2 ജി സ്‌പെക്ട്രം ഇടപാടില്‍ അഴിമതി നടന്നുവെന്ന് സ്ഥിരീകരിച്ചുകൊണ്ട് സി ബി ഐ മുന്‍ ടെലികോം മന്ത്രി ഏ രാജയെയും അദ്ദേഹത്തിന്റെ പേഴ്‌സണല്‍ സെക്രട്ടറിയായിരുന്ന ആര്‍ കെ ചന്ദോലിയയെയും ടെലികോം സെക്രട്ടറിയായിരുന്ന സിദ്ധാര്‍ഥ ബഹൂരയെയും അറസ്റ്റ് ചെയ്തിരിക്കുന്നു. രാജ്യത്തെയാകെ ഞെട്ടിപ്പിച്ച വന്‍ കുംഭകോണമാണ് രണ്ടാം തലമുറ സ്‌പെക്ട്രം ഇടപാടില്‍ അരങ്ങേറിയത്. ഒരു ലക്ഷത്തി എഴുപത്തി ആറായിരം കോടി രൂപ ഖജനാവിന് നഷ്ടംവരുത്തിയ ഇടപാടാണിതെന്ന് സി എ ജി കണ്ടെത്തിയിരുന്നു. തങ്ങള്‍ക്ക് ഇഷ്ടമുള്ള കമ്പനികള്‍ക്ക് സ്‌പെക്ട്രം ഇടപാടില്‍ മേല്‍ക്കൈ നേടാന്‍ കഴിയുന്ന നിലയിലുള്ള അതിഗൂഢ പ്രവര്‍ത്തനങ്ങള്‍ക്കാണ് എ രാജയും യു പി എ സര്‍ക്കാരും നേതൃത്വം നല്‍കിയത്. ടെന്‍ഡര്‍ സമര്‍പ്പിക്കേണ്ട തീയതിയില്‍ പൊടുന്നനെ മാറ്റം വരുത്തുക, ആദ്യം അപേക്ഷ നല്‍കിയവര്‍ക്ക് ആദ്യം എന്ന നിബന്ധന സൃഷ്ടിക്കുക തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ രാജയുടെ അറിവോടെയായിരുന്നു. അഴിമതിയും ഗൂഢാലോചനയും നടത്തി എന്ന് ചോദ്യം ചെയ്യലിലും വ്യക്തമായതോടെയാണ് ഇന്നലെ സി ബി ഐ രാജയെ അറസ്റ്റ് ചെയ്തത്.
പക്ഷേ രാജയുടെ അറസ്റ്റുകൊണ്ടുമാത്രം കാര്യങ്ങള്‍ അവസാനിക്കുന്നില്ല. 2 ജി സ്‌പെക്ട്രം ഇടപാടുമായി ബന്ധപ്പെട്ട ഓരോ കാര്യങ്ങളും അതാതു സമയത്തു തന്നെ പ്രധാനമന്ത്രി അറിഞ്ഞിരുന്നുവെന്ന് എ രാജ ആവര്‍ത്തിച്ചു വെളിപ്പെടുത്തിയിരുന്നു. എന്നാല്‍ ഇക്കാര്യങ്ങള്‍ തനിക്കറിയില്ലെന്നോ രാജ തന്നെ അറിയിച്ചില്ലെന്നോ ഈ നിമിഷം വരെ മന്‍മോഹന്‍സിംഗ് വ്യക്തമാക്കിയിട്ടില്ല. മൗനം കൊണ്ട് ഈ ആക്ഷേപത്തെ അതിജീവിക്കുവാന്‍ കഴിയുമെന്ന തെറ്റിദ്ധാരണയിലാണ് അദ്ദേഹം കഴിഞ്ഞുകൂടുന്നത്. അത് മാത്രമേ അദ്ദേഹത്തിനു മുന്നില്‍ വഴിയുള്ളൂ എന്നതാണ് വസ്തുത.
2007-08 കാലത്തു നടന്ന സ്‌പെക്ട്രം ഇടപാടില്‍ വ്യാപകമായ അഴിമതി നടന്നുവെന്ന് നേരത്തേ തന്നെ പ്രധാനമന്ത്രിയുടെ ശ്രദ്ധയില്‍ പെടുത്തിയിരുന്നതാണ്. ലോക്‌സഭയിലെ സി പി ഐ കക്ഷിനേതാവ് ഗുരുദാസ് ദാസ് ഗുപ്തയും ഡപ്യൂട്ടി ജനറല്‍ സെക്രട്ടറി സുധാകര്‍ റെഡ്ഢിയും ഇക്കാര്യത്തെക്കുറിച്ച് രേഖകളോടെ പ്രധാനമന്ത്രിക്ക് കത്തെഴുതിയിരുന്നു. നിസ്സംഗ സമീപനമായിരുന്നു അദ്ദേഹം സ്വീകരിച്ചത്. ഇടതുപാര്‍ട്ടികള്‍ അടക്കമുള്ള പ്രതിപക്ഷ കക്ഷികള്‍ ഈ വിഷയം പാര്‍ലമെന്റില്‍ ഉന്നയിച്ചപ്പോഴും പ്രധാനമന്ത്രിയുടെയും കോണ്‍ഗ്രസ് പാര്‍ട്ടിയുടെയും സമീപനത്തില്‍ മാറ്റമുണ്ടായിരുന്നില്ല. സി എ ജി റിപ്പോര്‍ട്ടിലൂടെ വസ്തുതകള്‍ വ്യക്തമാക്കപ്പെട്ടപ്പോഴും രാജയെ സംരക്ഷിക്കുകയും മന്ത്രിസ്ഥാനത്ത് നിലനിര്‍ത്തുകയുമാണ് മന്‍മോഹന്‍സിംഗും കോണ്‍ഗ്രസ് പാര്‍ട്ടിയും യു പി എയും ചെയ്തത്.
സ്‌പെക്ട്രം ഇടപാട് സുപ്രിംകോടതിയിലെത്തിയപ്പോഴും കേന്ദ്രസര്‍ക്കാരിന്റെ സമീപനം മറ്റൊന്നായിരുന്നില്ല. സുപ്രിംകോടതി പലയാവര്‍ത്തി കേന്ദ്രസര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ചു. രാജ്യത്തെ ഞെട്ടിപ്പിക്കുന്ന അഴിമതി നടത്തിയ ഒരാള്‍ എന്തുകൊണ്ട് സംരക്ഷിക്കപ്പെടുന്നു എന്നുപോലും സുപ്രിംകോടതി ചോദിച്ചു. സി എ ജി റിപ്പോര്‍ട്ട് മുന്‍നിര്‍ത്തി പ്രതിപക്ഷം പാര്‍ലമെന്റിനുള്ളിലും പുറത്തും പ്രക്ഷോഭം ശക്തിപ്പെടുത്തുകയും സുപ്രിംകോടതിയുടെ നിരന്തര വിമര്‍ശനങ്ങള്‍ ഉണ്ടാവുകയും ചെയ്തപ്പോഴാണ് സര്‍ക്കാര്‍ സി ബി ഐ അന്വേഷണത്തിന് സന്നദ്ധമായത്.
രാജയെ രാജിവെയ്പ്പിച്ചതും ഇപ്പോള്‍ അറസ്റ്റു ചെയ്തതും അഴിമതിക്കെതിരായ തങ്ങളുടെ പോരാട്ടത്തിന്റെ പ്രതിഫലനമാണെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ അധരവ്യായാമം നടത്തുന്നു. ആരിലും പരിഹാസം ജനിപ്പിക്കുന്ന പ്രസ്താവനയാണിത്. അവസാന നിമിഷം വരെ രാജയെ സംരക്ഷിക്കുകയും ടെലികോം കുംഭകോണത്തെക്കുറിച്ച് ഇതുവരെ വ്യക്തതയോടെ പ്രതികരിക്കാതിരിക്കുകയും ചെയ്യുന്നവരാണ് ഇത്തരം അസത്യ പ്രസ്താവനകള്‍ നടത്തുന്നത്. രാജ രാജിവെയ്ക്കാന്‍ നിര്‍ബന്ധിതനാവുകയായിരുന്നു എന്ന് ഏവര്‍ക്കുമറിയാം.
സി ബി ഐ അന്വേഷണത്തെക്കുറിച്ചും സുപ്രിംകോടതിയില്‍ നിന്ന് കടുത്ത വിമര്‍ശനമുണ്ടായി. എഫ് ഐ ആറില്‍ ആരുടെയും പേര് പരാമര്‍ശിക്കാതിരുന്നതും രാജയെ ചോദ്യം ചെയ്യാതിരുന്നതും സുപ്രിംകോടതിയുടെ വിമര്‍ശനത്തിന് കാരണമായി. അതിന്റെ ഫലമായാണ് രാജയെ ചോദ്യം ചെയ്തതും റെയ്ഡ് നടത്തിയതും ഇപ്പോള്‍ അറസ്റ്റു ചെയ്തതും.
ഈ കൊടിയ കുംഭകോണത്തെക്കുറിച്ച് വിശദമായ അന്വേഷണം അനിവാര്യമായതുകൊണ്ടാണ് സംയുക്ത പാര്‍ലമെന്ററി സമിതിയുടെ അന്വേഷണം പ്രതിപക്ഷം ആവശ്യപ്പെട്ടത്. പ്രധാനമന്ത്രിയുടെ ഓഫീസിന് ഇടപാടുകളെ സംബന്ധിച്ച് എല്ലാം അറിയാമായിരുന്നുവെന്ന ആക്ഷേപം ഉയര്‍ന്നുവന്ന സാഹചര്യത്തില്‍ പ്രത്യേകിച്ചും ജെ പി സി അന്വേഷണം നടത്തേണ്ടതാണ്. പക്ഷേ ജെ പി സി അന്വേഷണത്തെ കോണ്‍ഗ്രസ് ഭയപ്പെടുന്നു. ആ ഭയത്തിനു പിന്നിലുള്ള കാരണം വ്യക്തമല്ലാത്തതുകൊണ്ടു തന്നെ ദുരൂഹത വര്‍ധിക്കുകയാണ്.
സി എ ജി റിപ്പോര്‍ട്ടില്‍ പറയുന്നത് വസ്തുതയല്ലെന്നും സ്‌പെക്ട്രം ഇടപാടില്‍ ഖജനാവിന് നഷ്ടമൊന്നുമുണ്ടായിട്ടില്ലെന്നും രാജയുടെ രാജിക്കുശേഷം ടെലികോം വകുപ്പിന്റെ ചുമതലക്കാരനായ കേന്ദ്രമന്ത്രി കപില്‍ സിബല്‍ പ്രഖ്യാപിക്കുകയുണ്ടായി. സ്‌പെക്ട്രം കുംഭകോണത്തില്‍ കോണ്‍ഗ്രസിന്റെയും കേന്ദ്രസര്‍ക്കാരിന്റെയും നിലപാട് വ്യക്തമാക്കുന്നതാണ് കപില്‍ സിബലിന്റെ പ്രസ്താവന. കപില്‍ സിബലോ കോണ്‍ഗ്രസ് പാര്‍ട്ടിയോ ഇതുവരെ ആ പ്രസ്താവന നിഷേധിച്ചിട്ടുമില്ല.
അഴിമതിയും ഗൂഢാലോചനയും നടത്തി എന്ന് ചോദ്യം ചെയ്യലില്‍ തെളിഞ്ഞതിനെ തുടര്‍ന്ന് രാജ അറസ്റ്റിലാവുമ്പോള്‍ അഴിമതിയില്‍ മുങ്ങിക്കുളിച്ചു നില്‍ക്കുന്ന മന്‍മോഹന്‍സിംഗ് സര്‍ക്കാരിന്റെ കളങ്കം വര്‍ധിക്കുകയാണ്. ദേശീയ ഗെയിംസുമായി ബന്ധപ്പെട്ട അഴിമതിയും ആദര്‍ശ് ഫഌറ്റ് കുംഭകോണവും ഇതുപോലെ തന്നെ കോടാനുകോടി രൂപയുടെ ഇടപാടുകളാണ്.
സ്‌പെക്ട്രം ഇടപാടിന്റെ ശരിയായ ചിത്രം വ്യക്തമാക്കപ്പെടേണ്ടതുണ്ട്. നീരാ റാഡിയയുടെ സംഭാഷണങ്ങള്‍ പുറത്തുവന്നതോടെ ഇടപാടിലെ സങ്കീര്‍ണതകള്‍ ഏറി. കുത്തകകള്‍, ഇടനിലക്കാര്‍, ഉന്നത ഉദ്യോഗസ്ഥര്‍, മാധ്യമ പ്രതിനിധികള്‍ എന്നിവര്‍ക്കെല്ലാമുള്ള ബന്ധം ശരിയായ അന്വേഷണത്തിലൂടെ മാത്രമേ പുറത്തുവരൂ. രാജയുടെ അറസ്റ്റ് അതിന്റെ തുടക്കം മാത്രമാണ്.
janayugom editorial 030211
രാജയുടെ അറസ്റ്റുകൊണ്ടുമാത്രം കാര്യങ്ങള്‍ അവസാനിക്കുന്നില്ല. 2 ജി സ്‌പെക്ട്രം ഇടപാടുമായി ബന്ധപ്പെട്ട ഓരോ കാര്യങ്ങളും അതാതു സമയത്തു തന്നെ പ്രധാനമന്ത്രി അറിഞ്ഞിരുന്നുവെന്ന് എ രാജ ആവര്‍ത്തിച്ചു വെളിപ്പെടുത്തിയിരുന്നു. എന്നാല്‍ ഇക്കാര്യങ്ങള്‍ തനിക്കറിയില്ലെന്നോ രാജ തന്നെ അറിയിച്ചില്ലെന്നോ ഈ നിമിഷം വരെ മന്‍മോഹന്‍സിംഗ് വ്യക്തമാക്കിയിട്ടില്ല. മൗനം കൊണ്ട് ഈ ആക്ഷേപത്തെ അതിജീവിക്കുവാന്‍ കഴിയുമെന്ന തെറ്റിദ്ധാരണയിലാണ് അദ്ദേഹം കഴിഞ്ഞുകൂടുന്നത്. അത് മാത്രമേ അദ്ദേഹത്തിനു മുന്നില്‍ വഴിയുള്ളൂ എന്നതാണ് വസ്തുത.
ReplyDelete