Wednesday, June 1, 2011

മാതൃകയായി ഈ സര്‍ക്കാര്‍ വിദ്യാലയം; ഒന്നാംക്ലാസിലേക്ക് 70 കുട്ടികള്‍

വടകര: വിദ്യ നേടാനുള്ള ആലയം മാത്രമായി ഒതുങ്ങാതെ കുട്ടികള്‍ക്ക് എല്ലാവിധ സൗകര്യങ്ങളുമൊരുക്കി തിരുവള്ളൂര്‍ ഗവ. എംയുപി സ്കൂള്‍ ചരിത്രം സൃഷ്ടിക്കുന്നു. കുട്ടികളുടെ കുറവു കാരണം പൊതുവിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടച്ചുപൂട്ടല്‍ ഭീഷണി നേരിടുന്ന കാലത്ത് ഈ സര്‍ക്കാര്‍ വിദ്യാലയം നാടിന് മാതൃകയാണ്. ഏഴാംക്ലാസ് വരെയുള്ള സ്കൂളില്‍ എല്ലാ ക്ലാസുകളും 40 വിദ്യാര്‍ഥികളുള്ള രണ്ട് ഡിവിഷനുകള്‍ വീതമുണ്ട്. ഒന്നാം ക്ലാസില്‍ ഇത്തവണ 70 കുട്ടികള്‍ക്ക് മെയ് ആദ്യവാരംതന്നെ പ്രവേശനം നല്‍കി. സ്ഥലപരിമിതി കാരണം ഒന്നാംക്ലാസ് പ്രവേശനം നിര്‍ത്തിവച്ചിരിക്കുകയാണ്. ഒട്ടേറെ ഇംഗ്ലീഷ് മീഡിയം വിദ്യാലയങ്ങളും മറ്റ് എയ്ഡഡ് വിദ്യാലയങ്ങളും ഉള്ളപ്പോഴാണ് തിരുവള്ളൂര്‍ ഗവ. എംയുപിയില്‍ ഈയവസ്ഥ.
പൊതുവിദ്യാലയത്തിന്റെ പരിമിതികള്‍ക്കുള്ളിലും നേട്ടം കൊയ്യാന്‍ കഴിയുന്നത് തിരുവള്ളൂരിലെ പൊതുസമൂഹത്തിന്റെ പിന്തുണയും പഞ്ചായത്തിന്റെ സജീവ ശ്രദ്ധയും ഉള്ളതിനാലാണ്. ഒപ്പം കുറ്റ്യാടി എംഎല്‍എ കെ കെ ലതികയുടെ വിദ്യാഭ്യാസ പദ്ധതിയുടെ ആനുകൂല്യവും.

പാവപ്പെട്ടവരുടെ മക്കള്‍ക്ക് പരമാവധി സൗകര്യം ഒരുക്കുകയാണ് ലക്ഷ്യമെന്ന് കെ കെ ലതിക പറയുന്നു. 20 കംപ്യൂട്ടറുകളുള്ള ഐടി ലാബ്, ലോകം കുട്ടികളുടെ വിരല്‍ത്തുമ്പില്‍ ലഭ്യമാകുന്ന എഡ്യൂസാറ്റ് സൗകര്യമുള്ള സ്മാര്‍ട്ട് ക്ലാസ് റൂം, വിശാലമായ സിഡി ലൈബ്രറി, ടൈല്‍സിട്ട് വൃത്തിയായി അലങ്കരിച്ച ശിശുസൗഹൃദ ക്ലാസ് മുറികള്‍ , ശുദ്ധജല വിതരണത്തിന് വാട്ടര്‍ പ്യൂരിഫയര്‍ സിസ്റ്റം, വൃത്തിയുള്ളതും ജല ലഭ്യതയുള്ളതുമായ മൂത്രപ്പുരകള്‍ , കഥപറയും ചുമരുകള്‍ . ആദ്യമായി സ്കൂളിലെത്തുന്ന ഒന്നാംക്ലാസുകാര്‍ക്ക് പഠനം ഹൃദ്യമാക്കാന്‍ ഒന്നാം ക്ലാസ് ഒന്നാംതരം പദ്ധതി. പ്രീ പ്രൈമറി ക്ലാസ്, ഗണിതം രസകരമാക്കാന്‍ ഗണിതശാസ്ത്ര ലാബ്, സാഹിത്യകാരന്മാരുടെ ചിത്രങ്ങള്‍ അടങ്ങിയ പോര്‍ട്രേറ്റ് ഗാലറി, അയ്യായിരത്തോളം പുസ്തകങ്ങളുള്ള കുട്ടികളുടെ ലൈബ്രറി, പെണ്‍കുട്ടികള്‍ക്ക് സൈക്കിള്‍ പഠനം. എല്ലാം ചേര്‍ന്ന് ഈ വിദ്യാലയം അഭിമാനമാകുന്നു.

ജനപിന്തുണയും തദ്ദേശ സ്ഥാപനങ്ങളുടെ ഇടപെടലും എംഎല്‍എയുടെ നേതൃത്വവും ഒത്തൊരുമിച്ചപ്പോഴുണ്ടായ വിജയമാണ് ഈ സ്കൂളിന് പറയാനുള്ളത്.

deshabhimani 010611

1 comment:

  1. വിദ്യ നേടാനുള്ള ആലയം മാത്രമായി ഒതുങ്ങാതെ കുട്ടികള്‍ക്ക് എല്ലാവിധ സൗകര്യങ്ങളുമൊരുക്കി തിരുവള്ളൂര്‍ ഗവ. എംയുപി സ്കൂള്‍ ചരിത്രം സൃഷ്ടിക്കുന്നു. കുട്ടികളുടെ കുറവു കാരണം പൊതുവിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടച്ചുപൂട്ടല്‍ ഭീഷണി നേരിടുന്ന കാലത്ത് ഈ സര്‍ക്കാര്‍ വിദ്യാലയം നാടിന് മാതൃകയാണ്. ഏഴാംക്ലാസ് വരെയുള്ള സ്കൂളില്‍ എല്ലാ ക്ലാസുകളും 40 വിദ്യാര്‍ഥികളുള്ള രണ്ട് ഡിവിഷനുകള്‍ വീതമുണ്ട്. ഒന്നാം ക്ലാസില്‍ ഇത്തവണ 70 കുട്ടികള്‍ക്ക് മെയ് ആദ്യവാരംതന്നെ പ്രവേശനം നല്‍കി. സ്ഥലപരിമിതി കാരണം ഒന്നാംക്ലാസ് പ്രവേശനം നിര്‍ത്തിവച്ചിരിക്കുകയാണ്. ഒട്ടേറെ ഇംഗ്ലീഷ് മീഡിയം വിദ്യാലയങ്ങളും മറ്റ് എയ്ഡഡ് വിദ്യാലയങ്ങളും ഉള്ളപ്പോഴാണ് തിരുവള്ളൂര്‍ ഗവ. എംയുപിയില്‍ ഈയവസ്ഥ.

    ReplyDelete