Sunday, June 12, 2011

പരിയാരത്തെ നയിക്കുന്നത് സാമൂഹ്യ പ്രതിബദ്ധത

പരിയാരത്തിനെതിരായ പ്രചാരണം: സ്വാശ്രയ ലോബിയെ സഹായിക്കാന്‍ 2

ഒന്നാം ഭാഗം

2011 ജനുവരി ഒമ്പതിനാണ് പരിയാരം മെഡിക്കല്‍ കോളേജില്‍ നിലവിലുള്ള ഭരണസമിതി അധികാരത്തില്‍ വന്നത്. മെറിറ്റ്, സാമൂഹ്യനീതി, ഗുണമേന്മ എന്നിവ ഉറപ്പുവരുത്തി വിദ്യാഭ്യാസവും ചികിത്സയും ജനങ്ങള്‍ക്ക് ലഭ്യമാക്കുക എന്ന ലക്ഷ്യമാണ് പുതിയ ഭരണസമിതി അംഗീകരിച്ചത്. അത് നടപ്പാക്കാനുള്ള പരിശ്രമമാണ് നടത്തിവരുന്നത്. അതുകൊണ്ടാണ് 85 ശതമാനം സീറ്റിലും മെറിറ്റടിസ്ഥാനത്തില്‍ പ്രവേശനം നടത്തുന്നത്. എന്നാല്‍ ,എന്തുകൊണ്ട് ബിരുദാനന്തരബിരുദ കോഴ്സുകളിലേക്ക് ഈ മാനദണ്ഡം പാലിച്ചില്ല എന്ന ചോദ്യം ഉന്നയിക്കുന്നുണ്ട്. സദുദ്ദേശ്യത്തോടെ വിമര്‍ശം ഇക്കാര്യത്തില്‍ ഉയര്‍ത്തുന്നവരുടെ ശ്രദ്ധയില്‍ ചില വസ്തുതകള്‍ കൊണ്ടുവരേണ്ടതുണ്ട്.

പിജി സീറ്റുകള്‍ പരിയാരത്ത് ലഭിച്ചത് 2006 മുതലാണ്. തുടക്കം ഒമ്പതു സീറ്റ് മാത്രമായിരുന്നു. പിജി സീറ്റ് അനുവദിക്കുമ്പോള്‍ സര്‍ക്കാരും മെഡിക്കല്‍ കൗണ്‍സിലും ചില വ്യവസ്ഥ മുന്നോട്ടുവച്ചു. എംബിബിഎസുപോലെ പിജി സീറ്റുകളിലേക്ക് സ്വാശ്രയമേഖലയില്‍ 50:50 എന്ന അനുപാതം കര്‍ശനമായി നടപ്പാക്കിയിരുന്നില്ല. അതിനുള്ള കാരണം സ്വകാര്യ സ്വാശ്രയസ്ഥാപനങ്ങള്‍ ഉള്‍പ്പെടെ ഒമ്പതു മെഡിക്കല്‍കോളേജുകളില്‍ ഈ വര്‍ഷമാണ് കൂടുതല്‍ പിജി സീറ്റുകള്‍ അനുവദിച്ചത്. പിജി സീറ്റുകള്‍ അനുവദിക്കാനുള്ള അപേക്ഷ മെഡിക്കല്‍ കൗണ്‍സിലിന് അയക്കുമ്പോള്‍ സംസ്ഥാനസര്‍ക്കാരിന്റെ എന്‍ഒസി ആവശ്യമാണ്. ആ ഘട്ടത്തിലാണ് സര്‍ക്കാര്‍ 50 ശതമാനം സര്‍ക്കാര്‍ ക്വോട്ട എന്ന വ്യവസ്ഥ മുന്നോട്ടുവയ്ക്കുന്നത്. എന്നാല്‍ , പൊതുവെ എംബിബിഎസും പിജിയും തമ്മില്‍ പ്രവേശനകാര്യത്തില്‍ ചില വ്യത്യാസങ്ങളുണ്ട്. അതിലൊന്ന് മെഡിക്കല്‍ കൗണ്‍സിലിന്റെ വ്യവസ്ഥയാണ്. ഒന്നിലധികം യൂണിവേഴ്സിറ്റികളില്‍നിന്നുള്ള വിദ്യാര്‍ഥികള്‍ അപേക്ഷകരായിട്ടുണ്ടെങ്കില്‍ പ്രായോഗിക പരീക്ഷ, ഇന്റര്‍വ്യൂ, എംബിബിഎസിന്റെ മാര്‍ക്ക് എന്നീ കാര്യങ്ങള്‍ പരിഗണിച്ചാകണം പ്രവേശനം നടത്തേണ്ടതെന്നും ഒരു യൂണിവേഴ്സിറ്റിയില്‍നിന്നു മാത്രമാണെങ്കില്‍ ഇന്റര്‍വ്യൂ നടത്തി പ്രവേശനം നടത്താമെന്നുമാണ് പ്രധാന വ്യവസ്ഥ.

പരിയാരം മെഡിക്കല്‍ കോളേജില്‍ പിജിക്ക് 53 പേര്‍ ഈ വര്‍ഷം അപേക്ഷിച്ചു. വിവിധ സര്‍വകലാശാലകളില്‍നിന്നും സംസ്ഥാനങ്ങളില്‍നിന്നും മെഡിക്കല്‍ ബിരുദമെടുത്തവരാണ് അപേക്ഷകരെന്നതിനാല്‍ ആദ്യത്തെ വ്യവസ്ഥപ്രകാരമാണ് പ്രവേശനം നടത്തിയത്. 34 പേര്‍ മാര്‍ച്ച് 31ന് നടത്തിയ പ്രായോഗിക പരീക്ഷയിലും ഇന്റര്‍വ്യൂവിലും പങ്കെടുത്തു. അന്നുതന്നെ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു. പ്രസ്തുത റാങ്ക്ലിസ്റ്റില്‍നിന്ന് മാനേജ്മെന്റ് സര്‍ക്കാരിലേക്ക് നല്‍കിയ അഞ്ച് സീറ്റുകള്‍ ഒഴികെ പ്രവേശനം നടത്താന്‍ തീരുമാനിച്ചു. മെയ് 31നകം പ്രവേശനം പൂര്‍ത്തീകരിച്ച് ക്ലാസ് ആരംഭിക്കണമെന്നാണ് മെഡിക്കല്‍ കൗണ്‍സിലിന്റെ കര്‍ശന നിര്‍ദേശം. ജൂണ്‍ 30 വരെ സുപ്രീംകോടതി നീട്ടിയതാകട്ടെ, സര്‍ക്കാര്‍ സീറ്റിലെ പ്രവേശനം മാത്രമാണുതാനും. എന്തുകൊണ്ട് ഒറ്റ ദിവസം ധൃതിപിടിച്ച് പ്രായോഗികപരീക്ഷയും ഇന്റര്‍വ്യൂവും നടത്തി എന്ന് ചോദിക്കുന്നവര്‍ക്ക് മെഡിക്കല്‍ കൗണ്‍സില്‍ വ്യവസ്ഥതന്നെയാണ് മറുപടി.
ഈ റാങ്ക്ലിസ്റ്റില്‍ മന്ത്രിപുത്രി അവിഹിതമായ മാര്‍ഗത്തിലൂടെ കടന്നുകയറി എന്നും അത് മന്ത്രിയും പരിയാരം ഭരണസമിതിയും തമ്മില്‍ നടത്തിയ ഗൂഢാലോചനയുടെ തെളിവാണെന്നുമായിരുന്നു ചില മാധ്യമങ്ങളുടെ കണ്ടെത്തല്‍ . അടൂര്‍ പ്രകാശ് ആരോഗ്യമന്ത്രിയാകുമെന്നും പരിയാരം മെഡിക്കല്‍ കോളേജ് ഭരണസമിതിയുടെ സ്ഥാനം ഉറപ്പിക്കാന്‍ അദ്ദേഹത്തിന്റെ മകള്‍ക്ക് സീറ്റ് നല്‍കിയാല്‍ സാധിക്കുമെന്നും മാര്‍ച്ച് 31ന് നിയമസഭാ തെരഞ്ഞെടുപ്പിന് രണ്ടാഴ്ചമുമ്പ് ഗണിച്ചെടുക്കാന്‍ , ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന മാധ്യമപ്രവര്‍ത്തകര്‍ ജ്യോത്സ്യനായിരുന്നുവോ എന്ന ചോദ്യം ചോദിക്കുന്നില്ല.

അടൂര്‍ പ്രകാശ് ഫീസിനത്തില്‍ അടച്ച തുക ഭരണസമിതിയംഗങ്ങളുടെ പോക്കറ്റിലേക്കല്ല, മറിച്ച് പരിയാരം മെഡിക്കല്‍ കോളേജ് ബാങ്ക് അക്കൗണ്ടിലേക്കാണ്. ഫീസിനത്തില്‍ ആര്‍ക്കും ഒരിളവും വരുത്തിയിട്ടുമില്ല. പ്രതിവര്‍ഷം 28 ലക്ഷം രൂപ ഫീസടയ്ക്കാന്‍ അടൂര്‍ പ്രകാശിന് സാമ്പത്തിക സ്രോതസ്സ് എവിടെനിന്നാണെന്ന ചോദ്യം അദ്ദേഹത്തോടാണ് ചോദിക്കേണ്ടത്. അടൂര്‍ പ്രകാശിന്റെ മകള്‍ മാത്രമല്ല, കേരളത്തിനകത്തും പുറത്തുമുള്ള പ്രഗത്ഭരുടെ മക്കള്‍ക്കും സമൂഹത്തിന്റെ നാനാതുറകളില്‍പ്പെട്ടവരുടെ മക്കള്‍ക്കും പരിയാരം മെഡിക്കല്‍ കോളേജില്‍ പ്രവേശനം ലഭിച്ചിട്ടുണ്ട്. സിപിഐ എം ഭരണസമിതി തങ്ങളുടെ പാര്‍ടിക്കാര്‍ക്ക് മാത്രമായി സീറ്റുകള്‍ വീതംവച്ചെന്ന പതിവ് ആക്ഷേപം ഉന്നയിക്കാന്‍ കഴിയാത്തതുതന്നെ പ്രവേശനത്തിന് മാനദണ്ഡം മെറിറ്റാണെന്നതിനുള്ള സാക്ഷ്യപത്രമാണ്.

പിജി സീറ്റുകളിലേക്ക് ഫീസ് സര്‍ക്കാര്‍ ക്വോട്ടയിലടക്കം മാനേജ്മെന്റിന് തീരുമാനിക്കാന്‍ സര്‍ക്കാര്‍ അനുമതി നല്‍കാറുണ്ട്. 21 സീറ്റ് പിജിക്ക് ഉണ്ടായിട്ടും എന്തുകൊണ്ട് അഞ്ചു സീറ്റുമാത്രം സര്‍ക്കാരിന് നല്‍കി എന്ന ചോദ്യവും ചിലര്‍ ഉയര്‍ത്തുന്നു. പിജിക്ക് ചുരുക്കം സീറ്റുകളേയുള്ളൂ. സര്‍ക്കാരാകട്ടെ ജീവനക്കാര്‍ക്കും ഡോക്ടര്‍മാര്‍ക്കും ശമ്പളം നല്‍കുന്നുമില്ല. പുതിയ ഭരണസമിതി അധികാരത്തില്‍ വന്ന ഉടനെ നേരിടേണ്ടിവന്ന മറ്റൊരു പ്രശ്നം ഡോക്ടര്‍മാരടക്കമുള്ള ടീച്ചിങ് സ്റ്റാഫിന്റെ ശമ്പള പരിഷ്കാരമാണ്. പ്രതിവര്‍ഷം 4.56 കോടി രൂപയുടെ അധികബാധ്യതയാണ് സ്ഥാപനത്തിനുണ്ടായത്. ഇപ്പോള്‍ 400 കോടി രൂപ കടബാധ്യതയുള്ള സ്ഥാപനമാണിത്. പ്രതിവര്‍ഷം പലിശ ഇനത്തില്‍മാത്രം 22 കോടി രൂപ ബാധ്യതയുണ്ട്. ഇതൊക്കെ പരിഹരിക്കാന്‍ ഒറ്റയടിക്ക് കഴിയില്ലെങ്കിലും ഭാവിയില്‍ കടബാധ്യത വര്‍ധിപ്പിക്കാതെ നോക്കാനുള്ള ഉത്തരവാദിത്തം ഭരണസമിതിക്കുണ്ട്. "പുരകത്തുമ്പോള്‍ കഴുക്കോല്‍ ഊരുന്ന" പഴയ നയമല്ല, നഷ്ടത്തില്‍നിന്ന് കരകയറ്റാനുള്ള എളിയ പരിശ്രമമെങ്കിലും നടത്തേണ്ടതില്ലേ.

സര്‍ക്കാരിലേക്ക് എഴുതുമ്പോള്‍ ഇത്തവണ 11 പിജി സീറ്റാണ് പുതുതായി അനുമതി ലഭിച്ചതെന്നും അതിന്റെ 50 ശതമാനം സീറ്റ് സര്‍ക്കാരിലേക്ക് നല്‍കാമെന്നും വ്യക്തമാക്കി. എന്നാല്‍ , മുന്‍വര്‍ഷങ്ങളിലെ സീറ്റില്‍ സര്‍ക്കാര്‍ ക്വോട്ട ഇത്തവണ ബാധകമാക്കരുതെന്ന് അഭ്യര്‍ഥിച്ചിരുന്നു. ഭൂരിപക്ഷം സ്വകാര്യ സ്വാശ്രയസ്ഥാപനങ്ങള്‍ക്ക് ഇത്തരമൊരു സന്നദ്ധതപോലുമുണ്ടായിരുന്നില്. എല്‍ഡിഎഫിന്റെ കാലത്ത് എംബിബിഎസ് സീറ്റുകളില്‍ 50 ശതമാനം സര്‍ക്കാരിലേക്ക് നല്‍കാന്‍ കരാറില്‍ ഒപ്പിട്ടവരെപ്പോലും പിന്തിരിപ്പിക്കാന്‍ കഴിയുംവിധം കഴിഞ്ഞ അഞ്ചു വര്‍ഷം ഒരു സീറ്റുപോലും സര്‍ക്കാരിലേക്ക് നല്‍കാത്ത മാനേജ്മെന്റുകളുടെ സമ്മര്‍ദം ഉമ്മന്‍ചാണ്ടിയില്‍ അതിശക്തമാണ്. അത്തരം "സൂപ്പര്‍ മാനേജ്മെന്റു"കളെക്കുറിച്ച് ഒന്നും പറയാതെ പരിയാരത്തെ കൊന്നുകൊലവിളിക്കുകതന്നെ ചെയ്യുമെന്ന ചിലരുടെ വ്യാമോഹം കേരളത്തില്‍ നടപ്പാകില്ല.

ആകെയുള്ള സീറ്റില്‍ 10 എണ്ണം സര്‍ക്കാരിന് നല്‍കണമെന്നുതന്നെയാണ് മാനേജ്മെന്റിന്റെ ആഗ്രഹം. എന്തുകൊണ്ട് ഇത്തവണ ആ ആഗ്രഹം സാധിക്കാതെപോയി എന്നുകൂടി പരിശോധിക്കുന്നത് നല്ലതായിരിക്കും. സര്‍ക്കാര്‍ മെഡിക്കല്‍ കോളേജിലേതുപോലെ പരിയാരത്ത് ജോലിചെയ്യുന്ന ഡോക്ടര്‍മാര്‍ക്ക് പിജി പ്രവേശനത്തിന് ഒരു പ്രത്യേക പരിഗണന നല്‍കാന്‍ ഭരണസമിതി തീരുമാനിച്ചു. അതുപ്രകാരം രണ്ട് ഡോക്ടര്‍മാര്‍ക്ക് പിജിയില്‍ പ്രവേശനം നല്‍കി. 50 ശതമാനം ഫീസടച്ചാല്‍ ബാക്കി ബോണ്ട് എന്ന വ്യവസ്ഥയും കൊണ്ടുവന്നു. സര്‍ക്കാരിലേക്ക് നല്‍കിയ അഞ്ചിനൊപ്പം സര്‍വീസ് ക്വോട്ടകൂടി കണക്കിലെടുത്താല്‍ ഏഴ് എണ്ണം വരും. ഇത്തരം പ്രവേശനരീതി ഏതെങ്കിലും സ്വകാര്യ സ്വാശ്രയ മെഡിക്കല്‍ കോളേജിലുണ്ടോ? മെഡിക്കല്‍ കൗണ്‍സില്‍ പരിഗണനയിലിരിക്കുന്ന അര്‍ഹതപ്പെട്ട 20 പിജി സീറ്റ് ഈ വര്‍ഷംതന്നെ ലഭിച്ചാല്‍ പ്രശ്നങ്ങള്‍ പരിഹരിക്കാനും കഴിയും.

കേരളത്തിലെ സ്വകാര്യ സ്വാശ്രയ മെഡിക്കല്‍ കോളേജുകള്‍ പിജി സീറ്റുകളിലേക്ക് അപേക്ഷിച്ചതുപോലെ എല്ലാ മാനദണ്ഡവും പാലിച്ചാണ് പരിയാരവും അപേക്ഷിച്ചത്. എന്നാല്‍ , സ്വകാര്യ സ്വാശ്രയ മെഡിക്കല്‍ കോളേജുകള്‍ക്ക് പിജി സീറ്റുകള്‍ നല്‍കി. പരിയാരത്തിനാകട്ടെ അര്‍ഹതപ്പെട്ട 20 പിജി സീറ്റ് നല്‍കിയില്ല. ഈ പക്ഷപാതിത്വം സംബന്ധിച്ച് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്ക് പരാതി നല്‍കിയെങ്കിലും ഒരു നടപടിയുമുണ്ടായില്ല. ഈ വിവേചനമെന്തുകൊണ്ടാണെന്ന് അന്വേഷണാത്മക മാധ്യമപ്രവര്‍ത്തകര്‍ അന്വേഷിക്കുമോ?
മറ്റൊരു വിവാദം ഡിവൈഎഫ്ഐ നേതാവ് വി വി രമേശന്റെ മകള്‍ക്ക് എംബിബിഎസിന് എന്‍ആര്‍ഐ ക്വോട്ടയില്‍ പ്രവേശനം നല്‍കിയതാണ്. എന്‍ആര്‍ഐ ക്വോട്ടയില്‍ 37 പേരാണ് അപേക്ഷിച്ചത്. പൂര്‍ണമായും മാനേജ്മെന്റിന്റെ അധികാരപരിധിയില്‍പ്പെട്ടതാണ് എന്‍ആര്‍ഐ പ്രവേശനം. എന്നാല്‍ , ഒരു നിയമവ്യവസ്ഥയുണ്ട്. 2004ലെ സ്വാശ്രയ പ്രൊഫഷണല്‍ കോളേജ് നിയമത്തിലെ മൂന്നാംവകുപ്പുപ്രകാരം എന്‍ആര്‍ഐയുടെ ആശ്രിതനായിരിക്കണം വിദ്യാര്‍ഥി എന്നാണ് വ്യവസ്ഥ. കുട്ടിയുടെ അമ്മാവന്മാര്‍ വിദേശത്താണ്. അവരാണ് സ്പോണ്‍സര്‍ ചെയ്യുന്നതും പണമടയ്ക്കുന്നതും. അഞ്ചു ലക്ഷം രൂപയടച്ചു. ബാക്കി തുക അടയ്ക്കാന്‍ സമയം ചോദിച്ചു. ഈ വ്യവസ്ഥപ്രകാരമാണ് മുമ്പ് നാലകത്ത് സൂപ്പിയുടെയും ഇപ്പോള്‍ , കെപിസിസി അംഗങ്ങളായ കല്ലിങ്കല്‍ പത്മനാഭന്റെയും കൊയ്യം ജനാര്‍ദനന്റെയും മക്കള്‍ക്ക് പരിയാരത്ത് എന്‍ആര്‍ഐ ക്വോട്ടയില്‍ പ്രവേശനം കിട്ടിയത്.

പരിയാരം മെഡിക്കല്‍ കോളേജിന് അര്‍ഹതപ്പെട്ടത് നിഷേധിക്കുമ്പോള്‍ സന്തോഷിക്കുകയും ഇല്ലാത്ത കുറ്റങ്ങള്‍ പെരുപ്പിച്ച് അവതരിപ്പിക്കുകയും ചെയ്യുന്നത് സമൂഹത്തോടുള്ള പ്രതിബദ്ധതയല്ല, സ്വകാര്യ സ്വാശ്രയ സ്ഥാപനങ്ങളുടെ വിദ്യാഭ്യാസ കച്ചവടത്തെ മൂടിവയ്ക്കാനുള്ള വ്യഗ്രതമാത്രമാണ്. പരിയാരത്ത് എല്ലാം കുഴപ്പമാണെന്നു വരുത്തിയാല്‍ സ്വകാര്യ സ്വാശ്രയക്കാരുടെ കച്ചവടം സുഗമമായി നടത്താന്‍ കഴിയുമെന്ന മോഹമാണ് പരിയാരം വിരുദ്ധ വാര്‍ത്തകളുടെയൊക്കെ അടിസ്ഥാനം. (അവസാനിച്ചു)

എം വി ജയരാജന്‍ deshabhimani 120611

1 comment:

  1. 2011 ജനുവരി ഒമ്പതിനാണ് പരിയാരം മെഡിക്കല്‍ കോളേജില്‍ നിലവിലുള്ള ഭരണസമിതി അധികാരത്തില്‍ വന്നത്. മെറിറ്റ്, സാമൂഹ്യനീതി, ഗുണമേന്മ എന്നിവ ഉറപ്പുവരുത്തി വിദ്യാഭ്യാസവും ചികിത്സയും ജനങ്ങള്‍ക്ക് ലഭ്യമാക്കുക എന്ന ലക്ഷ്യമാണ് പുതിയ ഭരണസമിതി അംഗീകരിച്ചത്. അത് നടപ്പാക്കാനുള്ള പരിശ്രമമാണ് നടത്തിവരുന്നത്. അതുകൊണ്ടാണ് 85 ശതമാനം സീറ്റിലും മെറിറ്റടിസ്ഥാനത്തില്‍ പ്രവേശനം നടത്തുന്നത്. എന്നാല്‍ ,എന്തുകൊണ്ട് ബിരുദാനന്തരബിരുദ കോഴ്സുകളിലേക്ക് ഈ മാനദണ്ഡം പാലിച്ചില്ല എന്ന ചോദ്യം ഉന്നയിക്കുന്നുണ്ട്. സദുദ്ദേശ്യത്തോടെ വിമര്‍ശം ഇക്കാര്യത്തില്‍ ഉയര്‍ത്തുന്നവരുടെ ശ്രദ്ധയില്‍ ചില വസ്തുതകള്‍ കൊണ്ടുവരേണ്ടതുണ്ട്.

    ReplyDelete