Sunday, June 5, 2011

ഒരു പരിസ്ഥിതിദിനം കൂടി...

അട്ടപ്പാടി ആശങ്കയില്‍

അഗളി: ഒരു പരിസ്ഥിതി ദിനം കൂടി കടന്നു പോകുമ്പോള്‍ അട്ടപ്പാടിയിലെ പരിസ്ഥിതി സംരക്ഷകരില്‍ ആശങ്കകളുയരുന്നു. മലനിരകളെ പച്ചപുതപ്പിച്ചു നില്‍ക്കുന്ന മഴക്കാടുകള്‍ ഇനി എത്ര കാലം ഉണ്ടാവുമെന്നതാണ് പ്രകൃതി സ്നേഹികള്‍ ഭയക്കുന്നത്. ഭരണമാറ്റത്തോടെ വനം കൊള്ളക്കാരും ഉദ്യോഗസ്ഥ മാഫിയകളും കാടുകള്‍ ലക്ഷ്യമിട്ട് കുരുനീക്കം തുടങ്ങിക്കഴിഞ്ഞു. എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് പരിസ്ഥിതിയ്ക്കുവേണ്ടി വാതോരാതെ പ്രസംഗിക്കുന്ന കപട പരിസ്ഥിതിവാദികളും ഇവര്‍ക്കൊപ്പമുണ്ട്. ഇടതുപക്ഷ പ്രവര്‍ത്തകരും എല്‍ഡിഎഫ് സര്‍ക്കാറുകളും അട്ടപ്പാടിയിലെ പരിസ്ഥിതി സംരക്ഷണത്തില്‍ ഏറെ ജാഗ്രത കാണിച്ചിരുന്നു. അതിന്റെ ഫലമാണ് മൊട്ടക്കുന്നുകളില്‍ മരം വളര്‍ന്ന് കാടായിമാറിയത്. ലക്ഷക്കണക്കിന് തൊഴിലാളികളുടെ അധ്വാനമാണ് ഈ മാറ്റത്തിനിടയാക്കിയത്. കാടിന്റെ മക്കളും വനസമ്പത്ത് സംരക്ഷിക്കാന്‍ മുന്നോട്ട് വന്നു. ഇതെല്ലാം നഷ്ടമാകുമോ എന്നാണ് പ്രകൃതി സ്നേഹികള്‍ ഭയക്കുന്നത്.

രോഗാതുരയായി മയ്യഴിപ്പുഴ

കണ്ണൂര്‍ : അക്ഷരങ്ങളിലൂടെയും ജീവിതങ്ങളിലൂടെയും പരന്നൊഴുകിയ മയ്യഴിപ്പുഴ രോഗാതുരമാവുന്നു. മാലിന്യവും മണല്‍വാരലും കൈയേറ്റവും ദുരുപയോഗവും ഓരോ സെക്കന്റിലും പുഴയെ രോഗഗ്രസ്തമാക്കുകയാണെന്ന് ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ പുഴപഠനം വെളിപ്പെടുത്തുന്നു. പുഴയിലെയും തീരങ്ങളിലെയും ജൈവവൈവിധ്യം ശോഷിക്കുന്നതായും പഠനത്തില്‍ വെളിവായി. ഉത്ഭവസ്ഥാനമായ വയനാടന്‍ കുന്നുകളില്‍നിന്ന് അഴിമുഖം വരെയുള്ള 54 കിലോമീറ്ററില്‍ പുഴസംരക്ഷിക്കാന്‍ ജനകീയ പങ്കാളിത്തത്തോടെയുള്ള ഇടപെടല്‍ അനിവാര്യമാണെന്ന് വെളിപ്പെടുത്തുന്നതാണ് കണ്ടെത്തലുകള്‍. ശാസ്ത്രസാഹിത്യ പരിഷത്ത് കണ്ണൂര്‍ , കോഴിക്കോട് ജില്ലാകമ്മിറ്റികളാണ് സന്നദ്ധപ്രവര്‍ത്തനത്തിലൂടെ പുഴപഠനത്തിന്റെ ഒന്നാംഘട്ടം പൂര്‍ത്തിയാക്കിയത്. 2011 ഒക്ടോബറിലാണ് പഠനം ആരംഭിച്ചത്.

കോഴിക്കോട് ജില്ലയിലെ 13 പഞ്ചായത്തുകളിലൂടെയും കണ്ണൂരിലെ ആറ് പഞ്ചായത്തുകളിലൂടെയും മയ്യഴി മുനിസിപ്പാലിറ്റിയിലൂടേയും ഒഴുകിയാണ് മയ്യഴിപ്പുഴ കടലില്‍ ചേരുന്നത്. 394 ചതുരശ്ര കിലോമീറ്ററാണ് നദീതടത്തിന്റെ വിസ്തീര്‍ണം. 43 നീര്‍ച്ചാലുകളാണ് പുഴയില്‍ ചേരുന്നത്. ഇതില്‍ മിക്കതും വേനലില്‍ വറ്റുന്നു. ഇപ്പോള്‍ മാഹിവരെയാണ് ഓരുജലം എത്തുന്നത്. പാറക്കടവുവരെ ഓരുജലം എത്തിയിരുന്നതായി വില്യം ലോഗന്റെ മലബാര്‍ മാന്വലില്‍ പരാമര്‍ശമുണ്ട്. വില്യാപ്പള്ളി പഞ്ചായത്തില്‍ രണ്ടുകിലോമീറ്റര്‍ സ്വകാര്യവ്യക്തി കൈയേറി മതില്‍കെട്ടി സ്വന്തമാക്കി. പലയിടത്തും ചെറുതും വലുതുമായ കൈയേറ്റങ്ങള്‍ കണ്ടെത്തി. നദീതടത്തിലെ കൃഷി നാമാവശേഷമായതാണ് പുഴ അനാഥമായതിന് പ്രധാനകാരണമായി പഠനം കണ്ടെത്തിയത്.

കൃഷിക്കുവേണ്ടി ആശ്രയിക്കാതായതോടെ പുഴയെ ഗ്രാമീണര്‍ അവഗണിക്കുകയായിരുന്നുവെന്ന് പഠനത്തിന് നേതൃത്വം നല്‍കിയ പരിസ്ഥിതി പ്രവര്‍ത്തകന്‍ സി പി ഹരീന്ദ്രന്‍ പറഞ്ഞു. ജൈവവൈവിധ്യവും തീര്‍ത്തും നാശോന്മുഖമായി. രണ്ട് പതിറ്റാണ്ടു മുമ്പുവരെ വന്‍തോതില്‍ മത്സ്യബന്ധനം നടന്ന പുഴയില്‍ മത്സ്യസമ്പത്ത് ശോഷിച്ചു. അഴിമുഖത്തുനിന്ന് ഏഴുകിലോമീറ്റര്‍ വരെയാണ് കണ്ടലുകള്‍ ശേഷിക്കുന്നത്. സമീപത്തെ ചെറുപട്ടണങ്ങളിലെ മുഴുവന്‍ മാലിന്യവും പുഴയിലാണ് തള്ളുന്നത്. മാഹിയിലെ ബാറുകളില്‍നിന്നുള്ള മാലിന്യവും ഒരു സ്വര്‍ണശുദ്ധീകരണശാലയിലെ വീര്യമേറിയ രാസമാലിന്യങ്ങളും ഭൂമിക്കടിയിലുള്ള പൈപ്പിലൂടെ പുഴയിലേക്ക് ഒഴുക്കുന്നതായും കണ്ടെത്തി. 25 അംഗീകൃത കടവുകളില്‍നിന്നും അതിലേറെ അനധികൃത കടവുകളില്‍നിന്നും വന്‍തോതില്‍ മണലൂറ്റുന്നുണ്ട്. സ്വകാര്യവ്യക്തികള്‍ക്കും പലയിടത്തും അനധികൃത കടവുകളുണ്ട്. പുഴയൊകുന്ന പഞ്ചായത്തുകളിലെല്ലാം ജാഗ്രതാസമിതികള്‍ രൂപീകരിച്ച് സംരക്ഷണം ഉറപ്പാക്കുകയും നദീതടത്തില്‍ വനവല്‍ക്കരണം നടപ്പാക്കുകയുമാണ് ആദ്യ ഇടപെടലായി പഠനം നിര്‍ദേശിക്കുന്നത്. നീര്‍ത്തടാധിഷ്ഠിത വികസനം നടപ്പാക്കണമെന്നും പഠനം നിദേശിക്കുന്നു.

ചന്ദ്രഗിരിപ്പുഴയില്‍ പുഴുവരിക്കുന്നു

കാസര്‍കോട്: ഓരോ പരിസ്ഥിതി ദിനം വരുമ്പോഴും പരസര ശുചിത്വവും വനവല്‍ക്കരണവും മറ്റുമായി വിവിധ പരിപാടികള്‍ സംഘടിപ്പിക്കുമെങ്കിലും ഇതെല്ലാം കാസര്‍കോട് നഗരസഭക്ക് ഔദ്യോഗിക പരിപാടി മാത്രം. മാലിന്യങ്ങള്‍ എവിടെയും എങ്ങിനെയും നിക്ഷേപിക്കുന്നതാണ് നഗരസഭയിലെ പതിവ് രീതി. ടൗണിലെ മാംസക്കടകളിലേയും മത്സ്യമാര്‍ക്കറ്റിലെയുമുള്‍പ്പെടെയുള്ള മാലിന്യങ്ങള്‍ തള്ളുന്നത് ചന്ദ്രഗിരി പാലത്തിന് സമീപം പുഴയോരത്തും. മഴ ശക്തമായതോടെ ഇവിടെ തള്ളുന്ന മാലിന്യങ്ങളില്‍ ഭൂരിഭാഗവും പുഴയിലായി. എന്നാല്‍ അവശേഷിക്കുന്നവ ചീഞ്ഞളിഞ്ഞ് ദുര്‍ഗന്ധം വമിക്കുന്നതിനാല്‍ പാലത്തിന് മുകളിലൂടെപ്പോലും യാത്ര ചെയ്യാന്‍ പറ്റാത്ത സ്ഥിതിയാണ്. ഈച്ചകളുടെയും പുഴുക്കളുടെയും ആവാസ കേന്ദ്രമായിരിക്കുകയാണ് ഇവിടം.

മഴക്കാല ജന്യ രോഗങ്ങള്‍ക്കെതിരെ ഊര്‍ജിത പ്രതിരോധ പ്രവര്‍ത്തനം നടത്തിക്കൊണ്ടിരിക്കെ നഗരസഭാധികൃതരുടെ മൂക്കിനുതാഴെ ഇത്തരത്തില്‍ മാലിന്യം തള്ളുന്നവര്‍ക്കെതിരെ നടപടിയെടുക്കുന്നില്ല. മണലെടുപ്പിലൂടെ നാമാവശേഷമായിക്കൊണ്ടിരിക്കുന്ന പുഴയും പുഴയോരവും സംരക്ഷിക്കണമെന്ന നിര്‍ദേശങ്ങള്‍ നിലനില്‍ക്കുമ്പോഴാണ് മലബാറിലെ ചരിത്ര പ്രസിദ്ധമായ ചന്ദ്രഗിരി പുഴയുടെ കരയില്‍ മാലിന്യം നിക്ഷേപിക്കുന്നത്. മുമ്പ് രാത്രികാലങ്ങളിലാണ് മാലിന്യം നിക്ഷേപിച്ചിരുന്നതെങ്കില്‍ ഇപ്പോള്‍ പകലും ലോറികളില്‍ കൊണ്ടുവന്ന് തള്ളുന്നതായി പരിസരവാസികള്‍ പറയുന്നു. പാലത്തിന് മുകളില്‍ നിന്നും പുഴയിലേക്കും പുഴക്കരയിലേക്കും വലിച്ചെറിയുന്ന മാലിന്യങ്ങള്‍ പ്രദേശത്തെല്ലാം ചിതറിക്കിടക്കുകയാണ്. പകര്‍ച്ചവ്യാധികള്‍ക്കൊപ്പം പല രോഗങ്ങള്‍ക്കും കാരണമായേക്കാവുന്ന വിധം മാലിന്യനിക്ഷേപം നടത്തുന്നവരെ കണ്ടെത്തി കര്‍ശന നിയമനടപടി സ്വീകരിച്ചില്ലെങ്കില്‍ വന്‍ ആരോഗ്യ പ്രശ്നത്തിന് ഇത് ഇടയാക്കും.

വയനാടന്‍ കാടുകളിലെ അപൂര്‍വസസ്യങ്ങള്‍ ഇനിയെത്രനാള്‍

കല്‍പ്പറ്റ: വയനാടന്‍ കാടുകളിലെ 130 അപൂര്‍വസസ്യങ്ങള്‍ വംശനാശ ഭീഷണിയില്‍ . കുറിച്യാര്‍മല, ചന്ദനത്തോട്, ചെമ്പ്രപീക്ക്, ബ്രഹ്മഗിരി മലനിരകള്‍ തുടങ്ങിയ ജൈവമേഖലയിലുള്ള സസ്യങ്ങളാണ് ഇതിലേറെയും. ഇന്ത്യന്‍ റെഡ് ഡാറ്റബുക്കിലും ഇന്റര്‍നാഷണല്‍ യൂണിയന്‍ ഫോര്‍ കണ്‍സര്‍വേഷന്‍ ഓഫ് നേച്ചറിന്റെ (ഐയുസിഎന്‍) പട്ടികയിലും വംശനാശം സംഭവിച്ചേക്കാവുന്ന വയനാടന്‍ സസ്യങ്ങളെ പ്രത്യേകം എടുത്തുപറയുന്നുണ്ട്. നീലഗിരി ജൈവമണ്ഡലത്തില്‍ വടക്ക് പടിഞ്ഞാറായി സ്ഥിതി ചെയ്യുന്ന വയനാട് സസ്യവൈവിധ്യത്തില്‍ ലോകശ്രദ്ധപിടിച്ചുപറ്റിയ പ്രദേശമാണ്. പശ്ചിമഘട്ട മലനിരകളില്‍ കാണുന്ന ഓര്‍ക്കിഡുകളുടെ 60 ശതാനവും ഈ കാടുകളിലുണ്ട്. ഇതില്‍ ലോകത്തില്‍ സൈലന്റ്വാലിയില്‍ മാത്രം കാണുന്നതായി കരുതിപ്പോന്ന ഇപ്സിയ മലബാറിക്കയും ഉള്‍പ്പെടും. ചെമ്പ്രമലയിലെ പുല്‍മേടുകളിലാണ് ഈ ഓര്‍ക്കിഡ് ഉള്ളത്. ഗ്ലിപ്റ്റോപെറ്റാലം ഗ്രാന്‍ഡിഫ്ലോറം, സയനോമിട്ര ട്രവന്‍കോറിക്ക, സയനോമിട്ര ബെഡോമി, സൈസിജിയം സ്റ്റോക്സി, അറ്റൂന ഇന്‍ഡിക്ക തുടങ്ങിയ അപൂര്‍വം മരങ്ങളും വയനാടന്‍ കാടുകളിലുണ്ട്.

വയനാടന്‍ വനങ്ങളില്‍ 2100ലധികം പുഷ്പിത സസ്യങ്ങളുള്ളതായാണ് പഠനങ്ങളില്‍ വ്യക്തമായിട്ടുള്ളത്. സംസ്ഥാനതലത്തില്‍ കണ്ടെത്തിയ 4,054 പുഷ്പിത സസ്യങ്ങളില്‍ പകുതിലധികം വയനാട്ടില്‍ നിന്നുള്ളവയാണ്. കാലാവസ്ഥാവ്യതിയാനങ്ങള്‍ ബാധിക്കാത്ത നിത്യഹരിതവനങ്ങളിലാണ് ഇതിലെ 70 ശതമാനവുമുള്ളത്. ലോകത്തില്‍ വയനാടന്‍ കാടുകളില്‍ മാത്രം കാണുന്നതായി ശാസ്ത്രലോകം പുതുതായി തിരിച്ചറിഞ്ഞ മിലിയൂസ വയനാടിക്ക, മിലിയൂസ ഗോഖലെ തുടങ്ങിയ ചെറിയമരങ്ങളും ഒബറോണിയ സ്വാമിനാഥിനി എന്ന കുഞ്ഞന്‍ ഓര്‍ക്കിഡും ഇതില്‍പ്പെടും. ഇവയെല്ലാം ഏതാനും ദശകങ്ങള്‍ക്കുള്ളില്‍ നാമാവശേഷമാകുമോയെന്ന ആശങ്കയിലാണ് പരിസ്ഥിതി ശാത്രജ്ഞര്‍ .

2100 മീറ്റര്‍വരെ ഉയരമുള്ള മലനിരകളാണ് വയനാടിന്റെ പ്രധാന ആകര്‍ഷണം. വനങ്ങള്‍ , കുറ്റിക്കാടുകള്‍ , പാറകള്‍ നിറഞ്ഞ പുല്‍മേടുകള്‍ , ചതുപ്പുകള്‍ , വയലുകള്‍ തുടങ്ങി സമ്മിശ്രമായ ആവാസ വ്യവസ്ഥാഘടനയാണ് വയനാടിന്റേത്. നിത്യഹരിതവനങ്ങള്‍ , അര്‍ധനിത്യഹരിതവനങ്ങള്‍ , ഇലകൊഴിയും ആര്‍ദ്രവനങ്ങള്‍ , ഇലകൊഴിയും വരണ്ടവനങ്ങള്‍ , ചോലവനങ്ങള്‍ , പുല്‍മേടുകള്‍ എന്നിങ്ങനെയും വയനാടിനെ തരം തിരിച്ചിട്ടുണ്ട്. ചെമ്പ്രമല, വെള്ളരിമല, ചന്ദനത്തോട്, ബ്രഹ്മഗിരി മലകള്‍ , കുറിച്യാര്‍മല, ബാണാസുരമല എന്നിവയാണ് ജൈവകലവറയായി നിലനില്‍ക്കുന്നത്.

അപൂര്‍വസസ്യങ്ങളുടെ വംശനാശത്തിന് പലതരത്തിലുള്ള കാരണങ്ങളാണ് കണ്ടെത്തിയിട്ടുള്ളത്. അശാസ്ത്രീയമായ വനപരിപാലനം, വനങ്ങളുടെ തുണ്ടുവല്‍ക്കരണം, വന ചൂഷണം, കാട്ടുതീ, ജലസേചന പദ്ധതികള്‍ തുടങ്ങിയവയെല്ലാം ഇതിലുള്‍പ്പെടുന്നു. അടുത്തകാലത്തായി ഏറ്റവും കൂടുതല്‍ ഭീഷണി ടൂറിസം രംഗത്തുനിന്നാണ്. ടൂറിസം വികസനത്തോടനുബന്ധിച്ച് അശാസ്ത്രീമായി ഉയരുന്ന കെട്ടിടങ്ങളും മറ്റ് നിര്‍മാണ പ്രവൃത്തികളും ജൈവമേഖലക്ക് കനത്ത ഭീഷണിയാണ്. ഇതിന് പുറമെ തോട്ടങ്ങളുടെ തുണ്ടുവല്‍ക്കരണവും ഇതിനെതുടര്‍ന്നുണ്ടാവുന്ന മരംമുറികളും പാരിസ്ഥിതിക പ്രശ്നങ്ങള്‍ ഉയര്‍ത്തുന്നുണ്ട്. മഴ കുറയുന്നതും ചൂട് വര്‍ക്കുന്നതും ജൈവമേഖലയിലെ താളംതെറ്റലുകളുടെ സൂചനയാണ്.

ജില്ലയിലെ മിക്ക ആവാസവ്യവസ്ഥകളിലും അന്യസസ്യ-ജന്തുജനുസുകള്‍ കടന്നുകൂടുന്നത് ഏറ്റവും ഗുരുതരമായ പാരിസ്ഥിതിക പ്രശ്നം സൃഷ്ടിക്കുമെന്ന് പുത്തൂര്‍വയല്‍ എം എസ് സ്വാമിനാഥന്‍ റിസര്‍ച്ച് സെന്ററിലെ ശാസ്ത്രജ്ഞന്‍ ഡോ. എം കെ രതീഷ് നാരായണന്‍ , ഡോ. അനില്‍കുമാര്‍ എന്‍ അനില്‍കുമാര്‍ എന്നിവര്‍ അഭിപ്രായപ്പെടുന്നു. ഒരു പാരിസ്ഥിതിക പ്രശ്നമായി ഈ കടന്നുകയറ്റത്തെ കാണണം. പരസ്പരാശ്രയത്തില്‍ ഇഴചേര്‍ന്നുനില്‍ക്കുന്ന ജീവമണ്ഡലങ്ങളുടെ കണ്ണികള്‍ മുറിയുമ്പോള്‍ ചുരുങ്ങിയ പ്രദേശത്ത്മാത്രം ഒതുങ്ങുന്ന ജനുസുകളെ എന്നേന്നക്കുമായി ഇല്ലാതാക്കിയേക്കുമെന്നാണ് ഇവര്‍ പറയുന്നത്.
(കെ എ അനില്‍കുമാര്‍)

കളങ്കുന്നിലേക്ക് അപൂര്‍വ പക്ഷികള്‍ മടങ്ങിയെത്തുന്നു

പുനലൂര്‍ : ജില്ലയുടെ കിഴക്കന്‍ മേഖലയിലെ വിനോദസഞ്ചാരകേന്ദ്രമായ കളങ്കുന്നിലേക്ക് അത്യപൂര്‍വ പക്ഷികള്‍ മടങ്ങിയെത്തിത്തുടങ്ങി. കളങ്കുന്നില്‍ കല്ലട ജലസേചനപദ്ധതിയുടെ പരപ്പാര്‍ അണക്കെട്ടിന്റെ തീരപ്രദേശങ്ങളിലും ശെന്തുരുണി വന്യജീവിസങ്കേതത്തില്‍ ഉള്‍പ്പെട്ട പ്രദേശങ്ങളിലും നിരീക്ഷണം നടത്തിയ പക്ഷിനിരീക്ഷണ സംഘങ്ങള്‍ നൂറുകണക്കിന് പക്ഷിക്കൂടുകളും മുട്ടകളും കണ്ടെത്തി. തെന്മല മേഖലയില്‍ എണ്ണം കുറഞ്ഞതായി പഠനത്തില്‍ കണ്ടെത്തിയ നിരവധി പക്ഷികളാണ് ഇപ്പോള്‍ മടങ്ങിയെത്തിയത്. ബോട്ടുകളുടെ ഇരമ്പലും വിനോദസഞ്ചാരികളുടെ സാന്നിധ്യവും മൂലമാണ് പക്ഷികള്‍ കൂട്ടത്തോടെ പാലായനം ചെയ്തത്. പുഴയാള, ചെങ്കണ്ണി തിത്തിരി, കരുവിക്കോഴി, വരമ്പന്‍ എന്നീ അപൂര്‍വ പക്ഷികളുടെ കൂടുകളും മുട്ടകളുമാണ് പക്ഷിനിരീക്ഷക സംഘമായ വാര്‍ബ്ലര്‍സ് ആന്‍ഡ് വാഡേര്‍സ് കണ്ടെത്തിയത്. ശുദ്ധജലങ്ങളുടെയും പുഴകളുടെയും തീരത്താണ് കൂട്ടമായി ഇത്തരം പക്ഷികള്‍ മുട്ടയിട്ട് അടയിരിക്കാറുള്ളത്. ശെന്തുരുണി, തെന്മല മേഖലയില്‍ പക്ഷികളുടെ എണ്ണത്തില്‍ കുറെ വര്‍ഷങ്ങളായി വന്‍തോതില്‍ കുറവുണ്ടായിരുന്നു. 2002ല്‍ നടത്തിയ നിരീക്ഷണത്തില്‍ വീണ്ടും ഇവയുടെ സാന്നിധ്യം ധാരാളമായി കണ്ടെത്തി. ഈ കാലയളവില്‍ കളങ്കുന്നിലെ ഉല്ലാസബോട്ട് യാത്ര അധികൃതര്‍ നിര്‍ത്തലാക്കി. എന്നാല്‍ , ബോട്ടിങ് പുനരാരംഭിച്ചതോടെ പക്ഷിക്കൂട്ടങ്ങള്‍ മറ്റിടങ്ങളിലേക്ക് ചേക്കേറി. തേക്കടി ബോട്ട് ദുരന്തമുണ്ടായതോടെയാണ് രണ്ടുവര്‍ഷം മുമ്പ് തെന്മലയിലെ ബോട്ട് സവാരിയും നിര്‍ത്തിയത്.

പാരിസ്ഥിതിക സന്തുലനാവസ്ഥയെ തകിടം മറിക്കുംവിധം വിനോദസഞ്ചാരികളുടെയും യന്ത്രവല്‍ക്കൃത ബോട്ടുകളുടെയും അമിതമായ കടന്നുകയറ്റമുണ്ടായിരുന്ന പ്രദേശത്തുനിന്ന് അത്തരം ബുദ്ധിമുട്ടുകള്‍ ഒഴിവായതോടെയാണ് പക്ഷിക്കൂട്ടങ്ങള്‍ വീണ്ടും തെന്മല ഡാമിനോട് ചേര്‍ന്നുള്ള മണല്‍ക്കൂന്നുകളിലും തുരുത്തുകളിലും ഇടംപിടിച്ച് മുട്ടയിടുന്നതെന്ന് പക്ഷിനിരീക്ഷകനായ സുശാന്ത് പറഞ്ഞു. അണക്കെട്ടിന്റെ ഭാഗത്തെ ഭക്ഷണസമൃദ്ധിയും ഇവയുടെ മടങ്ങിവരവിന് കാരണമായി. 268 അത്യപൂര്‍വ പക്ഷികളെയാണ് തെന്മല ശെന്തുരുണി വനമേഖലയില്‍ നിരീക്ഷകര്‍ കണ്ടെത്തിയിത്. മത്സ്യങ്ങളുടെ പ്രജനനകാലത്ത് കടലില്‍ ട്രോളിങ് നിരോധനം ഏര്‍പ്പെടുത്തുന്നതുപോലെ തെന്മല കളങ്കുന്നില്‍നിന്നുള്ള ബോട്ടിങ്ങിനും നിയന്ത്രണം വേണമെന്നാണ് പ്രകൃതിസ്നേഹികള്‍ ആവശ്യപ്പെടുന്നത്. കളങ്കുന്നിലും പള്ളംവെട്ടി ഭാഗത്തും മാത്രം ബോട്ടിങ് നടത്തിയാലും പക്ഷികളുടെ ആവാസമേഖലയ്ക്ക് തടസ്സം ഉണ്ടാകില്ല. ഫെബ്രുവരി മുതല്‍ മെയ് വരെ ഇടിമുഴക്കാംപാറ ഭാഗത്തേക്കുള്ള ബോട്ടിങ് ഒഴിവാക്കിയാല്‍ മതി. അന്താരാഷ്ട്ര വനവര്‍ഷമായി ആചരിക്കുന്ന ഈ വര്‍ഷം ജില്ലയുടെ കിഴക്കന്‍ വനമേഖലയുടെ സംരക്ഷണത്തിന് പുതിയ പദ്ധതി നടപ്പാക്കുമെന്ന പ്രതീക്ഷയിലാണ് പ്രകൃതിസ്നേഹികള്‍ .
(അരുണ്‍ മണിയാര്‍)

deshabhimani 050611

1 comment:

  1. ഒരു പരിസ്ഥിതി ദിനം കൂടി കടന്നു പോകുമ്പോള്‍ അട്ടപ്പാടിയിലെ പരിസ്ഥിതി സംരക്ഷകരില്‍ ആശങ്കകളുയരുന്നു. മലനിരകളെ പച്ചപുതപ്പിച്ചു നില്‍ക്കുന്ന മഴക്കാടുകള്‍ ഇനി എത്ര കാലം ഉണ്ടാവുമെന്നതാണ് പ്രകൃതി സ്നേഹികള്‍ ഭയക്കുന്നത്. ഭരണമാറ്റത്തോടെ വനം കൊള്ളക്കാരും ഉദ്യോഗസ്ഥ മാഫിയകളും കാടുകള്‍ ലക്ഷ്യമിട്ട് കുരുനീക്കം തുടങ്ങിക്കഴിഞ്ഞു. എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് പരിസ്ഥിതിയ്ക്കുവേണ്ടി വാതോരാതെ പ്രസംഗിക്കുന്ന കപട പരിസ്ഥിതിവാദികളും ഇവര്‍ക്കൊപ്പമുണ്ട്. ഇടതുപക്ഷ പ്രവര്‍ത്തകരും എല്‍ഡിഎഫ് സര്‍ക്കാറുകളും അട്ടപ്പാടിയിലെ പരിസ്ഥിതി സംരക്ഷണത്തില്‍ ഏറെ ജാഗ്രത കാണിച്ചിരുന്നു. അതിന്റെ ഫലമാണ് മൊട്ടക്കുന്നുകളില്‍ മരം വളര്‍ന്ന് കാടായിമാറിയത്. ലക്ഷക്കണക്കിന് തൊഴിലാളികളുടെ അധ്വാനമാണ് ഈ മാറ്റത്തിനിടയാക്കിയത്. കാടിന്റെ മക്കളും വനസമ്പത്ത് സംരക്ഷിക്കാന്‍ മുന്നോട്ട് വന്നു. ഇതെല്ലാം നഷ്ടമാകുമോ എന്നാണ് പ്രകൃതി സ്നേഹികള്‍ ഭയക്കുന്നത്.

    ReplyDelete