Friday, June 3, 2011

പ്രോബോ കോലയ്ക്ക് ഇന്ത്യയിലും വിലക്ക്

അഹമ്മദാബാദ്: മാരക വിഷം വഹിച്ച് നിരവധി പേരുടെ മരണത്തിനിടയാക്കിയ പനാമന്‍ കപ്പലായ പ്രോബോ കോലയെ ഇന്ത്യന്‍ തീരത്ത് അടുക്കുന്നതില്‍നിന്നും വിലക്കി. ബംഗ്ലാദേശിലെ ചിറ്റഗോങ് കപ്പല്‍ പൊളിക്കല്‍ കേന്ദ്രത്തില്‍നിന്നും ഗുജറാത്തിലെ അലാങ് കപ്പല്‍ പൊളിക്കല്‍ കേന്ദ്രം ലക്ഷ്യമിട്ട് പ്രോബോകോല നീങ്ങിത്തുടങ്ങിയതായുള്ള വാര്‍ത്തകളെത്തുടര്‍ന്നാണ് ഗുജറാത്ത് മാരി ടൈം ബോര്‍ഡ് കപ്പലിന് വിലക്ക് ഏര്‍പ്പെടുത്തിയത്. ബംഗ്ലാദേശില്‍ വന്‍ പ്രതിഷേധങ്ങള്‍ ഉയര്‍ന്നതിനെത്തുടര്‍ന്നാണ് 2006-ലെ നൈജീരിയന്‍ കൂട്ടക്കൊലയില്‍ മുഖ്യ പങ്കുവഹിച്ച പ്രോബോകോലയ്ക്ക് ഇന്ത്യന്‍ തീരത്തുനിന്നും വിലക്ക്  ഏര്‍പ്പെടുത്താന്‍ അധികൃതര്‍ നിര്‍ബന്ധിതമായത്.

പ്രോബോ കോല ഇന്ത്യന്‍ തീരത്തേയ്ക്ക് യാത്രയായ വാര്‍ത്ത പരന്നതോടെ തന്നെ കേന്ദ്ര പരിസ്ഥിതി മന്ത്രി ജയറാം രമേഷ് ഗുജറാത്ത് സര്‍ക്കാരിനോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിരുന്നു. കപ്പലിന് ഗുജറാത്ത് തീരത്ത് അടുക്കണമെങ്കില്‍ കസ്റ്റംസിന്റെയും ഗുജറാത്ത് പൊല്യുഷന്‍ കണ്‍ട്രോള്‍ ബോര്‍ഡിന്റെയും ക്ലിയറന്‍സ് ലഭിക്കണം.

ഈ ക്ലിയറന്‍സ് ലഭ്യമാക്കേണ്ടത് ഇല്ലായെന്നാണ് മാരി ടൈം ബോര്‍ഡ് നല്‍കിയിയിരിക്കുന്ന നിര്‍ദേശം. കപ്പലിന്റെ ഇപ്പോഴത്തെ ഉടമസ്ഥതയെ സംബന്ധിച്ചും ചോദ്യങ്ങള്‍ ഉയരുന്നുണ്ട്. കപ്പല്‍ പൊളിച്ച് ലഭിക്കുന്ന സ്റ്റീലിന് മാര്‍ക്കറ്റില്‍ മികച്ച വില ഉള്ളതിനാല്‍ പല കപ്പലുകളുടെയും പൊളിക്കല്‍ കോണ്‍ട്രാക്ട് ഏറ്റെടുക്കുന്നത് അധോലോക ബന്ധമുള്ള സംഘങ്ങളാണെന്നാണ് റിപ്പോര്‍ട്ടുകള്‍. പ്രോബോ കോലയുടെ പൊളിക്കാനുള്ള കരാര്‍ ലഭിച്ചിരിക്കുന്നത് ദാവൂദ് ഇബ്രാഹിമിന്റെ സംഘത്തിനാണെന്ന് ഒരു മുംബൈ ദിനപ്പത്രം റിപ്പോര്‍ട്ട് ചെയ്തിട്ടുമുണ്ട്.

2006-ല്‍ ഐവറികോസ്റ്റ് തീരത്ത് മാലിന്യം നിക്ഷേപിച്ചതിനെത്തുടര്‍ന്ന് 17 പേരുടെ മരണത്തിന് ഇടവരുത്തുകയും 30,000 പേരെ രോഗബാധിതരാക്കുകയും ചെയ്ത കപ്പലാണ് പ്രോബോ കോല. പനാമയില്‍ രജിസ്റ്റര്‍ ചെയ്ത കപ്പല്‍ വിയറ്റ്‌നാം കേന്ദ്രീകരിച്ചാണ് ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നത്. പ്രോബോ കോല എന്ന പേരില്‍ തുറമുഖങ്ങളില്‍ അടുക്കുന്നതിന് 2006-ലെ ദുരന്തത്തിനു ശേഷം പ്രശ്‌നം നേരിട്ടപ്പോള്‍ ഗള്‍ഫ് ജാഷ് എന്ന പേരിലേയ്ക്ക് കപ്പല്‍ മാറ്റിയിരുന്നു.

ട്രാഫിക് ഗുവാര എന്ന കമ്പനിയാണ് കോക്കര്‍ നാഫ്തയും കാസ്റ്റിക് സോഡയും മെര്‍ക്കാറ്റല്‍ സള്‍ഫറും വഹിക്കുന്ന കപ്പലിന്റെ ഉടമകള്‍. 2006-ല്‍ ഹോളണ്ടിലെ ആംസ്റ്റര്‍ഡാം തുറമുഖത്ത് മാലിന്യങ്ങള്‍ തള്ളുന്നതിനായി എത്തിയ പ്രോബോ കോലയെ അവിടുത്തെ ജനങ്ങള്‍ ശക്തമായ പ്രതിഷേധവുമായി മടക്കിയിരുന്നു.

ഇതേത്തുടര്‍ന്നാണ് ഐവറികോസ്റ്റിലെ അഭിജാന്‍ തുറമുഖത്ത് 528 ടണ്‍ മാലിന്യം ട്രാഫിക് ഗുവാര കമ്പനി ഒഴുക്കിയത്. ഇത് 17 പേരുടെ മരണത്തിന് ഇടയാക്കിയതിനെത്തുടര്‍ന്ന് 152 മില്യണ്‍ യൂറോ ഐവറികോസ്റ്റിന് 2007-ല്‍ നഷ്ടപരിഹാരമായി കമ്പനി നല്‍കിയിരുന്നു.

ദുരന്തത്തില്‍ രോഗബാധിതരായ 30,000 പേര്‍ക്ക് 30 മില്യണ്‍ പൗണ്ടും 2009-ല്‍ കമ്പനി കൈമാറി. നൈജീരിയയില്‍ 1,07,000 പേരാണ് രണ്ട് മാസം നീണ്ട പ്രോബോകോലയുടെ മാലിന്യ നിക്ഷേപത്തില്‍ അസുഖ ബാധിതരായതെന്നാണ് അനൗദ്യോഗിക കണക്കുകള്‍.

janayugom 030611

1 comment:

  1. മാരക വിഷം വഹിച്ച് നിരവധി പേരുടെ മരണത്തിനിടയാക്കിയ പനാമന്‍ കപ്പലായ പ്രോബോ കോലയെ ഇന്ത്യന്‍ തീരത്ത് അടുക്കുന്നതില്‍നിന്നും വിലക്കി. ബംഗ്ലാദേശിലെ ചിറ്റഗോങ് കപ്പല്‍ പൊളിക്കല്‍ കേന്ദ്രത്തില്‍നിന്നും ഗുജറാത്തിലെ അലാങ് കപ്പല്‍ പൊളിക്കല്‍ കേന്ദ്രം ലക്ഷ്യമിട്ട് പ്രോബോകോല നീങ്ങിത്തുടങ്ങിയതായുള്ള വാര്‍ത്തകളെത്തുടര്‍ന്നാണ് ഗുജറാത്ത് മാരി ടൈം ബോര്‍ഡ് കപ്പലിന് വിലക്ക് ഏര്‍പ്പെടുത്തിയത്. ബംഗ്ലാദേശില്‍ വന്‍ പ്രതിഷേധങ്ങള്‍ ഉയര്‍ന്നതിനെത്തുടര്‍ന്നാണ് 2006-ലെ നൈജീരിയന്‍ കൂട്ടക്കൊലയില്‍ മുഖ്യ പങ്കുവഹിച്ച പ്രോബോകോലയ്ക്ക് ഇന്ത്യന്‍ തീരത്തുനിന്നും വിലക്ക് ഏര്‍പ്പെടുത്താന്‍ അധികൃതര്‍ നിര്‍ബന്ധിതമായത്.

    ReplyDelete