കൊല്ലം: അധികാരത്തിലിരിക്കുമ്പോള്‍ ബന്ധുവായ റൌഫിന് പി കെ കുഞ്ഞാലിക്കുട്ടി നല്‍കിയ സഹായം നിയമവിധേയമായിരുന്നുവെന്ന് പ്രതിപക്ഷനേതാവ് ഉമ്മന്‍ചാണ്ടി പറഞ്ഞു. ഏത് സാഹചര്യത്തിലാണെങ്കിലും സ്മാര്‍ട്ട്സിറ്റികരാര്‍ യാഥാര്‍ഥ്യമായതിനെ സ്വാഗതംചെയ്യുന്നതായും ഉമ്മന്‍ചാണ്ടി കൊല്ലത്ത് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. പി കെ കുഞ്ഞാലിക്കുട്ടിക്കെതിരെ ഇപ്പോള്‍ നടക്കുന്ന പ്രചാരണം രാഷ്ട്രീയഗൂഢാലോചനയുടെ ഭാഗമാണെന്ന് പറഞ്ഞ ഉമ്മന്‍ചാണ്ടി ആരാണ് ഗൂഢാലോചനയ്ക്ക് പിന്നിലെന്നത് വ്യക്തമാക്കിയില്ല. കുഞ്ഞാലിക്കുട്ടി സത്യം പറഞ്ഞതിനെ അഭിനന്ദിച്ച തീരുമാനത്തില്‍ ഉറച്ചുനില്‍ക്കുന്നു. മന്ത്രിയാകുമ്പോള്‍ പല കാര്യത്തിനും പലരെയും സഹായിക്കേണ്ടിവരും.
ജുഡീഷ്യറിയുടെ വിശ്വാസ്യത തകര്‍ക്കുന്ന തരത്തിലുള്ള വെളിപ്പെടുത്തലുകളാണ് ഐസ്ക്രീം കേസുമായി ബന്ധപ്പെട്ട് കഴിഞ്ഞദിവസങ്ങളില്‍ പുറത്തുവന്നത്. മാധ്യമങ്ങള്‍ ഇക്കാര്യത്തില്‍ കുറെക്കൂടി ആത്മസംയമനം പാലിക്കണം. ജുഡീഷ്യറിയുടെ വിശ്വാസം നഷ്ടപ്പെടാന്‍ പാടില്ല. അഴിമതി നടത്തുന്നവരെ സംരക്ഷിക്കുന്ന നിലപാട് യുഡിഎഫിന് ഇല്ല.
കുഞ്ഞാലിക്കുട്ടിയില്‍നിന്ന് പൊലീസ് മൊഴിയെടുത്തു
മലപ്പുറം: വധശ്രമ കേസില്‍ മുസ്ളിംലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടിയില്‍നിന്ന് പൊലീസ് മൊഴിയെടുത്തു. വാര്‍ത്താസമ്മേളനത്തില്‍ വെളിപ്പെടുത്തിയ വധഭീഷണി സംബന്ധിച്ച വിവരങ്ങള്‍ പൊലീസിന് കൈമാറി. കുറച്ചുകാലമായി വധഭീഷണിയുണ്ടെന്ന് മൊഴികൊടുത്തതായാണ് വിവരം. ഭീഷണി വന്ന ഫോ കോളുകള്‍ പൊലീസ് പരിശോധിക്കുന്നുണ്ട്. ഈ കേസില്‍ കുഞ്ഞാലിക്കുട്ടി ആരോപിച്ച ബന്ധു കെ എ റൌഫിനെ പൊലീസ് നേരത്തെ ചോദ്യം ചെയ്തിരുന്നു.
മുനീറിന് ഇന്ത്യാവിഷന്‍ ശമ്പളംഅരലക്ഷം
മലപ്പുറം: ഇന്ത്യാവിഷന്‍ ചാനലിന്റെ ചെയര്‍മാന്‍ പദവി ആലങ്കാരികമാണെന്ന എം കെ മുനീറിന്റെ വാദം പൊളിയുന്നു. ചാനലിന്റെ വാര്‍ഷിക റിപ്പോര്‍ട്ടുപ്രകാരം മുനീര്‍ പ്രതിഫലം പറ്റുന്ന ചെയര്‍മാനാണ്. പ്രതിമാസം അരലക്ഷംരൂപ പ്രകാരം ആറ് ലക്ഷം രൂപ അദ്ദേഹം കൈപ്പറ്റിയതായി കഴിഞ്ഞ മാര്‍ച്ച് 31ന് പുറത്തിറക്കിയ ബാലന്‍സ് ഷീറ്റിലുണ്ട്. മുനീര്‍ ചെയര്‍മാന്‍ കം മാനേജിങ് ഡയറക്ടറാണ്. ഇന്ത്യന്‍ കമ്പനീസ് ആക്ട് പ്രകാരം മാനേജിങ് ഡയറക്ടര്‍ക്കാണ് ഭരണനിര്‍വഹണ ചുമതല. മുനീറിന് കമ്പനി ചെലവില്‍ കാറും വീടുമുണ്ട്.
രാജി പിന്‍വലിക്കാന്‍ മുനീറില്‍ സമ്മര്‍ദം
മലപ്പുറം: സെക്രട്ടറിസ്ഥാനം രാജിവച്ച് കത്ത് നല്‍കിയ എം കെ മുനീറിനെ പിന്തിരിപ്പിക്കാന്‍ മുസ്ളിംലീഗില്‍ അടിയന്തരശ്രമം തുടങ്ങി. സംസ്ഥാന പ്രസിഡന്റ് പാണക്കാട് ഹൈദരലി ശിഹാബ്തങ്ങള്‍ക്ക് രാജിക്കത്ത് നല്‍കിയ മുനീറിനെ പി കെ കുഞ്ഞാലിക്കുട്ടി ഒഴികെയുള്ള നേതാക്കള്‍ ബന്ധപ്പെട്ടു. പാര്‍ടി ഗുരുതരമായ പ്രതിസന്ധിയിലൂടെ കടന്നുപോകുമ്പോള്‍ പെട്ടെന്നുള്ള തീരുമാനങ്ങള്‍ എടുക്കരുതെന്ന് പാണക്കാട് തങ്ങള്‍ മുനീറിനോട് ആവശ്യപ്പെട്ടു. സമുദായ നേതാക്കളില്‍ ചിലര്‍ വഴി മുനീറിനെ അനുനയിപ്പിക്കാനും ശ്രമമുണ്ട്. അതിനിടെ ചില നേതാക്കള്‍ മുനീറിന് പൂര്‍ണ പിന്തുണ വാഗ്ദാനം ചെയ്തു. ലീഗ് ആരുടെയും സ്വന്തമല്ലെന്നും പാര്‍ടിയില്‍നിന്നു പൊരുതാന്‍ എല്ലാ പിന്തുണയും നല്‍കുമെന്നും മുനീറിനോട് അവര്‍ പറഞ്ഞു. പാര്‍ടി പ്രവര്‍ത്തകരും മുനീറിന്റെ വീട്ടിലെത്തി പിന്തുണ അറിയിച്ചു.
ശനിയാഴ്ച ജില്ലയിലെത്തുന്ന മോചനയാത്രയില്‍ മുനീര്‍ പങ്കെടുക്കാതിരിക്കുമോയെന്ന ആശങ്ക യുഡിഎഫിനുണ്ട്. ഇതിനിടെ, ഇന്ത്യാവിഷനെതിരെ ലീഗില്‍ പടയൊരുക്കം തുടങ്ങി. ഇതിന്റെ ഭാഗമായി ലീഗ് നിയന്ത്രണത്തിലുള്ള പ്രവാസി സംഘടനയായ വിവിധ കെഎംസിസികളുടെ ഭാരവാഹികള്‍ കോഴിക്കോട് വാര്‍ത്താസമ്മേളനം നടത്തി. എം കെ മുനീറിന് ഇന്ത്യാവിഷന്‍ ചാനലില്‍ എഡിറ്റോറിയല്‍ ബോര്‍ഡിന്റെ കൂടി പൂര്‍ണ ചുമതലയുണ്ടാവണമെന്നും അതിന് എത്ര കോടി രൂപ മുതല്‍ മുടക്കാനും തയാറാണെന്നും അവര്‍ പറഞ്ഞു. മുസ്ളിംലീഗിന് ഗുണമുണ്ടാകുമെന്ന പ്രതീക്ഷയോടെയാണ് ഇന്ത്യാവിഷനില്‍ മുതല്‍മുടക്കിയത്. എന്നാല്‍ കുഞ്ഞാലിക്കുട്ടിയെയും ലീഗിനെയും എതിര്‍ക്കുകയാണ് ഈ ചാനല്‍. ഇനി ഇത് തുടരാന്‍ അനുവദിക്കില്ല. താമസിയാതെ ചാനലിന്റെ ഓഹരിയുടമകളുടെ യോഗം കേരളത്തിലും ഗള്‍ഫ്നാടുകളിലും വിളിച്ചുകൂട്ടും.
ദേശാഭിമാനി 030211
അധികാരത്തിലിരിക്കുമ്പോള്‍ ബന്ധുവായ റൌഫിന് പി കെ കുഞ്ഞാലിക്കുട്ടി നല്‍കിയ സഹായം നിയമവിധേയമായിരുന്നുവെന്ന് പ്രതിപക്ഷനേതാവ് ഉമ്മന്‍ചാണ്ടി പറഞ്ഞു
ReplyDelete