കോഴിക്കോട്: ഐസ്ക്രീം പാര്‍ലര്‍ കേസുമായി ബന്ധപ്പെട്ട് ഹൈക്കോടതിയിലെ രണ്ട് മുന്‍ ജഡ്ജിമാര്‍ക്കെതിരെ ഉയര്‍ന്ന ഗുരുതരമായ ആരോപണങ്ങളുടെ നിജസ്ഥിതി അന്വേഷിക്കാന്‍ കോടതി തന്നെ സംവിധാനം ഉണ്ടാക്കണമെന്ന് സിപിഐ എം സംസ്ഥാനസെക്രട്ടറി പിണറായി വിജയന്‍ പറഞ്ഞു. കോഴിക്കോട്ട് വാര്‍ത്താലേഖകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കേസ് അട്ടിമറിക്കാന്‍ കാശ് വാങ്ങിയെന്ന ആരോപണത്തിലൂടെ ജുഡീഷ്യറിയുടെ വിശ്വാസ്യതയാണ് ചോദ്യം ചെയ്യപ്പെട്ടത്. രണ്ട് മുതിര്‍ന്ന ജഡ്ജിമാര്‍ക്കെതിരെയാണ് ആരോപണം. ഇത് വളരെ ഗൌരവമുള്ളതാണ്. അതിനാല്‍ വസ്തുത എന്താണെന്ന് കണ്ടെത്താനും തെറ്റ് ചെയ്തവരുണ്ടെങ്കില്‍ അവര്‍ക്കെതിരെ നടപടിയെടുത്ത് ജുഡീഷ്യറിയുടെ അന്തസ്സ് നിലനിര്‍ത്താനുമുള്ള ഉത്തരവാദിത്തം നീതിപീഠം തന്നെ നിര്‍വഹിക്കണം.
കുഞ്ഞാലിക്കുട്ടിക്കും ലീഗിനുമെതിരെ ഗൂഢാലോചന നടത്തിയത് ഒരു തട്ടിപ്പുകാരന്‍ ആണെന്നാണ് ലീഗ് നേതാക്കള്‍ ഇപ്പോള്‍ പറയുന്നത്. തട്ടിപ്പുകാരനെന്ന് വിളിക്കപ്പെടുന്ന ഈ വ്യക്തി യുഡിഎഫ് ഭരണകാലത്ത് ഉന്നതങ്ങളിലാണ് വിരാജിച്ചത്. എങ്ങനെയാണ് ഒരു തട്ടിപ്പുകാരന് ഇത് കഴിയുക. അധികാരദല്ലാളായി ആരാണ് ഇയാളെ നിയമിച്ചത്. ജഡ്ജിമാരെ സ്വാധീനിച്ചു എന്ന് ടിവി ചാനല്‍ പറയുന്ന വ്യക്തിയും ഇതേപോലെ യുഡിഎഫ് ഭരണകാലത്ത് നിയമസംവിധാനത്തില്‍ പ്രധാന ഉത്തരവാദിത്തം വഹിച്ചയാളാണ്. ആ മുന്നണിയിലെ ഏത് പാര്‍ടിയാണ് ഇയാളെ ശുപാര്‍ശ ചെയ്തതെന്ന് പറയണം. ഇത്തരം കൊള്ളരുതായ്മകളാണ് യുഡിഎഫ് ഭരണകാലത്ത് നടന്നത്. അത് ഒന്നൊന്നായി ഇപ്പോള്‍ പുറത്തുവരികയാണ്. കുഞ്ഞാലിക്കുട്ടിയെ ന്യായീകരിച്ച് ലീഗ് നേതാക്കള്‍ വാര്‍ത്താസമ്മേളനം നടത്തിയെങ്കിലും എന്തോ മറച്ചുവെക്കാനുണ്ടെന്ന് അവരുടെ വാക്കുകളില്‍ തെളിയുന്നു. ലീഗ് നേതാവും ഇന്ത്യാവിഷന്‍ ചെയര്‍മാനുമായ മുനീറിന് ഇക്കാര്യത്തില്‍ നല്ല വ്യക്തതയുണ്ടെന്ന് തോന്നുന്നു. വാര്‍ത്ത പുറത്തുവിടാന്‍ എഡിറ്റോറിയല്‍ ബോര്‍ഡിന് സ്വാതന്ത്ര്യമുണ്ടെന്ന വാക്കുകള്‍ ഇതാണ് തെളിയിക്കുന്നത്. അദ്ദേഹം നടത്തിയ വാര്‍ത്താസമ്മേളനത്തിലും കുഞ്ഞാലിക്കുട്ടിയെ ന്യായീകരിക്കാന്‍ ശ്രമിച്ചിട്ടില്ല. ഐസ്ക്രീം കേസുമായി ബന്ധപ്പെട്ട് നായനാര്‍ സര്‍ക്കാരിന്റെ കാലത്ത് ഒരുവീഴ്ചയും ഉണ്ടായിട്ടില്ല. കേസ് അട്ടിമറിക്കാന്‍ ജുഡീഷ്യറിയെ സ്വാധീനിച്ചു എന്നതടക്കം ഇപ്പോള്‍ ഉയര്‍ന്ന ഗൌരവമേറിയ ആരോപണങ്ങളില്‍നിന്ന് ശ്രദ്ധ തിരിച്ചുവിടാനാണ് പലരും ഇക്കാര്യം പറയുന്നതെന്നും പിണറായി ചൂണ്ടിക്കാട്ടി.
ജഡ്ജിമാര്‍ക്കെതിരായ ആക്ഷേപം അന്വേഷിക്കണം: കോടിയേരി
പാലക്കാട്: ഐസ്ക്രീം പെണ്‍വാണിഭ കേസില്‍ ജഡ്ജിമാരെ സ്വാധീനിച്ചുവെന്ന ഇന്ത്യാവിഷന്റെ വെളിപ്പെടുത്തല്‍ ഗൌരവമുള്ളതാണെന്ന് ആഭ്യന്തരമന്ത്രി കോടിയേരി ബാലകൃഷ്ണന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. മുന്‍ ജഡ്ജിമാര്‍ക്കെതിരായ ആക്ഷേപം ഹൈക്കോടതി-സുപ്രീംകോടതി ജഡ്ജിമാര്‍ ഉള്‍പ്പെട്ട പാനല്‍ അന്വേഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഹൈക്കോടതി ജഡ്ജിമാരായിരുന്നവരെക്കുറിച്ച് ഇത്തരമൊരു ആക്ഷേപം സംസ്ഥാനത്ത് ആദ്യമാണ്. അതിനാല്‍ ഹൈക്കോടതിയും സുപ്രീംകോടതിയും നേരിട്ട് ഇടപെടണം.
യുഡിഎഫിന്റെ ഭരണകാലത്ത് നീതിപീഠത്തെ സ്വാധീനിക്കാന്‍ പ്രത്യേകസംഘം പ്രവര്‍ത്തിച്ചുവെന്നതിന്റെ തെളിവാണ് പുറത്തുവരുന്നത്. മുസ്ളിംലീഗ് സംസ്ഥാന സെക്രട്ടറിമാരില്‍ ഒരാളായ മുനീറിന് ഇന്ത്യാവിഷന്റെ വെളിപ്പെടുത്തലുകളെക്കുറിച്ച് ഒന്നും അറിയില്ലെന്ന് പറയുന്നത് ജനം വിശ്വസിക്കില്ല. ലീഗില്‍ ഒരുപാട് കാര്യങ്ങള്‍ ചീഞ്ഞുനാറുന്നുണ്ടെന്നതിന്റെ തെളിവാണ് ഇന്ത്യാവിഷന്‍ വെളിപ്പെടുത്തല്‍. കേരളാ കോണ്‍ഗ്രസ് നേതാവ് കെ എം മാണിയുടെ നോമിനിയായി അഡീണഷല്‍ ഡയറക്ടര്‍ ഓഫ് പ്രോസിക്യൂഷനായ ആളാണ് കെ സി പീറ്റര്‍. ഇന്ത്യാവിഷന്റെ വെളിപ്പെടുത്തലുകള്‍ ഗൂഢാലോചനയാണെന്നാണ് ചെന്നിത്തല പറയുന്നത്. ആരൊക്കെയാണ് ഗൂഢാലോചന നടത്തിയതെന്നുകൂടി ചെന്നിത്തല വെളിപ്പെടുത്തണം.
ഐസ്ക്രീം കേസ് സംസ്ഥാന പൊലീസ് പുനരന്വേഷിക്കാനാണ് ഉദ്ദേശിക്കുന്നത്. മറ്റൊരു ഏജന്‍സി അന്വേഷിക്കുന്നതിനെക്കുറിച്ച് പിന്നീട് ആലോചിക്കാം. സിബിഐ അന്വേഷണമാവശ്യപ്പെട്ട് മുഖ്യമന്ത്രി കേന്ദ്രത്തിന് കത്തെഴുതി എന്നതും കുഞ്ഞാലിക്കുട്ടിയെ സഹായിക്കാന്‍ പി ശശി ശ്രമിച്ചു എന്നതും ഇപ്പോഴത്തെ വിഷയങ്ങളില്‍നിന്ന് ശ്രദ്ധതിരിക്കാന്‍ ചില മാധ്യമങ്ങള്‍ നടത്തുന്ന ശ്രമമാണ്. ചില മുഖ്യധാരാ പത്രങ്ങള്‍ ഇന്ത്യാവിഷന്റെ വെളിപ്പെടുത്തലുകള്‍ കണ്ടിട്ടേയില്ലെന്ന മട്ടാണ്. യുഡിഎഫ് പ്രതിസന്ധിയിലായെന്ന് മനസിലായപ്പോള്‍ രക്ഷിക്കാനുള്ള ശ്രമമാണ് മുഖ്യധാരാ മാധ്യമങ്ങള്‍ നടത്തുന്നത്. അത്തരം മാധ്യമങ്ങള്‍ക്കൊന്നും ഇനി യുഡിഎഫിനെ രക്ഷപ്പെടുത്താനാകില്ല. ഇന്ത്യാവിഷന്റെ തെളിവുകള്‍ സര്‍ക്കാരിന് നല്‍കിയാല്‍ നടപടി സ്വീകരിക്കുമെന്നും കോടിയേരി പറഞ്ഞു.
ഉമ്മന്‍ചാണ്ടിയുടെ മോചനയാത്ര കുഞ്ഞാലിക്കുട്ടി സേവ് യാത്രയായി
കോഴിക്കോട്: ഉമ്മന്‍ചാണ്ടിയുടെ കേരള മോചനയാത്ര കുഞ്ഞാലിക്കുട്ടി സേവ് യാത്രയായി മാറിയെന്ന് ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി ടി വി രാജേഷ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഉത്തരേന്ത്യന്‍ മോഡല്‍ മാഫിയാ സംസ്കാരം കേരളത്തിലേക്ക് കൊണ്ടുവരാനാണ് കുഞ്ഞാലിക്കുട്ടിയും കൂട്ടരും ശ്രമിക്കുന്നത്. ഇത് അംഗീകരിക്കുകയും വെള്ളപൂശുകയുമാണ് യു ഡി എഫ്. നോട്ടുകെട്ടുകളുടെയും അധികാരത്തിന്റെയും പിന്‍ബലത്തില്‍ സത്യം മറച്ചുപിടിക്കാന്‍ കഴിയില്ലെന്ന് വ്യാജരേഖയുണ്ടാക്കിയവരും സാക്ഷികളെ പണംകൊടുത്ത് വിലയ്ക്കെടുത്തവരും മനസ്സിലാക്കണം. മന്ത്രിയായപ്പോള്‍ വഴിവിട്ടു സഹായിച്ചുവെന്നാണ് കുഞ്ഞാലിക്കുട്ടി പറഞ്ഞത്. ഇതുതന്നെ ഗുരുതരമായ സത്യപ്രതിജ്ഞാ ലംഘനവും ഭരണഘടനാ ലംഘനവുമാണ്. ഈ ഒരൊറ്റ കാരണത്താല്‍ അദ്ദേഹത്തെ പ്രോസിക്യൂട്ട് ചെയ്യണം. തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിന് എക്കാലത്തും അയോഗ്യത കല്‍പ്പിക്കാന്‍ കഴിയുന്ന കുറ്റമാണ് കുഞ്ഞാലിക്കുട്ടി ചെയ്തത്. സകല നിയമവിരുദ്ധ പ്രവര്‍ത്തനത്തിന്റെയും സങ്കേതമായി ലീഗ് സംസ്ഥാന ഓഫീസ് മാറിയെന്നും രാജേഷ് പറഞ്ഞു.
ജുഡീഷ്യറിയുടെ വിശ്വാസ്യതയ്ക്ക് ഹൈക്കോടതി ഇടപെടണം: എസ്എഫ്ഐ
തിരു: ഐസ്ക്രീം പെണ്‍വാണിഭക്കേസില്‍ അനുകൂലവിധി സമ്പാദിക്കാന്‍ ജഡ്ജിമാരെ പണംകൊടുത്ത് സ്വാധീനിച്ചതായി വിവരം പുറത്തുവന്നതിന്റെ അടിസ്ഥാനത്തില്‍ ജുഡീഷ്യറിയുടെ വിശ്വാസ്യത നിലനിര്‍ത്താന്‍ കര്‍ശന നിലപാട് ഹൈക്കോടതിയില്‍നിന്ന് ഉണ്ടാകണമെന്ന് എസ്എഫ്ഐ സംസ്ഥാന സെക്രട്ടറിയറ്റ് ആവശ്യപ്പെട്ടു. ഇതുമായി ബന്ധപ്പെട്ട മുഴുവന്‍ യാഥാര്‍ഥ്യങ്ങളും പുറത്തുകൊണ്ടുവരികയും കുറ്റക്കാരെ നിയമത്തിനുമുന്നില്‍ കൊണ്ടുവരികയും വേണം. ആരോപണങ്ങളെ സംബന്ധിച്ച് ചീഫ് ജസ്റിസ് നിലപാട് വ്യക്തമാക്കുകയും ഉചിതമായ നടപടി സ്വീകരിക്കുകയും വേണമെന്നും എസ്എഫ്ഐ സംസ്ഥാന സെക്രട്ടറിയറ്റ് ആവശ്യപ്പെട്ടു.
ദേശാഭിമാനി 010211
കുഞ്ഞാലിക്കുട്ടിയെ പ്രോസിക്യൂട്ട് ചെയ്യണമെന്ന് യുവജന സംഘടനകള്‍
കോഴിക്കോട്: ഗുരുതരമായ സത്യപ്രതിജ്ഞാ-ഭരണഘടനാ ലംഘനം നടത്തിയ മുസ്‌ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടിയെ പ്രോസിക്യൂട്ട് ചെയ്യണമെന്ന് എ ഐ വൈ എഫ് സംസ്ഥാന സെക്രട്ടറി കെ രാജന്‍, ഡി വൈ എഫ് ഐ സംസ്ഥാന സെക്രട്ടറി ടി വി രാജേഷ്, , യുവജനതാദള്‍ സംസ്ഥാന പ്രസിഡന്റ് കെ ലോഹ്യ എന്നിവര്‍ പത്രസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.
മന്ത്രിയായപ്പോള്‍ പലപ്പോഴും വഴിവിട്ട സഹായങ്ങള്‍ ചെയ്തു എന്ന് കുഞ്ഞാലിക്കുട്ടി തന്നെയാണ് പത്രസമ്മേളനം നടത്തി പറഞ്ഞത്. അങ്ങനെയാണെങ്കില്‍ ഗുരുതരമായ ഭരണഘടനാ ലംഘനമാണ് അദ്ദേഹം നടത്തിയത്.ഐസ്‌ക്രീം പാര്‍ലര്‍ പെണ്‍വാണിഭക്കേസ് ഉള്‍പ്പെടെ ഉയര്‍ന്നുവന്നിട്ടുള്ള എല്ലാ സംഭവങ്ങളുടെയും നിജസ്ഥിതി പുറത്തുകൊണ്ടുവരാന്‍ സമഗ്രമായ പുനരന്വേഷണം നടത്തണമെന്നും അവര്‍ ആവശ്യപ്പെട്ടു.
യു ഡി എഫ് രാഷ്ട്രീയം എത്രത്തോളം ചീഞ്ഞളിഞ്ഞു എന്നതിന് തെളിവാണ് ഇപ്പോള്‍ പുറത്തു വന്നുകൊണ്ടിരിക്കുന്ന സംഭവങ്ങള്‍. കേരളത്തെ സംബന്ധിച്ച് അത്യന്തം അപമാനകരമായ വാര്‍ത്തകളാണ് ഇപ്പോള്‍ പുറത്തുവരുന്നത്. കേരളത്തിന് പരിചിതമല്ലാത്ത ഉത്തരേന്ത്യന്‍ മാഫിയാ രാഷ്ട്രീയം കേരളത്തിലേക്ക് കൊണ്ടുവരികയാണ് കുഞ്ഞാലിക്കുട്ടിയെപ്പോലുള്ള നേതാക്കള്‍ ചെയ്യുന്നത്. കേരളത്തിന്റെ രാഷ്ട്രീയ സംസ്‌ക്കാരത്തിന് ഉള്‍ക്കൊള്ളാന്‍ കഴിയാത്ത ഇത്തരം കാര്യങ്ങള്‍ക്ക് പിന്തുണ പ്രഖ്യാപിക്കുകയാണ് യു ഡി എഫ് നേതാക്കള്‍. അന്ധമായാണ് ഇവര്‍ ലീഗ് നേതാവിനെ അനുകൂലിക്കുന്നത്. ഇതിലൂടെ യു ഡി എഫ് കേരളത്തില്‍ എത്രത്തോളം തരം താണു എന്ന് വ്യക്തമാവും. ഉമ്മന്‍ചാണ്ടി നയിക്കുന്ന മോചന യാത്ര കുഞ്ഞാലിക്കുട്ടി സേവ് യാത്രയായി മാറിയിരിക്കുകയാണെന്നും അവര്‍ പറഞ്ഞു.
പണത്തിന്റെ ശക്തിയില്‍ ഒരു കാലത്ത് തേച്ച് മാച്ച് കളയപ്പെട്ടതാണ് ഐസ്‌ക്രീം കേസ്. സത്യം അധികകാലം മൂടിവെക്കാനാവില്ല എന്നാണ് ഇപ്പോഴുണ്ടായ സംഭവങ്ങള്‍ സൂചിപ്പിക്കുന്നത്. മുസ്‌ലിം ലീഗിനെ മാഫിയാ ലീഗാക്കി മാറ്റുകയാണ് കുഞ്ഞാലിക്കുട്ടി ചെയ്തത്. ഇത്തരം പ്രവര്‍ത്തനങ്ങളെല്ലാം നടത്തിയത് ലീഗിന്റെ സംസ്ഥാന കമ്മിറ്റി ഓഫീസില്‍ വെച്ചാണ്. സി എച്ചിന്റെ പേരിലുള്ള ഓഫീസ് എല്ലാ വൃത്തികേടുകള്‍ക്കും കേന്ദ്രമാക്കുകയാണ് കുഞ്ഞാലിക്കുട്ടി ചെയ്തത്. ഇക്കാര്യത്തില്‍ ആദര്‍ശമുള്ള എല്ലാ ലീഗുകാരും പ്രതികരിക്കണം. തേച്ച് മാച്ച് കളയന്‍ കഴിയുന്ന കുറ്റമല്ല കുഞ്ഞാലിക്കുട്ടി നടത്തിയിട്ടുള്ളത്. ഈ പടുകുഴിയില്‍ നിന്ന് അദ്ദേഹത്തെ രക്ഷിക്കാന്‍ ആര്‍ക്കും സാധിക്കുകയുമില്ല. ഇത്തരം ജീര്‍ണരാഷ്ട്രീയപ്രവര്‍ത്തനത്തിനും മാഫിയാ സംസ്‌കാരത്തിനുമെതിരെ കക്ഷി രാഷ്ട്രീയ വ്യത്യാസമില്ലാതെ എല്ലാവരും ഒറ്റക്കെട്ടായി മുന്നോട്ട് വരണം. ഈ വിഷയത്തില്‍ സാംസ്‌ക്കാരിക പ്രവര്‍ത്തകര്‍ പ്രതികരിക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു.
പെണ്‍വാണിഭക്കാരെ സഹായിക്കാന്‍ പണപ്പിരിവ് നടത്തുമെന്ന് പറയുന്ന ഏക സംഘടനയായി മുസ്‌ലിം ലീഗ് അധപ്പതിച്ചിരിക്കുകയാണ്. സ്‌ഫോടനാത്മകമായ എന്തോ ഒന്നുകൂടി പുറത്ത് വരാനിരിക്കുന്നതിന്റെ മാനസിക വിഭാന്തി കൊണ്ടാണ് കുഞ്ഞാലിക്കുട്ടി പത്രസമ്മേളനം നടത്തിയത്. വഴിവിട്ട് അദ്ദേഹം ചെയ്ത സഹായങ്ങള്‍ എന്താണെന്ന് അറിയാന്‍ കേരള ജനതയ്ക്ക് അവകാശമുണ്ട്. അതുകൊണ്ട് അത് കൂടി വെളിപ്പെടുത്താന്‍ കുഞ്ഞാലിക്കുട്ടി തയ്യാറാവണം. കുഞ്ഞാലിക്കുട്ടി മന്ത്രിയായപ്പോള്‍ നടന്ന എല്ലാ ഇടപാടുകളെക്കുറിച്ചും അന്വേഷണം നടത്തണമെന്നും ഫെബ്രുവരി രണ്ടിന് എറണാകുളത്ത് നടക്കുന്ന ഇടതുപക്ഷ യുവജന സംഘടനകളുടെ സംസ്ഥാന കണ്‍വഷന്‍ ഈ വിഷയത്തില്‍ ശക്തമായ പ്രക്ഷോഭങ്ങള്‍ക്ക് രൂപം നല്‍കുമെന്നും അവര്‍ അറിയിച്ചു.
ജനയുഗം 010211
No comments:
Post a Comment