ന്യൂഡല്‍ഹി: ടെലികോം മന്ത്രിയായിരിക്കെ ദയാനിധി മാരന്റെ വീട്ടില്‍ ഉണ്ടായിരുന്നത് ബി എസ് എന്‍ എല്ലിന്റെ 323 ലാന്‍ഡ് ഫോണ്‍ കണക്ഷനുകള്‍. എന്നാല്‍ ഈ ഫോണ്‍ കണക്ഷനുകള്‍ അദ്ദേഹം പ്രവര്‍ത്തിച്ചിരുന്ന ഡല്‍ഹിയിലെ വസതിയിലല്ലെന്നും ചെന്നൈയിലെ വീട്ടിലായിരുന്നു എന്നതാണ് ഏറെ ശ്രദ്ധേയം. വീട്ടിലുള്ളവര്‍ക്കും ബന്ധുക്കള്‍ക്കും ഉപയോഗിക്കുന്നതിനായി എടുത്ത ഈ കണക്ഷനുകള്‍ നിയന്ത്രിക്കുന്നതിന് മാരന്റെ വീട്ടില്‍തന്നെ ഒരു ടെലിഫോണ്‍ എക്‌സ്‌ചേഞ്ചും പ്രവര്‍ത്തിച്ചിരുന്നു. മാരന്റെ കുടുംബത്തിന്റെ ബിസിനസ് സ്ഥാപനങ്ങളുമായി ബന്ധിപ്പിക്കുന്നതിന് പൊതുനിരത്തിലൂടെ 3.4 കിലോമീറ്റര്‍ ദൂരത്തില്‍ രഹസ്യ കേബിള്‍ വലിക്കുകയും ചെയ്തിരുന്നു. മാരന്റെ പേരിലല്ലാതെ ചെന്നൈ ബി എസ് എന്‍ എല്‍ ചീഫ് ജനറല്‍ മാനേജരുടെ പേരില്‍ അനുവദിച്ചിരുന്ന ഈ കണക്ഷനുകളിലൂടെ ബി എസ് എന്‍ എല്ലിന് വന്‍ നഷ്ടമാണ് ഉണ്ടായത്. ഇതേക്കുറിച്ച് അന്വേഷണം നടത്തിയ സി ബി ഐ മാരനെതിരെ നടപടി സ്വീകരിക്കണമെന്ന് നിര്‍ദേശിച്ചുകൊണ്ട് 2007 ഒക്‌ടോബര്‍ 10ന് ടെലികോം സെക്രട്ടറിക്ക് കത്തയക്കുകയും ചെയ്തിരുന്നു.
ബി എസ് എന്‍ എല്ലില്‍നിന്നും പ്രത്യേക എക്‌സിക്യൂട്ടീവ് കേബിളുകളാണ് മാരന്റെ വീട്ടില്‍ നല്‍കിയത്. മാരന്റെ ബോട്ട് ക്ലബ് വീട്ടില്‍നിന്നും അണ്ണാശാലയിലുള്ള അണ്ണാഅരിവാലയത്തില്‍ പ്രവര്‍ത്തിക്കുന്ന സണ്‍ ടി വി ഓഫീസിലേക്കും സഹോദരന്‍ കലാനിധിയുടെ സണ്‍ ടി വി നെറ്റ്‌വര്‍ക്കിലേക്കും ആയിരുന്നു 323 ഫോണുകളും ബന്ധിപ്പിച്ചിരുന്നത്. 323 ഫോണുകളില്‍ ആദ്യ 23 എണ്ണം 24372211ല്‍ തുടങ്ങി 24372301ല്‍ അവസാനിക്കുന്നതായിരുന്നു. ശേഷിച്ച 300 കണക്ഷനുകളില്‍ ഉപയോഗിച്ച ഫോണുകളുടേത് 24371500 മുതല്‍ 24371799 വരെയുള്ള നമ്പറുകളിലായിരുന്നു. തുടക്കത്തിലെ 2437 എന്ന നമ്പര്‍ 323 കണക്ഷനുകള്‍ക്കും ഒന്നുതന്നെയായിരുന്നു. ദയാനിധി മാരന്റെ വീട്ടില്‍നിന്നും സണ്‍ ടി വി ഓഫീസുകളിലേക്കുള്ള ടെലിഫോണ്‍ ബന്ധം സ്ഥാപിക്കുന്നത് 2007 ജനുവരിയോടെയാണ്. ദയാനിധിയുടെ വീട്ടില്‍ സാധാരണ ടെലിഫോണ്‍ കണക്ഷന്‍ ഉണ്ടായിരുന്നില്ല. പകരം നൂറുകണക്കിന് ന്യൂസ്, പ്രോഗ്രാം ചാനലുകള്‍ എത്രയും വേഗത്തില്‍ രാജ്യത്തെവിടെയും ലഭിക്കുന്ന ചെലവേറിയ ഐ എസ് ഡി എന്‍ കണക്ഷനാണ് ഉണ്ടായിരുന്നത്.
ഇത്തരം കണക്ഷണുകള്‍ സാധാരണയായി വന്‍കിട വാണിജ്യ സ്ഥാപനങ്ങള്‍ വീഡിയോ കോണ്‍ഫറന്‍സിംഗും വന്‍തോതില്‍ വിവരങ്ങളും ചലച്ചിത്രങ്ങളും ശബ്ദരേഖകളും അയക്കുന്നതിനുള്ള പ്രത്യേക ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കുന്നതെന്ന് സി ബി ഐയുടെ റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. ഈ സംവിധാനം സംപ്രഷണത്തിനായി സണ്‍ ടി വിക്ക് ആവശ്യമാണ്. ഇതിനായി വന്‍തുക വന്‍തുക മുടക്കേണ്ടിയുമിരുന്നു. പക്ഷേ ഇതെല്ലാം സര്‍ക്കാര്‍ ചെലവില്‍ സൗജന്യമായാണ് അവര്‍ സ്വന്തമാക്കിയത്.
മന്ത്രിയുടെ വീട്ടിലെ പ്രത്യേക ഉപയോഗത്തിനായി പ്രത്യേക രീതിയില്‍ തയ്യാറാക്കിയ ടെലിഫോണ്‍ എക്‌സ്‌ചേഞ്ചിനെക്കുറിച്ച് ബി എസ് എന്‍ എല്ലിന്റെ ഉത്തരവാദപ്പെട്ട ജീവനക്കാര്‍ക്ക് മാത്രമേ അറിവുണ്ടായിരുന്നുള്ളൂവെന്ന് സി ബി ഐ റിപ്പോര്‍ട്ടില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ഈ രഹസ്യ കേബിളുകള്‍ മന്ത്രിയുടെ വീട്ടിലെ ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കുകയായിരുന്നില്ല മറിച്ച് അദ്ദേഹത്തിന്റെ വീടിന് അനുവദിച്ചിരുന്ന സേവനങ്ങള്‍ സണ്‍ ടി വിയുടെ ആവശ്യങ്ങള്‍ക്കുവേണ്ടി ഉപയോഗിക്കുകയായിരുന്നെന്നും സി ബി ഐ പറയുന്നു. മാരന്റെ വീട്ടില്‍നിന്നും സണ്‍ ടി വിയുടെ ഓഫീസിലേക്കുള്ള 3.4 കിലോമീറ്റര്‍ ദുരത്തിലുള്ള പ്രധാന റോഡ് ഈ അനധികൃത കേബിള്‍ സ്ഥാപിക്കുന്നതിനായി കുത്തിക്കുഴിക്കുകയും ചെയ്തിരുന്നു.
ഇവിടെ സ്ഥാപിച്ചിരുന്ന 24371515 എന്ന നമ്പറിലൂടെ 2007 മാര്‍ച്ച് മാസത്തില്‍ മാത്രം 48,72,027 യൂണിറ്റ് കോള്‍ ചെയ്തിട്ടുണ്ടെന്നാണ് സി ബി ഐ നടത്തിയ ഒരു പ്രാഥമിക പഠനം ചൂണ്ടിക്കാട്ടുന്നത്. ഈ ഫോണ്‍ കണക്ഷനുകളിലൂടെ വന്‍തോതില്‍ മള്‍ട്ടീമീഡിയ വിവരങ്ങള്‍ കൈമാറിയിട്ടുണ്ടെന്ന് വിലയിരുത്തപ്പെടുന്നു. 323 ഫോണ്‍ കണക്ഷനുകളില്‍ ഒരെണ്ണത്തില്‍നിന്നും 2007 മാര്‍ച്ചില്‍ 48 ലക്ഷം യൂണിറ്റ് കോള്‍ ചെയ്തിട്ടുണ്ട്. 2007 ജനുവരി മുതല്‍ 2007 ഏപ്രില്‍വരെ സണ്‍ ടി വി 629.5 കോടി കോള്‍ യൂണിറ്റ് അനധികൃതമായി ഉപയോഗിക്കുകയായിരുന്നു (മെയ് 13ന് മാരന്‍ മന്ത്രിസ്ഥാനം രാജിവച്ചിരുന്നു). അന്ന് നിലവിലുണ്ടായിരുന്ന കണക്കനുസരിച്ച് 70 പൈസ നിരക്കില്‍ ഒരു കോളിന് കൂട്ടിയാല്‍ ബി എസ് എന്‍ എല്ലിന് 440 കോടിയിലധികം രൂപയുടെ നഷ്ടമാണ് ഉണ്ടായിട്ടുള്ളത്. ഇതിന്റെ കണക്ക് അന്വേഷണത്തിലൂടെ മാത്രമേ അറിയാന്‍ കഴിയൂ. സണ്‍ ടി വിയുടെ പത്രസ്ഥാപനമായ ദിനകരനും ഈ ഐ എസ് ഡി എന്‍ സംവിധാനം ഉപയോഗിച്ചിരുന്നു. എന്നാല്‍ ഈ പ്രത്യക ഫോണ്‍ നമ്പറുകള്‍ ഏതായിരുന്നെന്ന് വ്യക്തമല്ല.
മാരന്‍ പ്രശ്‌നത്തില്‍ ഡി എം കെ മൗനം പാലിക്കും
ചെന്നൈ: ഐ ടി-ടെലികോം മന്ത്രിയായിരിക്കെ എയര്‍ സെല്ലിന് ലൈസന്‍സ് അനുവദിച്ചുകൊടുത്തതു വഴി ദയാനിധിമാരനെതിരെ ഉയര്‍ന്ന 700 കോടിയുടെ അഴിമതി ആരോപണവുമായി ബന്ധപ്പെട്ട് മാരന്റെ പാര്‍ട്ടികൂടിയായ ഡി എം കെ മൗനം പാലിക്കാനാണ് സാധ്യത. 2 ജി ഇടപാടുകളുമായി ബന്ധപ്പെട്ട് മുന്‍മന്ത്രി രാജ, കനിമൊഴി എം പി, കലൈഞ്ജര്‍ ടി വി എം ഡി ശരത്കുമാര്‍ എന്നിവര്‍ക്കെതിരെ ഡല്‍ഹിയിലെ മാധ്യമ പ്രവര്‍ത്തകര്‍ക്ക് വിവരം കൊടുത്ത ഡി എം കെ വൃത്തങ്ങളെപ്പറ്റിയുള്ള അന്വേഷണത്തിലായിരുന്ന ഡി എം കെ നേതൃത്വം, സംഭവങ്ങള്‍ക്ക് കരുക്കള്‍ നീക്കിയത് സ്വന്തം പാളയത്തില്‍ നിന്നുതന്നെയാണെന്ന് അറിഞ്ഞതിനെ തുടര്‍ന്നാണിത്.
തങ്ങള്‍ക്ക് മാരന്‍ സഹോദരന്‍മാരുടെ ഇടപാടുകളെക്കുറിച്ച് ഒന്നും അറിയില്ലെന്നും അതേപ്പറ്റി ഒന്നും പറയാനില്ലെന്നുമുള്ള മട്ടിലാണ് ഗോപാലപുരം. രാജക്കെതിരെ ഡല്‍ഹിയിലെ ചില പത്രപ്രതിനിധികള്‍ക്ക് വിവരങ്ങള്‍ നല്‍കിയത് മാരന്‍ സഹോദരന്‍മാരാണെന്ന് കരുണാനിധിയുടെ ഭാര്യ രാജാത്തി അമ്മാളും കനിമൊഴിയും കലൈഞ്ജര്‍ മുമ്പാകെ പരാതിപ്പെട്ടിരുന്നു. അഴിമതി ആരോപണത്തിനു വിധേയനായ രാജ മന്ത്രിസ്ഥാനം രാജിവച്ച 2010 നവംബര്‍ 14ന് രാത്രി മാരന്‍ സഹോദരന്‍മാര്‍ ചെന്നൈയിലെ ഒരു പ്രമുഖ ഹോട്ടലില്‍ അടുത്ത സുഹൃത്തുക്കളെ വിളിച്ച് വിരുന്ന് നല്‍കിയതും ഗോപാലപുരത്തെ വീട്ടില്‍ ചര്‍ച്ചാവിഷയമായിരുന്നു. അന്ന് കനിമൊഴിക്കും രാജയ്ക്കും എതിര്‍ചേരിയിലായിരുന്ന എം കെ സ്റ്റാലിന്‍, മാരന്‍ സഹോദരങ്ങള്‍ ഒരുക്കിയ ഹോട്ടല്‍ വിരുന്നില്‍ പങ്കെടുക്കുകയുണ്ടായി.
ദയാനിധിക്കെതിരെ ദേശീയ മാധ്യമങ്ങളിലും ചാനലുകളിലും 700 കോടിയുടെ ഇടപാട് വാര്‍ത്തവരുന്നതിനെപ്പറ്റി ഗോപാലപുരത്തെ ഡി എം കെ ആസ്ഥാനത്ത് എത്തുന്ന നേതാക്കള്‍ പാര്‍ട്ടി നേതാവ് കരുണാനിധിയുമായി ചര്‍ച്ച നടത്തുന്നുണ്ട്. പാര്‍ട്ടിയുടെ മുതിര്‍ന്ന നേതാവ് അന്‍പഴകന്‍, ടി ആര്‍ ബാലു, എം കെ അഴഗിരി, എം കെ സ്റ്റാലിന്‍, ദുരൈ മുരുകന്‍ എന്നിവരും ഇതേപ്പറ്റി എം കരുണാനിധിയുമായി ചര്‍ച്ച നടത്തുകയുണ്ടായി. 'മുരശൊലി'യില്‍ കലൈഞ്ജര്‍ക്കും മക്കള്‍ക്കും ബാധിക്കും വിധം രാഷ്ട്രീയ അഭിപ്രായസര്‍വേയും വാര്‍ത്തയും വന്നതില്‍ പിന്നെ കരുണാനിധി, കനിമൊഴി, അഴഗിരി, സ്റ്റാലിന്‍ എന്നിവരും മാരന്‍ സഹോദരങ്ങളുമായി തെറ്റിപ്പിരിയുകയുണ്ടായി. ഈ പടലപ്പിണക്കത്തെ തുടര്‍ന്നാണ് ദയാനിധിമാരനെ കേന്ദ്രമന്ത്രി പദത്തില്‍ നിന്നും മാറ്റാന്‍ തീരുമാനമാകുന്നത്. ആ സ്ഥാനത്ത് രാജയെ അവരോധിക്കാന്‍ രാജാത്തി അമ്മാളും കനിമൊഴിയും ചേര്‍ന്നാണ് കരുക്കള്‍ നീക്കുന്നത്. അഴഗിരിക്കും സ്റ്റാലിനും അന്ന് താല്‍പര്യം കുറവായിരുന്നെങ്കിലും മാരന്‍ സഹോദരന്‍മാര്‍ തന്റെ പിതാവിനോടും തങ്ങളോടും ചെയ്ത രാഷ്ട്രീയച്ചതിയുടെ തീവ്രത കണ്ട് അവരും ഒടുവില്‍ തലകുലുക്കുകയായിരുന്നു.
സണ്‍ ടി വിയില്‍ ദയാലു അമ്മാളിനുണ്ടായിരുന്ന ഓഹരികള്‍ (20 ശതമാനം) വെറും നൂറുകോടിക്ക് എഴുതി വാങ്ങിയ മാരന്‍ സഹോദരങ്ങള്‍ക്ക്, ടെലികോം മന്ത്രാലയത്തില്‍ രാജയെ കുടിയിരുത്തിയതില്‍ കലൈഞ്ജരോടും കനിമൊഴിയോട് പ്രത്യേകിച്ചും ഉള്ള വെറുപ്പ് അന്നു മുതല്‍ നിലനിന്നിരുന്നു. 2 ജി ഇടപാടുകളുമായി ബന്ധപ്പെട്ട് ടെലികോം മന്ത്രാലയത്തില്‍ മുമ്പേ പരിചിതരായിരുന്ന ഉദ്യോഗസ്ഥരുടെ സഹായത്തോടെ ഫയലുകളില്‍ നിന്നുള്ള വിവരങ്ങള്‍ സ്വന്തം കുടുംബാംഗങ്ങള്‍ക്കെതിരെ അസ്ത്രമാക്കാന്‍ കരുക്കള്‍ നീക്കി എന്നതിനെപ്പറ്റിയാണ് ഗോപാലപുരത്തെ മുഖ്യ ചര്‍ച്ചാ വിഷയം.മാരന്‍വിഷയം കനിമൊഴിക്ക് ജാമ്യം അനുവദിക്കുന്നതിന് പുതിയ തടസമാകുമോ എന്നാണ് കരുണാനിധിക്കും കുടുംബാംഗങ്ങള്‍ക്കും സംശയം.
മാരന്റെ അഴിമതിപ്രശ്‌നം പാര്‍ട്ടിയുടെ നഷ്ടമായ മുഖഛായയ്ക്ക് വീണ്ടെടുക്കാനാവാത്ത ആഘാതമേല്‍പ്പിക്കുമെന്ന ആശങ്കയും ഡി എം കെ നേതൃത്വത്തിനുണ്ട്. എന്നാല്‍ ദയാനിധിമാരനെ പാര്‍ട്ടിതലത്തില്‍ തരം താഴത്തി താത്കാലികമായി പോലും മുഖം രക്ഷിക്കാന്‍ ഡി എം കെ നേതൃത്വം തയ്യാറാവില്ല.
(പി കെ അജിത്കുമാര്‍)
ജനയുഗം 030611
മാരന്റെ ഇടപാടുകളും അന്വേഷിക്കണം
കേന്ദ്രമന്ത്രിസഭയില്‍ ടെലികോം വകുപ്പ് കൈകാര്യം ചെയ്തവര്‍ക്ക് 2 ജി സ്‌പെക്ട്രം കോടികള്‍ സമ്പാദിക്കാനുള്ള അക്ഷയ ഖനിയാണെന്നതിന് കൂടുതല്‍ കൂടുതല്‍ തെളിവുകള്‍ പുറത്തുവന്നുകൊണ്ടിരിക്കുകയാണ്. എ രാജ ടെലികോം വകുപ്പു കൈകാര്യം ചെയ്തപ്പോഴാണ് ഏറ്റവും വലിയ കുംഭകോണം നടന്നതെങ്കിലും അതിനു മുമ്പ് തന്നെ സ്‌പെക്ട്രം ഇടപാടില്‍ അഴിമതി അരങ്ങേറിയിരുന്നു. എ രാജയ്ക്ക് തൊട്ടുമുമ്പ് ടെലികോം വകുപ്പ് മന്ത്രിയായിരുന്നത് ഡി എം കെയിലെ ദയാനിധിമാരനായിരുന്നു. മാരന്‍ മന്ത്രിയായിരുന്നപ്പോള്‍ നടന്ന അഴിമതിയാണ് തെഹല്‍ക്ക വാരിക പുറത്തുകൊണ്ടുവന്നത്. 2004 മുതല്‍ 2007 മെയ് മധ്യംവരെയായിരുന്നു ദയാനിധിമാരന്‍ ടെലികോം വകുപ്പ് കൈകാര്യം ചെയ്തത്. എയര്‍സെല്‍ കമ്പനിക്ക് 2 ജി സ്‌പെക്ട്രത്തിനായുള്ള 14 ലൈസന്‍സുകള്‍ നല്‍കിയതുമായി ബന്ധപ്പെട്ട് എഴുന്നൂറു കോടി രൂപയുടെ കോഴ ഇടപാട് നടന്നുവെന്നാണ് ഇപ്പോള്‍ ഉയര്‍ന്നിരിക്കുന്ന ആരോപണം. 2004 ലാണ് എയര്‍സെല്‍ ലൈസന്‍സിനു അപേക്ഷ നല്‍കിയത്. പല കാരണങ്ങള്‍ പറഞ്ഞ് ലൈസന്‍സ് നല്‍കുന്നത് ടെലികോം വകുപ്പ് നീട്ടികൊണ്ടുപോയി. ഇതിനിടയില്‍ എയര്‍സെല്ലിന്റെ 74 ശതമാനം ഓഹരി മലേഷ്യന്‍ കമ്പനിയായ മാക്‌സിസ് ഗ്രൂപ്പ് വാങ്ങി. അതോടെ എയര്‍സെല്ലിന്റെ അപേക്ഷയ്ക്ക് ജീവന്‍വെച്ചു. ഒറ്റയടിക്ക് 14 സര്‍ക്കിളുകളിലെ ലൈസന്‍സ് എയര്‍സെല്ലിന് നല്‍കി. 2001 ലെ നിരക്കില്‍ തന്നെയാണ് 2006 ല്‍ ലൈസന്‍സ് നല്‍കിയത്. ചുരുങ്ങിയത് 22000 കോടി രൂപ വിലമതിക്കുന്ന ലൈസന്‍സുകളാണ് 1399 കോടി രൂപയ്ക്ക് എയര്‍ സെല്ലിനു ലഭിച്ചത്. ഈ ഇടപാടില്‍ ഖജനാവിനു വന്‍ വരുമാന നഷ്ടമുണ്ടായെങ്കിലും എയര്‍സെല്‍ ഉടമകള്‍ക്കും ദയാനിധിമാരനും വന്‍നേട്ടമുണ്ടായി. എയര്‍ സെല്ലിന്റെ വിപണിമൂല്യം കുതിച്ചുയര്‍ന്നു. ഇപ്പോള്‍ എയര്‍സെല്ലിന്റെ വിപണിമൂല്യം 46000 കോടി രൂപയാണ്.
ടെലിവിഷന്‍ കേബിള്‍ നെറ്റ്‌വര്‍ക്ക് മേഖലകളിലെ പ്രമുഖ കമ്പനിയായ സണ്‍ ടി വി ദയാനിധി മാരന്റെ കുടുംബത്തിന്റെതാണ്. ദയാനിധിയുടെ സഹോദരന്‍ കലാനിധിയും ഭാര്യ കാവേരിയുമാണ് കമ്പനി നടത്തുന്നത്. ഈ കമ്പനി വലിയ സാമ്പത്തിക പ്രതിസന്ധിയിലായ ഘട്ടത്തിലാണ് എയര്‍സെല്ലിന് സ്‌പെക്ട്രം ലൈസന്‍സ് ലഭിച്ചത്. സണ്‍ ഗ്രൂപ്പിനെ സഹായിക്കാന്‍ മാക്‌സിസിന്റെ ഉടമ രംഗത്തുവന്നു. എഴുനുറുകോടിയോളം രൂപയാണ് ഓഹരി നിക്ഷേപമായും മറ്റും മാരന്‍ കുടുംബത്തിന്റെ സ്ഥാപനത്തിനു ലഭിച്ചത്. അതോടെ സ്ഥാപനം സാമ്പത്തിക പ്രതിസന്ധിയില്‍ നിന്നും കരകയറുകയും ചെയ്തു.
സ്‌പെക്ട്രം ലൈസന്‍സ് കുറഞ്ഞ വിലയ്ക്ക് നല്‍കിയതിനുള്ള പ്രത്യുപകാരമായാണ് മലേഷ്യന്‍ കമ്പനിയുടെ ഉടമ മാരന്‍ കുടുംബത്തിന്റെ സ്ഥാപനത്തിന് പണം നല്‍കിയതെന്നാണ് ആരോപണം. സാഹചര്യതെളിവുകള്‍ ആരോപണം ശരിവെയ്ക്കുന്നുണ്ട്. എ രാജയുടെ കാലത്ത് സ്‌പെക്ട്രം ലൈസന്‍സ് ലഭിച്ചവരില്‍ നിന്നുള്ള സാമ്പത്തിക സഹായം കിട്ടിയത് കരുണാനിധിയുടെ കുടുംബത്തിന്റെ വകയായ കലൈഞ്ജര്‍ ടി വിക്കാണ്. 200 കോടിയിലധികം രൂപ കലൈഞ്ജര്‍ ടി വിക്കു ലഭിച്ച കേസിലാണ് കരുണാനിധിയുടെ മകള്‍ കനിമൊഴി ഇപ്പോള്‍ തീഹാര്‍ ജയിലില്‍ കിടക്കുന്നത്. സമാന സ്വഭാവമുള്ള ഇടപാടാണ് ദയാനിധിമാരന്‍ എയര്‍സെല്ലുമായി നടത്തിയത്. എയര്‍സെല്‍ ഉടമകള്‍ക്ക് കോടിക്കണക്കിനു രൂപയുടെ നേട്ടമുണ്ടായപ്പോള്‍ അതില്‍ ഒരു പങ്ക് മാരന്റെ കുടുംബ കമ്പനിക്കും ലഭിച്ചുവെന്നാണ് ഇപ്പോള്‍പുറത്തുവന്ന വസ്തുതകള്‍ കാണിക്കുന്നത്.
ആരോപണങ്ങള്‍ ദയാനിധി മാരന്‍ നിഷേധിക്കുന്നുണ്ടെങ്കിലും സ്‌പെക്ട്രം ഇടപാടുമായി ബന്ധപ്പെട്ട് നടന്ന അഴിമതിയുടെ വ്യാപ്തി അറിയാവുന്ന ജനങ്ങള്‍ അത് വിശ്വസിക്കില്ല. ദയാനിധി മാരന്റെ കാലത്തു ടെലികോം വകുപ്പില്‍ നടന്ന ഇടപാടുകള്‍ സി ബി ഐ അന്വേഷിക്കണം. 2 ജി സ്‌പെക്ട്രം ഇടപാടിനെക്കുറിച്ച് സംയുക്ത പാര്‍ലമെന്ററി സമിതി ഇപ്പോള്‍ നടത്തുന്ന അന്വേഷണത്തിന്റെ പരിധിയില്‍ മാരന്‍ മന്ത്രിയായിരുന്നപ്പോള്‍ നടന്ന കാര്യങ്ങളും ഉള്‍പ്പെടുത്തണം.
ജനയുഗം മുഖപ്രസംഗം 030611
ടെലികോം മന്ത്രിയായിരിക്കെ ദയാനിധി മാരന്റെ വീട്ടില്‍ ഉണ്ടായിരുന്നത് ബി എസ് എന്‍ എല്ലിന്റെ 323 ലാന്‍ഡ് ഫോണ്‍ കണക്ഷനുകള്‍. എന്നാല്‍ ഈ ഫോണ്‍ കണക്ഷനുകള്‍ അദ്ദേഹം പ്രവര്‍ത്തിച്ചിരുന്ന ഡല്‍ഹിയിലെ വസതിയിലല്ലെന്നും ചെന്നൈയിലെ വീട്ടിലായിരുന്നു എന്നതാണ് ഏറെ ശ്രദ്ധേയം. വീട്ടിലുള്ളവര്‍ക്കും ബന്ധുക്കള്‍ക്കും ഉപയോഗിക്കുന്നതിനായി എടുത്ത ഈ കണക്ഷനുകള്‍ നിയന്ത്രിക്കുന്നതിന് മാരന്റെ വീട്ടില്‍തന്നെ ഒരു ടെലിഫോണ്‍ എക്‌സ്‌ചേഞ്ചും പ്രവര്‍ത്തിച്ചിരുന്നു. മാരന്റെ കുടുംബത്തിന്റെ ബിസിനസ് സ്ഥാപനങ്ങളുമായി ബന്ധിപ്പിക്കുന്നതിന് പൊതുനിരത്തിലൂടെ 3.4 കിലോമീറ്റര്‍ ദൂരത്തില്‍ രഹസ്യ കേബിള്‍ വലിക്കുകയും ചെയ്തിരുന്നു. മാരന്റെ പേരിലല്ലാതെ ചെന്നൈ ബി എസ് എന്‍ എല്‍ ചീഫ് ജനറല്‍ മാനേജരുടെ പേരില്‍ അനുവദിച്ചിരുന്ന ഈ കണക്ഷനുകളിലൂടെ ബി എസ് എന്‍ എല്ലിന് വന്‍ നഷ്ടമാണ് ഉണ്ടായത്. ഇതേക്കുറിച്ച് അന്വേഷണം നടത്തിയ സി ബി ഐ മാരനെതിരെ നടപടി സ്വീകരിക്കണമെന്ന് നിര്‍ദേശിച്ചുകൊണ്ട് 2007 ഒക്‌ടോബര്‍ 10ന് ടെലികോം സെക്രട്ടറിക്ക് കത്തയക്കുകയും ചെയ്തിരുന്നു.
ReplyDelete