Thursday, June 16, 2011

എണ്ണക്കമ്പനികള്‍ക്ക് വഴിവിട്ട് സഹായം പ്രധാനമന്ത്രി മറുപടി പറയണം

സ്വകാര്യ എണ്ണക്കമ്പനികളെ കേന്ദ്രസര്‍ക്കാര്‍ വഴിവിട്ട് സഹായിച്ചതുവഴി ഖജനാവിന് പതിനായിരക്കണക്കിന് കോടി രൂപയുടെ നഷ്ടമുണ്ടായെന്ന് സിഎജി കണ്ടെത്തിയതിനെക്കുറിച്ച് പ്രധാനമന്ത്രി മന്‍മോഹന്‍സിങ് പ്രതികരിക്കണമെന്ന് സിപിഐ എം പൊളിറ്റ്ബ്യൂറോ ആവശ്യപ്പെട്ടു. ടു ജി സ്പെക്ട്രം അഴിമതിയിലെന്നപോലെ ഇക്കാര്യത്തിലും പ്രധാനമന്ത്രി മൗനംപാലിക്കുന്നത് ഖേദകരമാണ്. അഴിമതിക്ക് കൂട്ടുനിന്ന ഹൈഡ്രോകാര്‍ബണ്‍ വിഭാഗം മുന്‍ ഡയറക്ടര്‍ ജനറലിനെ പ്രോസിക്യൂട്ട് ചെയ്യണമെന്നും പിബി പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.

നിയമങ്ങളും വ്യവസ്ഥകളും തങ്ങള്‍ക്ക് അനുകൂലമാക്കി മാറ്റാനാകുംവിധം കേന്ദ്രസര്‍ക്കാരില്‍ കോര്‍പറേറ്റുകള്‍ക്കുള്ള വന്‍ സ്വാധീനം ഒരിക്കല്‍കൂടി വെളിപ്പെടുത്തിയ സംഭവമാണിത്. കൃഷ്ണ-ഗോദാവരി തടത്തിലെ ഡി-6 ബ്ലോക്കില്‍നിന്ന് പ്രകൃതിവാതകം കുഴിച്ചെടുക്കുന്നതിനുള്ള ചെലവ് 11,040 കോടി രൂപയില്‍നിന്ന് 39,514 കോടി രൂപയായി പെരുപ്പിച്ച് കാണിക്കാന്‍ മുന്‍ ഹൈഡ്രോകാര്‍ബണ്‍ ഡയറക്ടര്‍ ജനറല്‍ (ഡിജിഎച്ച്) റിലയന്‍സിനെ അനുവദിച്ചു. ഈ നടപടി സര്‍ക്കാരിന്റെ വരുമാനത്തെ സാരമായി ബാധിച്ചു. ഈ സാഹചര്യത്തില്‍ ഡിജിഎച്ചിനെതിരെ ഉടന്‍ നടപടിയെടുക്കണം. റിലയന്‍സുമായി സര്‍ക്കാര്‍ നടത്തിയ ഈ അവിഹിത ഇടപാട് രാജ്യത്തെ സാധാരണക്കാരെ നേരിട്ടു ബാധിക്കുന്നതാണ്. വാതകം കുഴിച്ചെടുക്കുന്നതിനുള്ള ചെലവ് പെരുപ്പിച്ച് കാട്ടിയത് ഉപയോക്താക്കള്‍ക്ക് വിതരണംചെയ്യുന്ന വാതകങ്ങളുടെ വില വര്‍ധിക്കാന്‍ ഇടയാക്കും. വാതകം ഉപയോഗിച്ച് നിര്‍മിക്കുന്ന രാസവളത്തിന്റെയും വൈദ്യുതിയുടെയും വിലയും വര്‍ധിക്കും.

വാതക പര്യവേക്ഷണത്തിനുള്ള ചെലവ് പെരുപ്പിച്ച് കാട്ടി നടത്തുന്ന വെട്ടിപ്പ് സിപിഐ എം എംപിമാര്‍ പാര്‍ലമെന്റില്‍ പലതവണ ഉന്നയിച്ചതാണ്. പക്ഷേ കത്ത് ലഭിച്ചെന്ന് സ്ഥിരീകരിക്കുകയല്ലാതെ ഒരു നടപടിക്കും സര്‍ക്കാര്‍ തയ്യാറായില്ല. ഇതേക്കുറിച്ച് അന്വേഷിക്കാന്‍ സ്വതന്ത്ര അന്വേഷണ കമീഷനെ വയ്ക്കണമെന്ന് ആവശ്യപ്പെട്ടും പ്രധാനമന്ത്രിക്ക് കത്തെഴുതിയിരുന്നു. യഥാര്‍ഥ പര്യവേക്ഷണചെലവുപോലും കണക്കാക്കാതെയാണ് വാതകവില നിശ്ചയിച്ചത്- പിബി പറഞ്ഞു.

ഒന്നേമുക്കാല്‍ ലക്ഷം കോടിയുടെ ടു ജി സ്പെക്ട്രം അഴിമതിക്ക് സമാനമാണ് എണ്ണ-വാതക പര്യവേക്ഷണത്തില്‍ റിലയന്‍സ് ഉള്‍പ്പെടെയുള്ള സ്വകാര്യ കമ്പനികളെ വഴിവിട്ട് സഹായിച്ചതു വഴി നടന്ന അഴിമതി. റിലയന്‍സ്, കെയിന്‍ എനര്‍ജി ഇന്ത്യ എന്നീ കമ്പനികളെ വഴിവിട്ട് സഹായിച്ചതുവഴി അരലക്ഷം കോടി രൂപയെങ്കിലും നഷ്ടമായെന്നാണ് പ്രാഥമിക കണക്ക്. ഇത്രയും തുക സ്വകാര്യ എണ്ണക്കമ്പനികള്‍ക്ക് അനധികൃതമായി ലഭിച്ചെന്നര്‍ഥം. 2ജി സ്പെക്ട്രം ഇടപാട് പോലെ പെട്രോളിയം പര്യവേക്ഷണ അഴിമതിയും നടന്നത് പ്രധാനമന്ത്രിയുടെ അറിവോടെയാണെന്ന് വ്യക്തമാണ്. മന്ത്രി എ രാജയുമായി പ്രധാനമന്ത്രി നടത്തിയ കത്തിടപാടുകള്‍ 2ജി സ്പെക്ട്രം അഴിമതിയെക്കുറിച്ച് പ്രധാനമന്ത്രിക്ക് നേരത്തെ അറിവുണ്ടായിരുന്നു എന്നതിന് തെളിവാണ്. പെട്രോളിയം മേഖലയില്‍ റിലയന്‍സിനെയും മറ്റും വഴിവിട്ട് സഹായിക്കുകവഴി കോടികള്‍ ചോരുകയാണെന്ന കാര്യവും വര്‍ഷങ്ങള്‍ക്കുമുമ്പേ പ്രധാനമന്ത്രി അറിഞ്ഞിരുന്നു.

പര്യവേക്ഷണ അഴിമതി ചൂണ്ടിക്കാട്ടി 2007 ജൂലൈ നാലിന് സിപിഐ എം രാജ്യസഭാംഗം തപന്‍സെന്‍ പ്രധാനമന്ത്രിക്ക് കത്തെഴുതിയിരുന്നു. നടപടി സ്വീകരിക്കാതിരുന്നതിനെ തുടര്‍ന്ന് ജൂലൈ 13ന് വീണ്ടും പെട്രോളിയം മന്ത്രാലയ സ്റ്റാന്‍ഡിങ് കമ്മിറ്റി അംഗംകൂടിയായ തപന്‍സെന്‍ പ്രധാനമന്ത്രിക്ക് കത്തെഴുതി. റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡ് 30 ശതമാനം ഓഹരി ബ്രിട്ടീഷ് പെട്രോളിയത്തിന് വിറ്റ കാര്യവും തപന്‍സെന്‍ കത്തില്‍ ചൂണ്ടിക്കാട്ടിയിരുന്നു. റിലയന്‍സ് നടത്തുന്ന വന്‍ വെട്ടിപ്പിനെക്കുറിച്ച് മുന്‍ റവന്യൂസെക്രട്ടറി ഇഎഎസ് ശര്‍മയും 2009ല്‍ പ്രധാനമന്ത്രിയുടെ ശ്രദ്ധയില്‍ രേഖാമൂലം പെടുത്തിയിരുന്നു. എന്നാല്‍ , സ്ഥിരീകരണ കത്തുപോലും പ്രധാനമന്ത്രിയുടെ ഓഫീസില്‍നിന്ന് ലഭിച്ചില്ലെന്ന് ശര്‍മ പറഞ്ഞു. തുടര്‍ന്നാണ് അദ്ദേഹം സിഎജിക്ക് കത്തെഴുതിയത്.

deshabhimani 160611

1 comment:

  1. സ്വകാര്യ എണ്ണക്കമ്പനികളെ കേന്ദ്രസര്‍ക്കാര്‍ വഴിവിട്ട് സഹായിച്ചതുവഴി ഖജനാവിന് പതിനായിരക്കണക്കിന് കോടി രൂപയുടെ നഷ്ടമുണ്ടായെന്ന് സിഎജി കണ്ടെത്തിയതിനെക്കുറിച്ച് പ്രധാനമന്ത്രി മന്‍മോഹന്‍സിങ് പ്രതികരിക്കണമെന്ന് സിപിഐ എം പൊളിറ്റ്ബ്യൂറോ ആവശ്യപ്പെട്ടു. ടു ജി സ്പെക്ട്രം അഴിമതിയിലെന്നപോലെ ഇക്കാര്യത്തിലും പ്രധാനമന്ത്രി മൗനംപാലിക്കുന്നത് ഖേദകരമാണ്. അഴിമതിക്ക് കൂട്ടുനിന്ന ഹൈഡ്രോകാര്‍ബണ്‍ വിഭാഗം മുന്‍ ഡയറക്ടര്‍ ജനറലിനെ പ്രോസിക്യൂട്ട് ചെയ്യണമെന്നും പിബി പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.

    ReplyDelete