76 ലക്ഷം കോടി രൂപയുടെ തട്ടിപ്പ് നടത്തിയെന്നു കരുതാനാകില്ല. അഴിമതിയില്‍ ഉള്‍പ്പെട്ട മറ്റുള്ളവരെയും നിയമത്തിനു മുന്നില്‍ കൊണ്ടുവരണം. ഇതുമായി ബന്ധപ്പെട്ട പല ചോദ്യത്തിനും സര്‍ക്കാര്‍ ഉത്തരം നല്‍കേണ്ടതുണ്ടെന്നും റൂഡി പറഞ്ഞു. രാജയുടെ അറസ്റ് കോണ്‍ഗ്രസും ഡിഎംകെയുമായുള്ള സഖ്യത്തെ ബാധിക്കില്ലെന്ന് എഐസിസി വക്താവ് മനു അഭിഷേക് സിങ്വി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. സ്പെക്ട്രം കേസില്‍ നിയമം നിയമത്തിന്റെ വഴിക്കുപോകുമെന്ന് കോണ്‍ഗ്രസ് നേരത്തെ തന്നെ വ്യക്തമാക്കിയിട്ടുണ്ടെന്ന് സിങ്വി പറഞ്ഞു. രാജയുടെ അറസ്റ് കോണ്‍ഗ്രസ്-ഡിഎംകെ ബന്ധത്തെ ബാധിക്കില്ലെന്നും ഇരുപാര്‍ടിയുമായുള്ള സഖ്യം ശക്തമായി തുടരുമെന്നും എഐസിസി ജനറല്‍ സെക്രട്ടറി ജനാര്‍ദന്‍ ദ്വിവേദി പ്രതികരിച്ചു.
(വിജേഷ് ചൂടല്‍)
ജെപിസി ആവശ്യത്തില്‍നിന്ന് പിന്മാറില്ല
വെണ്‍മണി (ചെങ്ങന്നൂര്‍): രാജിവച്ച ടെലികോം മന്ത്രി എ രാജയെ അറസ്റ്റുചെയ്തതുകൊണ്ടുമാത്രം 2 ജി സ്പെക്ട്രം ഇടപാടില്‍ സംയുക്ത പാര്‍ലമെന്ററി സമിതി അന്വേഷണം വേണമെന്ന ആവശ്യത്തില്‍നിന്ന് സിപിഐ എമ്മും ഇതര പ്രതിപക്ഷകക്ഷികളും പിന്നോട്ട് പോകില്ലെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ പറഞ്ഞു. 1.76 ലക്ഷം കോടി രൂപയുടെ അഴിമതി കുംഭകോണമാണ് 2 ജി സ്പെക്ട്രം ഇടപാടില്‍ നടന്നത്. ഈ അഴിമതി ഇടപാടില്‍ പ്രധാനമന്ത്രിതന്നെ സംശയത്തിന്റെ നിഴലിലാണ്. അതുകൊണ്ടാണ് ജെപിസി അന്വേഷണം നടത്തണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടതും കഴിഞ്ഞ പാര്‍ലമെന്റ് സമ്മേളനനടപടികള്‍ പൂര്‍ണമായും സ്തംഭിപ്പിച്ചതും. വീണ്ടും പാര്‍ലമെന്റ് സമ്മേളിക്കാന്‍ പോകുകയാണ്. ഈ സമ്മേളനത്തിലും ജെപിസി അന്വേഷണം എന്ന ആവശ്യത്തില്‍ പ്രതിപക്ഷം ഉറച്ചുനില്‍ക്കും. ഇത് മനസ്സിലാക്കിയാണ് ഇപ്പോള്‍ രാജയെ അറസ്റ്റ് ചെയ്തത്. ഈ അറസ്റ്റുകൊണ്ടൊന്നും ജെപിസി അന്വേഷണം എന്ന ആവശ്യത്തില്‍നിന്ന് പ്രതിപക്ഷം പിറകോട്ടുപോകില്ല- പിണറായി പറഞ്ഞു.
വെണ്‍മണി ചാത്തന്റെ 51-ാമത് രക്തസാക്ഷി ദിനാചരണപരിപാടികളോട് അനുബന്ധിച്ചുള്ള പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു പിണറായി. 2 ജി സ്പെക്ട്രം ഇടപാടില്‍ കാര്യങ്ങള്‍ സുതാര്യമായി നടത്തണമെന്ന് പ്രധാനമന്ത്രി നേരത്തെ രാജയോട് ആവശ്യപ്പെട്ടിരുന്നതാണ്. ഈ കാര്യം ഉന്നയിച്ച് അദ്ദേഹം രാജയ്ക്ക് കത്ത് നല്‍കുകയും ചെയ്തിരുന്നു. ഈ കത്തിനുള്ള മറുപടി രാജ നല്‍കിയതിനുശേഷം പ്രധാനമന്ത്രി നിശബ്ദനാകുകയായിരുന്നു. ഇവിടെയാണ് എന്തുകൊണ്ട് അഴിമതി തടയാന്‍ പ്രധാനമന്ത്രി ഇടപെട്ടില്ലായെന്ന സുപ്രീംകോടതിയുടെ ചോദ്യത്തിന് പ്രസക്തിയുണ്ടാകുന്നത്. മുമ്പ് ഒരു പ്രധാനമന്ത്രിക്കുനേരെയും സുപ്രീംകോടതി ഇത്രയും രൂക്ഷമായ വിമര്‍ശനം ഉന്നയിച്ചിട്ടില്ല. രാജ മറുപടിക്കത്ത് അയച്ചശേഷം 16 മാസം പ്രധാനമന്ത്രി ഒരുനടപടിയും എടുത്തില്ല. ഇക്കാര്യങ്ങളാകെ ശരിയായി പരിശോധിക്കാനാണ് ജെപിസി അന്വേഷണംതന്നെ വേണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടത്. ഈ ആവശ്യത്തിന് ശക്തിപകരുന്നതാണ് രാജയുടെ രാജിയും ഇപ്പോഴത്തെ അറസ്റ്റും. - പിണറായി പറഞ്ഞു.
സഖ്യം നിലനിര്‍ത്താനുള്ള കോണ്‍ഗ്രസ്-ഡിഎംകെ തന്ത്രം
ന്യൂഡല്‍ഹി: എ രാജയെ ബലികഴിച്ച് ഡിഎംകെ പയറ്റുന്നത് കോണ്‍ഗ്രസുമായുള്ള സഖ്യം നിലനിര്‍ത്തുക എന്ന തന്ത്രം. ഡല്‍ഹിയില്‍ നടന്ന മുഖ്യമന്ത്രിമാരുടെ യോഗത്തില്‍ പങ്കെടുക്കാന്‍ കഴിഞ്ഞദിവസം ഡല്‍ഹിയിലെത്തിയ തമിഴ്നാട് മുഖ്യമന്ത്രി കരുണാനിധി കോണ്‍ഗ്രസ് നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയാണ് അന്തിമ ചരടുവലികള്‍ നടത്തിയത്. അഴിമതിയില്‍ മുങ്ങിയ ഡിഎംകെക്ക് തനിച്ച് നിയമസഭാ തെരഞ്ഞെടുപ്പ് നേരിടാന്‍ ധൈര്യമില്ല. ഈ സാഹചര്യത്തില്‍ കോണ്‍ഗ്രസുമായുള്ള സഖ്യം അനിവാര്യമാണ്. വിട്ടുവീഴ്ച എന്ന നിലയ്ക്കാണ് അറസ്റ് അനുവദിച്ചത്.
തമിഴ്നാട് രാഷ്ട്രീയത്തില്‍ വലിയ സ്വാധീനമുള്ള നേതാവല്ല രാജ. പെരുമ്പല്ലൂരിലും ചുറ്റുവട്ടത്തുംമാത്രമാണ് രാജയുടെ സ്വാധീനം. അതുകൊണ്ടുതന്നെ രാജയെ തഴഞ്ഞാല്‍ വലിയ രാഷ്ട്രീയ തിരിച്ചടി ഉണ്ടാകില്ലെന്ന് ഡിഎംകെ കണക്കുകൂട്ടി. ദളിത് നേതാവ് എന്ന രീതിയില്‍ ഉയര്‍ത്തിക്കാട്ടപ്പെട്ടിരുന്നെങ്കിലും അവരുടെ ഇടയിലും രാജയ്ക്ക് സ്വാധീനമില്ല. തന്റെ മക്കളായ അഴഗിരിയും സ്റാലിനും രാജക്കെതിരെ തിരിഞ്ഞതും കരുണാനിധിയെ നടപടിക്ക് പ്രേരിപ്പിച്ചു.
പ്രധാനമന്ത്രിയെയും പാര്‍ടി നേതൃത്വത്തെയും പൂര്‍ണമായും വിശ്വാസത്തിലെടുത്തശേഷമാണ് 2ജി സ്പെക്ട്രം ലൈസന്‍സ് നല്‍കിയതെന്നാണ് രാജ തുടക്കംമുതല്‍ പറഞ്ഞത്. രാജ ഡിഎംകെക്കെതിരെ തിരിഞ്ഞാല്‍ അത് സംസ്ഥാന രാഷ്ട്രീയത്തില്‍ വലിയ കോളിളക്കം ഉണ്ടാക്കും. കഴിഞ്ഞ രണ്ടു മാസമായി രാജ അഴിമതി നടത്തിയിട്ടില്ലെന്ന വന്‍പ്രചാരണമാണ് ഡിഎംകെ നടത്തിയത്. അഴിമതി നടത്തിയിട്ടില്ലെങ്കില്‍ എന്തിനാണ് രാജയെ അറസ്റ് ചെയ്തതെന്ന ചോദ്യം സ്വാഭാവികമായും ഉയരും. വിശ്വസനീയമായ മറുപടി നല്‍കാന്‍ കഴിയാത്തപക്ഷം അത് ഡിഎംകെക്ക് രാഷ്ട്രീയമായ തിരിച്ചടിയുണ്ടാക്കും. രാജയെ അറസ്റ്ചെയ്തത് കണ്ണില്‍ പൊടിയിടാനാണെന്നും യഥാര്‍ഥ അഴിമതി രാജാവ് ഇപ്പോഴും പുറത്താണെന്നുമുള്ള എഐഎഡിഎംകെ നേതാവ് ജയലളിതയുടെ പ്രസ്താവനതന്നെ വരുംദിവസങ്ങളില്‍ സംസ്ഥാന രാഷ്ട്രീയത്തില്‍ ഉയരാനിടയുള്ള രാഷ്ട്രീയയുദ്ധത്തിന്റെ സൂചനയാണ്.
അറസ്റ്റ് നാടകം: ജയലളിത
ചെന്നൈ: തമിഴ്നാട് നിയമസഭാതെരഞ്ഞെടുപ്പ് അടുത്തിരിക്കെ മുഖംരക്ഷിക്കാനുള്ള രാഷ്ട്രീയനാടകം മാത്രമാണ് മുന്‍ കേന്ദ്ര ടെലികോംമന്ത്രി എ രാജയുടെ അറസ്റെന്ന് എഐഎഡിഎംകെ നേതാവ് ജെ ജയലളിത പറഞ്ഞു. ചെന്നൈയില്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അവര്‍. രാജയെ അറസ്റ്ചെയ്തതുകൊണ്ട് ജെപിസി അന്വേഷണം എന്ന ആവശ്യത്തില്‍നിന്ന് തന്റെ പാര്‍ടി പിന്നോട്ടില്ല-ജയലളിത പറഞ്ഞു.
ദേശാഭിമാനി 030211
സര്‍ക്കാരിന് 1.76 ലക്ഷം കോടിരൂപയുടെ നഷ്ടമുണ്ടാക്കിയ 2 ജി സ്പെക്ട്രം അഴിമതി കേസില്‍ മുന്‍ ടെലികോം മന്ത്രിയും ഡിഎംകെ നേതാവുമായ എ രാജയെ സിബിഐ അറസ്റ്റ് ചെയ്തു. അഴിമതി പുറത്തുവന്ന് രണ്ടുവര്‍ഷത്തിനുശേഷമാണ് അറസ്റ്റ്. കേസ് അന്വേഷണത്തില്‍ സുപ്രീംകോടതിയുടെ തുടര്‍ച്ചയായ ഇടപെടലാണ് രാജയുടെ അറസ്റ്റിലേക്ക് നയിച്ചത്. കോടതിയുടെ മേല്‍നോട്ടത്തിലാണ് സിബിഐ അന്വേഷണം. ബുധനാഴ്ച ചോദ്യംചെയ്യാനായി സിബിഐ ആസ്ഥാനത്തേക്ക് വിളിച്ചുവരുത്തിയാണ് അറസ്റ്റ്ചെയ്തത്. രാജയുടെ പേഴ്സണല്‍ സെക്രട്ടറി ആര്‍ കെ ചന്ദോലിയ, മുന്‍ ടെലികോം സെക്രട്ടറി സിദ്ധാര്‍ഥ ബഹൂര എന്നിവരെയും അറസ്റ്റ് ചെയ്തതായി സിബിഐ ആസ്ഥാനത്ത് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ വക്താവ് അനുരാഗ് അറിയിച്ചു. 2 ജി സ്പെക്ട്രം ലൈസന്‍സ് അനുവദിച്ചതില്‍ ക്രമക്കേട് കണ്ടെത്തിയതിനെ തുടര്‍ന്നാണ് അറസ്റ്റെന്നും അനുരാഗ് പറഞ്ഞു.
ReplyDelete2ജി സ്പെക്ട്രം അഴിമതി കേസില്‍ സി ബി ഐ അറസ്റ്റുചെയ്ത മുന്‍ ടെലികോം മന്ത്രി എ. രാജയുടെ രാജി സ്വീകരിക്കില്ലെന്ന് ഡി എം കെ വ്യക്തമാക്കി. പാര്‍ട്ടിയുടെ പ്രചാരണ വിഭാഗം സെക്രട്ടറി സ്ഥനത്തുനിന്നും രാജിവയ്ക്കാന്‍ രാജ സന്നദ്ധത അറിയിച്ചതിനെ തുടര്‍ന്നാണ് പാര്‍ട്ടി ഇതുസംബന്ധിച്ച് തീരുമാനമെടുത്തത്. അറസ്റ്റുചെയ്തതുകൊണ്ടുമാത്രം രാജ കുറ്റക്കാരനല്ലെന്ന് ഡി എം കെ പ്രമേയം പാസാക്കി. ചെന്നൈയില്‍ ചേര്‍ന്ന ഡി എം കെ യുടെ ജനറല്‍ കൗണ്‍സില്‍ യോഗത്തിലാണ് ഇതുസംബന്ധിച്ച് പ്രമേയം പാസാക്കിയത്.
ReplyDelete