Tuesday, June 21, 2011

മുഹമ്മദ് കമ്മിറ്റി ഫീസ്: പിജിക്ക് 2 മുതല്‍ 5 ലക്ഷം വരെ

കൊച്ചി: സ്വാശ്രയ മെഡിക്കല്‍ പിജി കോഴ്സുകളുടെ ഫീസ്ഘടന ജസ്റ്റിസ് മുഹമ്മദ് കമ്മിറ്റി താല്‍ക്കാലികമായി നിശ്ചയിച്ചു. പിജി കോഴ്സുകളിലെ ഡിഗ്രി, ഡിപ്ലോമ കോഴ്സുകള്‍ ക്ലിനിക്കല്‍ നോണ്‍ ക്ലിനിക്കല്‍ എന്നിങ്ങനെ വേര്‍തിരിച്ച് രണ്ടുലക്ഷംമുതല്‍ അഞ്ചുലക്ഷംവരെയാണ് ഫീസ്. രണ്ടുലക്ഷം ഫീസ് നല്‍കേണ്ട നോണ്‍ ക്ലിനിക്കല്‍ കോഴ്സ്: എംഎസ് (അനാട്ടമി), എംഡി(പാതോളജി), എംഡി (കമ്യൂണിറ്റി മെഡിസിന്‍), എംഡി (മൈക്രോ ബയോളജി). അഞ്ചുലക്ഷം നല്‍കേണ്ട ക്ലിനിക്കല്‍ കോഴ്സ്: എംഡി (ജനറല്‍ മെഡിസിന്‍), എംഡി (സൈക്യാട്രി), എംഡി (പീഡിയാട്രിക്സ്), എംഎസ് (ഓര്‍ത്തോപീഡിക്സ്), എംഎസ് (ഇഎന്‍ടി), എംഎസ് (ഒബ്സ്റ്റട്രിക്സ് ആന്‍ഡ് ഗൈനക്കോളജി), എംഡി (റേഡിയോ ഡയഗ്നോസിസ്), എംഎസ് (ഒപ്താല്‍മോളജി), എംഎസ് (ജനറല്‍ സര്‍ജറി), എംഡി (അനസ്തേഷ്യ). പിജി ഡിപ്ലോമ കോഴ്സായ ഡെര്‍മറ്റോളജിക്ക് 3.75 ലക്ഷം രൂപയാണ്.

ക്രിസ്ത്യന്‍ പ്രൊഫഷണല്‍ മാനേജ്മെന്റ് ഫെഡറേഷന്റെ കീഴിലുള്ള നാല് മെഡിക്കല്‍ കോളേജുകള്‍ സമര്‍പ്പിച്ച രേഖകള്‍ പരിശോധിച്ചാണ് മുഹമ്മദ് കമ്മിറ്റി ഫീസ് നിര്‍ണയിച്ചത്. മറ്റു കോളേജുകള്‍ രേഖകള്‍ നല്‍കിയിട്ടില്ലെങ്കിലും അവര്‍ക്കും 2011-12 വര്‍ഷത്തെ പിജി പ്രവേശനത്തിന് ഇപ്പോള്‍ നിശ്ചയിച്ച ഫീസ്ഘടന ബാധകമാകും. പിജി കോഴ്സ് നടത്തുന്ന മറ്റു കോളേജുകള്‍ രേഖകള്‍ സമര്‍പ്പിക്കുന്ന മുറയ്ക്ക് അന്തിമഫീസ് ഘടന പ്രഖ്യാപിക്കും. ഇതുവരെ രേഖകളൊന്നും നല്‍കാത്ത കോളേജുകള്‍ രണ്ടാഴ്ചയ്ക്കുള്ളില്‍ ഫീസ് നിര്‍ണയത്തിനുള്ള അപേക്ഷയും വിവരങ്ങളും കമ്മിറ്റിക്ക് നല്‍കണം. ക്രിസ്ത്യന്‍ മാനേജ്മെന്റ് കോളേജുകള്‍ സമര്‍പ്പിച്ച രേഖ പ്രകാരം പ്രോസ്പെക്ടസിലെയും പ്രൊപ്പോസലിലെയും ഫീസ്ഘടനയില്‍ വലിയ അന്തരമുള്ളതായും കമ്മിറ്റി കണ്ടെത്തി. രേഖകള്‍ അപൂര്‍ണവുമാണ്. എന്നാല്‍ ജൂണ്‍ 30നുള്ളില്‍ പ്രവേശനം പൂര്‍ത്തിയാക്കേണ്ടതിനാലാണ് ഫീസ് താല്‍ക്കാലികമായി നിര്‍ണയിച്ചതെന്നും മുഹമ്മദ്കമ്മിറ്റി അറിയിച്ചു.

മെഡിക്കല്‍ പിജി: മെറിറ്റ് സീറ്റ് ഏറ്റെടുക്കാന്‍ നടപടിയില്ല

സ്വാശ്രയ മെഡിക്കല്‍കോളേജിലെ 50 ശതമാനം മെറിറ്റ് സീറ്റ് ഏറ്റെടുത്ത് ഉത്തരവിറക്കി രണ്ടാഴ്ച പിന്നിട്ടിട്ടും തുടര്‍നടപടി എടുക്കാതെ സര്‍ക്കാര്‍ ഒത്തുകളി തുടരുന്നു. സീറ്റ് ഏറ്റെടുത്തതിനെതിരെ ഇന്റര്‍ചര്‍ച്ച് കൗണ്‍സില്‍ ഹൈക്കോടതിയെ സമീപിച്ചപ്പോള്‍ കേസില്‍ കക്ഷിചേരാന്‍ പോലും സര്‍ക്കാര്‍ തയ്യാറായില്ല. ഇന്റര്‍ചര്‍ച്ച് കൗണ്‍സിലിന്റെ ഹര്‍ജിയില്‍ വാദം കേട്ട ഹൈക്കോടതി സര്‍ക്കാരിനോട് നിലപാട് വ്യക്തമാക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. സീറ്റ് ഏറ്റെടുത്ത് ഉത്തരവിറക്കിയ സാഹചര്യത്തില്‍ ഹൈക്കോടതിയില്‍ ഉത്തരവിന് അനുകൂലമായ നിലപാട് എടുക്കാതിരിക്കാന്‍ കഴിയില്ല. അതേസമയം, ഉത്തരവിറക്കിയാലും മാനേജ്മെന്റിന്റെ നടപടികളില്‍ ഇടപെടില്ലെന്നായിരുന്നു സര്‍ക്കാര്‍ മാനേജ്മെന്റുകള്‍ക്ക് നല്‍കിയ വാഗ്ദാനം. ഈ സാഹചര്യത്തില്‍ കോടതിയില്‍ ദുര്‍ബലവാദങ്ങള്‍ നിരത്തി മാനേജ്മെന്റുകളെ സഹായിക്കാനാകും സര്‍ക്കാര്‍ നീക്കം. മെഡിക്കല്‍ എഡ്യൂക്കേഷന്‍ ഡയറക്ടര്‍ ഡോ. വി ഗീതയുടെ വെളിപ്പെടുത്തലും സര്‍ക്കാര്‍ നീക്കത്തെ സാധൂകരിക്കുന്ന വിധത്തിലാണ്.

സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകളില്‍ അഖിലേന്ത്യാ ക്വോട്ടയിലുള്ള പ്രവേശനം കഴിഞ്ഞ ശേഷമേ രണ്ടാംഘട്ട അലോട്ട്മെന്റ് നടപടികള്‍ തുടങ്ങൂയെന്നാണ് മെഡിക്കല്‍ എഡ്യൂക്കേഷന്‍ ഡയറക്ടര്‍ ദേശാഭിമാനിയോട് പറഞ്ഞത്. ഈ സീറ്റുകളിലെ പ്രവേശനം 24ന് വൈകീട്ട് അഞ്ച് മണിക്കേ പൂര്‍ത്തിയാകൂ. ഇതിനര്‍ഥം 25ന് മാത്രമേ രണ്ടാംഘട്ട അലോട്ട്മെന്റിനുള്ള നടപടിക്രമങ്ങള്‍ തുടങ്ങൂയെന്നാണ്. എന്നാല്‍ , ഹൈക്കോടതി ഈ കേസ് 24നാണ് പരിഗണിക്കുന്നത്. അതിന് മുമ്പ് ഇക്കാര്യത്തില്‍ വ്യക്തത വരുത്തേണ്ടതുണ്ട്. സുപ്രീംകോടതി വിധി അനുസരിച്ച് 30നകം പ്രവേശനം പൂര്‍ത്തിയാക്കിയാല്‍ മതിയെന്നാണ് സര്‍ക്കാര്‍ നിലപാട്. എന്നാല്‍ , ഇത് സര്‍ക്കാര്‍ മെഡിക്കല്‍കോളേജുകള്‍ക്ക് മാത്രം ബാധകമായ വിധിയാണെന്നും സ്വാശ്രയ കോളേജുകളില്‍ പ്രവേശനം മെയ് 31നകം പൂര്‍ത്തിയാക്കണമെന്ന് സുപ്രീംകോടതി വിധിയുണ്ടെന്നും മാനേജ്മെന്റുകള്‍ വാദിക്കുന്നു. ജൂണ്‍ 30നകം പ്രവേശനം പൂര്‍ത്തിയാക്കിയാല്‍ മതിയെന്ന സുപ്രീംകോടതി വിധിയെ അടിസ്ഥാനമാക്കിയാണ് നീങ്ങുന്നതെന്ന് സര്‍ക്കാര്‍ പറയുന്നുണ്ടെങ്കിലും അത് ഹൈക്കോടതിയെ ബോധ്യപ്പെടുത്തേണ്ട ബാധ്യത സര്‍ക്കാരിനുണ്ട്.

അതിനിടെ, അമൃത ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സിലെ പിജി പ്രവേശനം സംബന്ധിച്ച് വ്യക്തത വരുത്തണമെന്ന് കാണിച്ച് ആരോഗ്യവകുപ്പ് സെക്രട്ടറി കേന്ദ്രമാനവ വിഭവശേഷിമന്ത്രാലയത്തിന് കത്തയച്ചു. മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ 2000ത്തില്‍ പുറപ്പെടുവിച്ച ഉത്തരവിലെ സെക്ഷന്‍ ഒമ്പത് അനുസരിച്ച് സര്‍ക്കാരേതര സ്ഥാപനങ്ങള്‍ നടത്തുന്ന പിജി കോഴ്സുകളുടെ സീറ്റില്‍ 50 ശതമാനം സര്‍ക്കാരിന് വിട്ട് കൊടുക്കണമെന്ന് ആവശ്യപ്പെടുന്നുണ്ട്. എന്നാല്‍ , കല്‍പിത സര്‍വകലാശാലയുടെ കാര്യത്തില്‍ ഒന്നും പറയുന്നില്ല. ഇത് ചൂണ്ടിക്കാണിച്ച് എംസിഐയ്ക്ക് കത്തയച്ചെങ്കിലും മറുപടി കിട്ടാത്ത സാഹചര്യത്തിലാണ് മാനവ വിഭവശേഷിമന്ത്രാലയത്തിന് കത്തയച്ചത്. എന്നാല്‍ , ഇക്കാര്യത്തിലും ജനങ്ങളുടെ കണ്ണില്‍ പൊടിയിടാനുള്ള തന്ത്രം പയറ്റുകയാണ് സര്‍ക്കാര്‍ . കല്‍പിത സര്‍വകലാശാലകളില്‍ പ്രവേശനത്തില്‍ സംസ്ഥാന സര്‍ക്കാരുകള്‍ക്ക് ഇടപെടണമെങ്കില്‍ വ്യക്തമായ നിയമനിര്‍മാണം വേണ്ടിവരും. കാരണം കല്‍പിത സര്‍വകലാശാലകള്‍ പൂര്‍ണമായും യൂണിവേഴ്സിറ്റി ഗ്രാന്റ്സ് കമീഷന്റെ കീഴിലാണ്. യുജിസി ആകട്ടെ ഇത്തരം വിഷയങ്ങളില്‍ കാര്യമായി ഇടപെടുന്നുമില്ല. അതിനിടെ, മെഡിക്കല്‍ പിജി പ്രവേശനത്തില്‍ സംസ്ഥാന സര്‍ക്കാരും സ്വാശ്രയ കോളേജ് മാനേജ്മെന്റും ഒത്തുകളിക്കുകയാണെന്ന് കേരള മെഡിക്കല്‍ പിജി റാങ്ക് ഹോള്‍ഡേഴ്സ് അസോസിയേഷന്‍ ഭാരവാഹികള്‍ കോഴിക്കോട് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

പ്ലസ്ടു ഫലം വന്ന് ഒരുമാസം; മാര്‍ക്ക്ലിസ്റ്റ് ലഭിച്ചില്ല

മലപ്പുറം: ഹയര്‍ സെക്കന്‍ഡറി ഫലം വന്ന് ഒരുമാസം പിന്നിട്ടിട്ടും വിദ്യാര്‍ഥികള്‍ക്ക് മാര്‍ക്ക്ലിസ്റ്റ് വിതരണം ചെയ്തിട്ടില്ല. ഫലപ്രഖ്യാപനത്തില്‍ വന്ന പാകപ്പിഴയും തിരുവനന്തപുരത്തെ ഹയര്‍ സെക്കന്‍ഡറി ഡയറക്ടറേറ്റിലെ ജീവനക്കാരുടെ കുറവുമാണ് മാര്‍ക്ക് ലിസ്റ്റ് വിതരണം വൈകാന്‍ ഇടയാക്കുന്നത്. കഴിഞ്ഞ മാസം 20നാണ് ഹയര്‍ സെക്കന്‍ഡറി ഫലം പ്രഖ്യാപിച്ചത്. മാര്‍ക്ക് രേഖപ്പെടുത്തുന്നതില്‍ കംപ്യൂട്ടര്‍ സോഫ്റ്റ്വെയറിലുണ്ടായ പാകപ്പിഴമൂലം ഫലം മാറിമറിഞ്ഞു. ബയോളജിക്ക് ഗ്രേസ്മാര്‍ക്ക് നല്‍കിയതിലുള്ള അപാകമാണ് പ്രശ്നങ്ങള്‍ക്കിടയാക്കിയത്. രണ്ടാമതും ഫലപ്രഖ്യാപനം വന്നതോടെ ആദ്യഘട്ടത്തില്‍ തോറ്റ പലരും ജയിക്കുകയും ജയിച്ചവര്‍ തോല്‍ക്കുകയും ചെയ്തു. ഇത് സര്‍ട്ടിഫിക്കറ്റ് തയ്യാറാക്കുന്നതില്‍ കാലതാമസത്തിനിടയാക്കി.

ഉന്നത പഠനത്തിനുള്ള വിവിധ കോഴ്സുകള്‍ക്ക് അപേക്ഷിക്കേണ്ട തീയതി ഇതിനകം കഴിഞ്ഞു. കംപ്യൂട്ടറില്‍നിന്ന് അപ്ലോഡ് ചെയ്തെടുത്ത കോപ്പിയാണ് വിദ്യാര്‍ഥികള്‍ തുടര്‍ പഠനത്തിനുള്ള അപേക്ഷക്കൊപ്പം സമര്‍പ്പിച്ചത്. പ്രൊഫഷണല്‍ കോഴ്സുകളുടെ പ്രവേശന നടപടികളും തുടങ്ങി. മെഡിക്കല്‍ റാങ്ക് ലിസ്റ്റുമായി. എന്‍ജിനിയറിങ്ങിന്റെ ആദ്യ അലോട്ട്മെന്റ് 27ന് വരും. എന്‍ജിനിയറിങ്ങിന് ഈ വര്‍ഷം മുതല്‍ പ്ലസ്ടു മാര്‍ക്കും പരിഗണിക്കുന്നുണ്ട്. കോളേജുകളില്‍ ഡിഗ്രി പ്രവേശനം ഈ ആഴ്ച ആരംഭിക്കും. പല തൊഴിലധിഷ്ഠിത കോഴ്സുകളിലും പ്രവേശന നടപടി ആരംഭിച്ചുകഴിഞ്ഞു. പ്ലസ്ടു സര്‍ട്ടിഫിക്കറ്റ് ലഭിക്കാന്‍ വൈകിയാല്‍ ഇവയുടെ പ്രവേശനം മാറ്റിവയ്ക്കേണ്ടി വരും. മാര്‍ക്ക്ലിസ്റ്റ് വിതരണത്തിന് തയ്യാറായെന്നാണ് ഹയര്‍ സെക്കന്‍ഡറി ഡയറക്ടറേറ്റില്‍നിന്ന് ലഭിക്കുന്ന വിവരം. രണ്ടുദിവസത്തിനുള്ളില്‍ അതത് സ്കൂളുകളില്‍ സ്പീഡ്പോസ്റ്റ് വഴി മാര്‍ക്ക്ലിസ്റ്റ് വിതരണത്തിനെത്തുമെന്ന്് അധികൃതര്‍ അറിയിച്ചു.

deshabhimani 210611

1 comment:

  1. സ്വാശ്രയ മെഡിക്കല്‍ പിജി കോഴ്സുകളുടെ ഫീസ്ഘടന ജസ്റ്റിസ് മുഹമ്മദ് കമ്മിറ്റി താല്‍ക്കാലികമായി നിശ്ചയിച്ചു. പിജി കോഴ്സുകളിലെ ഡിഗ്രി, ഡിപ്ലോമ കോഴ്സുകള്‍ ക്ലിനിക്കല്‍ നോണ്‍ ക്ലിനിക്കല്‍ എന്നിങ്ങനെ വേര്‍തിരിച്ച് രണ്ടുലക്ഷംമുതല്‍ അഞ്ചുലക്ഷംവരെയാണ് ഫീസ്. രണ്ടുലക്ഷം ഫീസ് നല്‍കേണ്ട നോണ്‍ ക്ലിനിക്കല്‍ കോഴ്സ്: എംഎസ് (അനാട്ടമി), എംഡി(പാതോളജി), എംഡി (കമ്യൂണിറ്റി മെഡിസിന്‍), എംഡി (മൈക്രോ ബയോളജി). അഞ്ചുലക്ഷം നല്‍കേണ്ട ക്ലിനിക്കല്‍ കോഴ്സ്: എംഡി (ജനറല്‍ മെഡിസിന്‍), എംഡി (സൈക്യാട്രി), എംഡി (പീഡിയാട്രിക്സ്), എംഎസ് (ഓര്‍ത്തോപീഡിക്സ്), എംഎസ് (ഇഎന്‍ടി), എംഎസ് (ഒബ്സ്റ്റട്രിക്സ് ആന്‍ഡ് ഗൈനക്കോളജി), എംഡി (റേഡിയോ ഡയഗ്നോസിസ്), എംഎസ് (ഒപ്താല്‍മോളജി), എംഎസ് (ജനറല്‍ സര്‍ജറി), എംഡി (അനസ്തേഷ്യ). പിജി ഡിപ്ലോമ കോഴ്സായ ഡെര്‍മറ്റോളജിക്ക് 3.75 ലക്ഷം രൂപയാണ്.

    ReplyDelete