Tuesday, June 21, 2011

ജെസിടി ഫുട്‌ബോള്‍ ക്ലബ് ചരിത്രത്തിലേക്ക് വഴിമാറുന്നു

ഫഗ്വാര: മുന്‍ ദേശീയചാമ്പ്യന്‍മാരായ ജെസിടി ഫുട്ബോള്‍ ക്ലബ് പിരിച്ചുവിടാന്‍ ഉടമകളായ ജഗത്ജിത് കോട്ടണ്‍ ആന്‍ഡ് ടെക്സ്റ്റൈല്‍ മില്‍സ് തീരുമാനിച്ചു. നാലു ദശാബ്ദക്കാലം ഇന്ത്യന്‍ ഫുട്ബോളില്‍ സജീവമായിരുന്ന ടീമാണ് ഇതോടെ ഇല്ലാതാകുന്നത്. രാജ്യത്ത് ഫുട്ബോളിലുള്ള പൊതുജനതാല്‍പ്പര്യം കുറഞ്ഞുവരുന്ന സാഹചര്യത്തില്‍ ക്ലബ് നിലനിര്‍ത്തുക ദുഷ്കരമാണെന്ന് ചൂണ്ടിക്കാട്ടിയാണ് പിരിച്ചുവിടല്‍ . കഴിഞ്ഞവര്‍ഷം മഹീന്ദ്ര യുണൈറ്റഡ് ക്ലബ്ബും ഇതേ കാരണംപറഞ്ഞ് പിരിച്ചുവിട്ടിരുന്നു.

കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി പ്രതിസന്ധിയെ നേരിടുകയായിരുന്നു ജെസിടി എഫ്സി. നടപ്പുസീസണില്‍ ദേശീയ ഐ ലീഗിന്റെ ഒന്നാം ഡിവിഷനില്‍നിന്ന് തരംതാഴ്ത്തപ്പെട്ടതോടെ പ്രതിസന്ധി രൂക്ഷമായ പശ്ചാത്തലത്തിലാണ് മാനേജ്മെന്റിന്റെ ഈ തീരുമാനം. ഇന്ദര്‍സിങ്, ബെയ്ചുങ് ബൂട്ടിയ, ഐ എം വിജയന്‍ , ജോപോള്‍ അഞ്ചേരി, സുനില്‍ ഛേത്രി തുടങ്ങി രാജ്യത്തെ മുന്‍നിരക്കാര്‍ പലരും ബൂട്ടുകെട്ടിയ ക്ലബ്ബാണ് ഇതോടെ ചരിത്രത്തിലേക്കു വഴിമാറുന്നത്.
1971ലാണ് ജെസിടി എഫ്സി സ്ഥാപിക്കപ്പെട്ടത്. "74ല്‍ അംഗീകാരം ലഭിച്ചു. ഇന്ത്യയില്‍ ആദ്യമായി വിദേശ പരിശീലകനെ നിയമിച്ച ക്ലബ്ബെന്ന ഖ്യാതി ജെസിടിക്കുള്ളതാണ്. 1996-97ല്‍ ദേശീയ ലീഗ് ചാമ്പ്യന്‍മാരായ ജെസിടി അഞ്ചുതവണ ഡ്യുറണ്‍ഡ് കപ്പും രണ്ടുതവണ ഫെഡറേഷന്‍ കപ്പും ഒരിക്കല്‍ ഐഎഫ്എ ഷീല്‍ഡും സ്വന്തമാക്കിയിട്ടുണ്ട്. 2008ല്‍ ഇംഗ്ലീഷ് പ്രിമിയര്‍ ലീഗ് ക്ലബ്ബായ വോള്‍വര്‍ഹാംപ്ടണ്‍ വാണ്ടറേഴ്സുമായി പങ്കാളിത്തത്തിലെത്തിയെങ്കിലും സമീപകാലത്തെ തകര്‍ച്ചയെ മറികടക്കാന്‍ കഴിഞ്ഞില്ല. രാജ്യത്ത് ഫുട്ബോള്‍ പ്രചരിപ്പിക്കുന്നതില്‍ അഖിലേന്ത്യാ ഫുട്ബോള്‍ ഫെഡറേഷന്‍ കാണിക്കുന്ന ഉദാസീനതയെ ജെസിടി മേധാവി സമീര്‍ താപ്പര്‍ രൂക്ഷമായി വിമര്‍ശിച്ചു. ഐഎംജി റിലയന്‍സുമായി ഫെഡറേഷന്‍ കഴിഞ്ഞവര്‍ഷം 700 കോടി രൂപയുടെ കരാറിലെത്തിയിട്ടുപോലും ഐ ലീഗ് മത്സരങ്ങള്‍ സംപ്രേഷണംചെയ്തില്ല.

1996ല്‍ പ്രഥമ ഐ ലീഗ് ജെസിടി നേടുമ്പോള്‍ ടിവി സംപ്രേഷണം ഉള്‍പ്പെടെ നല്ല രീതിയിലുള്ള പ്രചാരണവും പൊതുജനതാല്‍പ്പര്യവുമാണ് ഉണ്ടായിരുന്നത്. എന്നാല്‍ , നാള്‍ക്കുനാള്‍ ഇവ കുറഞ്ഞുവരികയാണ്. ഈ സാഹചര്യത്തില്‍ ഒരു ഫുട്ബോള്‍ ടീമിന്റെ പ്രസക്തി ഓഹരിയുടമകളെ ബോധ്യപ്പെടുത്തുക പ്രയാസമാണ്. കോര്‍പറേറ്റ് സ്ഥാപനങ്ങള്‍ക്ക് അവരുടെ ഉല്‍പ്പന്നങ്ങളുടെ പ്രചാരണത്തിന് സഹായകമാകുകയും യുവതലമുറയില്‍ ഫുട്ബോള്‍സ്വാധീനം വീണ്ടെടുക്കയും ചെയ്യുന്നതുവരെ വിട്ടുനില്‍ക്കുകയല്ലാതെ മറ്റ് മാര്‍ഗമില്ല. ക്ലബ് പിരിച്ചുവിട്ടെങ്കിലും താഴെത്തട്ടില്‍ പുതിയ താരങ്ങളെ കണ്ടെത്തി പരിശീലിപ്പിക്കുന്നതിനാല്‍ തുടര്‍ന്നും നിക്ഷേപം നടത്തുമെന്നും ജെസിടിയുടെ കീഴിലുള്ള ഫുട്ബോള്‍ അക്കാദമി പ്രവര്‍ത്തനം തുടരുമെന്നും താപ്പര്‍ പറഞ്ഞു.

deshabhimani news

1 comment:

  1. മുന്‍ ദേശീയചാമ്പ്യന്‍മാരായ ജെസിടി ഫുട്ബോള്‍ ക്ലബ് പിരിച്ചുവിടാന്‍ ഉടമകളായ ജഗത്ജിത് കോട്ടണ്‍ ആന്‍ഡ് ടെക്സ്റ്റൈല്‍ മില്‍സ് തീരുമാനിച്ചു. നാലു ദശാബ്ദക്കാലം ഇന്ത്യന്‍ ഫുട്ബോളില്‍ സജീവമായിരുന്ന ടീമാണ് ഇതോടെ ഇല്ലാതാകുന്നത്. രാജ്യത്ത് ഫുട്ബോളിലുള്ള പൊതുജനതാല്‍പ്പര്യം കുറഞ്ഞുവരുന്ന സാഹചര്യത്തില്‍ ക്ലബ് നിലനിര്‍ത്തുക ദുഷ്കരമാണെന്ന് ചൂണ്ടിക്കാട്ടിയാണ് പിരിച്ചുവിടല്‍ . കഴിഞ്ഞവര്‍ഷം മഹീന്ദ്ര യുണൈറ്റഡ് ക്ലബ്ബും ഇതേ കാരണംപറഞ്ഞ് പിരിച്ചുവിട്ടിരുന്നു.

    ReplyDelete