Wednesday, June 8, 2011

തൊഴില്‍ നിയമങ്ങളില്‍ കാലോചിതമാറ്റങ്ങള്‍ വരുത്തും

തൊഴില്‍ നിയമങ്ങളില്‍ കാലോചിത മാറ്റങ്ങള്‍ വരുത്തുമെന്നും തൊഴിലാളികളുടെ അവകാശങ്ങളും താല്‍പര്യങ്ങളും സംരക്ഷിച്ചുകൊണ്ട് സമഗ്ര താഴില്‍നയം പ്രഖ്യാപിക്കുമെന്നും തൊഴില്‍ വകുപ്പ് മന്ത്രി ഷിബുബേബിജോണ്‍ അറിയിച്ചു. തൊഴില്‍നയം രൂപീകരിക്കുന്നതിന്റെ ഭാഗമായി തൊഴിലാളി സംഘടനാ നേതാക്കളുടെയും തൊഴില്‍ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരുടെയും സംയുക്ത യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. തൊഴില്‍ മേഖലയിലെ മോശമായ ചില പ്രവണതകളെക്കുറിച്ചുള്ള പരാതി ഇന്ന് നിലനില്‍ക്കുന്നുണ്ട്. അവയെ ക്രിയാത്മകമായി പരിഹരിച്ച് പൊതുജനങ്ങള്‍ക്കും തൊഴിലാളികള്‍ക്കും ഒരു പോലെ പ്രയോജനപ്രദമായ രീതിയില്‍ നടപ്പില്‍ വരുത്തും. തൊഴില്‍ വകുപ്പിനെ ശക്തിപ്പെടുത്തുന്നതിനുള്ള നടപടികള്‍ സ്വീകരിക്കും. തൊഴില്‍ വകുപ്പില്‍ തീര്‍പ്പാക്കാതെ കെട്ടിക്കിടക്കുന്ന കേസുകള്‍ വളരെ വേഗം തീര്‍പ്പുകല്‍പ്പിക്കുന്നതിനുവേണ്ടി അഡ്വക്കറ്റ് ജനറലിന്റെ ഓഫീസില്‍ സംവിധാനം ശക്തമാക്കുമെന്നും മന്ത്രി പറഞ്ഞു.

മിന്നല്‍ പണിമുടക്ക് മൂലം പൊതുജനങ്ങള്‍ക്ക് ഉണ്ടാകുന്ന ബുദ്ധിമുട്ട് പരിഹരിക്കാന്‍ ജില്ലാ തലത്തില്‍ പരീക്ഷണാടിസ്ഥാനത്തില്‍ സംവിധാനം നടപ്പില്‍ വരുത്തും.  കമ്പ്യൂട്ടറൈസേഷന്‍ പൂര്‍ണമാകുന്നതോടെ ക്ഷേമനിധി ബോര്‍ഡുകളിലെ ദ്വയാംഗത്വം കണ്ടെത്താനും അനര്‍ഹരെ ഒഴിവാക്കാനും കഴിയും. അമിത കൂലി, നോക്കുകൂലി തുടങ്ങി പൊതുജനങ്ങളുമായി ബന്ധപ്പെടുന്ന പ്രശ്‌നങ്ങളില്‍ തൊഴിലാളി സംഘടനകള്‍ ശക്തമായ നടപടികള്‍ സ്വീകരിക്കണം.

ഇത്തരം പ്രശ്‌നങ്ങളില്‍ തൊഴിലാളികളെ ബോധവല്‍ക്കരിക്കണം. ക്ഷേമ ബോര്‍ഡുകളുടെ പ്രവര്‍ത്തനവും ആനുകൂല്യങ്ങളും ഏകോപിപ്പിക്കുന്നതിന് അവയുടെ ഫണ്ട് ക്രിയാത്മക രീതിയില്‍  വിനിയോഗിക്കും.  ക്ഷേമ ബോര്‍ഡുകളുടെ നിക്ഷേപങ്ങള്‍ക്ക് ബാങ്കില്‍ നിന്ന് ലഭിക്കുന്ന പലിശയെ മാത്രം ആശ്രയിച്ച് പ്രവര്‍ത്തിക്കാനാവില്ല. പുതിയ നിക്ഷേപ മാര്‍ഗങ്ങള്‍ കണ്ടെത്തണമെന്നും മന്ത്രി നിര്‍ദേശിച്ചു.

യോഗത്തില്‍ എ ഐ ടി യു സിയെ പ്രതിനിധീകരിച്ച് സി എ കുര്യന്‍, കാനം രാജേന്ദ്രന്‍ എന്നിവരും വിവിധ തൊഴിലാളി സംഘടനാ നേതാക്കളായ എം എം ലോറന്‍സ്, കെ പി സഹദേവന്‍, അഹമ്മദ് കുട്ടി ഉണ്ണികുളം, യു പോക്കര്‍, എം കെ കണ്ണന്‍, വി ജെ ജോസഫ്, എന്‍ അഴകേശന്‍, മംഗലത്ത് രാഘവന്‍, ആറ്റിങ്ങല്‍ അജിത്, എം കെ കമലന്‍, ജി കെ അജിത്, തൊഴില്‍ വകുപ്പ് സെക്രട്ടറി അനില്‍ സേവ്യര്‍, തൊഴില്‍ വകുപ്പ് കമ്മിഷണര്‍ സി രഘു, എംപ്ലോയ്‌മെന്റ് ആന്‍ഡ് ട്രെയിനിംഗ് ഡയറക്ടര്‍ ടി ടി ആന്റണി എന്നിവരും സംബന്ധിച്ചു.

ജനയുഗം 080611

1 comment:

  1. മുതലാളിയെന്നോ തൊഴിലുടമയെന്നോ പറയാതിരിക്കാന്‍ മന്ത്രി ശ്രദ്ധിച്ചിട്ടുണ്ട്. :)

    ReplyDelete