ന്യൂഡല്‍ഹി: കള്ളപ്പണത്തിനും അഴിമതിക്കുമെതിരെ എന്ന പേരില്‍ ഉപവാസസമരം നടത്തിയ ബാബ രാംദേവിനെ പൊലീസ് അറസ്റ്റു ചെയ്തു നീക്കി. ഞായറാഴ്ച പുലര്‍ച്ചെ രണ്ട് മണിയോടെയായിരുന്നു അറസ്റ്റ്. ഇതേ തുടര്‍ന്ന് സമരം നടക്കുന്ന ഡല്‍ഹി രാംലീല മൈതാനിയില്‍ സംഘര്‍ഷം നിലനില്‍ക്കുകയാണ്. യോഗക്യാമ്പിനെന്ന പേരിലാണ് രാംദേവ് സമരത്തിന് അനുമതി വാങ്ങിച്ചിരുന്നത്. ഇത് പൊലീസ് റദ്ദാക്കുകയും സ്ഥലംവിട്ട് പോകണമെന്ന് നിര്‍ദേശിക്കുകയും ചെയ്തു. ഇതിന് തയാറാകാത്ത സാഹചര്യത്തിലായിരുന്നു അറസ്റ്റ്. അതേസമയം അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ലെന്ന് ഡല്‍ഹി പൊലീസ് കമീഷണര്‍ അറിയിച്ചു. സംഘര്‍ഷാവസ്ഥ കണക്കിലെടുത്ത് പ്രദേശത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചു. രാംദേവിനെ ഡല്‍ഹിയില്‍ നിന്ന് മാറ്റുമെന്നാണറിയുന്നത്. ബാബ രാംദേവിന്റെ ആര്‍ഭാടപൂര്‍ണമായ ഉപവാസസമരം ഇതോടെ തികച്ചും നാടകീയമായി.
ശനിയാഴ്ച രാവിലെ ആരംഭിച്ച സമരം വൈകിട്ട് അവസാനിപ്പിക്കാന്‍ നടത്തിയ ഒത്തുകളി പുറത്തായതോടെ പ്രകോപിതനായ സ്വാമി സര്‍ക്കാര്‍ വഞ്ചിച്ചതായി ആരോപിച്ചു. തുടര്‍ന്ന് ആവശ്യങ്ങളില്‍ ചിലത് അംഗീകരിച്ചുള്ള കത്ത് കേന്ദ്രസര്‍ക്കാര്‍ രാത്രിതന്നെ തയ്യാറാക്കി സമരപ്പന്തലില്‍ എത്തിച്ചു. കള്ളപ്പണം വീണ്ടെടുക്കാന്‍ നിയമനിര്‍മാണം നടത്തുന്നതിന് സമിതി രൂപീകരിക്കും, വീണ്ടെടുക്കുന്ന കള്ളപ്പണം ദേശീയ സ്വത്തായി പ്രഖ്യാപിക്കും, കുറ്റക്കാര്‍ക്ക് ശിക്ഷ ഉറപ്പാക്കും തുടങ്ങിയ ഉറപ്പ് നല്‍കിയുള്ള കത്ത് കൈമാറിയതായി കേന്ദ്രമന്ത്രി സുബോധ് കാന്ത് സഹായി പറഞ്ഞു. എന്നാല്‍ ,ഇതുസംബന്ധിച്ച് രാംദേവിന്റെ ഭാഗത്തുനിന്ന് പ്രതികരണം ഉണ്ടായിട്ടില്ല. തുടര്‍ന്നാണ് അറസ്റ്റ് ഉണ്ടായത്.
കള്ളപ്പണത്തിനും അഴിമതിക്കുമെതിരെ എന്ന പേരിലുള്ള പഞ്ചനക്ഷത്ര ഉപവാസം സാധ്വി ഋതംബര ഉള്‍പ്പെടെയുള്ള സംഘപരിവാര്‍ നേതാക്കളുടെ പങ്കാളിത്തത്തോടെയാണ്. ഭജനയുടെയും യോഗയുടെയും അകമ്പടിയില്‍ സത്യഗ്രഹം പുരോഗമിക്കെയാണ് സര്‍ക്കാര്‍ എല്ലാ ആവശ്യവും അംഗീകരിച്ചതായും സമരം അവസാനിപ്പിക്കുകയാണെന്നും രാംദേവ് അറിയിച്ചത്. കള്ളപ്പണനിക്ഷേപകര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് സര്‍ക്കാര്‍ വാഗ്ദാനം ചെയ്തതായി മന്ത്രിമാരായ കപില്‍ സിബലും സുബോധ് കാന്ത് സഹായിയുമായി നടത്തിയ ചര്‍ച്ചയ്ക്കുശേഷം രാംദേവ് പറഞ്ഞു. ഉറപ്പുകള്‍ ഫോണിലൂടെയാണ് ലഭിച്ചതെന്നും അത് രേഖാമൂലം ലഭിക്കുന്നതുവരെ സത്യഗ്രഹം തുടരുമെന്നും രാംദേവ് വ്യക്തമാക്കി.
അതേസമയം, ശാസ്ത്രിഭവനില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ കപില്‍ സിബലും രാംദേവിന്റെ ആവശ്യങ്ങള്‍ സര്‍ക്കാര്‍ അംഗീകരിച്ചതായി അറിയിച്ചു. വെള്ളിയാഴ്ചതന്നെ ഒത്തുതീര്‍പ്പിലെത്തിയിരുന്നെന്നും അതിന്റെ അടിസ്ഥാനത്തിലാണ് പ്രധാനമന്ത്രികാര്യാലയം അംഗീകരിച്ച കാര്യങ്ങളെക്കുറിച്ച് വെള്ളിയാഴ്ച രാത്രി പ്രസ്താവന ഇറക്കിയതെന്നും കപില്‍ സിബല്‍ കൂട്ടിച്ചേര്‍ത്തു. സിബലിന്റെ ഈ പ്രസ്താവനയാണ് രാംദേവിനെ ചൊടിപ്പിച്ചത്. ഇതോടെ രാംദേവും കേന്ദ്രസര്‍ക്കാരും തമ്മില്‍ രണ്ടുദിവസമായി നടന്നുവരുന്ന ഒത്തുകളിയും പുറത്തുവന്നു.
പാട്ടും യോഗയും പൊടിക്കൈകളും
ന്യൂഡല്‍ഹി: കള്ളപ്പണത്തിനും അഴിമതിക്കുമെതിരെ എന്ന പേരില്‍ നടത്തുന്ന പഞ്ചനക്ഷത്ര ഉപവാസത്തില്‍ നിറഞ്ഞുനിന്നത് ബാബാ രാംദേവിന്റെ താന്ത്രികവിദ്യകള്‍ . രാംദേവിന്റെ ഒറ്റയാള്‍ പ്രകടനമാണ് സത്യഗ്രഹം. പന്തലിലുടനീളം രാംദേവിന്റെ ചിത്രങ്ങള്‍ പതിച്ച പ്ലക്കാര്‍ഡുകളും ബാനറുകളും കാണാം. യോഗയും ഭജനവും സംഗീതവും നിറഞ്ഞുനിന്ന ഉപവാസത്തില്‍ രാംദേവ് പൊടിക്കൈകളും പ്രയോഗിച്ചു. താന്‍ ഉപവസിക്കുകയാണെന്ന ഓര്‍മപ്പെടുത്തലും ഇടയ്ക്കിടെയുണ്ടായി.
രണ്ട് കോടി രൂപ ചെലവഴിച്ച് നിര്‍മിച്ച പന്തലിലെ സ്റ്റേജില്‍ രാവിലെ അഞ്ചിന് എത്തിയ രാംദേവ് സദസ്സിനെ ഓര്‍മിപ്പിച്ചത് താന്‍ ഒരു തുള്ളി വെള്ളംപോലും കുടിച്ചിട്ടില്ലെന്നാണ്. എഴുന്നേറ്റയുടന്‍ പാലും പഴവര്‍ഗങ്ങളുമാണ് തന്റെ ഭക്ഷണമെന്നും സ്വാമി പറഞ്ഞു. പല ഘട്ടങ്ങളിലും മുന്നിലുള്ള വെള്ളം നിറച്ച ഗ്ലാസ് അതോടെ കമിഴ്ത്തുകയും ചെയ്യുന്നു. അപ്പോള്‍ മാധ്യമപ്രവര്‍ത്തകരോടായി സ്വാമിയുടെ ഒപ്പമുണ്ടായിരുന്ന അനുയായിയുടെ അഭ്യര്‍ഥന: "ദയവുചെയ്ത് സ്വാമിയോട് വെള്ളം കുടിക്കാന്‍ നിങ്ങള്‍ അഭ്യര്‍ഥിക്കൂ" എന്ന്. അതിനിടയില്‍ മറ്റൊരു അനുയായി 11 ലക്ഷത്തിന്റെ ചെക്കുമായി സ്റ്റേജിലേക്ക് കയറി. അത് ഏറ്റുവാങ്ങുമ്പോള്‍ വീണ്ടും സ്വാമി ക്യാമറകള്‍ നോക്കി അഭ്യര്‍ഥിച്ചു: "പടമെടുത്തോളൂ. ഇത് കള്ള പ്പണമല്ല; വെള്ളപ്പണമാണ്".
സ്കോട്ട്ലന്‍ഡില്‍ ദ്വീപ് വാങ്ങിയെന്ന വാര്‍ത്തയും സ്വാമി പലപ്പോഴായി നിഷേധിച്ചു. എന്‍ആര്‍ഐ ദമ്പതികള്‍ അവരുടെ പണം കൊണ്ട് വാങ്ങി സംഭാവന ചെയ്തതാണ് ഈ ദ്വീപെന്നാണ് രാംദേവിന്റെ വിശദീകരണം. സത്യഗ്രഹത്തിനെത്തിയ സ്വാമിമാരെ രാംദേവ് തന്നെ സദസ്സിന് പരിചയപ്പെടുത്തി. ഹരിയാനയില്‍നിന്നും ഉത്തര്‍പ്രദേശില്‍നിന്നും ഉത്തരാഖണ്ഡില്‍നിന്നും എത്തിയവരായിരുന്നു ഇവരിലധികവും. ഓരോ സ്വാമിയെ പരിചയപ്പെടുത്തുമ്പോഴും രാംദേവ് ശ്രമിക്കുന്നത് ഇത് ആര്‍എസ്എസിന്റെ സമരമല്ലെന്ന് പറയാനാണ്. എന്നാല്‍ , പന്തലിലുടനീളം കാവിക്കുറി ധരിച്ച് എബിവിപിയുടെയും ആര്‍എസ്എസിന്റെയും പ്രവര്‍ത്തകരെ കാണാമായിരുന്നു. ഇടയ്ക്ക് ബിഎംഎസ് പ്രവര്‍ത്തകര്‍ പ്രകടനമായി വന്ന് സത്യഗ്രഹത്തില്‍ ചേരുന്നുണ്ടായിരുന്നു.
വൈദ്യുതി മോഷ്ടിച്ചു; പിഴ ഒടുക്കി തടിയൂരി
തിരു: അഴിമതിക്കെതിരെ ഡല്‍ഹിയില്‍ നിരാഹാരം അനുഷ്ഠിക്കുന്ന രാംദേവ് കേരളത്തില്‍ വൈദ്യുതി മോഷണക്കുറ്റം നടത്തിയ ആള്‍ . കേസില്‍ നിന്നു തലയൂരാന്‍ ഒടുവില്‍ കാല്‍ലക്ഷത്തിനടുത്ത് പിഴ ഒടുക്കി രക്ഷപ്പെടുകയായിരുന്നു. തിരുവനന്തപുരത്ത് പൂജപ്പുര മൈതാനത്ത് മാര്‍ച്ച് 29നും 30നും രാംദേവിന്റെ നേതൃത്വത്തില്‍ നടത്തിയ യോഗ പരിശീലനത്തിനിടെയാണ് വൈദ്യുതി മോഷ്ടിച്ചത്. ബോര്‍ഡ് ഉദ്യോഗസ്ഥര്‍ നടത്തിയ പരിശോധനയിലാണ് പ്രധാന ലൈനില്‍ നിന്ന് വൈദ്യുതി മോഷണം കണ്ടെത്തിയത്. പിഴ ഒടുക്കിയില്ലെങ്കില്‍ കേസെടുക്കുമെന്ന് അറിയിച്ചതിനെ തുടര്‍ന്ന് 24,000 രൂപ അടച്ച് കേസില്‍ നിന്നു രക്ഷപ്പെട്ടു. ബാബ രാംദേവ്, സ്വാഭിമാന്‍ ട്രസ്റ്റ്, കേരള ഘടകം എന്ന വിലാസത്തില്‍ വൈദ്യുതി ബോര്‍ഡിന്റെ പൂജപ്പുര സെക്ഷന്‍ ഓഫീസിലാണ് പിഴ ഒടുക്കിയത്. തുടര്‍ന്ന് പരാതിയില്ലെന്ന് വൈദ്യുതി ബോര്‍ഡ് പൊലീസിനെ അറിയിച്ചതിനാല്‍ കേസ് പിന്‍വലിച്ചു. വൈദ്യുതി ബോര്‍ഡ് ഓഫീസിന് തൊട്ടടുത്തു നിന്നാണ് രാംദേവിന്റെ അനുയായികള്‍ വൈദ്യുതി ചോര്‍ത്തിയത്. മോഷണം കണ്ടെത്തി കണക്ഷന്‍ വിച്ഛേദിച്ചതിനെ തുടര്‍ന്ന് യോഗ ക്ലാസ് നഗരത്തിലെ ഒരു എസി ഹാളിലേക്ക് മാറ്റുകയായിരുന്നു. അഴിമതിക്കും കള്ളപ്പണത്തിനുമെതിരെയാണ് രാംദേവിന്റെ സത്യഗ്രഹം. പൊതുമുതല്‍ തട്ടിയെടുത്ത് അഴിമതി നടത്തുന്നവരെ തൂക്കിലേറ്റണമെന്നാണ് രാംദേവിന്റെ നിലപാട്.
ഋതംബരയുടെ സാന്നിധ്യം അനുചിതം: പ്രശാന്ത് ഭൂഷണ്‍
കൊല്‍ക്കത്ത: ബാബ രാംദേവിന്റെ നിരാഹാരസമരത്തില്‍ സംഘപരിവാര്‍ നേതാവ് സാധ്വി ഋതംബരയെ പങ്കെടുപ്പിച്ചതില്‍ ലോക്പാല്‍ ബില്‍ കരട് തയ്യാറാക്കുന്ന സംയുക്തസമിതി അംഗവും മുതിര്‍ന്ന അഭിഭാഷകനുമായ പ്രശാന്ത് ഭൂഷണ്‍ അതൃപ്തി അറിയിച്ചു. ആരെയും തടയാനാകില്ല, എന്നാല്‍ മതമൗലികശക്തികള്‍ ഇത്തരം വേദികള്‍ പ്രയോജനപ്പെടുത്തുന്നത് അനുവദിക്കാനാകില്ല. അഴിമതിക്കാര്‍ക്ക് വധശിക്ഷ വിധിക്കണമെന്ന രാംദേവിന്റെ ആവശ്യത്തോടും പ്രശാന്ത് ഭൂഷണ്‍ എതിര്‍പ്പ് പ്രകടിപ്പിച്ചു
"രാഷ്ട്രീയക്കാര്‍ വന്നോളൂ, പ്രസംഗം വേണ്ട"
ന്യൂഡല്‍ഹി: തന്റെ നിരാഹാരത്തിന് പിന്തുണ പ്രഖ്യാപിക്കാന്‍ രാംലീല മൈതാനിയിലേക്ക് രാഷ്ട്രീയനേതാക്കള്‍ക്ക് വരാമെന്നും എന്നാല്‍ പ്രസംഗിക്കാനായി ആരും വരേണ്ടെന്നും ബാബ രാംദേവ്. രാഷ്ട്രീയക്കാര്‍ക്ക് സ്വാഗതം, പക്ഷേ ആരും പ്രസംഗിക്കാന്‍ ഇങ്ങോട്ട് വരേണ്ട-രാംദേവ് പറഞ്ഞു. അതേസമയം, ബാബറി മസ്ജിദ് തകര്‍ത്ത കേസില്‍പ്പെട്ട സംഘപരിവാര്‍ നേതാവ് സാധ്വി ഋതംബരയടക്കമുള്ള നേതാക്കള്‍ സമരത്തില്‍ പങ്കെടുത്തു. അണ്ണഹാസാരെയുടെ സമരത്തിന് പിന്തുണ പ്രഖ്യാപിച്ച സ്വാമി അഗ്നിവേശും മേധാപട്കറുമടക്കമുള്ളവര്‍ വിട്ടുനിന്നു. ആര്‍എസ്എസ്, വിഎച്ച്പി നേതാക്കള്‍ക്ക് ഒപ്പം വേദിപങ്കിടാന്‍ താല്‍പ്പര്യമില്ലെന്ന് അഗ്നിവേശ് പ്രതികരിച്ചു.
ഇപ്പോള്‍ പിന്തുണയില്ല: അണ്ണാ ഹസാരെ
നെടുമ്പാശേരി: ബാബാ രാംദേവിന്റെ നിരാഹാരസത്യഗ്രഹത്തിന് പിന്തുണ പ്രഖ്യാപിച്ചിട്ടില്ലെന്ന് അണ്ണാ ഹസാരെ പറഞ്ഞു. ഡല്‍ഹിയില്‍ച്ചെന്ന് സമരത്തിന്റെ സ്വഭാവം മനസ്സിലാക്കിയശേഷമേ തീരുമാനമെടുക്കു. നെടുമ്പാശേരി വിമാനത്താവളത്തില്‍ മാധ്യമപ്രവര്‍ത്തകരോടു സംസാരിക്കുകയായിരുന്നു അദ്ദേഹം. അമൃത ടിവിയുടെ പുരസ്കാരം സ്വീകരിക്കാനാണ് ഹസാരെ കൊച്ചിയില്‍ എത്തിയത്. പഞ്ചനക്ഷത്ര സൗകര്യവുമുള്ള ഡല്‍ഹിയിലെ സമരപ്പന്തലില്‍ അങ്ങയുടെ സാന്നിധ്യം പ്രതീക്ഷിക്കാമോയെന്ന് ചോദിച്ചപ്പോഴാണ് പങ്കാളിത്തം തിരുമാനിച്ചിട്ടില്ലെന്ന് ഹസാരെ അറിയിച്ചത്. സത്യഗ്രഹത്തിന് ബിജെപി-ആര്‍എസ്എസ് പിന്തുണയുണ്ടല്ലോ എന്ന ചോദ്യത്തിന് കാര്യങ്ങള്‍ അന്വേഷിച്ചശേഷം അറിയിക്കാമെന്നായിരുന്നു മറുപടി.
deshabhimani news
കള്ളപ്പണത്തിനും അഴിമതിക്കുമെതിരെ എന്ന പേരില്‍ ഉപവാസസമരം നടത്തിയ ബാബ രാംദേവിനെ പൊലീസ് അറസ്റ്റു ചെയ്തു നീക്കി. ഞായറാഴ്ച പുലര്‍ച്ചെ രണ്ട് മണിയോടെയായിരുന്നു അറസ്റ്റ്. ഇതേ തുടര്‍ന്ന് സമരം നടക്കുന്ന ഡല്‍ഹി രാംലീല മൈതാനിയില്‍ സംഘര്‍ഷം നിലനില്‍ക്കുകയാണ്. യോഗക്യാമ്പിനെന്ന പേരിലാണ് രാംദേവ് സമരത്തിന് അനുമതി വാങ്ങിച്ചിരുന്നത്. ഇത് പൊലീസ് റദ്ദാക്കുകയും സ്ഥലംവിട്ട് പോകണമെന്ന് നിര്‍ദേശിക്കുകയും ചെയ്തു. ഇതിന് തയാറാകാത്ത സാഹചര്യത്തിലായിരുന്നു അറസ്റ്റ്.
ReplyDelete