പൊതുസമ്മേളനം പിണറായി ഉദ്ഘാടനം ചെയ്യും
ഇടുക്കി: എകെജിയുടെ അമരാവതി സമരത്തിന്റെ 50-ാംവാര്‍ഷിക പരിപാടികളോട് അനുബന്ധിച്ച് പതാകദിനം തിങ്കളാഴ്ച നടക്കും. കിസാന്‍ സഭ രൂപീകരിച്ചതിന്റെ 75-ാം വാര്‍ഷികാഘോഷത്തിനും കര്‍ഷകസംഘത്തിന്റെ നേതൃത്വത്തില്‍ തിങ്കളാഴ്ച തുടക്കമാകും. ജില്ലയിലെ 123 വില്ലേജ് കമ്മിറ്റികളിലും രാവിലെ പതാക ഉയര്‍ത്തും. വൈകുന്നേരം നാലിന് അമരാവതിയില്‍നിന്ന് പ്രകടനം ആരംഭിക്കും. തുടര്‍ന്ന് കുമളിയില്‍ ചേരുന്ന പൊതുസമ്മേളനം സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. കര്‍ഷകസംഘം സംസ്ഥാന സെക്രട്ടറി കെ വി രാമകൃഷ്ണന്‍ , എം എം മണി, കെ കെ ജയചന്ദ്രന്‍ എംഎല്‍എ, പി എസ് രാജന്‍ , സി വി വര്‍ഗീസ്, പി എ രാജു എന്നിവര്‍ സംസാരിക്കും.17വരെ നീളുന്ന വാര്‍ഷികാചരണത്തോടനുബന്ധിച്ച് പ്രകടനം, പൊതുസമ്മേളനം, സെമിനാറുകള്‍ , സമാപനസമ്മേളനം തുടങ്ങിയവ വിവിധ കര്‍ഷക സമരകേന്ദ്രങ്ങളില്‍ സംഘടിപ്പിച്ചിട്ടുണ്ട്. സമാപനസമ്മേളനത്തില്‍ പ്രതിപക്ഷനേതാവ് വി എസ് അച്യുതാനന്ദനും പങ്കെടുക്കും.
അയ്യപ്പന്‍കോവില്‍ കുടിയൊഴിപ്പിക്കലിന്റെ പേരില്‍ തെരുവാധാരമായ 1700 കുടുംബങ്ങളുടെ പ്രശ്നങ്ങള്‍ക്ക് പരിഹാരമാവശ്യപ്പെട്ട് കിസാന്‍സഭ അഖിലേന്ത്യാപ്രസിഡന്റായിരുന്ന എകെജി നടത്തിയ സത്യഗ്രഹസമരം അക്ഷരാര്‍ഥത്തില്‍ കേരളത്തെ പിടിച്ചുലയ്ക്കുകയായിരുന്നു. വിമോചനസമരത്തിനുശേഷം 1960ല്‍ അധികാരത്തില്‍ വന്ന കോണ്‍ഗ്രസ്-പിഎസ്പി-ലീഗ് ഗവണ്‍മെന്റാണ് 1961 മെയ് രണ്ടിന് ഇടുക്കി പദ്ധതിക്കുവേണ്ടി അയ്യപ്പന്‍കോവിലിലെ 8000 ഏക്കര്‍ സ്ഥലത്തുനിന്ന് 10,000ത്തോളം ജനങ്ങളെ കുടിയിറക്കി അമരാവതിയിലും കുമളിയിലും തള്ളിയത്. കുടിയൊഴിപ്പിക്കലില്‍ അനാഥരായവരെ കാണാനും ആശ്വസിപ്പിക്കാനുമായി പാര്‍ലമെന്റ് സമ്മേളനത്തിലായിരുന്ന എകെജി കര്‍ഷകസംഘത്തിന്റെയും കമ്യൂണിസ്റ്റ് പാര്‍ടിയുടെയും നേതാക്കളായിരുന്ന കെ ടി ജേക്കബ്, പന്തളം പി ആര്‍ മാധവന്‍പിള്ള, സി എച്ച് കണാരന്‍ , വി എസ് അച്യുതാനന്ദന്‍ , ടി കെ രാമകൃഷ്ണന്‍ എന്നിവര്‍ക്കൊപ്പം അമരാവതിയിലെത്തി. തുടര്‍ന്ന് ഇഎംഎസ് അടക്കമുള്ള നേതാക്കളുമായി കൂടിയാലോചിച്ച് ജൂണ്‍ അഞ്ചിന് കോട്ടയത്ത് നടന്ന പൊതുസമ്മേളനത്തില്‍ നിരാഹാരസത്യഗ്രഹം പ്രഖ്യാപിക്കുകയായിരുന്നു.
കേരളത്തിന്റെ ചരിത്രത്തിലെ സംഭവബഹുലമായ 12 ദിനങ്ങളാണ് പിന്നീട് കടന്നുപോയത്. ഇന്ത്യന്‍ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹൃ വിഷയത്തിലിടപെട്ടതോടെ പ്രതിപക്ഷനേതാവ് ഇഎംഎസുമായി ആഭ്യന്തരമന്ത്രി പി ടി ചാക്കോ നടത്തിയ ചര്‍ച്ചയില്‍ ധാരണയുണ്ടാക്കി 17ന് രാത്രി എകെജി നിരാഹാരം അവസാനിപ്പിച്ചു. അന്നത്തെ ഒത്തുതീര്‍പ്പിന്റെ ഫലമായാണ് ജില്ലയില്‍ കൃഷിക്കാര്‍ക്ക് അവരുടെ കൈവശഭൂമിയില്‍ ധൈര്യമായി താമസിക്കുന്നതിനുള്ള സൗകര്യമൊരുങ്ങിയത്. പരിപാടികള്‍ വന്‍വിജയമാക്കാന്‍ കര്‍ഷകസംഘം ജില്ലാ സെക്രട്ടറി എന്‍ വി ബേബി, പ്രസിഡന്റ് എന്‍ ശിവരാജന്‍ എന്നിവര്‍ അഭ്യര്‍ഥിച്ചു.
ദുരിതം സഹിക്കാനാവാതെ നിരവധിപേര്‍ തിരികെ പോയി: ഓര്‍ത്തഡോക്സ് സഭാ ശുശ്രൂഷകന്‍
അയ്യപ്പന്‍കോവിലില്‍ നിന്ന് കുടിയിറക്കി അമരാവതിയിലെ കാട്ടില്‍ തള്ളിയതിനെ തുടര്‍ന്നുണ്ടായ ദുരിതം സഹിക്കാനാവാതെ നിരവധി പേര്‍ നാട്ടിലേക്ക് തിരികെ പോയെന്ന് തേക്കടി ഓര്‍ത്തഡോക്സ് സഭാ പള്ളിയില്‍ 50 വര്‍ഷമായി ശുശ്രൂഷകനായ പടിഞ്ഞാറേക്കരയില്‍ കുര്യാക്കോസ്(75)പറയുന്നു. അമരാവതി സമരത്തിന്റെ 50ാം വാര്‍ഷികത്തോടനുബന്ധിച്ച് അനുഭവങ്ങള്‍ പങ്കിടുകയായിരുന്നു കുര്യാക്കോസ്.
മാട്ടുക്കട്ടയ്ക്ക് സമീപം കന്നിക്കല്ലില്‍ അഞ്ച് ഏക്കര്‍ ഭൂമിയാണ് കുര്യാക്കോസിന്റെ കുടുംബത്തിന് ഉണ്ടായിരുന്നത്. പാമ്പാടിയില്‍ ഉണ്ടായിരുന്ന ഒരേക്കര്‍ ഭൂമി വിറ്റാണ് കൃഷി ഇറക്കുകയും മറ്റും ചെയ്തത്. കൈവശപ്പെടുത്തിയ ഭൂമിയില്‍ വ്യാപിച്ചിരുന്ന കാട്ടുപോത ആഴ്ചകളെടുത്ത് വെട്ടിത്തെളിച്ച് മരച്ചീനി, വാഴ, കുരുമുളക്, കരനെല്ല് എന്നിവ കൃഷിയിറക്കി. ഇവിടെ രണ്ടരവര്‍ഷം താമസിച്ചു. ഇതിനിടയില്‍ 1961മെയ് ഏഴിനാണ് കുര്യാക്കോസിന്റെ കുടുംബത്തെ ഇവിടെ നിന്നും കുടിയിറക്കിയത്. ഒട്ടകമേട്ടില്‍ കൊടുംകാട്ടില്‍ തള്ളുമെന്നറിഞ്ഞ് ഒരാഴ്ച മാട്ടുക്കട്ടയില്‍ വാടക വീട്ടിലാണ് താമസിച്ചത്. തുടര്‍ന്ന് ഗത്യന്തരമില്ലാതെ 15ന് കുമളിയില്‍ എത്തി. അമരാവതിയില്‍ എത്തുമ്പോള്‍ കോരിച്ചൊരിയുന്ന മഴയായിരുന്നു. കുടിയിറക്കപ്പെട്ടവര്‍ക്ക് താമസിക്കാനുള്ള ആദ്യ ഷെഡ് പോലും പൂര്‍ത്തീകരിച്ചില്ല. ഇവിടെ എത്തിയപ്പോള്‍ ഭൂമിയില്‍ കയറുന്നതിനെ ഫോറസ്റ്റുകാര്‍ തുടക്കത്തില്‍ എതിര്‍ത്തു. വനംവകുപ്പിന്റെ ഭൂമിയില്‍ താമസിക്കാന്‍ പറ്റില്ലെന്ന നിലപാടിലായിരുന്നു ഇവര്‍ . കുടിയിറക്കി എത്തിയതില്‍ അധികം പേരും സമീപപ്രദേശങ്ങളിലെ വീടുകളിലാണ് താമസിച്ചത്. അധികം പേര്‍ക്കും കന്നുകാലിക്കൂടായിരുന്നു അഭയം. മനുഷ്യര്‍ മൃഗങ്ങളെപോലെ കഴിയാന്‍ വിധിക്കപ്പെടുകയായിരുന്നു.
1700ല്‍ പരം കുടുംബങ്ങളില്‍ ബാക്കിയുള്ളവരെ മൂന്ന് മാസത്തിന്ശേഷമാണ് അമരാവതിയില്‍ നിന്നും മറ്റ് സ്ഥലങ്ങളിലേക്ക് കൊണ്ടുപോയത്. ഷെഡില്‍ താമസിക്കവെ അതിസാരം പടര്‍ന്നുപിടിച്ചു. ഇതിനെ തുടര്‍ന്ന് നിരവധി പേര്‍ മരിച്ചു. മരിച്ചവരെ ഇപ്പോഴത്തെ അമരാവതി സ്കൂളിന് സമീപത്തായാണ് മറവ് ചെയ്തത്. അതിസാരം പടര്‍ന്നതിനെ തുടര്‍ന്ന് താമസിക്കാന്‍ വീട് അന്വേഷിച്ചു. താമസിക്കാന്‍ കിട്ടിയത് കാലിത്തൊഴുത്തായിരുന്നു. ഇവിടെ 16 കുടുംബങ്ങള്‍ കൂടി താമസിക്കുന്നുണ്ടായിരുന്നു. എല്ലാംകൊണ്ടും നരകതുല്യമായിരുന്നു കര്‍ഷകരുടെ അവസ്ഥ. ഏകെജിയുടെ സമരത്തിന് ശേഷമാണ് ആളുകള്‍ക്ക് ഭൂമി അളന്ന് നല്‍കിയത്. താനും സമരത്തില്‍ പങ്കെടുത്തിരുന്നതായി കുര്യാക്കോസ് പറഞ്ഞു. നടാന്‍ കപ്പത്തണ്ട് പോലും കിട്ടാനില്ലാത്ത കാലം. ഇറക്കിയ കൃഷിയില്‍ നിന്നും വിളവെടുത്തത് ഒരു വര്‍ഷത്തിന് ശേഷമായിരുന്നു. പട്ടിണിയും ബുദ്ധിമുട്ടും കാരണം നിരവധി പേര്‍ തിരികെ നാട്ടിലേക്ക് പോയി. അമരാവതിയില്‍ നടന്നത് കുടിയിരുത്തലാണെന്ന പ്രചാരണം ശരിയല്ലെന്നും കുടിയിറക്കായിരുന്നെന്നും കുര്യാക്കേസ് പറഞ്ഞു.
ദേശാഭിമാനി 050611
എകെജിയുടെ അമരാവതി സമരത്തിന്റെ 50-ാംവാര്‍ഷിക പരിപാടികളോട് അനുബന്ധിച്ച് പതാകദിനം തിങ്കളാഴ്ച നടക്കും. കിസാന്‍ സഭ രൂപീകരിച്ചതിന്റെ 75-ാം വാര്‍ഷികാഘോഷത്തിനും കര്‍ഷകസംഘത്തിന്റെ നേതൃത്വത്തില്‍ തിങ്കളാഴ്ച തുടക്കമാകും. ജില്ലയിലെ 123 വില്ലേജ് കമ്മിറ്റികളിലും രാവിലെ പതാക ഉയര്‍ത്തും. വൈകുന്നേരം നാലിന് അമരാവതിയില്‍നിന്ന് പ്രകടനം ആരംഭിക്കും. തുടര്‍ന്ന് കുമളിയില്‍ ചേരുന്ന പൊതുസമ്മേളനം സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. കര്‍ഷകസംഘം സംസ്ഥാന സെക്രട്ടറി കെ വി രാമകൃഷ്ണന്‍ , എം എം മണി, കെ കെ ജയചന്ദ്രന്‍ എംഎല്‍എ, പി എസ് രാജന്‍ , സി വി വര്‍ഗീസ്, പി എ രാജു എന്നിവര്‍ സംസാരിക്കും.17വരെ നീളുന്ന വാര്‍ഷികാചരണത്തോടനുബന്ധിച്ച് പ്രകടനം, പൊതുസമ്മേളനം, സെമിനാറുകള്‍ , സമാപനസമ്മേളനം തുടങ്ങിയവ വിവിധ കര്‍ഷക സമരകേന്ദ്രങ്ങളില്‍ സംഘടിപ്പിച്ചിട്ടുണ്ട്. സമാപനസമ്മേളനത്തില്‍ പ്രതിപക്ഷനേതാവ് വി എസ് അച്യുതാനന്ദനും പങ്കെടുക്കും.
ReplyDelete