Sunday, June 19, 2011

മന്ത്രിയുടെ പരിവാരങ്ങള്‍ കുട്ടികളെ "ശ്വാസം മുട്ടിച്ചു"

അമോണിയ വാതകച്ചോര്‍ച്ച തെളിയുന്നത് അധികൃതരുടെ അനാസ്ഥ

പത്തനംതിട്ട: അമോണിയ വാതകം ചോര്‍ന്ന് വിദ്യാര്‍ഥികളടക്കം നിരവധി യാത്രക്കാര്‍ ആശുപത്രിയിലാകാനിടയായ സംഭവം കാണിക്കുന്നത് അധികൃതരുടെ അനാസ്ഥ. ഇത്തരം വിഷവാതകങ്ങള്‍ കൊണ്ടു പോകുന്നതിന് കൃത്യമായ നിബന്ധനകള്‍ ഉണ്ടെങ്കിലും ഇത് പാലിക്കുന്നുണ്ടോ എന്ന് പരിശോധിക്കാന്‍ അധികൃതര്‍ തയ്യാറാകാറില്ല. വലിയ സംഭവങ്ങള്‍ ഉണ്ടായാല്‍ മാത്രമേ കണ്ണ് തുറക്കൂ എന്ന നിലപാടിലാണ് നിയമപാലകര്‍ . സംഭവത്തില്‍ മൂന്ന് പേരെ അറസ്റ്റു ചെയ്തിട്ടുണ്ട്. വിഷാംശം കലര്‍ന്ന വാതകം അനുമതിയില്ലാതെ കടത്തിയതിനും ജീവഹാനിയുണ്ടാക്കുന്ന തരത്തില്‍ ജാഗ്രതയില്ലാതെ കൊണ്ടുപോയതിനുമാണ് കേസ്. എന്നാല്‍ ഇതൊന്നും മുന്‍കൂട്ടി കണ്ടെത്താന്‍ കഴിയാത്തത് ജനങ്ങളില്‍ പ്രതിഷേധത്തിനിടയാക്കി.

കുട്ടികള്‍ ആശുപത്രിയിലായ വാര്‍ത്തയായതോടെ ശനിയാഴ്ച രാവിലെ തന്നെ രക്ഷകര്‍ത്താക്കളും നാട്ടുകാരും പരിഭ്രാന്തിയിലായി. താഴൂര്‍ കടവ് വാഴമുട്ടം യുപി സ്കൂളിന് സമീപം ശനിയാഴ്ച രാവിലെ ഒമ്പതോടെയാണ് ലോറിയില്‍ കൊണ്ടു പോയ അമോണിയ വാതകം ചോര്‍ന്ന് പിന്നാലെ വന്ന സ്വകാര്യബസിലെ സ്കൂള്‍ കുട്ടികളുള്‍പ്പെടെയുള്ള യാത്രക്കാര്‍ക്ക് ശ്വാസതടസവും ബോധക്ഷയവുമുണ്ടായത്. തുടക്കത്തില്‍ ഏഴുപേരെയാണ് ആശുപത്രിയില്‍ എത്തിച്ചത്. എന്നാല്‍ പകല്‍ 12വരെയും കുട്ടികളുമായി വാഹനങ്ങള്‍ ആശുപത്രി മുറ്റത്തെത്തിയതോടെ കൂടി നിന്നവരെ ആശങ്കിയിലാക്കി. സ്കൂളിലെത്തിയ ശേഷം തളര്‍ച്ചയും ബോധക്ഷയവും കൂടിയതിനെ തുടര്‍ന്നാണ് മറ്റുള്ളവരെ കൊണ്ടുവന്നത്. വിവരമറിഞ്ഞെത്തിയവരുടെ തിരക്ക് ചികിത്സ നല്‍കുന്നതിനെയും ബാധിച്ചു.

24 പേരാണ് ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലുള്ളത്. മൂന്ന് പേരെ പത്തനംതിട്ട സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. പത്തനംതിട്ടയിലെ റബര്‍കറ സംഭരണശാലയിലേക്ക് കൊണ്ടുവന്ന അമോണിയം വാതകമാണ് ചോര്‍ന്നത്. ബസിനെ മറികടന്ന ലോറിയിലെ വീപ്പയ്ക്ക് ചോര്‍ച്ചയുണ്ടായതിനെ തുടര്‍ന്ന് ബസിനുള്ളിലേക്ക് വാതകം വ്യാപിച്ചു. തുടര്‍ന്ന് തളര്‍ച്ച നേരിട്ട ഡ്രൈവര്‍ ബസ് നിര്‍ത്തി. ശ്വാസ തടസം രൂക്ഷമായതോടെ യാത്രക്കാര്‍ പുറത്തിറങ്ങുകയായിരുന്നു. സംഭവത്തെ തുടര്‍ന്ന് നിര്‍ത്താതെ പോയ ലോറി ചെന്നീര്‍ക്കര ഊന്നുകല്ലിനു സമീപം സിഐ ഡി രാധാകൃഷ്ണപിള്ള, ജൂനിയര്‍ എസ്ഐ പ്രേംകുമാര്‍ എന്നിവരുടെ നേതൃത്വത്തില്‍ പൊലീസ് പടികൂടി.

മന്ത്രിയുടെ പരിവാരങ്ങള്‍ കുട്ടികളെ "ശ്വാസം മുട്ടിച്ചു"

പത്തനംതിട്ട: അമോണിയ ചോര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച വിദ്യാര്‍ഥികളുടെ ശ്വാസംമുട്ടല്‍ പരിവാരങ്ങളോടെ എത്തിയ മന്ത്രിയുടെ സന്ദര്‍ശനത്തോടെ ഏറി. പരിമിതികളേറെയുള്ള അത്യാഹിത വിഭാഗത്തില്‍ മന്ത്രിയോടൊപ്പം കോണ്‍ഗ്രസുകാര്‍ ഇരച്ചു കയറിയതാണ് പ്രശ്നം. ശനിയാഴ്ച രാവിലെ ഒമ്പതോടെ താഴൂര്‍ക്കടവിലാണ് അപകടം. ലോറിയില്‍ കൊണ്ടു പോകുകയായിരുന്ന അമോണിയ ബാരല്‍ പൊട്ടി ചോര്‍ന്ന വാതകം ശ്വസിക്കാനിടയായ കുട്ടികളെയാണ് ശ്വാസം മുട്ടല്‍ കാരണം പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

സംഭവമറിഞ്ഞ് പതിനൊന്നരയോടെയാണ് മന്ത്രി അടൂര്‍ പ്രകാശ് ആശുപത്രിയിലെത്തിയത്. വിദ്യാര്‍ഥികളെ പ്രവേശിപ്പിച്ച അത്യാഹിത വിഭാഗത്തിലേക്ക് മന്ത്രി പോയതോടെ ആന്റോ ആന്റണി എംപി, ശിവദാസന്‍ നായര്‍ എംഎല്‍എ, നഗരസഭാ ചെയര്‍മാന്‍ അഡ്വ. സുരേഷ് കുമാര്‍ , ഡിസിസി പ്രസിഡന്റ് മോഹന്‍രാജ്്, കോണ്‍ഗ്രസ് കൗണ്‍സിലര്‍മാര്‍ , പ്രവര്‍ത്തകര്‍ എല്ലാം അത്യാഹിത വിഭാഗത്തിലേക്ക് തള്ളിക്കയറി. ഒരു കുട്ടിയുടെ അടുത്ത് മന്ത്രി നിന്നതോടെ പരിവാരങ്ങളും ചുറ്റിലുമായി നിലയുറപ്പിച്ചു. കോണ്‍ഗ്രസ് സമ്മേളനവേദികളില്‍ കാണാറുള്ളതുപോലെ തിക്കും തിരക്കും. ഇതോടെ കുട്ടിക്ക് അസ്വസ്ഥതയുമേറി. നേരത്തെ കുട്ടികളെ സന്ദര്‍ശിച്ച കൗണ്‍സിലര്‍മാരുള്‍പ്പെടെ ജനപ്രതിനിധികള്‍ മന്ത്രിക്കൊപ്പം വീണ്ടും അത്യാഹിത വിഭാഗത്തില്‍ കയറി. നേതാക്കളോട് എന്തുപറയണമെന്നറിയാതെ ആശുപത്രി അധികൃതരും വീര്‍പ്പ് മുട്ടി. ഇവര്‍ പോയതോടെയാണ് കുട്ടികള്‍ക്ക് ശ്വാസം നേരെ വീണത്.

ദേശാഭിമാനി 190611

1 comment:

  1. അമോണിയ ചോര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച വിദ്യാര്‍ഥികളുടെ ശ്വാസംമുട്ടല്‍ പരിവാരങ്ങളോടെ എത്തിയ മന്ത്രിയുടെ സന്ദര്‍ശനത്തോടെ ഏറി. പരിമിതികളേറെയുള്ള അത്യാഹിത വിഭാഗത്തില്‍ മന്ത്രിയോടൊപ്പം കോണ്‍ഗ്രസുകാര്‍ ഇരച്ചു കയറിയതാണ് പ്രശ്നം. ശനിയാഴ്ച രാവിലെ ഒമ്പതോടെ താഴൂര്‍ക്കടവിലാണ് അപകടം. ലോറിയില്‍ കൊണ്ടു പോകുകയായിരുന്ന അമോണിയ ബാരല്‍ പൊട്ടി ചോര്‍ന്ന വാതകം ശ്വസിക്കാനിടയായ കുട്ടികളെയാണ് ശ്വാസം മുട്ടല്‍ കാരണം പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

    ReplyDelete