കൊച്ചി: ഡിവൈഎഫ്ഐ നേതാവ് എം ആര്‍ വിദ്യാധരനെ കൊലപ്പെടുത്തിയ കേസിലെ അവസാനപ്രതിയും ഇരുമ്പഴിക്കുള്ളിലായതോടെ നാലുവര്‍ഷത്തെ സംഭവബഹുല നിയമപോരാട്ടത്തിന് വിരാമം. പഴുതുകളില്ലാത്ത അന്വേഷണവും സമൂഹത്തിന്റെ നിതാന്ത ജാഗ്രതയുമാണ് നാടിനെ ഞെട്ടിച്ച അരുംകൊല നടത്തിയവര്‍ക്ക് അര്‍ഹമായ ശിക്ഷ ലഭിക്കാനിടയാക്കിയത്.
2003 സെപ്തംബര്‍ 13നാണ് ഉദയംപേരൂര്‍ കൊച്ചുപള്ളിക്കടുത്തുനിന്ന് വിദ്യാധരനെ തട്ടിക്കൊണ്ടുപോയി പ്രതികള്‍ കൊലപ്പെടുത്തിയത്. ദിവസം മുഴുവന്‍ കാറിനുള്ളിലിട്ടും പലസ്ഥലങ്ങളില്‍ എത്തിച്ചും വിദ്യാധരനെ പ്രതികള്‍ മര്‍ദ്ദിച്ചു. ഇഞ്ചിഞ്ചായി കൊന്നു. പിന്നീട് അമ്പലമുകളിനടുത്ത് ഒഴിഞ്ഞ പുരയിടത്തില്‍ മൃതദേഹം ഉപേക്ഷിച്ചു. നൂറുകണക്കിനു മുറിവുകളാണ് വിദ്യാധരന്റെ ശരീരമാകെ ഏല്‍പ്പിച്ചിരുന്നത്. മര്‍ദ്ദനത്തില്‍ ആന്തരികാവയവങ്ങളാകെ തകര്‍ന്നു.
ഒന്നാംപ്രതി ജയ്സെന്‍റ നേതൃത്വത്തില്‍ 14 പേരാണ് കേസില്‍ ഉള്‍പ്പെട്ടത്. ഇവര്‍ ഒന്നൊന്നായി പിടിയിലായെങ്കിലും ജാമ്യത്തിലിറങ്ങി മുങ്ങിയതിനാല്‍ കേസിന്‍റ വിചാരണ തുടങ്ങാനായില്ല. ജയ്സനാകട്ടെ പൊലീസ് കസ്റ്റഡിയില്‍നിന്ന് ചാടി. എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നതോടെയാണ് കേസിലെ മുഴുവന്‍ പ്രതികളെയും പിടികൂടി വിചാരണ നടത്താനുള്ള നീക്കം ശക്തമാക്കിയത്. തൃപ്പൂണിത്തുറ സര്‍ക്കിള്‍ ഇന്‍സ്പെക്ടറായിരുന്ന ബിജോ അലക്സാണ്ടറുടെ സാഹസിക അന്വേഷണത്തിനൊടുവില്‍ ഗോവയില്‍നിന്ന് ജെയ്സനെ പിടികൂടി. ഒട്ടും വൈകാതെ എറണാകുളം അഡീഷണല്‍ സെഷന്‍സ് കോടതിയില്‍ കേസിന്റെ വിചാരണ തുടങ്ങി. അപ്പോള്‍ നാലു പ്രതികളൊഴികെ എല്ലാവരും പിടിയിലായിരുന്നു. ഇതില്‍ രണ്ടാംപ്രതി കുട്ടായി വിചാരണയ്ക്കുമുമ്പ് കാക്കനാട്ടെ മദ്യശാലയില്‍ ഗുണ്ടാസംഘങ്ങള്‍ തമ്മിലുണ്ടായ കത്തിക്കുത്തില്‍ കൊല്ലപ്പെട്ടു. ആറാംപ്രതി മംഗോളി സന്തോഷ് എന്ന സന്തോഷ് (35) വിചാരണയ്ക്കിടെ മാപ്പുസാക്ഷിയായി. കേസില്‍ നിര്‍ണായകമായ മൊഴി നല്‍കിയ സന്തോഷ് പിന്നീട് ഹൃദയാഘാതംമൂലം മരിച്ചു.
ജെയ്സന്‍ ഉള്‍പ്പെടെ മൂന്നുപ്രതികള്‍ക്ക് ജീവപര്യന്തവും പിഴയും നല്‍കിയുള്ള കേസിലെ ആദ്യവിധി വന്നത് 2009 ഏപ്രില്‍ മൂന്നിനാണ്. കരിമുകള്‍ വെള്ളിമനക്കുഴി കരോട്ട് വീട്ടില്‍ ജ്യോതിഷ്(27), പനങ്ങാട് നവാസ് മന്‍സിലില്‍ ഫൈസല്‍(36)എന്നിവരാണ് ശിക്ഷ ഏറ്റുവാങ്ങിയ മറ്റു രണ്ടുപേര്‍ . ഇപ്പോള്‍ വിധി വന്നതിന്റെ വിചാരണ വൈകിയത് ഭായി നസീര്‍ , ജോമി എന്നീ പ്രതികളെ പിടിക്കാന്‍ വൈകിയതിനാലാണ്. ഇരുവരെയും പിടികൂടിയശേഷം മൂന്നുപ്രതികളെ ഉള്‍പ്പെടുത്തി മൂന്നുമാസം മുമ്പാണ് കേസിന്റെ രണ്ടാംഘട്ട വിചാരണ ആരംഭിച്ചത്. വിദ്യാധരന്‍ കേസിനൊപ്പം ജെയ്സന്‍ ഒന്നാംപ്രതിയായി കപില്‍ എന്ന യുവാവിന്റെ കൊലപാതകവും നടന്നു. വിദ്യാധരന്‍ കേസിലെ പ്രധാന സാക്ഷിയായിരുന്ന തെക്കന്‍ പറവൂര്‍ സ്വദേശി അജീഷിനെ വകവരുത്താനുള്ള പ്രതികളുടെ ശ്രമത്തിനിടെയാണ് കപില്‍ കൊല്ലപ്പെട്ടത്. അജീഷിന്റെ വീഡിയോ കാസറ്റ് കടയില്‍ നില്‍ക്കുകയായിരുന്ന കപിലിനെ വടിവാള്‍കൊണ്ട് ആക്രമിച്ചാണ് കൊലപ്പെടുത്തിയത്.
ഈ കേസിന്റെ വിചാരണ പൂര്‍ത്തിയാക്കി മൂന്നുപ്രതികള്‍ക്ക് ജീവപര്യന്തം വിധിച്ചത് ഇക്കഴിഞ്ഞ മാര്‍ച്ച് 31നാണ്. ജെയ്സനെ കൂടാതെ കോതനല്ലൂര്‍ തട്ടാംപറമ്പില്‍ പ്രദീഷ്, കോട്ടയം മൂശാരികുന്നേല്‍ സുരേഷ് എന്നിവര്‍ക്കായിരുന്നു ശിക്ഷ. വിദ്യാധരന്‍ കേസിന്റെ ഒന്നാംഘട്ടത്തില്‍ അഡ്വ. ഗോപാലകൃഷ്ണക്കുറുപ്പ്, അഡ്വ. പി എന്‍ സുകുമാരന്‍ , അഡ്വ. അലക്സ് തോമ്പ്ര എന്നിവരായിരുന്നു പബ്ലിക് പ്രോസിക്യൂട്ടര്‍മാര്‍ . രണ്ടാംഘട്ടത്തില്‍ അഡീഷണല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ ജിജി മാത്യു ഹാജരായി. ജില്ലാ അഡീഷണല്‍ സെഷന്‍സ് ജഡ്ജ് അശോക് മേനോനാണ് ആദ്യവിധി പറഞ്ഞത്. ഇപ്പോഴത്തേത് കെ പി ഭഗവല്‍ സിങ്ങും.
ദേശാഭിമാനി 050611
ഡിവൈഎഫ്ഐ നേതാവ് എം ആര്‍ വിദ്യാധരനെ കൊലപ്പെടുത്തിയ കേസിലെ അവസാനപ്രതിയും ഇരുമ്പഴിക്കുള്ളിലായതോടെ നാലുവര്‍ഷത്തെ സംഭവബഹുല നിയമപോരാട്ടത്തിന് വിരാമം. പഴുതുകളില്ലാത്ത അന്വേഷണവും സമൂഹത്തിന്റെ നിതാന്ത ജാഗ്രതയുമാണ് നാടിനെ ഞെട്ടിച്ച അരുംകൊല നടത്തിയവര്‍ക്ക് അര്‍ഹമായ ശിക്ഷ ലഭിക്കാനിടയാക്കിയത്.
ReplyDelete