Thursday, June 16, 2011

മെഡി. ഫീസ് വര്‍ധന: അപ്പീല്‍ തീരുമാനിച്ചിട്ടില്ല- ഉമ്മന്‍ചാണ്ടി

സ്വാശ്രയ മെഡിക്കല്‍ കോളേജുകളില്‍ എംബിബിഎസ് വാര്‍ഷിക ഫീസ് മൂന്നര ലക്ഷം രൂപയാക്കിയ ഹൈക്കോടതി ഉത്തരവിനെതിരെ അപ്പീല്‍ സമര്‍പ്പിക്കുന്നതിനെക്കുറിച്ച് തീരുമാനമെടുത്തിട്ടില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. മുഹമ്മദ് കമ്മിറ്റിയല്ല സര്‍ക്കാരാണ് സിംഗിള്‍ ബെഞ്ച് ഉത്തരവില്‍ അപ്പീല്‍ നല്‍കേണ്ടതെന്ന ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് പരാമര്‍ശം ശ്രദ്ധയില്‍ പെടുത്തിയപ്പോഴാണ് ഉമ്മന്‍ചാണ്ടി ഇങ്ങ നെ പറഞ്ഞത്.

ഇതേക്കുറിച്ച് വിശദമായി പരിശോധിക്കണം. സ്വാശ്രയമെഡിക്കല്‍ പ്രവേശനവും ഫീസും സംബന്ധിച്ച് തീരുമാനമെടുക്കാന്‍ ഇത്തവണ സമയം കിട്ടിയില്ലെന്നും പ്രശ്നത്തിന് അടുത്ത വര്‍ഷം ശാശ്വതപരിഹാരം കാണുമെന്നും മുഖ്യമന്ത്രി പറഞ്ഞു. മന്ത്രിസഭായോഗ തീരുമാനങ്ങള്‍ വിശദീകരിക്കെ ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. മാനേജ്മെന്റുകളുമായുള്ള ചര്‍ച്ചയില്‍ തീരുമാനമാകാത്തതിനെക്കുറിച്ചു ചോദിച്ചപ്പോള്‍ , മെച്ചപ്പെട്ട കരാറിനായി മന്ത്രിസഭാഉപസമിതി ശ്രമിക്കുകയാണെന്നായിരുന്നു മറുപടി. ചൊവ്വാഴ്ചത്തെ ചര്‍ച്ചയില്‍ ഇന്റര്‍ ചര്‍ച്ച് കൗണ്‍സിലിനു കീഴിലുള്ള സ്വാശ്രയ മെഡിക്കല്‍ മാനേജ്മെന്റ് ഫെഡറേഷന്‍ പങ്കെടുക്കാത്തതിനെക്കുറിച്ച് മുഖ്യമന്ത്രി പ്രതികരിച്ചില്ല. ബിപിഎല്‍ , എസ്ഇബിസി, എസ്സി-എസ്ടി വിഭാഗം വിദ്യാര്‍ഥികള്‍ക്ക് ചുരുങ്ങിയ ഫീസില്‍ പഠിക്കാനുള്ള അവസരം മൂന്നര ലക്ഷം രൂപ ഏകീകൃത ഫീസ് ഏര്‍പ്പെടുത്തുന്നതു വഴി നഷ്ടമാകുന്നതിനെക്കുറിച്ചും മുഖ്യമന്ത്രി മൗനം പാലിച്ചു. സര്‍ക്കാര്‍ ക്വാട്ട അനുവദിക്കാന്‍ ഇന്റര്‍ ചര്‍ച്ച് കൗണ്‍സിലിനെ നിര്‍ബന്ധിക്കാത്തതിനെക്കുറിച്ച് ചോദിച്ചപ്പോഴും പുതിയ സര്‍ക്കാരിന് ഇതേക്കുറിച്ച് പഠിക്കാന്‍ സമയം കിട്ടിയില്ലെന്നായിരുന്നു മറുപടി.സ്വാശ്രയ പ്രവേശനത്തില്‍ മെറിറ്റും സാമൂഹ്യനീതിയും പാലിക്കണമെന്നാണ് യുഡിഎഫ് നിലപാട്. അടുത്ത വര്‍ഷം മുതല്‍ ഇത് ഉറപ്പാക്കും-മുഖ്യമന്ത്രി പറഞ്ഞു.

deshabhimani 160611

1 comment:

  1. സ്വാശ്രയ മെഡിക്കല്‍ കോളേജുകളില്‍ എംബിബിഎസ് വാര്‍ഷിക ഫീസ് മൂന്നര ലക്ഷം രൂപയാക്കിയ ഹൈക്കോടതി ഉത്തരവിനെതിരെ അപ്പീല്‍ സമര്‍പ്പിക്കുന്നതിനെക്കുറിച്ച് തീരുമാനമെടുത്തിട്ടില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. മുഹമ്മദ് കമ്മിറ്റിയല്ല സര്‍ക്കാരാണ് സിംഗിള്‍ ബെഞ്ച് ഉത്തരവില്‍ അപ്പീല്‍ നല്‍കേണ്ടതെന്ന ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് പരാമര്‍ശം ശ്രദ്ധയില്‍ പെടുത്തിയപ്പോഴാണ് ഉമ്മന്‍ചാണ്ടി ഇങ്ങ നെ പറഞ്ഞത്.

    ReplyDelete