Friday, June 3, 2011

നിര്‍മാണത്തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ 162 ജീവനക്കാരെ പുറത്താക്കി

കേരള കെട്ടിട നിര്‍മാണത്തൊഴിലാളി ക്ഷേമനിധി ബോര്‍ഡിലെ 162 ജീവനക്കാരെ പുറത്താക്കി. ഇവരെ സ്ഥിരപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട കേസില്‍ ഹൈക്കോടതി ഉത്തരവ് വരാനിരിക്കെയാണ് നോട്ടീസ് പോലും നല്‍കാതെ പൊലീസിനെ ഉപയോഗിച്ചും മറ്റും ഓഫീസുകളില്‍ നിന്നു പുറത്താക്കിയത്. യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നപ്പോള്‍ ഒരു മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയായി ചുമതലയേറ്റ, ബോര്‍ഡിന്റെ സെക്രട്ടറിയും ചീഫ് എക്സിക്യൂട്ടീവ് ഓഫീസറുമായിരുന്ന ആളാണ് ഇതിന് നേതൃത്വം നല്‍കുന്നത്. ബോര്‍ഡ് ഭരണസമിതി പിരിച്ചുവിട്ട് ഉദ്യോഗസ്ഥഭരണം ഏര്‍പ്പെടുത്തിയാണ് തിരക്കിട്ട പുറത്താക്കല്‍ . പകരം പിന്‍വാതില്‍ നിയമത്തിന് ഏകദേശം 75 പേരുടെ പട്ടിക തൊഴില്‍ മന്ത്രിയുടെ ഓഫീസില്‍ തയ്യാറാക്കി. "ഇടപാടുകള്‍" പൂര്‍ത്തിയാക്കി ഉടന്‍ നിയമനം നടത്താനാണ് നീക്കം. പിരിച്ചുവിടപ്പെട്ടവരില്‍ 30 പേര്‍ ബോര്‍ഡിന്റെ ചീഫ് ഓഫീസിലും 18 പേര്‍ തിരുവനന്തപുരം ജില്ലാ ഓഫീസിലും ബാക്കിയുള്ളവര്‍ 13 ജില്ലാ ഓഫീസിലുമായാണ് ജോലി നോക്കിയിരുന്നത്. അഞ്ചുവര്‍ഷംവരെ സേവന കാലാവധി പൂര്‍ത്തിയാക്കിയവരെ മെയിലെ ശമ്പളംപോലും നല്‍കാതെ പുറത്താക്കുകയായിരുന്നു.

ബോര്‍ഡില്‍ ഡെപ്യൂട്ടേഷന്‍ വ്യവസ്ഥയില്‍ മാത്രമായിരുന്നു ജീവനക്കാരെ നിയമിച്ചിരുന്നത്. ഇവരെ ഉപയോഗിച്ച് ദൈനംദിന പ്രവര്‍ത്തനം കഴിയാത്ത സാഹചര്യത്തിലാണ് ക്ലര്‍ക്ക്, പ്യൂണ്‍ , കംപ്യൂട്ടര്‍ ഓപ്പറേറ്റര്‍ തസ്തികകളിലേക്ക് ജീവനക്കാരെ നിയമിച്ചത്. ഇവരില്‍ മൂന്നുവര്‍ഷത്തിലേറെ സര്‍വീസ് പൂര്‍ത്തിയാക്കിയവരെ സ്ഥിരപ്പെടുത്താന്‍ ബോര്‍ഡ് തീരുമാനിക്കുകയും സര്‍ക്കാരിന്റെ അംഗീകാരം തേടുകയും ചെയ്തു. ഇതിനെതിരെ കോണ്‍ഗ്രസ് നേതാവ് എ സി ജോസ് പ്രസിഡന്റായ ബില്‍ഡിങ് ആന്‍ഡ് റോഡ് വര്‍ക്കേഴ്സ് ഫെഡറേഷന്‍ ഹൈക്കോടതിയെ സമീപിച്ചു. കോടതി വിധി അടിസ്ഥാനമാക്കി ജീവനക്കാരെ സ്ഥിരപ്പെടുത്താനും അതുവരെ ജോലിയില്‍ തുടരാന്‍ അനുവദിക്കാനും സര്‍ക്കാര്‍ ഉത്തരവിട്ടു. ദിവസങ്ങള്‍ക്കുമുമ്പ് ബോര്‍ഡില്‍ നിന്ന് സ്ഥാനമൊഴിഞ്ഞ സെക്രട്ടറി ജീവനക്കാരെ പുറത്താക്കാന്‍ ജില്ലാ ഓഫീസ് മേധാവികള്‍ക്ക് നിര്‍ദേശം നല്‍കി. ഇദ്ദേഹത്തെ പിന്നീട് ഗതാഗതമന്ത്രിയുടെ പ്രൈവറ്റ്് സെക്രട്ടറിയായി നിയമിച്ചു. കഴിഞ്ഞദിവസം ബോര്‍ഡ് ഭരണസമിതിയെ പുറത്താക്കി തൊഴില്‍ വകുപ്പിലെ അഡീഷണല്‍ സെക്രട്ടറിയെ ബോര്‍ഡ് ചെയര്‍പേഴ്സണാക്കി നിയമിച്ചു. തുടര്‍ന്ന് പൊലീസിനെ ഉപയോഗിച്ചും മറ്റും ജീവനക്കാരെ ഓഫീസില്‍ നിന്നു മാറ്റി. ഓഫീസില്‍ എത്തുന്നവര്‍ക്കെതിരെ കേസെടുക്കുമെന്ന ഭീഷണിയും മുഴക്കി. തൊഴില്‍ മന്ത്രിയുടെ ഓഫീസില്‍ നിന്ന് പകരം നിയമത്തിന് പട്ടിക തയ്യാറാക്കാന്‍ നിര്‍ദേശിക്കുകയായിരുന്നു. ഇതോടെ ഇടനിലക്കാരും സജീവമായി.

deshabhimani 030611

1 comment:

  1. കേരള കെട്ടിട നിര്‍മാണത്തൊഴിലാളി ക്ഷേമനിധി ബോര്‍ഡിലെ 162 ജീവനക്കാരെ പുറത്താക്കി. ഇവരെ സ്ഥിരപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട കേസില്‍ ഹൈക്കോടതി ഉത്തരവ് വരാനിരിക്കെയാണ് നോട്ടീസ് പോലും നല്‍കാതെ പൊലീസിനെ ഉപയോഗിച്ചും മറ്റും ഓഫീസുകളില്‍ നിന്നു പുറത്താക്കിയത്. യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നപ്പോള്‍ ഒരു മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയായി ചുമതലയേറ്റ, ബോര്‍ഡിന്റെ സെക്രട്ടറിയും ചീഫ് എക്സിക്യൂട്ടീവ് ഓഫീസറുമായിരുന്ന ആളാണ് ഇതിന് നേതൃത്വം നല്‍കുന്നത്.

    ReplyDelete