Wednesday, February 16, 2011

സണ്‍ ടിവിയില്‍ ശതകോടികളുടെ എയര്‍ സെല്‍ നിക്ഷേപം

ന്യൂഡല്‍ഹി: സ്‌പെക്ട്രം ലൈസന്‍സ് ലഭിച്ച കമ്പനി മാരന്‍ കുടുംബത്തിന്റെ ഉടമസ്ഥതയിലുള്ള സണ്‍ ടി വിയില്‍ നടത്തിയ വന്‍നിക്ഷേപം ഡി എം കെയെ പ്രതികൂട്ടിലാക്കുന്നു. ഡി എം കെ നേതാവായ ദയാനിധി മാരന്‍ ടെലികോം മന്ത്രിയായിരിക്കെയാണ് മലേഷ്യന്‍ കോടീശ്വരന്‍ ടി അനന്തകൃഷ്ണന്റെ നേതൃത്വത്തിലുള്ള എയര്‍ സെല്ലിന് സ്‌പെക്ട്രം ലൈസന്‍സ് ലഭിച്ചത്. സ്‌പെക്ട്രം ലഭിച്ച് നാലു മാസത്തിനകം സണ്‍ ടി വിയുടെ ഡി ടി എച്ച് സംരംഭത്തില്‍ എയര്‍ സെല്ലിന്റെ സഹോദര സ്ഥാപനമായ ആസ്‌ട്രോ 675 കോടി നിക്ഷേപമിറക്കി. ടെലികോം നയത്തിലെ പാളിച്ചകളെക്കുറിച്ച് അന്വേഷിച്ച ജസ്റ്റിസ് ശിവരാജ് പാട്ടീല്‍ റിപ്പോര്‍ട്ടിലാണ് ഈ കണ്ടെത്തലുകളുള്ളത്.

സ്‌പെക്ട്രം ലഭിക്കാന്‍ 2004ല്‍ തന്നെ അപേക്ഷ നല്‍കിയെങ്കിലും പല കാരണങ്ങളാല്‍ ടെലികോം വകുപ്പ് ഇതു വൈകിപ്പിക്കുകയായിരുന്നെന്ന് റിപ്പോര്‍ട്ടില്‍ കണ്ടെത്തിയിട്ടുണ്ട്. രണ്ടു സര്‍ക്കിളുകളിലെ പ്രവര്‍ത്തനത്തിന് 2004 ഏപ്രിലിലും അഞ്ചു സര്‍ക്കിളുകളിലെ പ്രവര്‍ത്തനത്തിന് അടുത്ത വര്‍ഷം മാര്‍ച്ചിലുമാണ് പിന്നീട് എയര്‍ സെല്‍ ആയി മാറിയ ഡിഷ്‌നെറ്റ് വയര്‍സെല്‍ അപേക്ഷ നല്‍കിയത്. ടെലികോം വകുപ്പിന്റെ അന്നത്തെ ചട്ടങ്ങള്‍ അനുസരിച്ച് ഒരു മാസത്തിനകം തന്നെ ഈ അപേക്ഷകളില്‍ തീര്‍പ്പുകല്‍പ്പിക്കാമായിരുന്നു. എന്നാല്‍ മന്ത്രിയുടെ ഓഫീസീല്‍നിന്നുള്ള പ്രത്യേക നിര്‍ദേശ പ്രകാരം ഡിഷ്‌നെറ്റിനു ലൈസന്‍സ് നല്‍കുന്നത് വൈകിപ്പിക്കുകയായിരുന്നു. അപ്രസക്തവും അവ്യക്തവുമായ വിശദീകരണങ്ങള്‍ ആരാഞ്ഞുകൊണ്ടായിരുന്നു ടെലികോം വകുപ്പിന്റെ നടപടി. സ്‌പെക്ട്രം ലൈസന്‍സ് നല്‍കുന്നതുമായി ബന്ധമില്ലാത്ത കാര്യങ്ങള്‍ ചൂണ്ടിക്കാട്ടിയായിരുന്നു ഡിഷ്‌നെറ്റിന്റെ ലൈസന്‍സ് അധികൃതര്‍ വൈകിച്ചത്.

സ്‌പെക്ട്രം: കപില്‍ സിബലിന്റെ വാദത്തിനെതിരെ സി ബി ഐ ഡയറക്ടര്‍

ന്യൂഡല്‍ഹി: സ്‌പെക്ട്രം കേസില്‍ കേന്ദ്രസര്‍ക്കാരിന് നഷ്ടമൊന്നും ഉണ്ടായിട്ടില്ലെന്ന ടെലികോം മന്ത്രി  കപില്‍ സിബലിന്റെ പ്രസ്താവനയ്‌ക്കെതിരെ സി ബി ഐ ഡയറക്ടര്‍ എ പി സിംഗ് പി എ സി മുമ്പാകെ മൊഴി നല്‍കി. കേസില്‍ നഷ്ടമുണ്ടായിട്ടില്ലെന്ന മന്ത്രിയുടെ പ്രസ്താവനയ്ക്കു വിരുദ്ധമായാണ് സിംഗ് മൊഴി നല്‍കിയതെന്ന് പി എ സി ചെയര്‍മാന്‍ മുരളീ മനോഹര്‍ ജോഷി പറഞ്ഞു. 22000 കോടി രൂപ നഷ്ടമുണ്ടായന്നാണ് സി ബി ഐ ഫയല്‍ ചെയ്ത് പ്രഥമ വിവര റിപ്പോര്‍ട്ടില്‍ പറയുന്നത്.  നഷ്ടം കണക്കാക്കാന്‍ സിബി ഐ ഉപയോഗിച്ച രീതിയെ കുറിച്ചും സിംഗ് കമ്മിറ്റി മുമ്പാകെ മൊഴി നല്‍കി. കൃത്യമായ നഷ്ടത്തെ കുറിച്ച് പറയാന്‍ കഴിയില്ലെന്ന് പറഞ്ഞ സിംഗ് ഇടപാടിന് പിന്നിലെ ക്രിമിനല്‍ ഗൂഡാലോചന പുറത്ത് കൊണ്ടുവരാനാണ് സി ബി ഐ ശ്രമിക്കുന്നതെന്നും പറഞ്ഞു. 

മുന്‍ മന്ത്രി അരുണ്‍ ഷൂരിയെ കമ്മിറ്റി വിളിപ്പിക്കുമോയെന്ന ചോദ്യത്തിന് അദ്ദേഹത്തെ സി ബി ഐ ചോദ്യം ചെയ്യാനായി വിളിപ്പിച്ചിട്ടുണ്ടെന്ന് കമ്മിറ്റി ചെയര്‍മാന്‍ പറഞ്ഞു.

janayugom 160211

1 comment:

  1. സ്‌പെക്ട്രം ലൈസന്‍സ് ലഭിച്ച കമ്പനി മാരന്‍ കുടുംബത്തിന്റെ ഉടമസ്ഥതയിലുള്ള സണ്‍ ടി വിയില്‍ നടത്തിയ വന്‍നിക്ഷേപം ഡി എം കെയെ പ്രതികൂട്ടിലാക്കുന്നു. ഡി എം കെ നേതാവായ ദയാനിധി മാരന്‍ ടെലികോം മന്ത്രിയായിരിക്കെയാണ് മലേഷ്യന്‍ കോടീശ്വരന്‍ ടി അനന്തകൃഷ്ണന്റെ നേതൃത്വത്തിലുള്ള എയര്‍ സെല്ലിന് സ്‌പെക്ട്രം ലൈസന്‍സ് ലഭിച്ചത്. സ്‌പെക്ട്രം ലഭിച്ച് നാലു മാസത്തിനകം സണ്‍ ടി വിയുടെ ഡി ടി എച്ച് സംരംഭത്തില്‍ എയര്‍ സെല്ലിന്റെ സഹോദര സ്ഥാപനമായ ആസ്‌ട്രോ 675 കോടി നിക്ഷേപമിറക്കി. ടെലികോം നയത്തിലെ പാളിച്ചകളെക്കുറിച്ച് അന്വേഷിച്ച ജസ്റ്റിസ് ശിവരാജ് പാട്ടീല്‍ റിപ്പോര്‍ട്ടിലാണ് ഈ കണ്ടെത്തലുകളുള്ളത്.

    ReplyDelete