Thursday, February 3, 2011

പ്രധാനമന്ത്രിക്ക് ഒഴിഞ്ഞുമാറാനാകില്ല

മുന്‍ ടെലികോംമന്ത്രി എ രാജയുടെ അറസ്റോടെ സ്പെക്ട്രം ലൈസന്‍സ് അനുവദിച്ചതില്‍ അഴിമതിയില്ലെന്ന കേന്ദ്രസര്‍ക്കാരിന്റെയും കോണ്‍ഗ്രസിന്റെയും വാദം പൊളിഞ്ഞു. ബജറ്റ് സമ്മേളനത്തിനു മുന്നോടിയായി പ്രധാനമന്ത്രിയെ സംരക്ഷിക്കുകയെന്ന ലക്ഷ്യത്തോടെയാണ് അറസ്റെങ്കിലും ഇടപാടില്‍ അഴിമതി നടന്നില്ലെന്നു വാദിക്കാന്‍ ഇനി കോണ്‍ഗ്രസിനാകില്ല. ജനങ്ങളുടെ കണ്ണില്‍ പൊടിയിടാന്‍ മാത്രമാണ് രാജയുടെ അറസ്റ്. പാര്‍ലമെന്റിന്റെ ബജറ്റ് സമ്മേളനവും ആറ് സംസ്ഥാനത്ത് നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പും മുന്നില്‍ കണ്ടുള്ള നാടകമാണ് ഇതെന്നും വിലയിരുത്തുന്നു.

സ്പെക്ട്രം ഇടപാടില്‍ അഴിമതി നടന്നിട്ടില്ലെന്ന വാദം ആദ്യമായി മുന്നോട്ടുവച്ചത് പ്രധാനമന്ത്രി മന്‍മോഹന്‍സിങ്ങായിരുന്നു. മുന്‍ എന്‍ഡിഎ സര്‍ക്കാരിന്റെ ടെലികോംനയം പിന്തുടരുക മാത്രമാണ് രാജ ചെയ്തതെന്നായിരുന്നു പ്രധാനമന്ത്രി അവകാശപ്പെട്ടത്. 2010 മെയ് 24ന് ഡല്‍ഹിയില്‍ നടത്തിയ ദേശീയ വാര്‍ത്താസമ്മേളനത്തിലാണ് പ്രധാനമന്ത്രി രാജയുടെ നടപടികളെ ന്യായീകരിച്ചത്. സ്പെക്ട്രം ഇടപാടില്‍ കോടികളുടെ അഴിമതി നടന്നെന്ന് സിപിഐ എമ്മും മറ്റു പ്രതിപക്ഷ പാര്‍ടികളും വാദിക്കുന്ന ഘട്ടത്തിലായിരുന്നു രാജയെ ന്യായീകരിച്ച് പ്രധാനമന്ത്രി രംഗത്തുവന്നത്. ഇടപാടില്‍ സര്‍ക്കാരിന് 1.76 ലക്ഷം കോടി രൂപയുടെ നഷ്ടം സംഭവിച്ചെന്ന് സിഎജി ചൂണ്ടിക്കാട്ടിയതുമുതല്‍ പ്രധാനമന്ത്രി മൌനത്തിലായി. പ്രതിപക്ഷ സമ്മര്‍ദം ശക്തമായതോടെ രാജ രാജിവയ്ക്കുകയായിരുന്നു. രാജിവച്ചതിനുശേഷവും രാജയെ പിന്തുണയ്ക്കുന്ന സ്പെക്ട്രം ഇടപാടില്‍ സംയുക്ത പാര്‍ലമെന്ററി സമിതി അന്വേഷണം ആവശ്യപ്പെട്ടുള്ള പ്രതിപക്ഷ പ്രക്ഷോഭത്തില്‍ പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനം പൂര്‍ണമായി സ്തംഭിച്ചതോടെ സര്‍ക്കാര്‍ വീണ്ടും പ്രതിരോധത്തിലായി. മാത്രമല്ല, സ്പെക്ട്രം ഇടപാടിലെ ഓരോ ഘട്ടവും പ്രധാനമന്ത്രിയുടെ അറിവോടെയായിരുന്നെന്ന് എ രാജ ആവര്‍ത്തിച്ച് പറഞ്ഞതോടെ മന്‍മോഹന്‍സിങ്ങിന്റെ നില കൂടുതല്‍ പരുങ്ങലിലായി. അഴിമതി നടക്കുന്നതായി വ്യക്തമായിട്ടും പ്രധാനമന്ത്രി എന്തുകൊണ്ട് മൌനം പാലിച്ചെന്ന പ്രതിപക്ഷ ചോദ്യത്തിന് സര്‍ക്കാരിന് മറുപടിയില്ലായിരുന്നു.

ഇതിനിടയില്‍ സിഎജിയെത്തന്നെ ആക്രമിക്കുകയെന്ന പുതിയ തന്ത്രത്തിലേക്ക് കോണ്‍ഗ്രസ് ചുവടുമാറ്റി. രാജയ്ക്ക് പിന്‍ഗാമിയായി ടെലികോംവകുപ്പിലെത്തിയ കബില്‍ സിബല്‍തന്നെയാണ് ഈ ദൌത്യം ഏറ്റെടുത്തത്. സിഎജിയുടെ കണ്ടെത്തലുകള്‍ തെറ്റാണെന്നും സ്പെക്ട്രം ഇടപാടില്‍ സര്‍ക്കാരിന് നഷ്ടമുണ്ടായില്ലെന്നും സിബല്‍ അവകാശപ്പെട്ടു. സിഎജി വിനോദ്റായ് തന്റെ കണ്ടെത്തലില്‍ ഉറച്ചുനിന്നതോടെ കോണ്‍ഗ്രസ് വീണ്ടും നാണംകെട്ടു. സിഎജിയെ ഭീഷണിപ്പെടുത്തുന്നത് മന്ത്രി അവസാനിപ്പിക്കണമെന്ന തരത്തില്‍ സുപ്രീംകോടതിക്ക് പറയേണ്ടി വന്നു. മന്ത്രിയുടെ പ്രസ്താവനകള്‍ അന്വേഷണത്തെ ബാധിക്കരുതെന്നുകൂടി കോടതി നിര്‍ദേശിച്ചതോടെ സിബലിനും മിണ്ടാട്ടമില്ലാതായി.

രാജയെ അറസ്റുചെയ്തെങ്കിലും ജെപിസി അന്വേഷണ ആവശ്യത്തില്‍ മാറ്റമുണ്ടാകില്ലെന്ന് പ്രതിപക്ഷം വ്യക്തമാക്കിയിട്ടുണ്ട്. ഈസാഹചര്യത്തില്‍ യുപിഎ സര്‍ക്കാര്‍ കൂടുതല്‍ പ്രതിസന്ധിയിലേക്കാണ് നീങ്ങുന്നത്. സ്പെക്ട്രം ഇടപാടിന്റെ എല്ലാ ഉത്തരവാദിത്തവും രാജയുടെ മേല്‍ കെട്ടിവച്ച് രക്ഷപ്പെടാമെന്നാണ് കോണ്‍ഗ്രസിന്റെ പ്രതീക്ഷ. രാജ്യം കണ്ട ഏറ്റവും വലിയ അഴിമതിക്ക് മൌനാനുവാദം നല്‍കിയത് പ്രധാനമന്ത്രിയാണ്. ഇതാണ് ജെപിസി ചര്‍ച്ചകളിലൂടെ ഇനി സജീവമാകുക. അഴിമതി വ്യക്തമാവുകയും നേതൃത്വം നല്‍കിയ മന്ത്രി അറസ്റിലാവുകയും ചെയ്തതോടെ പ്രധാനമന്ത്രിക്ക് മൌനം തുടരുക ബുദ്ധിമുട്ടാണ്. പാര്‍ലമെന്റിന്റെ പബ്ളിക് അക്കൌണ്ട്സ് കമ്മിറ്റി മുമ്പാകെ ഹാജരാകാന്‍ പ്രധാനമന്ത്രി സന്നദ്ധത അറിയിച്ചിട്ടുണ്ടെങ്കിലും പ്രതിപക്ഷം തൃപ്തരല്ല. എന്തായാലും ബജറ്റ് സമ്മേളനത്തിലും സ്പെക്ട്രം അഴിമതിതന്നെയാകും നിറഞ്ഞുനില്‍ക്കുക.
(എം പ്രശാന്ത്)

അഴിമതി നടന്നില്ലെങ്കില്‍ അറസ്റ്റ് എന്തിന്: കാരാട്ട്

ന്യൂഡല്‍ഹി: 2ജി സ്പെക്ട്രം ലൈസന്‍സ് വിതരണത്തില്‍ അഴിമതി നടന്നിട്ടില്ലെങ്കില്‍ സിബിഐ രാജയെ അറസ്റുചെയ്തത് എന്തിനാണെന്ന് കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കണമെന്ന് സിപിഐ എം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് ആവശ്യപ്പെട്ടു. ഇടപാടില്‍ നഷ്ടമുണ്ടായില്ലെന്ന ടെലികോംമന്ത്രി കപില്‍ സിബലിന്റെ പ്രസ്താവന വന്‍ അഴിമതി മൂടിവയ്ക്കാനുള്ള ബോധപൂര്‍വമായ ശ്രമത്തിന്റെ ഭാഗമാണെന്നും കാരാട്ട് പറഞ്ഞു.

deshabhimani 030211

1 comment:

  1. മുന്‍ ടെലികോംമന്ത്രി എ രാജയുടെ അറസ്റോടെ സ്പെക്ട്രം ലൈസന്‍സ് അനുവദിച്ചതില്‍ അഴിമതിയില്ലെന്ന കേന്ദ്രസര്‍ക്കാരിന്റെയും കോണ്‍ഗ്രസിന്റെയും വാദം പൊളിഞ്ഞു. ബജറ്റ് സമ്മേളനത്തിനു മുന്നോടിയായി പ്രധാനമന്ത്രിയെ സംരക്ഷിക്കുകയെന്ന ലക്ഷ്യത്തോടെയാണ് അറസ്റെങ്കിലും ഇടപാടില്‍ അഴിമതി നടന്നില്ലെന്നു വാദിക്കാന്‍ ഇനി കോണ്‍ഗ്രസിനാകില്ല. ജനങ്ങളുടെ കണ്ണില്‍ പൊടിയിടാന്‍ മാത്രമാണ് രാജയുടെ അറസ്റ്. പാര്‍ലമെന്റിന്റെ ബജറ്റ് സമ്മേളനവും ആറ് സംസ്ഥാനത്ത് നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പും മുന്നില്‍ കണ്ടുള്ള നാടകമാണ് ഇതെന്നും വിലയിരുത്തുന്നു.

    ReplyDelete