Wednesday, June 22, 2011

ലോട്ടറി: വിജ്ഞാപനം കേസുകള്‍ അട്ടിമറിക്കാന്‍ - വി എസ്

ലോട്ടറി കേസ് സിബിഐക്ക് വിടുന്നതിനായി യുഡിഎഫ് സര്‍ക്കാര്‍ പുറപ്പെടുവിച്ച വിജ്ഞാപനം കേസുകള്‍ അട്ടിമറിക്കാന്‍ വഴിയൊരുക്കുമെന്ന് പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കയച്ച കത്തില്‍ ചൂണ്ടിക്കാട്ടി. ഹൈക്കോടതിയില്‍ കേന്ദ്രസര്‍ക്കാര്‍ സമ്മതിച്ചതും കോടതിവിധിയില്‍ എടുത്തുകാട്ടിയതുമായ വിഷയങ്ങള്‍ അന്വേഷിക്കുന്ന വിധത്തില്‍ സിബിഐ അന്വേഷണം വിപുലപ്പെടുത്താനാവശ്യമായ നടപടിയെടുക്കണമെന്ന് വി എസ് നിര്‍ദേശിച്ചു.

അന്വേഷണത്തിനായി സംസ്ഥാന സര്‍ക്കാര്‍ വിജ്ഞാപനം പുറപ്പെടുവിക്കേണ്ട ആവശ്യമേ ഉണ്ടായിരുന്നില്ല. ലോട്ടറി നടത്തിപ്പിലെ കള്ളപ്പണവും അതിന്റെ വിനിയോഗവും, സംസ്ഥാനത്തിന് ലഭിക്കേണ്ട വില്‍പ്പന നികുതി ലഭിക്കാത്തത്, ലോട്ടറി അന്വേഷണം വൈകിപ്പിക്കാന്‍ തന്റെ മകന്‍ അരുണ്‍കുമാര്‍ ഉള്‍പ്പെടെ ശ്രമിച്ചു എന്ന ആരോപണം തുടങ്ങിയവ ഒഴിവാക്കി 32 കേസില്‍ മാത്രം സിബിഐ അന്വേഷണം പരിമിതപ്പെടുത്തിയത് ഗുരുതരമായ വീഴ്ചയാണ്. ലോട്ടറിനിയമത്തിന്റെ ലംഘനങ്ങളെക്കുറിച്ച് കേരള പൊലീസ് രജിസ്റ്റര്‍ ചെയ്ത കുറെ പ്രഥമവിവര റിപ്പോര്‍ട്ടുകള്‍വച്ച് വിജ്ഞാപനം പുറപ്പെടുവിക്കുകയും അന്വേഷണം അതിലേക്ക് പരിമിതപ്പെടുത്തുകയും ചെയ്യുന്നത് ലോട്ടറി ഇടപാടിലെ കള്ളപ്പണത്തിന്റെ ഒഴുക്കിനെക്കുറിച്ചും നികുതിവെട്ടിപ്പിനെക്കുറിച്ചുമുള്ള അന്വേഷണത്തെ അട്ടിമറിക്കും. വിജ്ഞാപനം അടിയന്തരമായി പിന്‍വലിക്കുകയോ നേരത്തേ പറഞ്ഞ കാര്യങ്ങള്‍കൂടി ഉള്‍പ്പെടുത്തി അന്വേഷണം വിപുലപ്പെടുത്തുകയോ വേണം.

പേഴ്സണല്‍ മന്ത്രാലയത്തിന് നല്‍കിയ കത്തില്‍ സൂചിപ്പിച്ചതുപോലെ സംസ്ഥാനം കേന്ദ്രസര്‍ക്കാരിന്റെ ശ്രദ്ധയില്‍ കൊണ്ടുവന്ന ഏതാനും പ്രഥമവിവര റിപ്പോര്‍ട്ടുകളിലെ വിവരങ്ങള്‍ക്കൊപ്പം നേരത്തെ സൂചിപ്പിച്ചതടക്കമുള്ള പ്രശ്നങ്ങളും ഉള്‍പ്പെടുത്തി പ്രഥമവിവര റിപ്പോര്‍ട്ട് തയ്യാറാക്കണമെന്ന് സിബിഐയോട് ആവശ്യപ്പെടണമെന്നും വി എസ് നിര്‍ദേശിച്ചു. അന്യസംസ്ഥാന ലോട്ടറികള്‍ നിരോധിക്കണമെന്നാവശ്യപ്പെട്ട് പലതവണ കത്തയച്ചിട്ടും കേന്ദ്രസര്‍ക്കാര്‍ അനങ്ങിയിരുന്നില്ല. പ്രധാനമന്ത്രിക്ക് കത്തയക്കുന്നതിനുമുമ്പ് കേന്ദ്ര ആഭ്യന്തരമന്ത്രി ചിദംബരത്തിന് കത്തയച്ചെങ്കിലും ഒരു പ്രതികരണമുണ്ടായില്ല.

നിയമവിരുദ്ധ ലോട്ടറി ഇടപാടുകളിലൂടെ സമാഹരിക്കുന്ന പണം കള്ളപ്പണം വെളുപ്പിക്കുന്നതിനും മറ്റു സാമ്പത്തിക കുറ്റകൃത്യങ്ങളിലേര്‍പ്പെടുന്നതിനും ഉപയോഗപ്പെടുത്തുന്നുണ്ടോയെന്ന് സിബിഐയെക്കൊണ്ട് അന്വേഷിപ്പിക്കണമെന്ന് പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടത് ഈ സാഹചര്യത്തിലാണ്. ഹൈക്കോടതിയില്‍ സിബിഐ അന്വേഷണാവശ്യം വന്നപ്പോള്‍ കേന്ദ്രസര്‍ക്കാരിനുവേണ്ടി അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ ഗോപാല്‍ സുബ്രഹ്മണ്യം പറഞ്ഞത് വിജ്ഞാപനം ആവശ്യമില്ലെന്നും മുഖ്യമന്ത്രി എന്ന നിലയില്‍ താന്‍ അയച്ച രണ്ട് കത്തിലെ അന്വേഷണ വിഷയങ്ങളെക്കുറിച്ച് സിബിഐ അന്വേഷണത്തിന് "നിര്‍ദേശം നല്‍കിക്കഴിഞ്ഞു" എന്നുമാണ്. ഇതനുസരിച്ചാണ് കോടതി ഹര്‍ജി തീര്‍പ്പാക്കിയതെന്ന് വി എസ് ഓര്‍മ്മിപ്പിച്ചു.

deshabhimani 220611

1 comment:

  1. ലോട്ടറി കേസ് സിബിഐക്ക് വിടുന്നതിനായി യുഡിഎഫ് സര്‍ക്കാര്‍ പുറപ്പെടുവിച്ച വിജ്ഞാപനം കേസുകള്‍ അട്ടിമറിക്കാന്‍ വഴിയൊരുക്കുമെന്ന് പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കയച്ച കത്തില്‍ ചൂണ്ടിക്കാട്ടി. ഹൈക്കോടതിയില്‍ കേന്ദ്രസര്‍ക്കാര്‍ സമ്മതിച്ചതും കോടതിവിധിയില്‍ എടുത്തുകാട്ടിയതുമായ വിഷയങ്ങള്‍ അന്വേഷിക്കുന്ന വിധത്തില്‍ സിബിഐ അന്വേഷണം വിപുലപ്പെടുത്താനാവശ്യമായ നടപടിയെടുക്കണമെന്ന് വി എസ് നിര്‍ദേശിച്ചു.

    ReplyDelete