Sunday, June 5, 2011

ഇ പി, മഹാശ്വേതാദേവി, അണ്ണാ ഹസാരെ

മാധ്യമങ്ങള്‍ കുത്തകകളുടെ താല്‍പ്പര്യസംരക്ഷകര്‍ : ഇ പി

തൃശൂര്‍ : രാജ്യത്തെ ഭൂരിപക്ഷം മാധ്യമങ്ങളും മുതലാളിത്ത-കോര്‍പറേറ്റ് വര്‍ഗതാല്‍പ്പര്യം സംരക്ഷിക്കുന്ന രാഷ്ട്രീയമാണ് ഉയര്‍ത്തിപ്പിടിക്കുന്നതെന്ന് സിപിഐ എം കേന്ദ്രകമ്മിറ്റിയംഗം ഇ പി ജയരാജന്‍ പറഞ്ഞു. ഉമ്മന്‍ചാണ്ടി എന്ത് തെറ്റുചെയ്താലും അത് മലയാളമനോരമ മൂടിവയ്ക്കുന്നത് ഇത്തരം വര്‍ഗതാല്‍പ്പര്യത്തിന്റെ ഭാഗമാണ്. തെറ്റുകള്‍ ന്യായീകരിക്കാനുളള ഇത്തരം മാധ്യമ പ്രവണതകള്‍ക്കെതിരായ ജനകീയ പത്രപ്രവര്‍ത്തനത്തിന്റെ പ്രസക്തി വര്‍ധിച്ചിരിക്കുന്ന കാലമാണിത്. ദേശാഭിമാനി ചീഫ് സബ് എഡിറ്റര്‍ ദിനേശ് വര്‍മയുടെ "പത്രപ്രവര്‍ത്തനം വഴിയും വസ്തുതയും" എന്ന പുസ്തകത്തിന്റെ പ്രകാശനം സാഹിത്യ അക്കാദമിയില്‍ നിര്‍വഹിക്കുകയായിരുന്നു ഇ പി.

നിഷ്പക്ഷ പത്രപ്രവര്‍ത്തനം എന്ന ഒന്നില്ല. എല്ലാവര്‍ക്കും അവരവരുടേതായ താല്‍പ്പര്യങ്ങളുണ്ട്. പത്രമാനേജ്മെന്റിന്റെ തീരുമാനങ്ങള്‍ക്കതീതമായി സത്യത്തിന്റെയും നീതിയുടെയും വഴിയില്‍ സഞ്ചരിക്കാന്‍ മാധ്യമപ്രവര്‍ത്തകര്‍ക്കുമാകുന്നില്ല. സ്വദേശാഭിമാനിയുടെ വഴി ആരെങ്കിലും സ്വീകരിച്ചാല്‍ അവരുടെ കഥ കഴിക്കുന്ന സമീപനമാണ് മാനേജ്മെന്റുകള്‍ക്കുള്ളത്. ഇന്ത്യയില്‍ ജനാധിപത്യം സംരക്ഷിക്കാന്‍ സുപ്രധാന പങ്കു വഹിക്കേണ്ടതാണ് മാധ്യമരംഗമെങ്കിലും ആ ദൗത്യം നിര്‍വഹിക്കുന്നതില്‍ പരാജയപ്പെടുന്നു. പകരം തങ്ങളുടെ താല്‍പ്പര്യപ്രകാരം രാജ്യം ആരു ഭരിക്കണമെന്ന അജന്‍ഡപോലും അവര്‍ നിശ്ചയിക്കുന്നു- ഇ പി പറഞ്ഞു. വൈശാഖന്‍ അധ്യക്ഷനായി. ടി ആര്‍ ചന്ദ്രദത്ത് പുസ്തകം ഏറ്റുവാങ്ങി. പ്രസ് ക്ലബ് സെക്രട്ടറി രാജ്മോഹന്‍ പുസ്തകം പരിചയപ്പെടുത്തി. പ്രൊഫ. കാവുമ്പായി ബാലകൃഷ്ണന്‍ , രാവുണ്ണി എന്നിവര്‍ സംസാരിച്ചു. എന്‍ രാജന്‍ സ്വാഗതവും ദിനേശ് വര്‍മ നന്ദിയും പറഞ്ഞു

അടിച്ചമര്‍ത്തപ്പെടുന്നവര്‍ക്ക് പ്രതിരോധിക്കാതിരിക്കാനാവില്ല: മഹാശ്വേതാദേവി

കൊച്ചി: അടിച്ചമര്‍ത്തപ്പെടുന്ന ജനതയ്ക്ക് ഒരുപരിധിക്കപ്പുറം പ്രതികരിക്കാതിരിക്കാനാവില്ലെന്ന് ബംഗാളി എഴുത്തുകാരി മഹാശ്വേതാദേവി പറഞ്ഞു. മനുഷ്യാവകാശ പ്രവര്‍ത്തകനായ ബിനായക് സെന്‍ അന്യായമായി പീഡിപ്പിക്കപ്പെട്ടപ്പോഴും മറ്റും ജനകീയ പ്രക്ഷോഭം ഉയര്‍ന്നത് ഇതിനു തെളിവാണ്. മൂലമ്പിള്ളിയില്‍ കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റി സംഘടിപ്പിച്ച ഐക്യദാര്‍ഢ്യ സമ്മേളനത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അവര്‍.

കേരളം സാക്ഷരതയില്‍ മുന്നില്‍നില്‍ക്കുന്ന സംസ്ഥാനമാണ്. നിരവധി എഴുത്തുകാരും പ്രസിദ്ധീകരണങ്ങളും കേരളത്തിലുണ്ട്. കഴിഞ്ഞ തവണ താന്‍ മൂലമ്പിള്ളിയിലെത്തിയപ്പോള്‍ കേരളത്തിലെ പല എഴുത്തുകാരും തന്റെ പല നിലപാടുകളെയും പിന്തുണച്ചില്ല. മൂലമ്പിള്ളിയില്‍ ഉള്‍പ്പെടെ മനുഷ്യാവകാശങ്ങള്‍ക്കു നേരെ കൈയേറ്റം നടക്കുന്ന ഇടങ്ങളിലെല്ലാം എഴുത്തുകാരുടെയും പൊതുജനങ്ങളുടെയും കൂട്ടായ പ്രതിരോധം ഉണ്ടാവണമെന്നും അവര്‍ പറഞ്ഞു. കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റി ചെയര്‍മാന്‍ പി ജെ സെലസ്റ്റിന്‍ അധ്യക്ഷനായി. എഴുത്തുകാരായ ആനന്ദ്, സിവിക് ചന്ദ്രന്‍ , കെആര്‍ മീര, എം എന്‍ രാവുണ്ണി എന്നിവരും ളാഹ ഗോപാലന്‍ , വിളയോടി വേണുഗോപാല്‍ , ഫ്രാന്‍സിസ് കളത്തുങ്കല്‍ , ഫാ.അഗസ്റ്റിന്‍ വട്ടോളി, ഫാ. സോണി ജോസ്, അഡ്വ. ജോസ് വിതയത്തില്‍ , കുരുവിള മാത്യൂസ്, റോബിന്‍ , ഷൈബി ജെയിംസ് എന്നിവര്‍ സംസാരിച്ചു. വല്ലാര്‍പാടം പദ്ധതിക്കുവേണ്ടി ഭൂമി വിട്ടുകൊടുത്ത് താല്‍കാലിക ഷെഡില്‍ താമസിക്കുന്ന മൂലമ്പിള്ളി സ്വദേശിനി ആലീസിന്റെ വീട് മഹാശ്വേതാദേവി സന്ദര്‍ശിച്ചു. 2008 മേയ് 26നും മഹാശ്വേതാദേവി മൂലമ്പിള്ളിയില്‍ എത്തിയിരുന്നു.

രാജ്യത്തിനുള്ള വലിയ സേവനം സാമൂഹ്യസേവനം: അണ്ണാ ഹസാരെ

കൊച്ചി: സാമൂഹ്യസേവനമാണ് രാജ്യത്തിനു നല്‍കാവുന്ന ഏറ്റവും വലിയ സേവനമെന്ന് അണ്ണാ ഹസാരെ പറഞ്ഞു. പൊതുപ്രവര്‍ത്തനരംഗത്തെ സംഭാവനയ്ക്ക് അമൃത ടിവി ഏര്‍പ്പെടുത്തിയ പുരസ്കാരം സ്വീകരിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

"മഹാരാഷ്ട്രയിലെ അഴിമതിക്കാരായ ആറു ക്യാബിനറ്റ് മന്ത്രിമാരെ താഴെയിറക്കിയതും 400 സര്‍ക്കാരുദ്യോഗസ്ഥരുടെ ജോലി തെറിപ്പിച്ചതും ജനാധിപത്യത്തിന്റെ ശക്തികൊണ്ടാണ്. കളങ്കിതര്‍ തന്ന ലക്ഷങ്ങളും കോടികളും വരുന്ന അവാര്‍ഡുകള്‍ നിരസിച്ചിട്ടുണ്ട്. ഇപ്പോള്‍ ലഭിച്ച അവാര്‍ഡ് സാമൂഹികപ്രവര്‍ത്തനങ്ങള്‍ക്കുവേണ്ടിയുള്ള ട്രസ്റ്റിനു കൈമാറും"- ഹസാരെ പറഞ്ഞു.

കലാരംഗത്തെ മികവിനുള്ള പുരസ്കാരം എം ടി വാസുദേവന്‍നായര്‍ ഏറ്റുവാങ്ങി. മഹാരാഷ്ട്ര ഗവര്‍ണര്‍ കെ ശങ്കരനാരായണന്‍ പുരസ്കാരങ്ങള്‍നല്‍കി. ചടങ്ങില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്‍ എന്നിവര്‍ പങ്കെടുത്തു. ജനപ്രിയ നടനുള്ള പുരസ്കാരം ദിലീപിനും സംഗീതരംഗത്തെ സംഭാവനകള്‍ക്കുള്ള പുരസ്കാരം യേശുദാസിനും വി എസ് അച്യുതാനന്ദന്‍ സമ്മാനിച്ചു. യേശുദാസിനുവേണ്ടി സുഹൃത്ത് രാധാകൃഷ്ണന്‍ പുരസ്കാരം ഏറ്റുവാങ്ങി. അമൃത ടിവിയുടെ സ്മരണിക ചീഫ് എഡിറ്റര്‍ കെ ഗോപാലകൃഷ്ണന്‍ സമര്‍പ്പിച്ചു.

ദേശാഭിമാനി 050611

1 comment:

  1. രാജ്യത്തെ ഭൂരിപക്ഷം മാധ്യമങ്ങളും മുതലാളിത്ത-കോര്‍പറേറ്റ് വര്‍ഗതാല്‍പ്പര്യം സംരക്ഷിക്കുന്ന രാഷ്ട്രീയമാണ് ഉയര്‍ത്തിപ്പിടിക്കുന്നതെന്ന് സിപിഐ എം കേന്ദ്രകമ്മിറ്റിയംഗം ഇ പി ജയരാജന്‍ പറഞ്ഞു. ഉമ്മന്‍ചാണ്ടി എന്ത് തെറ്റുചെയ്താലും അത് മലയാളമനോരമ മൂടിവയ്ക്കുന്നത് ഇത്തരം വര്‍ഗതാല്‍പ്പര്യത്തിന്റെ ഭാഗമാണ്. തെറ്റുകള്‍ ന്യായീകരിക്കാനുളള ഇത്തരം മാധ്യമ പ്രവണതകള്‍ക്കെതിരായ ജനകീയ പത്രപ്രവര്‍ത്തനത്തിന്റെ പ്രസക്തി വര്‍ധിച്ചിരിക്കുന്ന കാലമാണിത്. ദേശാഭിമാനി ചീഫ് സബ് എഡിറ്റര്‍ ദിനേശ് വര്‍മയുടെ "പത്രപ്രവര്‍ത്തനം വഴിയും വസ്തുതയും" എന്ന പുസ്തകത്തിന്റെ പ്രകാശനം സാഹിത്യ അക്കാദമിയില്‍ നിര്‍വഹിക്കുകയായിരുന്നു ഇ പി.

    ReplyDelete