Tuesday, February 15, 2011

അറിയുക, നാട് മുന്നേറിയ കഥ

പത്തനംതിട്ട: സമഗ്ര വികസനത്തിന്റെ നേര്‍കാഴ്ച്ചകളൊരുക്കി സ്മാര്‍ട്ടായ കേരളം ജില്ലയിലും. കഴിഞ്ഞ നാലരക്കൊല്ലം ഇടതുപക്ഷ ജനാധിപത്യമുന്നണി സര്‍ക്കാരിന്റെ കാര്യക്ഷമമായ ഇടപെടലിന്റെ ഭാഗമായി സംസ്ഥാനത്തിന്റെ വിവിധ മേഖലകളിലുണ്ടായ വികസനം പ്രതിപാദിക്കുന്ന സഞ്ചരിക്കുന്ന പ്രദര്‍ശനം (മൊബൈല്‍ വാഹനം) തിങ്കളാഴ്ച ജില്ലയില്‍ എത്തി. കോന്നി സെന്റ് ജോര്‍ജ്ജ് ഓര്‍ത്തഡോക്സ് പള്ളി പാരിഷ് ഹാളിലാണ് പ്രദര്‍ശനം.

2006ല്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലേറിയ ഉടന്‍ എടുത്ത ആദ്യ നടപടി കര്‍ഷക ആത്മഹത്യ തടയാനുള്ളതായിരുന്നു. അവിടുന്നു തുടങ്ങി ഐടി മേഖലയിലെ വന്‍ വികസന കുതിപ്പിനുതകുന്ന സ്മാര്‍ട്ട് സിറ്റി യാഥാര്‍ഥ്യമാക്കിയതു വരെയുള്ള മുന്നേറ്റങ്ങളാണ് പ്രദര്‍ശനത്തിനുള്ളത്. സാമ്പത്തിക മാന്ദ്യത്തിന്റെ കാലത്തും ഐടി മേഖലയില്‍ കയറ്റുമതി രംഗത്ത് 70 ശതമാനം വളര്‍ച്ചാ നിരക്ക് സ്ഥിരമായി രേഖപ്പെടുത്തിയതും ടെക്നോപാര്‍ക്കിലും ഇന്‍ഫോപാര്‍ക്കിലും പുതിയ കമ്പനികള്‍ തുടങ്ങിയതും തിരുവനന്തുപുരത്തെ ടെക്നോ സിറ്റിക്ക് 428 ഏക്കര്‍ സ്ഥലം ഏറ്റെടുത്തു നല്‍കിയതും തുടങ്ങി ഐടി മേഖലയില്‍ സര്‍ക്കാര്‍ നടപ്പാക്കിയ നേട്ടങ്ങള്‍ സര്‍വകാലറെക്കോഡാണ്.

കയറിക്കിടക്കാനിടമില്ലാത്തവര്‍ക്ക് ആശ്വാസത്തിന്റെ വീടൊരുക്കിയ ഇഎംഎസ് സമ്പൂര്‍ണ ഭവന പദ്ധതി, പിറന്നു വീണ മണ്ണില്‍ ഒരു തുണ്ടു ഭൂമിയില്ലാത്ത ആയിരങ്ങള്‍ക്ക് പട്ടയം നല്‍കിയത്, സാമൂഹ്യ നീതിയിലധിഷ്ഠിതമായ നിലപാടിലൂടെ വിദ്യാഭ്യാസ രംഗത്ത് കൈവരിച്ച മുന്നേറ്റം, ക്രമസമാധാന പാലനത്തില്‍ രാജ്യത്ത് ഒന്നാം സ്ഥാനം എന്ന മികവ് സംസ്ഥാനത്തിന് നേടിത്തന്ന പൊലീസ് നയം ഇവയെല്ലാം ഇടതുപക്ഷജനാധിപത്യ മുന്നണി സര്‍ക്കാരിന്റെ നേട്ടങ്ങളിലെ സുവര്‍ണ മുദ്രകളാണ്.

40 ലക്ഷം കുടുംബങ്ങള്‍ക്ക് രണ്ട് രൂപാ നിരക്കില്‍ അരി നല്‍കിയതും 2400 കേന്ദ്രങ്ങള്‍ വഴി ന്യായവിലയ്ക്ക് നിത്യോപയോഗ സാധനങ്ങള്‍, 25 ലക്ഷം പ്രവാസികള്‍ക്ക് തിരിച്ചറിയല്‍ കാര്‍ഡ്, മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി വഴി 34.09 കോടി രൂപയുടെ സഹായ വിതരണം എന്നിവയും പ്രദര്‍ശനത്തില്‍ വിവരിക്കുന്നുണ്ട്. ധവളപത്രമിറക്കി ഉദ്യോഗസ്ഥരെ പട്ടിണിക്കിടാന്‍ തയ്യാറായ യുഡിഎഫ് സര്‍ക്കാരില്‍ നിന്ന് വ്യത്യസ്തമായി മികച്ച ധനകാര്യ മാനേജ്മെന്റിലൂടെ വിവിധ മേഖലകളിലെ വികസന പ്രവര്‍ത്തനത്തിന് പര്യാപ്തമായ തുക അനുവദിക്കാന്‍ കഴിഞ്ഞത്, ദുരിതം തിന്ന് ജീവിച്ച പട്ടികജാതി-വര്‍ഗ വിഭാഗങ്ങള്‍ക്ക് നല്‍കിയ ആനുകുല്യങ്ങളുടെ കണക്ക്, പ്രതികൂല കാലാവസ്ഥയിലും സംസ്ഥാനത്തെ പവര്‍കട്ടും ലോഡ് ഷെഡിങ്ങും ഇല്ലാതെ വെളിച്ചത്തിന്റെ കാലം സമ്മാനിക്കാന്‍ വൈദ്യുതി വകുപ്പ് സ്വീകരിച്ച നടപടി തുടങ്ങി എല്‍ഡിഎഫ് ഭരണത്തില്‍ നാടുമുന്നേറിയ കഥ പ്രദര്‍ശനത്തില്‍ കാണാം.

മുഖ്യമന്ത്രി, വിവിധ വകുപ്പ് മന്ത്രിമാര്‍, കവി ഒന്‍എന്‍വി കുറുപ്പ്, നാട്ടുകാര്‍ എന്നിവരുടെ പ്രതികരണങ്ങളും വികസനനേട്ടങ്ങളും വിവരിക്കുന്ന സിഡി പ്രദര്‍ശനവും വാഹനത്തിലുണ്ട്. വ്യാഴാഴ്ച തിരുവനന്തുപുരത്ത് നിന്നാരംഭിച്ച സഞ്ചരിക്കുന്ന പ്രദര്‍ശനം മാര്‍ച്ച് ഒമ്പതിന് കാസര്‍കോഡ് സമാപിക്കും. പ്രദര്‍ശനം ചൊവ്വാഴ്ച പത്തനംതിട്ട നഗരത്തില്‍ പര്യടനം നടത്തും. വകുപ്പിന്റെ സ്റാളില്‍ കഴിഞ്ഞ അഞ്ച് വര്‍ഷങ്ങളില്‍ ജില്ലയില്‍ നടന്ന വികസന ക്ഷേമപ്രവര്‍ത്തന ദൃശ്യങ്ങള്‍ അടങ്ങിയ വികസന ചിത്രപ്രദര്‍ശനവും ഒരുക്കിയിട്ടുണ്ട്.

ദേശാഭിമാനി 150211

1 comment:

  1. 006ല്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലേറിയ ഉടന്‍ എടുത്ത ആദ്യ നടപടി കര്‍ഷക ആത്മഹത്യ തടയാനുള്ളതായിരുന്നു. അവിടുന്നു തുടങ്ങി ഐടി മേഖലയിലെ വന്‍ വികസന കുതിപ്പിനുതകുന്ന സ്മാര്‍ട്ട് സിറ്റി യാഥാര്‍ഥ്യമാക്കിയതു വരെയുള്ള മുന്നേറ്റങ്ങളാണ് പ്രദര്‍ശനത്തിനുള്ളത്. സാമ്പത്തിക മാന്ദ്യത്തിന്റെ കാലത്തും ഐടി മേഖലയില്‍ കയറ്റുമതി രംഗത്ത് 70 ശതമാനം വളര്‍ച്ചാ നിരക്ക് സ്ഥിരമായി രേഖപ്പെടുത്തിയതും ടെക്നോപാര്‍ക്കിലും ഇന്‍ഫോപാര്‍ക്കിലും പുതിയ കമ്പനികള്‍ തുടങ്ങിയതും തിരുവനന്തുപുരത്തെ ടെക്നോ സിറ്റിക്ക് 428 ഏക്കര്‍ സ്ഥലം ഏറ്റെടുത്തു നല്‍കിയതും തുടങ്ങി ഐടി മേഖലയില്‍ സര്‍ക്കാര്‍ നടപ്പാക്കിയ നേട്ടങ്ങള്‍ സര്‍വകാലറെക്കോഡാണ്.

    ReplyDelete