Monday, February 7, 2011

മുഖംരക്ഷിക്കാനുള്ള ലീഗ് വാദം വിലപ്പോകില്ല

കുഞ്ഞാലിക്കുട്ടി പ്രശ്നം ഒത്തുതീര്‍ക്കാന്‍ പറ്റില്ല: തോമസ് ഐസക്

എസ്എല്‍ പുരം (ആലപ്പുഴ): കുഞ്ഞാലിക്കുട്ടിയുമായി ബന്ധപ്പെട്ട് ഉയര്‍ന്നുവന്നിട്ടുള്ള പ്രശ്നങ്ങള്‍ ലീഗുകാര്‍ തമ്മിലോ, ലീഗും യുഡിഎഫും തമ്മിലോ ഒത്തുതീര്‍ക്കാന്‍ പറ്റുന്നവയല്ലെന്ന് ധനമന്ത്രി ഡോ. ടി എം തോമസ് ഐസക്ക് പറഞ്ഞു. കോമളപുരം സ്പിന്നിങ് ആന്‍ഡ് വീവിങ് മില്ലിന്റെ നിര്‍മാണപ്രവര്‍ത്തന പുരോഗതി വിലയിരുത്താന്‍ കമ്പനി സന്ദര്‍ശിച്ച മന്ത്രി മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങളോടു പ്രതികരിക്കുകയായിരുന്നു.

ഉത്തരവാദപ്പെട്ട ഭരണസ്ഥാനത്തിരുന്ന മന്ത്രി കള്ളരേഖകള്‍ ഉണ്ടാക്കി കേസ് അട്ടിമറിക്കാന്‍ ശ്രമിച്ചതായുള്ള വിശദാംശങ്ങള്‍ പുറത്തുവന്നു. കള്ളപ്പണ വിനിയോഗത്തിലൂടെ നിയമലംഘനം നടത്തുകയും ചെയ്തു. എന്ത് ഒത്തുതീര്‍പ്പ് ഉണ്ടാക്കിയാലും ഇത്രയേറെ മാനങ്ങളുള്ള പ്രശ്നം സജീവമായി ചര്‍ച്ച ചെയ്യപ്പെടും. ഇതുമായി ബന്ധപ്പെട്ട് പുതിയ തെളിവുകള്‍ വരാന്‍പോകുകയാണ്. കുഞ്ഞാലിക്കുട്ടിയും ലീഗും മറുപടി പറേയണ്ടിവരും. ഗൂഢാലോചനയുടെ തെളിവുകള്‍ പ്രതിപക്ഷ നേതാവിന് മുന്നിലല്ല ജനങ്ങള്‍ക്കു മുന്നിലാണ് ലീഗ് ഹാജരാക്കേണ്ടത്.

ചാനല്‍ ചെയര്‍മാന്‍ സ്ഥാനം ഒഴിയില്ലെന്ന് മുനീര്‍

കോഴിക്കോട്: ഐസ്ക്രീം പെണ്‍വാണിഭത്തിലെ പുതിയ വെളിപ്പെടുത്തലുകളുടെ സാഹചര്യത്തില്‍ ഇന്ത്യാവിഷന്‍ ചാനല്‍ ചെയര്‍മാന്‍ സ്ഥാനം ഉടന്‍ ഒഴിയില്ലെന്ന് മുസ്ളിം ലീഗ് സംസ്ഥാന സെക്രട്ടറി എം കെ മുനീര്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. സംസ്ഥാന സെക്രട്ടറിയറ്റ് യോഗശേഷം ദേശീയ പ്രസിഡന്റ് ഇ അഹമ്മദിനൊപ്പം നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുനു അദ്ദേഹം.

കമ്പനിയില്‍ ചര്‍ച്ചചെയ്യാതെ ചെയര്‍മാന്‍ സ്ഥാനമൊഴിയാനാവില്ല. സാങ്കേതികമായ കാര്യങ്ങളുണ്ടിതില്‍. സാമ്പത്തിക സാഹചര്യമടക്കം വിലയിരുത്തിയേ തീരുമാനമെടുക്കാനാകൂ. നിയമസഭാ തെരഞ്ഞെടുപ്പിനുമുമ്പ് എന്തായാലും ഇന്ത്യാവിഷന്‍ വിടാനാകില്ല. പെണ്‍വാണിഭക്കേസുമായി ബന്ധപ്പെട്ട വെളിപ്പെടുത്തലിന്റെ രേഖകള്‍ ഇന്ത്യാവിഷന്‍ സര്‍ക്കാരിന് കൈമാറുന്നത് പാര്‍ടിയുമായി ആലോചിച്ചായിരിക്കുമെന്നും മുനീര്‍ പറഞ്ഞു. ഇന്ത്യാവിഷന്‍ ചാനല്‍ ചെയര്‍മാന്‍ സ്ഥാനം ഒഴിയാമെന്ന് എം കെ മുനീര്‍ അറിയിച്ചുവെന്ന് സംസ്ഥാന പ്രസിഡന്റ് പാണക്കാട് ഹൈദരലി ശിഹാബ്തങ്ങള്‍ ഇതേ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

തനിക്കെതിരായി വന്ന വാര്‍ത്തയുടെ പേരില്‍ മുനീറിനെ ഗൂഢാലോചനക്കാരനെന്ന് വിളിച്ചിട്ടില്ലെന്ന് കുഞ്ഞാലിക്കുട്ടി പറഞ്ഞു. മുനീര്‍ ചാനലിന്റെ തലപ്പത്തുണ്ടായിട്ടും വാര്‍ത്ത തടഞ്ഞില്ലെന്ന ഖേദമാണ് പ്രകടിപ്പിച്ചത്. മുനീര്‍ ഇന്ത്യാവിഷന്‍ ചെയര്‍മാന്‍സ്ഥാനമൊഴിയാന്‍ താന്‍ ആവശ്യപ്പെട്ടിട്ടില്ലെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.കുഞ്ഞാലിക്കുട്ടിക്കെതിരായി ഇപ്പോള്‍ ഉയര്‍ന്ന വെളിപ്പെടുത്തലുകളുമായി ബന്ധപ്പെട്ട് പാര്‍ടിയിലുടലെടുത്ത തെറ്റിദ്ധാരണ നീങ്ങിയതായി ഇ അഹമ്മദ് അവകാശപ്പെട്ടു. ഇങ്ങനെയൊരു പ്രശ്നമുണ്ടായിട്ടില്ലെന്ന് കരുതി മുന്നോട്ട്പോകുമെന്നും അഹമ്മദ് പറഞ്ഞു.

മുഖംരക്ഷിക്കാനുള്ള ലീഗ് വാദം വിലപ്പോകില്ല: പിണറായി

കൊച്ചി: സാങ്കേതിക കാരണങ്ങളാല്‍ എം കെ മുനീര്‍ ചാനലിന്റെ ചെയര്‍മാന്‍സ്ഥാനം ഉടന്‍ രാജിവയ്ക്കില്ലെന്ന മുസ്ളിംലീഗിന്റെ വാദം പാര്‍ടിയുടെ മുഖം രക്ഷിക്കാനാണെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ പറഞ്ഞു. എ പി വര്‍ക്കിയുടെ ഒമ്പതാം ചരമവാര്‍ഷികാചരണത്തോട് അനുബന്ധിച്ച് തൃപ്പൂണിത്തുറയില്‍ ചേര്‍ന്ന അനുസ്മരണ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

വിവാദ വെളിപ്പെടുത്തലുകളുമായി ബന്ധപ്പെട്ട് ചാനല്‍ നേതൃത്വമൊഴിയാന്‍ മുനീര്‍ സന്നദ്ധത പ്രകടിപ്പിച്ചിട്ടില്ലെങ്കില്‍ ലീഗ് അക്കാര്യം തുറന്നുപറയണം. മറിച്ചുള്ള വാദമൊന്നും വിലപ്പോകില്ല. ഗുരുതരമായ വെളിപ്പെടുത്തലുകള്‍ ലീഗിന്റെ ആഭ്യന്തരപ്രശ്നം മാത്രമല്ല, കഴിഞ്ഞ യുഡിഎഫ് ഭരണകാലത്ത് നടന്ന വൃത്തികേടുകളുടെകൂടി ചരിത്രമാണ്. അതിന്റെ ദോഷഫലങ്ങള്‍ ജനം അനുഭവിച്ചതാണെന്നും പിണറായി പറഞ്ഞു. ഇ അഹമ്മദിന്റെ മധ്യസ്ഥതയില്‍ നടന്ന സമവായ ചര്‍ച്ചയ്ക്കുശേഷം മുനീര്‍ ചെയര്‍മാന്‍സ്ഥാനം ഒഴിയുമെന്ന് റിപ്പോര്‍ട്ട് വന്നു. എന്നാല്‍, ലീഗ് സെക്രട്ടറിയറ്റ് യോഗം കഴിഞ്ഞപ്പോള്‍ നേതാക്കള്‍ പറഞ്ഞത് ഉടനെ സ്ഥാനമൊഴിയുന്നതിന് സാങ്കേതിക തടസ്സങ്ങളുണ്ടെന്നാണ്. ഒരു പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയുടെ നേതൃസ്ഥാനമൊഴിയാന്‍ വലിയ പ്രയാസമൊന്നുമില്ലെന്ന് എല്ലാവര്‍ക്കുമറിയാം. രാജിക്കത്ത് നല്‍കിയാല്‍ മതി. ബോര്‍ഡ് മേല്‍നടപടികളെടുക്കും. കാര്യങ്ങള്‍ ഇങ്ങനെയായിരിക്കെ ലീഗ് മറിച്ചുപറയുന്നത് നാട്ടില്‍ ചെലവാകില്ല.

മുനീറിന്റെ അറിവോടെയല്ലാതെ ചാനലിന് കുഞ്ഞാലിക്കുട്ടിക്കെതിരായ വാര്‍ത്ത ശേഖരിക്കാനാകില്ല. ശേഖരിച്ചവ സമൂഹം അറിയേണ്ടതാണെന്ന് ബോധ്യമുള്ളതിനാലാണ് അദ്ദേഹം അവ സംപ്രേഷണം ചെയ്തത്. ലീഗില്‍നിന്ന് എതിര്‍പ്പും കുഞ്ഞാലിക്കുട്ടിയുടെ പരസ്യ വിമര്‍ശവും വന്നപ്പോള്‍ എല്ലാം ചാനലിന്റെ എഡിറ്റോറിയല്‍ ബോര്‍ഡ് തീരുമാനമാണെന്നും പറഞ്ഞു. പുറത്തുവന്നതിലധികം വെളിപ്പെടുത്താനുണ്ടെന്നായിരുന്നു സൂചന. ഈ സാഹചര്യത്തിലാണ് മുനീറിനെ വരുതിയിലാക്കാന്‍ മാധ്യസ്ഥവും സമവായവുമായി ലീഗ് രംഗത്തുവന്നത്. വെളിപ്പെടുത്തലുകളിലൂടെ യുഡിഎഫിലെ ജീര്‍ണതയാണ് പുറത്തുവന്നത്. യുഡിഎഫ് ഭരണകാലത്ത് ഇല്ലാക്കഥകളെഴുതി അവരെ സംരക്ഷിച്ചവര്‍ വേവലാതിയിലാണ്. അതാണ് മനോരമ മുഖപ്രസംഗത്തില്‍ കണ്ടത്. സിപിഐ എമ്മിനു നേരെയായിരുന്നു അവരുടെ ആക്ഷേപങ്ങള്‍. ഭരണത്തിലിരുന്ന് വൃത്തികേടുകള്‍ കാണിച്ചവരും അവരെ വഴിവിട്ട് സഹായിച്ചവരുമാണ് വെളിപ്പെടുത്തലുകളുമായി രംഗത്തുവന്നത്. പുറത്തുവന്ന കാര്യങ്ങള്‍ മനോരമയെപ്പോലെ മറച്ചുപിടിക്കാന്‍ ഇടതുപക്ഷത്തിനാകില്ല. സര്‍ക്കാര്‍ അന്വേഷണത്തിന് ഉത്തരവിട്ടത് അതുകൊണ്ടാണ്. ജീര്‍ണതയുടെ കൂടാരമായി മാറിയ യുഡിഎഫിനെ കേരളജനത തള്ളുമെന്നും പിണറായി പറഞ്ഞു.

മുനീര്‍ തുടരും; രണ്ടു പദവിയിലും

കോഴിക്കോട്: പി കെ കുഞ്ഞാലിക്കുട്ടിക്കെതിരെ ഇന്ത്യാവിഷന്‍ ഉപയോഗിച്ച് ഐസ്ക്രീം കേസ് കുത്തിപ്പൊക്കിയെന്ന് ആരോപണം നേരിടുന്ന എം കെ മുനീറിനെതിരെ മുസ്ളിംലീഗ് നേതൃത്വം തല്‍ക്കാലം നടപടിയൊന്നും എടുക്കില്ല. മുസ്ളിംലീഗ് സംസ്ഥാന സെക്രട്ടറി സ്ഥാനത്തും ഇന്ത്യാവിഷന്‍ ചെയര്‍മാന്‍ പദവിയിലും മുനീര്‍ തുടരും. മുനീറിനെ പാര്‍ടി നേതൃസ്ഥാനത്തു നിന്നോ ടിവി ചാനലിന്റെ തലപ്പത്തു നിന്നോ മാറ്റാനുള്ള കുഞ്ഞാലിക്കുട്ടിയുടെ നീക്കം വിജയിച്ചില്ല. പാര്‍ടിക്കും യുഡിഎഫിനും ഭീഷണിയായി വളര്‍ന്ന പ്രശ്നങ്ങള്‍ ഒതുക്കിത്തീര്‍ക്കാന്‍ ഞായറാഴ്ച കോഴിക്കോട്ടു ചേര്‍ന്ന മുസ്ളിംലീഗ് സംസ്ഥാന സെക്രട്ടറിയറ്റ് യോഗം മുനീറിനെതിരെ നടപടി എടുക്കാനാകാതെ പിരിഞ്ഞു. മുസ്ളിംലീഗില്‍ സര്‍വാധിപതിയെന്നു കരുതുന്ന പാര്‍ടി ജനറല്‍ സെക്രട്ടറി കുഞ്ഞാലിക്കുട്ടിയുടെ നീക്കത്തിന് സെക്രട്ടറിയറ്റ് യോഗത്തില്‍ കാര്യമായ പിന്തുണ കിട്ടിയില്ലെന്നാണ് സൂചന. ഇന്ത്യാവിഷന്‍ കൈവിടില്ലെന്ന നിലപാട് സെക്രട്ടറിയറ്റ് യോഗത്തില്‍ മുനീര്‍ ആവര്‍ത്തിച്ചതായി അറിയുന്നു. അതേസമയം, കുഞ്ഞാലിക്കുട്ടി ജനറല്‍ സെക്രട്ടറി സ്ഥാനത്തുനിന്നു മാറിനില്‍ക്കുന്നതാണ് ഉചിതമെന്ന് മുനീര്‍ പറഞ്ഞു.

സെക്രട്ടറിയറ്റ് യോഗത്തിനുമുമ്പ് തന്റെ നിലപാട് ദേശീയ പ്രസിഡന്റ് ഇ അഹമ്മദിനെയും സംസ്ഥാന പ്രസിഡന്റ് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളെയും മുനീര്‍ ധരിപ്പിച്ചിരുന്നു. മുനീര്‍ ചാനല്‍ ചെയര്‍മാന്‍ സ്ഥാനം ഒഴിയണമെന്ന ആവശ്യം കുഞ്ഞാലിക്കുട്ടിയും മുന്നോട്ടുവച്ചു. തര്‍ക്കം രൂക്ഷമാണെന്ന് ബോധ്യപ്പെട്ടതോടെ മുഖംരക്ഷിക്കാന്‍ വഴിതേടി. സെക്രട്ടറിയറ്റ് യോഗത്തിനുമുമ്പ് തങ്ങളും അഹമ്മദും കുഞ്ഞാലിക്കുട്ടിയും മുനീറും മാത്രമായി പ്രത്യേക കൂടിയാലോചനായോഗം വിളിച്ചു. അഹമ്മദാണ് തര്‍ക്കം അവസാനിപ്പിച്ച് പാര്‍ടിയെ രക്ഷിക്കണമെന്നുള്ള നിര്‍ദേശം മുന്നോട്ടുവച്ചത്. ഈ അവസരത്തില്‍ മുനീര്‍ ഇന്ത്യാവിഷന്‍ വിടാന്‍ കാലയളവ് വയ്ക്കണമെന്ന് കുഞ്ഞാലിക്കുട്ടി ആവശ്യപ്പെട്ടു. കൂടുതല്‍ വിട്ടുവീഴ്ചയ്ക്കില്ലെന്ന് മുനീര്‍ വ്യക്തമാക്കി. മറുവഴിയില്ലാതെ നിശ്ശബ്ദനായ കുഞ്ഞാലിക്കുട്ടി സെക്രട്ടറിയറ്റ് ചേര്‍ന്ന് ഇതംഗീകരിച്ചു പിരിയാമെന്ന ധാരണ അനുസരിച്ചു.

കുഞ്ഞാലിക്കുട്ടി സമ്മര്‍ദം ചെലുത്തിയിട്ടും ചാനല്‍ പദവി ഒഴിയാന്‍ മുനീര്‍ തയ്യാറായില്ലെന്നത് ലീഗിലെ ശാക്തികചേരിയിലെ മാറ്റത്തിന്റെ സൂചനയാണ്. ലീഗിലെ വിവിധ കേന്ദ്രത്തില്‍നിന്നു കിട്ടിയ പിന്തുണയിലാണ് മുനീറിന്റെ കര്‍ക്കശ നിലപാട്. ലീഗിലെ പ്രബലനെന്ന് അറിയപ്പെടുന്ന കുഞ്ഞാലിക്കുട്ടിക്ക് വലിയ ക്ഷീണമാണ് സെക്രട്ടറിയറ്റ് തീരുമാനം. മുനീറിനെ അഹമ്മദ് കൈവിടാതിരുന്നതും ഹൈദരലി ശിഹാബ് തങ്ങള്‍ കാട്ടിയ താല്‍പ്പര്യവുമാണ് കുഞ്ഞാലിക്കുട്ടിക്ക് തിരിച്ചടിയായത്. മുനീറിനെ ഗൂഢാലോചനക്കാരനെന്നു പറഞ്ഞിട്ടില്ലെന്ന് കുഞ്ഞാലിക്കുട്ടിക്ക് തിരുത്തി പറയേണ്ടിയും വന്നു.

ഇന്ത്യാവിഷന്റെ തലപ്പത്ത് പാര്‍ടി സംസ്ഥാന സെക്രട്ടറി തുടരരുതെന്ന കടുത്ത വാശിയിലായിരുന്നു കുഞ്ഞാലിക്കുട്ടി. ശനിയാഴ്ച പാണക്കാട്ട് ചേര്‍ന്ന യോഗത്തില്‍ ഈ ആവശ്യം കുഞ്ഞാലിക്കുട്ടി അവതരിപ്പിച്ചിരുന്നു. അതിനു കളമൊരുക്കാനായിരുന്നു മനോരമ ചാനലിനെ കൂട്ടുപിടിച്ചു നടത്തിയ അഭിമുഖവും മുനീറിനെ ഗൂഢാലോചനക്കാരനെന്നു മുദ്രകുത്തിയതും. കോണ്‍ഗ്രസിലെ ഒരുവിഭാഗം നേതാക്കളെക്കൊണ്ട് മുനീറിനെതിരായി പറയിപ്പിക്കുന്നതിലും വിജയിച്ചു. എന്നാല്‍, ആ നീക്കങ്ങള്‍ക്ക് പിന്തുണ കിട്ടിയില്ലെന്നത് പാര്‍ടിക്കകത്ത് കുഞ്ഞാലിക്കുട്ടിവിരുദ്ധചേരി കരുത്തുനേടുന്നതിന്റെ സൂചനയാണ്.
(പി വി ജീജോ)

ദേശാഭിമാനി 070211

3 comments:

  1. ഉത്തരവാദപ്പെട്ട ഭരണസ്ഥാനത്തിരുന്ന മന്ത്രി കള്ളരേഖകള്‍ ഉണ്ടാക്കി കേസ് അട്ടിമറിക്കാന്‍ ശ്രമിച്ചതായുള്ള വിശദാംശങ്ങള്‍ പുറത്തുവന്നു. കള്ളപ്പണ വിനിയോഗത്തിലൂടെ നിയമലംഘനം നടത്തുകയും ചെയ്തു. എന്ത് ഒത്തുതീര്‍പ്പ് ഉണ്ടാക്കിയാലും ഇത്രയേറെ മാനങ്ങളുള്ള പ്രശ്നം സജീവമായി ചര്‍ച്ച ചെയ്യപ്പെടും. ഇതുമായി ബന്ധപ്പെട്ട് പുതിയ തെളിവുകള്‍ വരാന്‍പോകുകയാണ്. കുഞ്ഞാലിക്കുട്ടിയും ലീഗും മറുപടി പറേയണ്ടിവരും. ഗൂഢാലോചനയുടെ തെളിവുകള്‍ പ്രതിപക്ഷ നേതാവിന് മുന്നിലല്ല ജനങ്ങള്‍ക്കു മുന്നിലാണ് ലീഗ് ഹാജരാക്കേണ്ടത്.

    ReplyDelete
  2. മുസ്ളിം ലീഗിലും യുഡിഎഫിലും എല്ലാം ഭദ്രമായെന്ന് പ്രതിപക്ഷനേതാവ് ഉമ്മന്‍ചാണ്ടി. മോഹനയാത്ര തിരുവനന്തപുരത്ത് ചെന്ന് ഗവര്‍ണര്‍ക്ക് നിവേദനം നല്‍കും.തുടര്‍ന്ന് യുഡിഎഫ് സീറ്റുചര്‍ച്ചയിലക്ക് കടക്കും-വാര്‍ത്താസമ്മേളനത്തില്‍ അദ്ദേഹം തുടര്‍ന്നു. യുഡിഎഫ് ഘടകകക്ഷികള്‍ക്കിടയില്‍ പ്രശ്നമുണ്ടാക്കാനാണ് ചിലര്‍ ശ്രമിക്കുന്നതെന്നായിരുന്നു ഉമ്മന്‍ചാണ്ടിയുടെ ആക്ഷേപം. ഐസ്ക്രീംകേസിലെ പുതിയ വെളിപ്പടുത്തല്‍ ഗുഡാലോചനയാണെന്ന വിവരം നല്‍കിയത് ഉമ്മന്‍ചാണ്ടിയാണെന്ന കുഞ്ഞാലിക്കുട്ടിയുടെ പ്രസ്താവനയെക്കുറിച്ച് പ്രതികരിക്കാന്‍ ആദ്യം ഉമ്മന്‍ചാണ്ടി മടിച്ചു. ആവര്‍ത്തിച്ചപ്പോള്‍ കുഞ്ഞാലിക്കുട്ടി അങ്ങനെ പറഞ്ഞെങ്കില്‍ ശരിയായിരിക്കുമെന്നായിരുന്നുമറുപടി. പി ശശി മുഖ്യമന്ത്രിക്കെതിരെ ഉന്നയിച്ച ആരോപണം ഗൌരവതരമാണെന്നും കേസെടുക്കണമെന്നും അദ്ദേഹം പറഞ്ഞു.

    ReplyDelete
  3. പെണ്‍വാണിഭക്കേസില്‍ നിന്നും സ്വന്തം മുന്നണിയിലെ പ്രമുഖനെ രക്ഷിക്കാന്‍ പ്രതിപക്ഷം വ്യര്‍ഥ വ്യായാമം നടത്തുകയാണെന്ന് മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന്‍ നിയമസഭയില്‍ പറഞ്ഞു. പെകുട്ടികളെ പീഡിപ്പിച്ചവരെയെല്ലാം വിലങ്ങുവച്ചു നടത്തുമെന്ന പ്രഖ്യാപനം യാഥാര്‍ഥ്യമാകുന്നതിന്റെ ബേജാറിലാണിപ്പോള്‍ പ്രതിപക്ഷം. മുഖ്യമന്ത്രി പറഞ്ഞു. പെകുട്ടികളെ അപമാനിച്ചവര്‍ക്കെതിരെ കര്‍ശനനടപടിയെടുക്കുന്ന മുഖ്യമന്ത്രിയെ അപമാനിക്കാനാണ് പ്രതിപക്ഷം ശ്രമിക്കുന്നതെന്ന് ആര്യാടന്‍ മുഹമ്മദിന്റെ അടിയന്തിരപ്രമേയനോട്ടീസിനു മറുപടിയായി ആഭ്യന്തരമന്ത്രി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. അത്തരക്കാര്‍ക്ക് കൈയാമം വീഴുമെന്ന പേടിയാണിപ്പോള്‍ പ്രതിപക്ഷത്തിന്. യുഡിഎഫ് തലയില്‍ മുണ്ടിട്ടു നടക്കേണ്ട ഗതികേടിലാണിപ്പോള്‍. പ്രതിപക്ഷം അവതരിപ്പിച്ച അടിയന്തിരപ്രമേയത്തിന് മുഖ്യമന്ത്രിയും ആഭ്യന്തരമന്ത്രിയും മറുപടി നല്‍കിയ സാഹചര്യത്തില്‍ സഭ നിര്‍ത്തി വെച്ച് പ്രശ്നം ചര്‍ച്ച ചെയ്യണമെന്ന പ്രതിപക്ഷ ആവശ്യം സ്പീക്കര്‍ തള്ളി. ഇതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം സഭ ബഹിഷ്കരിച്ചു.

    ReplyDelete