Monday, June 6, 2011

അഴിമതി തടയാന്‍ മാന്ത്രികവിദ്യയില്ല

ബാബാ രാംദേവ് എന്ന പഞ്ചനക്ഷത്ര "യോഗഗുരു" കള്ളപ്പണസാമ്രാജ്യത്തിന് മുകളിലിരുന്ന് കള്ളപ്പണ വിരുദ്ധ നിരാഹാരം പ്രഖ്യാപിച്ചപ്പോള്‍ യുപിഎ നേതൃത്വം ഭയന്നുവിറച്ചുപോയി. ഒടുവില്‍ ഗത്യന്തരമില്ലാതെയാണ് ആ സമരനാടകത്തിനെതിരെ ദൂരക്കാഴ്ച്ചയില്ലാത്തതും ധൃതിപിടിച്ചതുമായ നടപടിയെടുത്തത്. അഴിമതി തടയുന്നതിനും കള്ളപ്പണം കണ്ടെത്തി ഖജനാവിലേക്ക് മുതല്‍കൂട്ടുന്നതിനും യുപിഎയ്ക്ക് കഴിവുമില്ല; സന്നദ്ധതയുമില്ല. അഥവാ അത്തരമൊരു നീക്കം നടത്തിയാല്‍ കേടാവുന്നത് സ്വന്തം ശരീരത്തിനാണെന്ന തിരിച്ചറിവ് കോണ്‍ഗ്രസിനുമുണ്ട്; യുപിഎയിലെ ഘടകകക്ഷികള്‍ക്കുമുണ്ട്. അതുകൊണ്ടുമാത്രമാണ് ആള്‍ദൈവങ്ങളുടെയും തട്ടിപ്പുകാരുടെയും പേടിപ്പെടുത്തലുകള്‍ക്കുമുന്നില്‍പോലും കേന്ദ്രസര്‍ക്കാരിന്റെ മുട്ടുവിറയ്ക്കുന്നത്.

അഴിമതി തടയാന്‍ ഒറ്റമൂലിയില്ല. ഏതെങ്കിലും സ്വാമിക്കോ ദിവ്യനോ മാജിക് കാട്ടി സുഖപ്പെടുത്താവുന്ന അസുഖമല്ല അഴിമതി. ലോക്പാല്‍ ബില്‍ വിഷയത്തില്‍ നടന്നുവരുന്ന വാദങ്ങളും വിവാദങ്ങളും വ്യക്തമാക്കുന്നത് കഴിഞ്ഞ ദശകങ്ങളില്‍ ഇക്കാര്യത്തില്‍ അധികമൊന്നും മുന്നോട്ടുപോകാന്‍ കഴിഞ്ഞിട്ടില്ലെന്നാണ്. ഈ സംവിധാനത്തെക്കുറിച്ച് ആദ്യമായി ശുപാര്‍ശചെയ്തത് അന്തരിച്ച മൊറാര്‍ജി ദേശായിയുടെ നേതൃത്വത്തില്‍ പ്രവര്‍ത്തിച്ച ഭരണപരിഷ്കാര സമിതിയാണ്-1969ല്‍ . ഈ സംവിധാനം ഏര്‍പ്പെടുത്തുന്നതിനു പിന്നാലെ സംസ്ഥാനങ്ങളില്‍ ലോകായുക്ത എന്ന പേരില്‍ സമാനമായ സംവിധാനം കൊണ്ടുവരണമെന്നും മൊറാര്‍ജി സമിതി ശുപാര്‍ശ ചെയ്തിരുന്നു. എന്നാല്‍ , സ്വാഭാവികമായും ഉയര്‍ന്ന എതിര്‍പ്പിനെത്തുടര്‍ന്ന് മൊറാര്‍ജി സമിതി നിര്‍ദേശം ദീര്‍ഘകാലം ശീതീകരണിയിലായി. ഇടതുപക്ഷം ചെലുത്തിയ സമ്മര്‍ദത്തെതുടര്‍ന്ന് 1990കളില്‍ ഈ ആശയത്തിനു വീണ്ടും ജീവന്‍വച്ചു; ബൊഫോഴ്സ് കോഴ വിവാദം രാജ്യത്തെ പിടിച്ചുകുലുക്കിയ സന്ദര്‍ഭമായിരുന്നു അത്. ഇടതുപക്ഷം പുറത്തുനിന്നു നല്‍കിയ പിന്തുണയുടെ അടിസ്ഥാനത്തില്‍ രൂപീകരിച്ച ഐക്യമുന്നണി സര്‍ക്കാര്‍ പൊതുമിനിമം പരിപാടി തയ്യാറാക്കുകയും അംഗീകരിക്കുകയുംചെയ്തു. ഇതില്‍ , സംശുദ്ധഭരണം എന്ന ഭാഗത്ത് ഇങ്ങനെ പറയുന്നു: "അഴിമതിവിമുക്തവും സംശുദ്ധവുമായ ഭരണത്തിന് ഐക്യമുന്നണി പ്രതിജ്ഞാബദ്ധമാണ്.

ലോക്പാല്‍ രൂപീകരിക്കാനുള്ള ബില്‍ പതിനൊന്നാം ലോക്സഭയുടെ ആദ്യസമ്മേളനത്തില്‍ അവതരിപ്പിക്കും. ഈ ബില്ലിന്റെ പരിധിയില്‍ പ്രധാനമന്ത്രിയുടെ പദവിയെയും ഉള്‍പ്പെടുത്തും. എല്ലാ എംപിമാരും ഓരോ വര്‍ഷവും സ്വത്തുവിവരം ലോക്പാലിനു മുമ്പാകെ വെളിപ്പെടുത്തണമെന്നും വ്യവസ്ഥചെയ്യും". ഒരിക്കല്‍ക്കൂടി ഗുരുതരമായ അഭിപ്രായവ്യത്യാസങ്ങള്‍ ഉയര്‍ന്നു. അഴിമതിക്കെതിരെ കുരിശുയുദ്ധം നടത്തുന്നതായി നടിക്കുന്നവര്‍പോലും പ്രധാനമന്ത്രിയെ ലോക്പാലിന്റെ പരിധിയില്‍ കൊണ്ടുവരുന്നതിനോട് വിയോജിച്ചു. ദേവഗൗഡ സര്‍ക്കാര്‍ 1997ല്‍ കൊണ്ടുവന്ന ബില്‍ വിവാദത്തില്‍ മുങ്ങിയതിനാല്‍ വെളിച്ചം കണ്ടില്ല. തുടര്‍ന്ന് ഐക്യമുന്നണി സര്‍ക്കാരിന് നേരിട്ട അസ്ഥിരത കാരണം ഇക്കാര്യത്തില്‍ മുന്നോട്ടുപോകാന്‍ കഴിഞ്ഞില്ല. 1998 മുതല്‍ ആറുവര്‍ഷം നീണ്ട ബിജെപി നേതൃത്വത്തിലുള്ള എന്‍ഡിഎ സര്‍ക്കാര്‍ ഈ വിഷയത്തില്‍ ഒന്നും ചെയ്തില്ല, ഇപ്പോള്‍ ഇതേ കൂട്ടരാണ് അഴിമതിക്കെതിരായ പോരാട്ടത്തിന്റെ നായകത്വം അവകാശപ്പെടുന്നത്. ഇടതുപക്ഷം സുസ്ഥിരമായ നിലപാടാണ് ഇക്കാര്യത്തില്‍ കൈക്കൊള്ളുന്നത്.

2004ല്‍ ഒന്നാം യുപിഎ സര്‍ക്കാരിന്റെ പൊതുമിനിമം പരിപാടിയിലും ഉറപ്പ് ആവര്‍ത്തിച്ചു, "ലോക്പാല്‍ ബില്‍ നിയമമാക്കും". ലോക്പാല്‍ സംവിധാനത്തിന്റെ പരിധിയില്‍ പ്രധാനമന്ത്രിയെ ഉള്‍പ്പെടുത്തണമോ എന്നതിനുപുറമെ മറ്റ് ഒട്ടേറെ ഗൗരവതരമായ ചോദ്യങ്ങള്‍ക്കും ഉത്തരം കാണാനുണ്ട്. നീതിന്യായ സംവിധാനത്തെ ഉള്‍പ്പെടുത്തണമോ, എംപിമാരുടെ പാര്‍ലമെന്റിനുള്ളിലെ നടപടികളെ ലോക്പാലിന്റെ പരിധിയില്‍ കൊണ്ടുവരണോ? സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ തല്‍സ്ഥാനത്തുനിന്ന് നീക്കാനോ പിരിച്ചുവിടാനോ നിയമനരീതിയുടെ അടിസ്ഥാനത്തില്‍ നോക്കുമ്പോള്‍ അവര്‍ക്കുതാഴെയുള്ള സംവിധാനങ്ങളില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് അധികാരമില്ലെന്ന് ഭരണഘടന വ്യവസ്ഥചെയ്യുന്നുണ്ട്. ഐഎഫ്എസ്, ഐഎഎസ് തുടങ്ങിയ സര്‍വീസുകളിലെ മുതിര്‍ന്ന ഉദ്യോഗസ്ഥരെയും സുപ്രീംകോടതി-ഹൈക്കോടതി ജഡ്ജിമാരെയും മറ്റും നിയമിക്കുന്നത് രാഷ്ട്രപതിയാണ്. ഭരണഘടനയിലെ ഈ വ്യവസ്ഥ ഭേദഗതിചെയ്യണോ? ലോക്പാലില്‍ ഒരംഗം മാത്രമായാലും നിരവധിപേരുണ്ടായാലും എല്ലാ അര്‍ധജുഡീഷ്യല്‍ അധികാരങ്ങളും കൈയാളണമോ? അങ്ങനെ വന്നാല്‍ സിവിസി, സിബിഐ തുടങ്ങിയ സംവിധാനങ്ങളുടെ പ്രസക്തിയും ആവശ്യകതയും എന്താണ്? ഇക്കാര്യത്തില്‍ രാഷ്ട്രീയപാര്‍ടികള്‍ ഉള്‍പ്പെടെയുള്ള എല്ലാ തല്‍പ്പരകക്ഷികളുമായും കേന്ദ്രസര്‍ക്കാര്‍ കൂടിയാലോചനകള്‍ ആരംഭിച്ചിട്ടുണ്ട്. ഇതില്‍നിന്ന് ഉരുത്തിരിഞ്ഞുവരുന്ന കാര്യങ്ങള്‍ക്കായി രാജ്യം കാത്തിരിക്കണം. ചര്‍ച്ചകളുടെ ഫലം എന്തായാലും, ഓര്‍ത്തിരിക്കേണ്ട കാര്യം, കൂടിയാലോചനകള്‍ എത്ര നടന്നാലും നമ്മുടെ ഭരണഘടനപ്രകാരം നിയമം രൂപീകരിക്കേണ്ടത് പാര്‍ലമെന്റിലാണ്. അതുകൊണ്ട് മറ്റെന്തൊക്കെ ചെയ്താലും പാര്‍ലമെന്റില്‍ നിയമം അവതരിപ്പിക്കുന്നതില്‍നിന്ന് സര്‍ക്കാരിന് ഒഴിഞ്ഞുമാറാന്‍ കഴിയില്ല. ഇതിനിടെ, തീര്‍ച്ചയായും മറ്റ് കാര്യങ്ങളിലും ശ്രദ്ധ പതിപ്പിക്കണം.

ഉന്നതസ്ഥാനങ്ങളിലെ അഴിമതി തടയുകയാണ്, അല്ലെങ്കില്‍ കടിഞ്ഞാണിടുകയാണ് ലക്ഷ്യമെങ്കില്‍ ലോക്പാല്‍ രൂപീകരിക്കുന്നതുകൊണ്ടുമാത്രം ഇതിന് സാധിക്കുമോ? സുദീര്‍ഘവും ബഹുമുഖവുമായ സമീപനം വഴി മാത്രമേ ഉന്നതസ്ഥാപനങ്ങളിലെ അഴിമതിക്കെതിരായ പോരാട്ടം ഫലപ്രദമായി നടത്താന്‍ കഴിയൂ. പ്രധാനമന്ത്രിയുടെ പദവികൂടി ഉള്‍പ്പെടുത്തിയുള്ള ലോക്പാല്‍ കൊണ്ടുവരുന്നതിനൊപ്പം മറ്റ് പല കാര്യങ്ങള്‍ക്കും തുടക്കം കുറിക്കണം. ദേശീയ ജുഡീഷ്യല്‍ കമീഷന്‍ രൂപീകരിക്കണമെന്ന് സിപിഐ എമ്മും ഇടതുപക്ഷം ഒന്നാകെയും ദീര്‍ഘകാലമായി ആവശ്യപ്പെട്ടുവരികയാണ്. ജഡ്ജിമാര്‍ ഉള്‍പ്പെടെയുള്ള മുതിര്‍ന്ന ജുഡീഷ്യല്‍ ഉദ്യോഗസ്ഥരെ നിയമിക്കാനുള്ള ചുമതലയ്ക്കു പുറമെ ജുഡീഷ്യറിയിലെ അംഗങ്ങള്‍ വഴിവിട്ട് പ്രവര്‍ത്തിക്കുന്നതായി ആരോപണം ഉയര്‍ന്നാല്‍ അതേപ്പറ്റി അന്വേഷിക്കാനുള്ള അധികാരവും ഈ കമീഷന് ഉണ്ടായിരിക്കണം. പാര്‍ലമെന്റില്‍ ഇംപീച്ച്മെന്റ് പ്രമേയം കൊണ്ടുവന്ന് ജഡ്ജിമാര്‍ക്കെതിരെ നടപടി സ്വീകരിക്കാന്‍ നിലവിലുള്ള ഭരണഘടനാപരമായ മാര്‍ഗം മിക്കവാറും അസാധ്യമായ വിധത്തില്‍ ക്ലേശകരമാണ്. ലോക്പാലിനോടൊപ്പം ദേശീയ ജുഡീഷ്യല്‍ കമീഷനും രൂപീകരിക്കണം. ഇതേപ്പറ്റിയും സര്‍ക്കാര്‍ കൂടിയാലോചനകള്‍ ആരംഭിക്കണം. ജനാഭിലാഷങ്ങളെ അട്ടിമറിക്കുന്ന വിധത്തില്‍ തെരഞ്ഞെടുപ്പുകളില്‍ പണാധിപത്യം വളര്‍ന്നുവരുന്നത് തടയാന്‍ , ഇതിന് കടിഞ്ഞാണിടാനെങ്കിലും അര്‍ഥപൂര്‍ണവും മതിയായ തോതിലുള്ളതുമായ തെരഞ്ഞെടുപ്പ് പരിഷ്കാരങ്ങള്‍ക്ക് തുടക്കംകുറിക്കണം. രാഷ്ട്രീയമായ ഇടപെടല്‍ മാത്രമാണ് മുന്നിലുള്ള പോംവഴി. അതല്ലാതെയുള്ള ദിവ്യത്വ പ്രകടനങ്ങള്‍ പാതിരാവിലെ അസംബന്ധനാടകമായി അവസാനിക്കുകയേ ഉള്ളൂ-ഡല്‍ഹിയിലെ രാംലീല മൈതാനിയില്‍ കണ്ടതുപോലെ.

ദേശാഭിമാനി മുഖപ്രസംഗം 060611

1 comment:

  1. രാഷ്ട്രീയമായ ഇടപെടല്‍ മാത്രമാണ് മുന്നിലുള്ള പോംവഴി. അതല്ലാതെയുള്ള ദിവ്യത്വ പ്രകടനങ്ങള്‍ പാതിരാവിലെ അസംബന്ധനാടകമായി അവസാനിക്കുകയേ ഉള്ളൂ-ഡല്‍ഹിയിലെ രാംലീല മൈതാനിയില്‍ കണ്ടതുപോലെ.

    ReplyDelete