സ്വാശ്രയ മെഡിക്കല്‍ കോളേജുകളിലെ 50 ശതമാനം പിജി സീറ്റ് ഏറ്റെടുത്ത് സര്‍ക്കാര്‍ പുറപ്പെടുവിച്ച ഉത്തരവ് നിയമക്കുരുക്കിലേക്ക്. സര്‍ക്കാരുമായി ഒത്തുകളിച്ച് മിക്ക മാനേജ്മെന്റുകളും സ്വന്തം നിലയ്ക്ക് പ്രവേശനം നടത്തിയതിനാല്‍ ഉത്തരവ് നടപ്പാക്കുന്നത് നിയമപ്രശ്നമായി മാറുകയാണ്. പ്രവേശനത്തില്‍ മാറ്റം വരുത്തുന്ന പ്രശ്നമില്ലെന്ന് മാനേജ്മെന്റുകള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ക്രിസ്ത്യന്‍ മാനേജ്മെന്റുകളുമായി ഒത്തുകളിച്ച് ധനമന്ത്രി കെ എം മാണിയും സബ്കമ്മിറ്റി അംഗങ്ങളായ മറ്റു മന്ത്രിമാരും നടത്തിയ ഗൂഢാലോചനയാണ്, കോടതിയില്‍ തോല്‍ക്കാന്‍ പാകത്തിലുള്ള സര്‍ക്കാര്‍ ഉത്തരവിന് പിന്നിലെന്ന് ആക്ഷേപമുണ്ട്. മെയ് 31നകം പ്രവേശനം പൂര്‍ത്തിയാക്കണമെന്ന മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെയും (എംസിഐ) സുപ്രീംകോടതിയുടെയും ഉത്തരവ് നടപ്പാക്കുന്നതില്‍ സംസ്ഥാന സര്‍ക്കാര്‍ വീഴ്ച വരുത്തിയതിനെത്തുടര്‍ന്നാണ് മാനേജ്മെന്റുകള്‍ സ്വന്തം നിലയില്‍ പ്രവേശനം നടത്തിയത്. ഇതിനെതിരെ ഏതാനും വിദ്യാര്‍ഥികള്‍ കോടതിയില്‍ പോയപ്പോള്‍ മാനേജുമെന്റുകളുടെ പ്രവേശനം തടഞ്ഞ് തല്‍സ്ഥിതി തുടരാന്‍ ഹൈക്കോടതി ഇടക്കാല ഉത്തരവിട്ടിരുന്നു. ഇതോടെ, മാനേജ്മെന്റ് പ്രവേശനം ഹൈക്കോടതി തടഞ്ഞുവെന്ന് പ്രചരിപ്പിച്ച് സര്‍ക്കാര്‍ തുടര്‍നടപടി അവസാനിപ്പിച്ചു. മാനേജ്മെന്റ് പ്രതിനിധികളുമായി മന്ത്രിസഭാ ഉപസമിതി ചര്‍ച്ച നടത്തിയപ്പോള്‍ കോടതി തീരുമാനമനുസരിച്ച് തുടര്‍നടപടി എടുക്കാമെന്നും അറിയിച്ചു. സുപ്രീംകോടതിയെ സമീപിച്ച് മെറിറ്റ് ക്വാട്ട പുനഃസ്ഥാപിക്കുമെന്നാണ് ആരോഗ്യമന്ത്രി അടൂര്‍ പ്രകാശ് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചിരുന്നത്. എന്നാല്‍ , കോടതിയെയൊന്നും സമീപിക്കാതെയാണ് സീറ്റ് ഏറ്റെടുത്ത് സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിച്ചത്. ഇത് ഹൈക്കോടതിയില്‍ നിലനില്‍ക്കുന്ന കേസില്‍ മാനേജ്മെന്റുകള്‍ക്ക് അനുകൂലസാഹചര്യം സൃഷ്ടിക്കും. കോടതി തല്‍സ്ഥിതി തുടരാന്‍ പറഞ്ഞ കേസില്‍ സര്‍ക്കാര്‍ ഏകപക്ഷീയമായി ഉത്തരവിറക്കിയതിനാലാണിത്.
എംസിഐ മെയ് 24ന് പുറപ്പെടുവിച്ച ഉത്തരവില്‍ സ്വാശ്രയ കോളേജുകളിലെ പ്രവേശനം മെയ് 31നകം പൂര്‍ത്തിയാക്കാന്‍ കര്‍ശനമായ നിര്‍ദേശവും നല്‍കിയിരുന്നു. ഈനിര്‍ദേശത്തില്‍ ഇളവ്ചെയ്യാനും സമയം നീട്ടിക്കിട്ടാനും എംസിഐയെ സമീപിക്കാനും സര്‍ക്കാര്‍ ശ്രമിച്ചില്ല. അഖിലേന്ത്യാ ക്വാട്ടയുമായി ബന്ധപ്പെട്ട് ഗവ. മെഡിക്കല്‍ കോളേജുകളിലെ പ്രവേശനം ജൂണ്‍ 31വരെ നീട്ടിയ ഉത്തരവ് സ്വാശ്രയ കോളേജുകള്‍ക്ക് ബാധകമാക്കണമെന്ന് കാണിച്ച് സുപ്രീംകോടതിയെ സമീപിക്കാന്‍ അവസരമുണ്ടായിട്ടും സര്‍ക്കാര്‍ അതിന് ശ്രമിച്ചില്ല. ഇതൊന്നും ചെയ്യാതെ നിശ്ചിത സമയ പരിധി കഴിഞ്ഞ ശേഷം നടപടിക്രമം പാലിക്കാതെയുള്ള സര്‍ക്കാര്‍ ഉത്തരവ് മാനേജ്മെന്റുകള്‍ക്ക് നിയമനടപടികള്‍ എളുപ്പമാക്കാനേ ഉപകരിക്കൂ. മന്ത്രിസഭാ ഉപസമിതിയെ നിയന്ത്രിക്കുന്ന ധനമന്ത്രി കെ എം മാണിയാണ് ഈ ഗൂഢാലോചനയുടെ സൂത്രധാരന്‍ . ക്രിസ്ത്യന്‍ മാനേജ്മെന്റുകളെ സഹായിക്കാനുള്ള ഈ തന്ത്രത്തിന് ആരോഗ്യമന്ത്രി അടൂര്‍ പ്രകാശും വിദ്യാഭ്യാസമന്ത്രി പി കെ അബ്ദുറബ്ബും കൂട്ടുനിന്നു. 10 സ്വാശ്രയ മെഡിക്കല്‍ കോളേജിലായി 131 പിജി ഡിഗ്രി സീറ്റും 16 പിജി ഡിപ്ലോമ സീറ്റുമാണുള്ളത്. ഇതില്‍ 62 ഡിഗ്രി സീറ്റും എട്ടു ഡിപ്ലോമ സീറ്റും സര്‍ക്കാരിന് അവകാശപ്പെട്ടതായിരുന്നു. ഇതാണ് കോടികളുടെ കച്ചവടം നടത്താന്‍ മാനേജ്മെന്റുകള്‍ക്ക് വിട്ടുകൊടുത്തത്. രണ്ട് മന്ത്രിമാരും അവരുടെ മക്കള്‍ക്കുവേണ്ടി ഈ കച്ചവടത്തില്‍ പങ്കാളികളായി.
അമൃതയില്‍ എല്ലാ സീറ്റും മാനേജ്മെന്റിന്; ഉത്തരവാദി കേന്ദ്രം
കൊച്ചിയിലെ അമൃത ഇന്‍സ്റ്റിറ്റ്യൂട്ട് മെഡിക്കല്‍ സയന്‍സസിലെ പിജി കോഴ്സിലേക്കുള്ള എല്ലാ സീറ്റും മാനേജ്മെന്റ് തട്ടിയെടുക്കുന്നതിന്റെ ഉത്തരവാദിത്തം കേന്ദ്രസര്‍ക്കാരിന്. അമൃത ഇന്‍സ്റ്റിറ്റ്യൂട്ട് കല്‍പ്പിത സര്‍വകലാശാലയായാണ് പ്രവര്‍ത്തിക്കുന്നത്. മെഡിക്കല്‍ പിജി നിയന്ത്രണം സംബന്ധിച്ച് എംസിഐ പുറപ്പെടുവിച്ച ഉത്തരവിലെ ഒമ്പതാം വ്യവസ്ഥപ്രകാരം സര്‍ക്കാരേതര സ്ഥാപനങ്ങള്‍ നടത്തുന്ന സ്ഥാപനങ്ങളിലെ 50 ശതമാനം സീറ്റില്‍ സര്‍ക്കാര്‍ ക്വാട്ടയില്‍നിന്ന് പ്രവേശനം നല്‍കണം. എന്നാല്‍ , ഈ വ്യവസ്ഥയില്‍ കല്‍പ്പിത സര്‍വകലാശാലകളെക്കുറിച്ച് പറയുന്നില്ല. കൂടാതെ, യൂണിവേഴ്സിറ്റി ഗ്രാന്റ്സ് കമീഷന്റെ നേരിട്ടുള്ള നിയന്ത്രണത്തിലാണ് കല്‍പ്പിത സര്‍വകലാശാലകള്‍ . യുജിസി ചട്ടപ്രകാരം അഖിലേന്ത്യാപരീക്ഷ നടത്തി വേണം പ്രവേശനംനടത്താന്‍ . ഇങ്ങനെ നടത്തുന്ന പരീക്ഷ സുതാര്യമാണോ എന്നതുള്‍പ്പെടെ പരിശോധിക്കേണ്ടത് യുജിസിയാണ്. കൂടാതെ, 50 ശതമാനം സീറ്റ് സര്‍ക്കാര്‍ ക്വാട്ടയില്‍നിന്ന് പ്രവേശിപ്പിക്കണമെന്ന വ്യവസ്ഥ ഉണ്ടാക്കേണ്ടതും യുജിസിയാണ്.
രാജ്യത്ത് കല്‍പ്പിത സര്‍വകലാശാലകള്‍ വ്യാപകമായ സാഹചര്യത്തില്‍ കേന്ദ്രസര്‍ക്കാരും ഇത് സംബന്ധിച്ച വ്യവസ്ഥ പുറപ്പെടുവിക്കേണ്ടതായിരുന്നു. അതും ചെയ്തില്ല. ഈ സാഹചര്യമാണ് അമൃത ഉള്‍പ്പെടെയുള്ള കല്‍പ്പിത സര്‍വകലാശാലകള്‍ മുതലെടുത്ത് കോടികള്‍ ചെയ്യുന്നത്. പ്രവേശനവും പരീക്ഷയും ഫീസും ഉള്‍പ്പെടെ ഒരുകാര്യത്തിലും സംസ്ഥാന സര്‍ക്കാരിന് ഒരു നിയന്ത്രണവുമില്ല. എങ്കിലും നിരവധി തവണ 50 ശതമാനം സീറ്റില്‍ സംസ്ഥാന സര്‍ക്കാര്‍ ക്വാട്ടയില്‍നിന്നും പ്രവേശനം നടത്തണമെന്ന് എല്‍ഡിഎഫ് സര്‍ക്കാര്‍ രേഖാമൂലം ആവശ്യപ്പെട്ടിരുന്നു. കൂടാതെ, ഇക്കാര്യം കേന്ദ്രസര്‍ക്കാരിനെയും യുജിസിയേയും എംസിഐയേയും അറിയിച്ചിട്ടും പ്രയോജനമുണ്ടായില്ല.
deshabhimani 120611
സ്വാശ്രയ മെഡിക്കല്‍ കോളേജുകളിലെ 50 ശതമാനം പിജി സീറ്റ് ഏറ്റെടുത്ത് സര്‍ക്കാര്‍ പുറപ്പെടുവിച്ച ഉത്തരവ് നിയമക്കുരുക്കിലേക്ക്. സര്‍ക്കാരുമായി ഒത്തുകളിച്ച് മിക്ക മാനേജ്മെന്റുകളും സ്വന്തം നിലയ്ക്ക് പ്രവേശനം നടത്തിയതിനാല്‍ ഉത്തരവ് നടപ്പാക്കുന്നത് നിയമപ്രശ്നമായി മാറുകയാണ്. പ്രവേശനത്തില്‍ മാറ്റം വരുത്തുന്ന പ്രശ്നമില്ലെന്ന് മാനേജ്മെന്റുകള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ക്രിസ്ത്യന്‍ മാനേജ്മെന്റുകളുമായി ഒത്തുകളിച്ച് ധനമന്ത്രി കെ എം മാണിയും സബ്കമ്മിറ്റി അംഗങ്ങളായ മറ്റു മന്ത്രിമാരും നടത്തിയ ഗൂഢാലോചനയാണ്, കോടതിയില്‍ തോല്‍ക്കാന്‍ പാകത്തിലുള്ള സര്‍ക്കാര്‍ ഉത്തരവിന് പിന്നിലെന്ന് ആക്ഷേപമുണ്ട്.
ReplyDelete