Tuesday, June 21, 2011

സി പി ഐ ദേശീയ കൗണ്‍സില്‍ പ്രമേയങ്ങള്‍

ബംഗാളിലെ അക്രമങ്ങള്‍ അവസാനിപ്പിക്കണം

പശ്ചിമബംഗാളില്‍ ഇടതുമുന്നണി പ്രവര്‍ത്തകര്‍ക്കും അനുഭാവികള്‍ക്കും നേരെ തൃണമുല്‍ കോണ്‍ഗ്രസ്‌ നടത്തിവരുന്ന അക്രമങ്ങള്‍ അവസാനിപ്പിക്കണമെന്ന്‌ സി പി ഐ ദേശീയ കൗണ്‍സില്‍ ആവശ്യപ്പെട്ടു.

ന്യൂഡല്‍ഹിയില്‍ ജൂണ്‍ 18 നും 19 നും നടന്ന ദേശീയ കൗണ്‍സില്‍ യോഗം ഒരു പ്രമേയത്തില്‍ ഇപ്രകാരം പറഞ്ഞു: തിരഞ്ഞെടുപ്പുവേളയില്‍ തൃണമൂല്‍ കോണ്‍ഗ്രസിന്റെ മുദ്രാവാക്യം ഇടതുമുന്നണി സര്‍ക്കാരിനെ മാറ്റണമെന്നതായിരുന്നു. അതേസമയം പ്രതികാര നടപടികള്‍ സ്വീകരിക്കില്ലെന്നും തൃണമൂല്‍ കോണ്‍ഗ്രസ്‌ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ ഇപ്പോള്‍ പശ്ചിമബംഗാളില്‍ നടന്നുകൊണ്ടിരിക്കുന്നത്‌ തീര്‍ത്തും അപലപനീയമാണ്‌. തിരഞ്ഞെടുപ്പിനുശേഷം 14 ഇടതുമുന്നണി നേതാക്കന്‍മാരെയും പ്രവര്‍ത്തകരെയും തൃണമൂല്‍ കോണ്‍ഗ്രസുകാര്‍ കൊല ചെയ്‌തു. നൂറു കണക്കിന്‌ പാര്‍ട്ടി ഓഫീസുകളും ബഹുജന സംഘടനകളുടെ ഓഫീസുകളും തൃണമൂല്‍ കോണ്‍ഗ്രസുകാര്‍ പിടിച്ചെടുക്കുകയും ചെങ്കൊടി ചൂട്ടെരിക്കുകയും ചെയ്‌തു. പതിനായിരത്തോളം ഇടതുമുന്നണി പ്രവര്‍ത്തകരെ അവരുടെ ഗ്രാമങ്ങളില്‍ നിന്നും പുറത്താക്കി. പട്ടയഭൂമിയില്‍ നിന്നും കൃഷിക്കാരെ ഒഴിപ്പിക്കുന്നു. കൃഷിക്കാര്‍ക്ക്‌ സ്വന്തം ഭൂമിയില്‍ കൃഷി ചെയ്യണമെങ്കില്‍ ചില ഗ്രാമങ്ങളില്‍ തൃണമൂല്‍ കോണ്‍ഗ്രസുകാര്‍ക്ക്‌ പണം നല്‍കണം. നിയമവിരുദ്ധമായ ആയൂധങ്ങള്‍ കണ്ടെടുക്കുന്നതിന്റെ പേരില്‍ തൃണമൂല്‍ കോണ്‍ഗ്രസ്‌ പ്രവര്‍ത്തകര്‍ പൊലീസുകാരോടൊപ്പം ഇടതുപക്ഷ പാര്‍ട്ടികളുടെ ഓഫീസുകളില്‍ അതിക്രമിച്ചു കടന്നു ചില ആയുധങ്ങള്‍ ഓഫീസുകളില്‍ കൊണ്ടുവന്നുവെച്ചശേഷം ആയുധം പിടിച്ചതായി വാര്‍ത്ത പ്രചരിപ്പിക്കുകയും ചെയ്യുന്നുണ്ട്‌.

തിരഞ്ഞെടുക്കപ്പെട്ട പഞ്ചായത്ത്‌ അംഗങ്ങളെ തൃണമൂല്‍ കോണ്‍ഗ്രസുകാര്‍ ഭീഷണിപ്പെടുത്തുകയും രാജിവെക്കാന്‍ നിര്‍ബന്ധിക്കുകയും ചെയ്യുന്നു.

ഇടതുമുന്നണി പ്രവര്‍ത്തകര്‍ക്കും അനുഭാവികള്‍ക്കും നേരെ നടക്കുന്ന അക്രമങ്ങള്‍ അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട്‌ പ്രതിപക്ഷ നേതാവും ഇടതുമുന്നണി ഘടകകക്ഷി നേതാക്കന്‍മാരും മുഖ്യമന്ത്രിക്ക്‌ നിവേദനം നല്‍കിയിരുന്നു. അക്രമം നടത്തുന്നവരെ പിടികൂടുകയും ശിക്ഷിക്കുകയും ചെയ്യണമെന്ന്‌ നിവേദനത്തില്‍ ആവശ്യപ്പെട്ടിരുന്നു. ആവശ്യമായ നടപടി സ്വീകരിക്കുമെന്ന്‌ മുഖ്യമന്ത്രി ഉറപ്പു നല്‍കുകയും ചെയ്‌തിരുന്നു. എന്നാല്‍ ഇപ്പോഴും അക്രമങ്ങള്‍ തുടരുകയാണ്‌.

പശ്ചിമബംഗാളില്‍ സമാധാനവും ജനാധിപത്യ അവകാശങ്ങളും പുനസ്ഥാപിക്കാന്‍ ഗവണ്മെന്റ്‌ അടിയന്തര നടപടി സ്വീകരിക്കണം.

സായുധസേന പ്രത്യേക അധികാര നിയമം

മണിപ്പൂരില്‍ നിന്നും സായുധസേന പ്രത്യേക അധികാര നിയമം പിന്‍വലിക്കണമെന്ന്‌ ദേശീയ കൗണ്‍സില്‍ ആവശ്യപ്പെട്ടു. സി പി ഐ ഏറേനാളായി ഉന്നയിക്കുന്ന ആവശ്യമാണിത്‌. ജനകീയ പ്രസ്ഥാനങ്ങള്‍ അടിച്ചമര്‍ത്താന്‍ ഈ നിയമം നഗ്നമായി ദുരുപയോഗം ചെയ്യുന്നുണ്ട്‌. വ്യാപകമായ മനുഷ്യാവകാശ ലംഘനങ്ങളും നടക്കുന്നു. നിയമം പിന്‍വലിക്കണമെന്നാവശ്യപ്പെട്ട്‌ സി പി ഐയുടെ മണിപ്പൂര്‍ ഘടകം തുടര്‍ച്ചയായി ക്യാമ്പെയിന്‍ നടത്തിവരുകയാണ്‌. സി പി ഐയും മറ്റ്‌ ജനാധിപത്യ പാര്‍ട്ടികളും സംഘടനകളും കേന്ദ്രസര്‍ക്കാരിന്‌ ഇതു സംബന്ധിച്ച്‌ പലവട്ടം നിവേദനം നല്‍കിയിരുന്നു. സായുധസേന പ്രത്യേക അധികാര നിയമം മണിപ്പൂരില്‍ നിന്നും പിന്‍വലിക്കാന്‍ കേന്ദ്രഗവണ്മെന്റ്‌ അടിയന്തിര നടപടി സ്വീകരിക്കണം.

ബസ്‌താറില്‍ നിന്നും പട്ടാളത്തെ പിന്‍വലിക്കണം

ഛത്തീസ്‌ഗഡ്‌ സംസ്ഥാനത്തെ ബസ്‌താര്‍ മേഖലയിലെ സമീപനാളുകളിലെ സംഭവവികാസങ്ങളില്‍ ദേശീയ കൗണ്‍സില്‍ ഉത്‌ക്കണ്‌ഠ രേഖപ്പെടുത്തി.
മാവോയിസ്റ്റുകള്‍ `ജനതനരാജ്‌' സ്ഥാപിച്ചതായി അവകാശപ്പെടുന്ന കുന്നിന്‍പ്രദേശമായ അബുജമാറിനടുത്ത്‌ പട്ടാളം പരിശീലന ക്യാമ്പുകള്‍ തുടങ്ങിയിട്ടുണ്ട്‌. വനത്തിനകത്തെ ശത്രുതാവളങ്ങള്‍ വലയം ചെയ്യാനും നശിപ്പിക്കാനുമുള്ള പരിശീലനങ്ങളാണ്‌ ക്യാമ്പുകളില്‍ നടക്കുന്നത്‌. പൈലറ്റില്ലാത്ത വിമാനങ്ങള്‍ നക്‌സല്‍ വിരുദ്ധ നടപടികള്‍ക്കായി ദന്തെവാദ ജില്ലയില്‍ ഉപയോഗിക്കുന്നുണ്ട്‌. മാവോയിസ്റ്റുകളെ നേരിടാനല്ല തങ്ങള്‍ വന്നതെന്ന്‌ പട്ടാളം പറയുന്നുണ്ട്‌. അതേസമയം പട്ടാളത്തെ അക്രമിച്ചാല്‍ മാവോയിസ്റ്റുകളെ തകര്‍ക്കുമെന്നു മുന്നറിയിപ്പു നല്‍കുകയും ചെയ്യുന്നു. ബസ്‌താറില്‍ പട്ടാളത്തിന്റെ സാന്നിധ്യം അനുവദിക്കില്ലെന്നു മാവോയിസ്റ്റുകളും പ്രഖ്യാപിച്ചിട്ടുണ്ട്‌. കഴിഞ്ഞ രണ്ട്‌ ആഴ്‌ചകളില്‍ 34 സുരക്ഷാ ഭടന്‍മാരെ മാവോയിസ്റ്റുകള്‍ കൊല ചെയ്‌തു.

തെക്കന്‍ ബസ്‌താറില്‍ സി പി ഐയ്‌ക്ക്‌ വ്യാപകമായ ബഹുജന അടിത്തറയുണ്ട്‌. പഞ്ചായത്തുകളില്‍ തിരഞ്ഞെടുക്കപ്പെട്ട നിരവധി ജനപ്രതിനിധികള്‍ സി പി ഐക്കുണ്ട്‌. പൊലീസിന്റെയും മാവോയിസ്റ്റുകളുടെയും ഭീഷണികളും അക്രമങ്ങളും സി പി ഐ നേരിടുന്നു. രാജ്യദ്രോഹം ഉള്‍പ്പെടെയുള്ള കുറ്റങ്ങള്‍ ആരോപിച്ച്‌ നിരവധി സി പി ഐ നേതാക്കന്‍മാരെയും പ്രവര്‍ത്തകരെയും ജയിലിലടച്ചു. അതേസമയം മാവോയിസ്റ്റുകള്‍ സി പി ഐക്കാരെ തങ്ങളുടെ ശത്രുക്കളായി കരുതുകയും സി പി ഐ പ്രവര്‍ത്തകരുടെ വീടുകള്‍ക്കുനേരെ ആക്രമണങ്ങള്‍ നടത്തുകയും ചെയ്യുന്നു.

ബസ്‌താറില്‍ നിന്നും സൈന്യത്തെ പിന്‍വലിക്കാന്‍ സി പി ഐ ദേശീയ കൗണ്‍സില്‍ കേന്ദ്രഗവണ്മെന്റിനോടാവശ്യപ്പെട്ടു. മാവോയിസ്റ്റുകളുമായി സര്‍ക്കാര്‍ സമാധാനചര്‍ച്ച തുടങ്ങണം. സി പി ഐ പ്രവര്‍ത്തകര്‍ക്കും ഗ്രാമപ്രദേശങ്ങളിലെ ഗിരിവര്‍ഗക്കാര്‍ക്കും സംരക്ഷണം ഉറപ്പാക്കാന്‍ സര്‍ക്കാര്‍ നടപടിയെടുക്കണം.

ബസ്‌താറിലെ ജനങ്ങളോട്‌ ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചും ബസ്‌താറില്‍ സമാധാനം പുനസ്ഥാപിക്കണമെന്ന്‌ ആവശ്യപ്പെട്ടും ക്യാമ്പെയിന്‍ സംഘടിപ്പിക്കാന്‍ ദേശീയ കൗണ്‍സില്‍ അഭ്യര്‍ഥിച്ചു.

ശ്രീലങ്കന്‍ തമിഴ്‌ ഐക്യദാര്‍ഢ്യദിനം

ശ്രീലങ്കയില്‍ ആഭ്യന്തരയുദ്ധമായിതീര്‍ന്ന വംശീയ സംഘര്‍ഷത്തിന്റെ അവസാനഘട്ടത്തില്‍ തമിഴര്‍ക്ക്‌ എതിരെ ശ്രീലങ്കന്‍ പട്ടാളം നടത്തിയ കൂട്ടക്കൊലയെക്കുറിച്ചുള്ള വെളിപ്പെടുത്തലുകള്‍ ഇന്ത്യാ ഗവണ്‍മെന്റ്‌ ഗൗരവമായി കാണണമെന്ന്‌ ദേശീയ കൗണ്‍സില്‍ ഒരു പ്രമേയത്തില്‍ ആവശ്യപ്പെട്ടു.

2009 മെയ്‌ 19 ന്‌ മുല്ലത്തീവ്‌ പ്രദേശത്ത്‌ നാല്‍പത്തിഅയ്യായിരത്തോളം തമിഴരെയാണ്‌ ബോംബുവര്‍ഷത്തില്‍ കൊല ചെയ്‌തതെന്നാണ്‌ റിപ്പോര്‍ട്ടുകള്‍,. സാര്‍വദേശീയ നിയമങ്ങള്‍ കാറ്റില്‍പറത്തിക്കൊണ്ടാണ്‌ കൂട്ടക്കൊല നടത്തിയത്‌. ശ്രീലങ്കന്‍ പട്ടാളം മനുഷ്യാവകാശങ്ങള്‍ ലംഘിക്കുകയും ഭരണകൂട ഭീകരത അവലംബിക്കുകയുമാണ്‌ ചെയ്‌തത്‌.

മാധ്യമങ്ങള്‍ക്കും ഐക്യരാഷ്‌ട്ര നിരീക്ഷകര്‍ക്കുമെല്ലാം ശ്രീലങ്കന്‍ അധികൃതര്‍ നിരോധനം ഏര്‍പ്പെടുത്തിയിരുന്നു. അതുകൊണ്ട്‌ ഭീകരമായ ഈ കൂട്ടക്കൊലയുടെ വിവരങ്ങള്‍ ചില സംഘടനകള്‍ നടത്തിയ അന്വേഷണത്തിന്റെ ഫലമായി ഇപ്പോള്‍ മാത്രമാണ്‌ പുറംലോകം അറിയുന്നത്‌. ആധികാരികമായ തെളിവുകള്‍ ഇപ്പോള്‍ പുറത്തുവന്നിട്ടുണ്ട്‌. ശ്രീലങ്കയിലെ ഭാഷാന്യൂനപക്ഷങ്ങളെ കായികമായി ഉന്മൂലനം ചെയ്യാനുള്ള ആസൂത്രിതമായ ആക്രമണമാണ്‌ നടന്നതെന്ന്‌ തെളിഞ്ഞിട്ടുണ്ട്‌.

ഈ കൂട്ടക്കൊലയിലെ യഥാര്‍ഥ കുറ്റവാളികളെ കണ്ടെത്തുന്നതിന്‌ ന്യായവും പരസ്യവുമായ വിചാരണ നടത്തണമെന്ന ആവശ്യം ലോകവ്യാപകമായി ഉയര്‍ന്നുവന്നിട്ടുണ്ട്‌. ശ്രീലങ്കയില്‍ നടന്ന യുദ്ധകുറ്റകൃത്യങ്ങളെക്കുറിച്ച്‌ പരസ്യമായ അന്വേഷണം നടത്തണമെന്ന ആവശ്യത്തിന്‌ ഇന്ത്യാ ഗവണ്‍മെന്റ്‌ പിന്തുണ നല്‍കണം. ഭീകരവാദത്തിനെതിരായ യുദ്ധം വിജയിച്ചതായി 2009 ല്‍ ശ്രീലങ്കന്‍ ഗവണ്‍മെന്റ്‌ പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും ഇപ്പോഴും ലക്ഷക്കണക്കിന്‌ തമിഴരെ അഭയാര്‍ഥി ക്യാമ്പുകളില്‍ തളച്ചിരിക്കുകയാണ്‌. നിയമവിരുദ്ധമായ തടങ്കല്‍പാളയങ്ങളാണവ. ക്യാമ്പുകള്‍ പിരിച്ചുവിടാനും തടങ്കലില്‍ കഴിയുന്ന തമിഴരെ സ്വന്തം പ്രദേശങ്ങളില്‍ തിരിച്ചുപോകാന്‍ അനുവദിക്കാനും ശ്രീലങ്കന്‍ ഗവണ്‍മെന്റിനോട്‌ ഇന്ത്യ ആവശ്യപ്പെടണം. മാധ്യമങ്ങളുടെ മേലുള്ള നിയന്ത്രണങ്ങള്‍ എടുത്തുകളയാനും ആവശ്യപ്പെടണം. തമിഴ്‌നാട്‌ നിയമസഭ ജൂണ്‍ ഏഴിന്‌ ഏകകണ്‌ഠമായി പാസാക്കിയ പ്രമേയം കേന്ദ്ര ഗവണ്‍മെന്റ്‌ പരിഗണിക്കണം.

ശ്രീലങ്കയിലെ തമിഴര്‍ക്ക്‌ നീതി ഉറപ്പാക്കണമെന്ന്‌ ആവശ്യപ്പെട്ട്‌ ജൂലൈ എട്ട്‌ ശ്രീലങ്കന്‍ തമിഴ്‌ ഐക്യദാര്‍ഢ്യദിനമായി ആചരിക്കാന്‍ ദേശീയ കൗണ്‍സില്‍ തീരുമാനിച്ചു. അഖിലേന്ത്യാവ്യാപകമായി നടക്കുന്ന ദിനാചരണത്തില്‍ സഹകരിക്കാന്‍ എല്ലാ ഇടതുജനാധിപത്യ പാര്‍ട്ടികളോടും ശക്തികളോടും ദേശീയ കൗണ്‍സില്‍ അഭ്യര്‍ഥിച്ചു.
യുദ്ധകുറ്റത്തെ കുറിച്ച്‌ പരസ്യമായ വിചാരണ നടത്തുക, ശ്രീലങ്കന്‍ തമിഴ്‌ പ്രശ്‌നത്തിന്‌ സമാധാനപരമായ രാഷ്‌ട്രീയ പരിഹാരം കാണുക തുടങ്ങിയ ആവശ്യങ്ങളില്‍ ഇന്ത്യ ധാര്‍മികമായ ഉത്തരവാദിത്തം നിറവേറ്റണമെന്നാവശ്യപ്പെട്ട്‌ പ്രധാനമന്ത്രിയെ കണ്ട്‌ നിവേദനം നല്‍കാനും ദേശീയ കൗണ്‍സില്‍ തീരുമാനിച്ചു.

janayugom 210611

1 comment:

  1. പശ്ചിമബംഗാളില്‍ ഇടതുമുന്നണി പ്രവര്‍ത്തകര്‍ക്കും അനുഭാവികള്‍ക്കും നേരെ തൃണമുല്‍ കോണ്‍ഗ്രസ്‌ നടത്തിവരുന്ന അക്രമങ്ങള്‍ അവസാനിപ്പിക്കണമെന്ന്‌ സി പി ഐ ദേശീയ കൗണ്‍സില്‍ ആവശ്യപ്പെട്ടു.

    ReplyDelete