Wednesday, June 1, 2011

ഐടി കമ്പനികള്‍ ബംഗളൂരു വിടുന്നു

ഇന്ത്യയുടെ സിലിക്കണ്‍വാലിയെന്ന ഖ്യാതി ബംഗളൂരുവിന് നഷ്ടപ്പെട്ടേക്കും. ബംഗളൂരു ആസ്ഥാനമായ പല ഐടി സ്ഥാപനങ്ങളും ഉത്തരേന്ത്യയിലേക്ക് കൂടുമാറുന്നതായി സര്‍വേ വ്യക്തമാക്കുന്നു. അസോസിയേറ്റഡ് ചേംബേഴ്സ് ഓഫ് കൊമേഴ്സ് ആന്‍ഡ് ഇന്‍ഡസ്ട്രി ഓഫ് ഇന്ത്യ (അസോച്ചം) നടത്തിയ സര്‍വേയിലാണ് ഐടി നഗരമെന്ന പെരുമ ബംഗളൂരുവിന് നഷ്ടമാകുമെന്ന സൂചന. നോയിഡ, ഗുഡ്ഗാവ് തുടങ്ങിയ ഡല്‍ഹി പ്രാന്തമേഖലകളാണ് രാജ്യത്തെ പ്രമുഖ ഐടി ഭീമന്മാരുടെ ലക്ഷ്യം. നാഷണല്‍ ക്യാപിറ്റല്‍ റീജണ്‍ എന്നറിയപ്പെടുന്ന ഇരുനഗരങ്ങളിലും സ്ഥാപനങ്ങള്‍ ആരംഭിക്കാന്‍ കമ്പനികള്‍ തയ്യാറെടുപ്പ് പൂര്‍ത്തിയാക്കിയെന്നും സര്‍വേ ചൂണ്ടിക്കാട്ടുന്നു.

ഐടി, ഐടി അധിഷ്ഠിതമായ ബിപിഒ (ബിസിനസ് പ്രോസസ് ഔട്ട്സോഴ്സിങ്), കെപിഒ (നോളജ് പ്രോസസ് ഔട്ട്സോഴ്സിങ്) എന്നിവയ്ക്ക് ഏറെ അനുയോജ്യം നോയിഡയും ഗുഡ്ഗാവുമാണെന്ന കരുതലിന്റെ അടിസ്ഥാനത്തിലാണ് വന്‍കിട സ്ഥാപനങ്ങള്‍ അങ്ങോട്ടുമാറുന്നത്. മതിയായ അടിസ്ഥാനസൗകര്യങ്ങള്‍ ലഭിക്കാത്തതും ഉള്ളവതന്നെ ചിതറിപ്പോകുന്നതുമാണ് ഐടി കമ്പനികളെ ബംഗളൂരുവില്‍ നിന്ന് അകറ്റുന്നത്. വൈദ്യുതി തടസ്സവും മതിയായ അടിസ്ഥാനസൗകര്യങ്ങള്‍ ഇല്ലാത്തതുമാണ് സ്ഥാപനങ്ങളെ മാറിച്ചിന്തിക്കാന്‍ പ്രേരിപ്പിക്കുന്നതെന്ന് അസോച്ചം സെക്രട്ടറി ജനറല്‍ ഡി എസ് റാവത്ത് പറഞ്ഞു. അതിരൂക്ഷമായ ഗതാഗതക്കുരുക്ക്, ദുര്‍ലഭമായ ജലവിതരണം, ശുചീകരണത്തിലെ അനാസ്ഥ എന്നിവയും കാരണമായിട്ടുണ്ട്. എണ്ണൂറോളം സ്ഥാപനങ്ങളിലെ സിഇഒ, സിഎഫ്ഒ എന്നിവരെ നേരില്‍ സന്ദര്‍ശിച്ചശേഷമാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയതെന്നും അദ്ദേഹം വ്യക്തമാക്കി. സര്‍വേയില്‍ പങ്കെടുത്ത ബഹുഭൂരിഭാഗം ബഹുരാഷ്ട്ര കമ്പനികള്‍ക്കും ഉത്തരേന്ത്യയോടാണ് താല്‍പ്പര്യമെന്നും റാവത്ത് പറഞ്ഞു.

deshabhimani 010611

1 comment:

  1. ഇന്ത്യയുടെ സിലിക്കണ്‍വാലിയെന്ന ഖ്യാതി ബംഗളൂരുവിന് നഷ്ടപ്പെട്ടേക്കും. ബംഗളൂരു ആസ്ഥാനമായ പല ഐടി സ്ഥാപനങ്ങളും ഉത്തരേന്ത്യയിലേക്ക് കൂടുമാറുന്നതായി സര്‍വേ വ്യക്തമാക്കുന്നു. അസോസിയേറ്റഡ് ചേംബേഴ്സ് ഓഫ് കൊമേഴ്സ് ആന്‍ഡ് ഇന്‍ഡസ്ട്രി ഓഫ് ഇന്ത്യ (അസോച്ചം) നടത്തിയ സര്‍വേയിലാണ് ഐടി നഗരമെന്ന പെരുമ ബംഗളൂരുവിന് നഷ്ടമാകുമെന്ന സൂചന. നോയിഡ, ഗുഡ്ഗാവ് തുടങ്ങിയ ഡല്‍ഹി പ്രാന്തമേഖലകളാണ് രാജ്യത്തെ പ്രമുഖ ഐടി ഭീമന്മാരുടെ ലക്ഷ്യം. നാഷണല്‍ ക്യാപിറ്റല്‍ റീജണ്‍ എന്നറിയപ്പെടുന്ന ഇരുനഗരങ്ങളിലും സ്ഥാപനങ്ങള്‍ ആരംഭിക്കാന്‍ കമ്പനികള്‍ തയ്യാറെടുപ്പ് പൂര്‍ത്തിയാക്കിയെന്നും സര്‍വേ ചൂണ്ടിക്കാട്ടുന്നു.

    ReplyDelete