Sunday, June 19, 2011

പാഞ്ഞാള്‍ അതിരാത്രം: അവകാശവാദങ്ങള്‍ ശാസ്‌ത്രവിരുദ്ധം

പാഞ്ഞാളില്‍ നടത്തിയ അതിരാത്ര യാഗത്തിന്റെ ഫലത്തെ സംബന്ധിച്ച്‌ അശാസ്‌ത്രീയമായ അവകാശവാദങ്ങളാണ്‌ പുറത്തുവരുന്നതെന്ന്‌ യാഗപരിസരം സന്ദര്‍ശിച്ച്‌ പഠനം നടത്തിയ ശാസ്‌ത്രസംഘം വിലയിരുത്തി. കേരള യുക്തിവാദി സംഘത്തിന്റെ നേതൃത്വത്തില്‍ 11 ശാസ്‌ത്രപണ്ഡിതരും സംഘം നേതാക്കളായ അഞ്ചുപേരുമാണ്‌ പഠനം നടത്തിയത്‌. വെള്ളിയാഴ്‌ച രാവിലെ 9.30 മുതല്‍ 11.30 വരെ സംഘം യാഗപരിസരത്തെ ഒട്ടേറെ പേരെ കണ്ട്‌ വസ്‌തുതകള്‍ ചോദിച്ചറിയുകയും ചെയ്‌തു.

യാഗഫലമായി കാര്‍ഷിക വളര്‍ച്ച മെച്ചപ്പെട്ടുവെന്ന ഡോ. വി പി എന്‍ നമ്പൂതിരി എന്ന ശാസ്‌ത്രജ്ഞന്റെ അവകാശവാദം തെറ്റാണെന്ന്‌ നാട്ടുകാര്‍ സംഘത്തോട്‌ വിശദീകരിച്ചു. യാഗം നടത്തിയ വയലില്‍ നേരത്തെ മൂന്നു വിള കൃഷി നടത്തിയിരുന്നു. എന്നാല്‍ ഇത്തവണ വിത്തിറക്കുകപോലുമുണ്ടായിട്ടില്ല.

മൊത്തത്തില്‍ കാര്‍ഷികരംഗത്ത്‌ സ്‌തംഭനാവസ്ഥയാണെന്ന്‌ കര്‍ഷകരടക്കമുള്ള ജനങ്ങള്‍ സംഘത്തോട്‌ വിശദീകരിച്ചു. മാത്രമല്ല, യാഗശാല നിര്‍മാണം മഴമൂലം തടസ്സപ്പെടുകയും ചെയ്‌തു. മഴയാകട്ടെ യാഗഫലമായിരുന്നില്ല. യാഗഫലമായി വായു, ജലം, മണ്ണ്‌ എന്നിവ ശുദ്ധമായി എന്ന വാദവും ശാസ്‌ത്രീയമായിരുന്നില്ല. യാഗപരിസരത്തുള്ള അമ്പലക്കുളത്തിലെ ജലം ശുദ്ധമായെന്നാണ്‌ യാഗാനുകൂലികള്‍ പറയുന്നത്‌. എന്നാല്‍ പാഞ്ഞാള്‍ പഞ്ചായത്ത്‌ തൊഴിലുറപ്പ്‌ പദ്ധതി പ്രകാരം 2010 നവംബര്‍ ഒമ്പതിനു മുമ്പ്‌ അമ്പലക്കുളം ശുദ്ധീകരിച്ചിരുന്നു. ഇതിനായി 1,23,540 രൂപ ചെലവാക്കുകയും ചെയ്‌തതായി സ്ഥലവാസിയായ എന്‍ എസ്‌ ജെയിംസ്‌ പറഞ്ഞു. ഇക്കാര്യം പഞ്ചായത്ത്‌ സെക്രട്ടറി സ്ഥിരീകരിച്ചതായും സംഘം വ്യക്തമാക്കി.
യാഗത്തിന്റെ ഫലമായി സസ്യവളര്‍ച്ച കൂടുകയോ വിത്ത്‌ മുളയ്‌ക്കല്‍ ത്വരിതപ്പെടുകയോ ഉറക്കത്തില്‍ മാറ്റമോ ആരോഗ്യത്തില്‍ മാറ്റമോ അനുഭവപ്പെട്ടിട്ടില്ലെന്ന്‌ അന്തര്‍ജനങ്ങളായ ഗൗരി(78), സ്‌മിത(38) എന്നിവര്‍ പറഞ്ഞു. ഇക്കാര്യം ശരിയാണെന്ന്‌ പഞ്ചായത്ത്‌ പ്രസിഡന്റും മുന്‍ പഞ്ചായത്ത്‌ പ്രസിഡന്റും വ്യക്തമാക്കി.

യാഗമന്ത്രത്തില്‍ നിന്നുള്ള വൈബ്രേഷന്‍സാണ്‌ വിത്തു മുളയ്‌ക്കാന്‍ കാരണമെങ്കില്‍ പടിഞ്ഞാറ്‌ ഭാഗത്തെ വിത്തു മാത്രം 2000 ഇരട്ടി വേഗത്തില്‍ മുളച്ചതെങ്ങനെ എന്നാണ്‌ സംശയം. സമാനകമ്പനങ്ങള്‍ സമാനഗുണങ്ങളേ ഉല്‌പാദിപ്പിക്കൂ എന്നും ഡോ. വി പി എന്‍ നമ്പൂതിരിയുടെ അവകാശവാദം അശാസ്‌ത്രീയമാണെന്നും സംസ്ഥാന സര്‍ക്കാര്‍ വിജ്ഞാനകോശം ഡയറക്‌ടര്‍ ഡോ കെ പാപ്പുട്ടി പറഞ്ഞു.

പ്രവര്‍ഗ്യത്തിലെ തീനാളങ്ങളുടെ തീവ്രത ലേസര്‍ രശ്‌മികളുടേതുപോലെ അപൂര്‍വമായ താപനില രേഖപ്പെടുത്തിയെന്നും യാഗശാലയുടെ ശുദ്ധിക്ക്‌ തെളിവായി ഹൈഡ്രജന്‍ കണ്ടെത്തിയെന്നും പരാമര്‍ശമുണ്ടായി.

യാഗസ്ഥലത്ത്‌ പരിശോധന നടത്തിയ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട്‌ ഓഫ്‌ അസ്‌ട്രോഫിസിക്‌സിലെ പ്രഫ സക്‌സേന ഇങ്ങനെ പറഞ്ഞെന്നാണ്‌ യാഗവക്താക്കള്‍ പ്രചരിപ്പിച്ചത്‌. എന്നാല്‍ ഇക്കാര്യത്തില്‍ സംശയം തോന്നിയ ശ്രീചിത്തിര ഇന്‍സ്റ്റിറ്റിയൂട്ടിലെ ശാസ്‌ത്രജ്ഞന്‍ ഡോ. മനോജ്‌ കോമത്ത്‌ പ്രഫ. സക്‌സേനയോട്‌ നേരിട്ട്‌ എഴുതി ചോദിച്ചപ്പോള്‍ അത്തരത്തിലുള്ള നിരീക്ഷണം നടത്തിയിട്ടില്ലെന്നും ഹൈഡ്രജന്റെ വികിരണങ്ങള്‍ ദര്‍ശിച്ചിട്ടില്ലെന്നുമായിരുന്നു അദ്ദേഹത്തിന്റെ മറുപടി. അത്‌ മറ്റാരെങ്കിലും കൂട്ടിച്ചേര്‍ത്തതാകാമെന്നും സക്‌സേന വ്യക്തമാക്കി.

ദുരാചാരമായി ഭാരതത്തെ വേട്ടയാടിയിരുന്ന യാഗങ്ങള്‍ പുനരുദ്ധരിക്കാനുള്ള ചിലരുടെ കുത്സിത ശ്രമങ്ങള്‍ക്ക്‌ ശാസ്‌ത്രത്തിന്റെ മേലങ്കി അണിയിക്കാനുള്ള പ്രചാരണമാണിതെന്ന്‌ യുക്തിവാദിസംഘം പ്രസിഡന്റ്‌ യു കലാനാഥന്‍ പറഞ്ഞു.

വികലമായ പരീക്ഷണങ്ങള്‍ നടത്തി അതിന്റെ ഫലങ്ങള്‍ ഊതിപ്പെരുപ്പിച്ചു യാഗത്തിനു ഗുണഫലങ്ങള്‍ ഉണ്ടെന്ന്‌ വരുത്തിത്തീര്‍ക്കാനുള്ള ഹീനമായ ശ്രമമാണ്‌ പാഞ്ഞാള്‍ അതിരാത്രത്തോടനുബന്ധിച്ച്‌ നടന്നതെന്ന്‌ പ്രഫ. കെ പാപ്പുട്ടി, ഡോ കെ പി അരവിന്ദന്‍ (ആലപ്പുഴ മെഡി. കോളജ്‌), ഡോ. എസ്‌ ശങ്കര്‍(ശാസ്‌ത്രജ്ഞന്‍ കെ എഫ്‌ ആര്‍ ഐ പീച്ചി), യു കലാനാഥന്‍, ഡോ. സി പി രാജേന്ദ്രന്‍ (ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട്‌ ഓഫ്‌ സയന്‍സ്‌ ബാംഗ്ലൂര്‍), ഡോ. എന്‍ ശങ്കരനാരായണന്‍ (മുന്‍ ശാസ്‌ത്രജ്ഞന്‍, ബാബ ആറ്റമിക്‌ റിസര്‍ച്ച്‌ സെന്റര്‍, മുംബൈ), ഡോ മനോജ്‌ കോമത്ത്‌, ഡോ. കെ ആര്‍ വാസുദേവന്‍ (ചെയര്‍മാന്‍, കോവൂര്‍ ട്രസ്റ്റ്‌), ഡോ. സി രാമചന്ദ്രന്‍ (മുന്‍ ശാസ്‌ത്രജ്ഞന്‍ ഐ എസ്‌ ആര്‍ ഒ), ഡോ. പി കെ നാരായണന്‍ (മനശ്ശാസ്‌ത്രജ്ഞന്‍), ഡോ. പി ടി രാമചന്ദ്രന്‍ (കോഴിക്കോട്‌ സര്‍വകലാശാല), പ്രഫ. സി രവിചന്ദ്രന്‍ (യൂണിവേഴ്‌സിറ്റി കോളജ്‌, തിരുവനന്തപുരം), ഡോ. ടി വി സജീവ്‌ (ശാസ്‌ത്രജ്ഞന്‍ കെ എഫ്‌ ആര്‍ ഐ പീച്ചി), അഡ്വ. കെ എന്‍ അനില്‍കുമാര്‍ (ജന. സെക്രട്ടറി യുക്തിവാദിസംഘം), ഇരിങ്ങല്‍ കൃഷ്‌ണന്‍ (യുക്തിവാദിസംഘം), കെ പി ശബരിഗിരീഷ്‌ (പവനന്‍ ഇന്‍സ്റ്റിറ്റിയൂട്ട്‌ ഫോര്‍ സെക്കുലര്‍ സ്റ്റഡീസ്‌), ടി കെ ശശിധരന്‍ (യുക്തിവാദിസംഘം) എന്നിവര്‍ പറഞ്ഞു.

ജനയുഗം 190611

1 comment:

  1. പാഞ്ഞാളില്‍ നടത്തിയ അതിരാത്ര യാഗത്തിന്റെ ഫലത്തെ സംബന്ധിച്ച്‌ അശാസ്‌ത്രീയമായ അവകാശവാദങ്ങളാണ്‌ പുറത്തുവരുന്നതെന്ന്‌ യാഗപരിസരം സന്ദര്‍ശിച്ച്‌ പഠനം നടത്തിയ ശാസ്‌ത്രസംഘം വിലയിരുത്തി. കേരള യുക്തിവാദി സംഘത്തിന്റെ നേതൃത്വത്തില്‍ 11 ശാസ്‌ത്രപണ്ഡിതരും സംഘം നേതാക്കളായ അഞ്ചുപേരുമാണ്‌ പഠനം നടത്തിയത്‌. വെള്ളിയാഴ്‌ച രാവിലെ 9.30 മുതല്‍ 11.30 വരെ സംഘം യാഗപരിസരത്തെ ഒട്ടേറെ പേരെ കണ്ട്‌ വസ്‌തുതകള്‍ ചോദിച്ചറിയുകയും ചെയ്‌തു.

    യാഗഫലമായി കാര്‍ഷിക വളര്‍ച്ച മെച്ചപ്പെട്ടുവെന്ന ഡോ. വി പി എന്‍ നമ്പൂതിരി എന്ന ശാസ്‌ത്രജ്ഞന്റെ അവകാശവാദം തെറ്റാണെന്ന്‌ നാട്ടുകാര്‍ സംഘത്തോട്‌ വിശദീകരിച്ചു. യാഗം നടത്തിയ വയലില്‍ നേരത്തെ മൂന്നു വിള കൃഷി നടത്തിയിരുന്നു. എന്നാല്‍ ഇത്തവണ വിത്തിറക്കുകപോലുമുണ്ടായിട്ടില്ല.

    ReplyDelete