Sunday, June 19, 2011

തനിനിറം കാട്ടിയ മുപ്പത് ദിനം

ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ ഒരുമാസം പിന്നിടുമ്പോള്‍ നേട്ടങ്ങളുടെ പട്ടിക ശൂന്യം. നൂറുദിന കര്‍മപരിപാടിയില്‍ ഒന്നുപോലും യാഥാര്‍ഥ്യമായില്ല. സ്വാശ്രയമേഖലയില്‍ മെറിറ്റ് സീറ്റ് ഇല്ലാതാക്കിയതും ഡോക്ടര്‍മാരുടെ സ്വകാര്യ പ്രാക്ടീസ് പുനഃസ്ഥാപിക്കാന്‍ വഴിയൊരുക്കിയതും മിന്നല്‍വേഗത്തില്‍ . രാഷ്ട്രീയലക്ഷ്യത്തോടെ ചില വിജിലന്‍സ് അന്വേഷണങ്ങള്‍ക്ക് ഉത്തരവ് പുറപ്പെടുവിച്ചത് "നേട്ടമായി" അവകാശപ്പെടാം. ഐസ്ക്രീം പാര്‍ലര്‍ കേസ് അന്വേഷണം അട്ടിമറിച്ചതും പാമൊലിന്‍ കേസില്‍ ഉമ്മന്‍ചാണ്ടിയെ പ്രതിചേര്‍ക്കാനാകില്ലെന്ന് വിജിലന്‍സ് ഡയറക്ടര്‍ റിപ്പോര്‍ട്ട് നല്‍കിയതും ഒരു മാസത്തിനുള്ളിലാണ്.

അടൂര്‍ പ്രകാശിനെതിരെയുള്ള റേഷന്‍ ഡിപ്പോ അഴിമതി കേസ് പുനരന്വേഷണത്തിന് ഉത്തരവിട്ടത് ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രിയായി മൂന്നാം ദിവസം. ഇടമലയാര്‍ അഴിമതി കേസില്‍ സുപ്രീംകോടതി ശിക്ഷിച്ച ആര്‍ ബാലകൃഷ്ണപിള്ളയെ വിട്ടയക്കാനുള്ള ഫയല്‍ നീക്കം നടന്നത് ശരവേഗത്തില്‍ . മുസ്ലിംലീഗിന്റെ അഞ്ചാം മന്ത്രി, മാണി ഗ്രൂപ്പിനുള്ള "സമാശ്വാസം" എന്നിവ ഇപ്പോഴും അനിശ്ചിതത്വത്തിലാണ്. യുഡിഎഫിലും കോണ്‍ഗ്രസിലും രാഷ്ട്രീയമായ പോര് അനുദിനം മുറുകുകയാണ്. ഇതിനിടെ, മന്ത്രിമാര്‍ ഗൂഢലക്ഷ്യത്തോടെ പ്രഖ്യാപനങ്ങള്‍ നടത്തുകയാണ്.

കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് തുറക്കാന്‍ തീരുമാനിച്ച ബിവറേജസ് കോര്‍പറേഷന്റെ 21 വില്‍പ്പന കേന്ദ്രം റദ്ദാക്കി. ബാര്‍ ലൈസന്‍സ് തടസ്സം കൂടാതെ നല്‍കാന്‍ നടപടിയായി. കള്ള് സംഘങ്ങള്‍ക്ക് കൊലക്കയര്‍ മുറുകി. നല്ലരീതിയില്‍ പ്രവര്‍ത്തിക്കുന്ന കള്ള് സംഘങ്ങള്‍ നിര്‍ത്തലാക്കുമെന്നാണ് മന്ത്രിയുടെ പ്രഖ്യാപനം. സിബിഎസ്ഇ, ഐസിഎസ്ഇ സ്കൂളുകള്‍ക്ക് യഥേഷ്ടം അനുമതി നല്‍കാന്‍ തീരുമാനിച്ചത് പൊതുവിദ്യാഭ്യാസത്തിന് വന്‍ തിരിച്ചടിയാണ്. മൂലമ്പള്ളി, ചെങ്ങറ പ്രശ്നങ്ങളില്‍ അവശേഷിച്ചവ തീര്‍പ്പാക്കിയത് നേട്ടമായി അവകാശപ്പെടുന്നവയില്‍പ്പെടും. ഒരു രൂപയ്ക്ക് അരി കിട്ടാന്‍ ഓണം വരെ കാത്തിരിക്കണം. മുന്‍ സര്‍ക്കാര്‍ നടപ്പാക്കിയ രണ്ടു രൂപ അരി വിതരണം തകിടം മറിക്കുകയും ചെയ്തു.

നിത്യോപയോഗ സാധനങ്ങളുടെയും മറ്റും വില കുതിച്ചുകയറുമ്പോള്‍ പെട്രോള്‍ അധിക നികുതി വേണ്ടെന്നു പറഞ്ഞ് കണ്ണില്‍പ്പൊടിയിട്ടു. മൂന്നാറില്‍ കൈയേറ്റം വ്യാപകമായപ്പോള്‍ ജനശ്രദ്ധ തിരിക്കാന്‍ സര്‍വകക്ഷി യോഗം വിളിക്കാന്‍ തീരുമാനിച്ചു. അതേസമയം, മൂന്നാറില്‍ സര്‍ക്കാര്‍ ഭൂമി നിര്‍ബാധം കൈയേറി ഹെലിപാഡ് വരെ നിര്‍മിക്കാന്‍ തുടങ്ങി. സ്വാശ്രയ പ്രശ്നം പരിഹരിക്കാന്‍ അത്ഭുതവിളക്കില്ലെന്നാണ് കെഎം മാണിയുടെ നിലപാട്. അഴിമതി വിരുദ്ധ സര്‍ക്കാരെന്ന് ആവര്‍ത്തിക്കുമ്പോഴും അഴിമതി കേസില്‍ പ്രതികളായ മന്ത്രിമാരെ രക്ഷിക്കാന്‍ സര്‍ക്കാര്‍ പാടുപെടുകയാണ്. അടൂര്‍ പ്രകാശ്, എം കെ മുനീര്‍ എന്നിവര്‍ക്കെതിരെയുള്ള കേസുകളില്‍ അന്വേഷണം പാളി. ബാലകൃഷ്ണപിള്ളയെ ജയില്‍ മോചിതനാക്കുന്നതിനുള്ള നടപടി അന്തിമഘട്ടത്തിലാണ്. ഐസ്ക്രീം കേസ് പുനരന്വേഷണ സംഘത്തിന് എന്തുപറ്റിയെന്ന ചോദ്യവും ഉയരുകയാണ്. മുസ്ലിംലീഗ് അധ്യക്ഷന്‍ പ്രഖ്യാപിച്ച അഞ്ചാം മന്ത്രിയെ ചൊല്ലിയും തര്‍ക്കം പുകയുകയാണ്. മന്ത്രിയാകാന്‍ ഉടുപ്പുതയ്പിച്ച മഞ്ഞളാംകുഴി അലി, പി സി ജോര്‍ജ് എന്നിവര്‍ സ്ഥാനത്തിനായി കാത്തിരിപ്പാണ്. മറ്റൊരു മന്ത്രിമോഹിയായ വി ഡി സതീശനെതിരെ എംഎല്‍എ ഫണ്ട് വെട്ടിപ്പിന് വിജിലന്‍സ് അന്വേഷണത്തിന് കോടതി ഉത്തരവായി.

ദേശാഭിമാനി 190611

1 comment:

  1. ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ ഒരുമാസം പിന്നിടുമ്പോള്‍ നേട്ടങ്ങളുടെ പട്ടിക ശൂന്യം. നൂറുദിന കര്‍മപരിപാടിയില്‍ ഒന്നുപോലും യാഥാര്‍ഥ്യമായില്ല. സ്വാശ്രയമേഖലയില്‍ മെറിറ്റ് സീറ്റ് ഇല്ലാതാക്കിയതും ഡോക്ടര്‍മാരുടെ സ്വകാര്യ പ്രാക്ടീസ് പുനഃസ്ഥാപിക്കാന്‍ വഴിയൊരുക്കിയതും മിന്നല്‍വേഗത്തില്‍ . രാഷ്ട്രീയലക്ഷ്യത്തോടെ ചില വിജിലന്‍സ് അന്വേഷണങ്ങള്‍ക്ക് ഉത്തരവ് പുറപ്പെടുവിച്ചത് "നേട്ടമായി" അവകാശപ്പെടാം. ഐസ്ക്രീം പാര്‍ലര്‍ കേസ് അന്വേഷണം അട്ടിമറിച്ചതും പാമൊലിന്‍ കേസില്‍ ഉമ്മന്‍ചാണ്ടിയെ പ്രതിചേര്‍ക്കാനാകില്ലെന്ന് വിജിലന്‍സ് ഡയറക്ടര്‍ റിപ്പോര്‍ട്ട് നല്‍കിയതും ഒരു മാസത്തിനുള്ളിലാണ്.

    അടൂര്‍ പ്രകാശിനെതിരെയുള്ള റേഷന്‍ ഡിപ്പോ അഴിമതി കേസ് പുനരന്വേഷണത്തിന് ഉത്തരവിട്ടത് ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രിയായി മൂന്നാം ദിവസം. ഇടമലയാര്‍ അഴിമതി കേസില്‍ സുപ്രീംകോടതി ശിക്ഷിച്ച ആര്‍ ബാലകൃഷ്ണപിള്ളയെ വിട്ടയക്കാനുള്ള ഫയല്‍ നീക്കം നടന്നത് ശരവേഗത്തില്‍ . മുസ്ലിംലീഗിന്റെ അഞ്ചാം മന്ത്രി, മാണി ഗ്രൂപ്പിനുള്ള "സമാശ്വാസം" എന്നിവ ഇപ്പോഴും അനിശ്ചിതത്വത്തിലാണ്. യുഡിഎഫിലും കോണ്‍ഗ്രസിലും രാഷ്ട്രീയമായ പോര് അനുദിനം മുറുകുകയാണ്. ഇതിനിടെ, മന്ത്രിമാര്‍ ഗൂഢലക്ഷ്യത്തോടെ പ്രഖ്യാപനങ്ങള്‍ നടത്തുകയാണ്.

    ReplyDelete